
റോഡുകളിൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ട്രാഫിക് കോണുകൾ ശേഖരിക്കുന്നത് ഒരാളുടെ ഹോബിയാണെന്ന് കേട്ടാൽ ആരും ഒന്ന് അമ്പരക്കും. എന്നാൽ, ബ്രിട്ടീഷുകാരനായ ഡേവിഡ് മോർഗന് അതാണ് ഇഷ്ട വിനോദം. ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് കോൺ ശേഖരത്തിന് ഉടമയായ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവാണ് ഇന്ന് ഡേവിഡ് മോർഗൻ. അദ്ദേഹത്തിന്‍റെ ഈ ഇഷ്ടത്തിന് പിന്നിൽ സംഭവ ബഹുലമായ ഒരു കഥയുണ്ട്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് നൽകുന്ന വിവരമനുസരിച്ച്, 1986-ൽ ഒരു കമ്പനിയുമായി തന്‍റെ കമ്പനിയുടെ ട്രാഫിക് കോൺ ഡിസൈനിനെ ചൊല്ലിയുള്ള തർക്കത്തിൽ ഡേവിഡ് ഉൾപ്പെട്ടു. തന്‍റെ കമ്പനിയുടെ ഡിസൈൻ വേറിട്ടതാണന്ന് തെളിയിക്കുന്നതിനായി, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ട്രാഫിക് കോണുകൾ അദ്ദേഹം ശേഖരിച്ചു തുടങ്ങി. അദ്ദേഹത്തിന്‍റെ പരിശ്രമം വിജയിക്കുകയും അദ്ദേഹം കേസ് ജയിക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷം നടന്നത് അവിശ്വസനീയമായ കാര്യമായിരുന്നു. കോണുകൾ ശേഖരിക്കുന്നത് നിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഇത് ശരിക്കും രസകരമാണെന്നാണ് ഡേവിഡ് പറയുന്നത്. നിരവധി ആകൃതികളിലും വലിപ്പത്തിലും നിറങ്ങളിലുമുള്ള കോണുകളുണ്ട്. ഇവയുടെ മാതൃകകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ശേഖരം അതിവേഗം വളരുകയും 2000 -ൽ ഗിന്നസ് റെക്കോർഡ് പരിശോധിക്കുമ്പോൾ 137 വ്യത്യസ്ത വലുപ്പത്തിലും നിറങ്ങളിലുമുള്ള ട്രാഫിക് കോണുകൾ അദ്ദേഹത്തിന്‍റെ ശേഖരത്തിൽ കണ്ടെത്തുകയും ചെയ്തു. 2007-ലെ റിപ്പോർട്ടുകൾ പ്രകാരം ഇത് 500-ലധികം കടന്നു. ലോകത്ത് ഇതുവരെ നിർമ്മിക്കപ്പെട്ട കോൺ ഡിസൈനുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഇദ്ദേഹത്തിന്‍റെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഡേവിഡിന്‍റെ ഈ ശേഖരം ലോകമെമ്പാടും പടർന്നു കിടക്കുന്നതാണ്. ഒരു യാത്രയ്ക്കിടയിൽ കോഴ്സിക്കയിലെ ഒരു വിമാനത്താവളത്തിൽ നിന്ന് പോലും അദ്ദേഹം ഒരു കോൺ സ്വന്തമാക്കിയിരുന്നു. വലിയ താല്പര്യമുണ്ടെങ്കിലും, കോണുകൾ ശേഖരിക്കുന്നതിൽ അദ്ദേഹം ധാർമ്മികത പുലർത്തുന്നുണ്ട്. നിയമ വിരുദ്ധമായി ഒരിക്കലും അദ്ദേഹം കോണുകൾ എടുക്കാറില്ല. പകരം അവിടുത്തെ മേൽനോട്ടക്കാരുമായി സംസാരിക്കുകയോ, തന്‍റെ പക്കലുള്ള മറ്റൊരു കോൺ പകരം നൽകിയ ശേഷം അത് സ്വന്തമാക്കുകയോയാണ് അദ്ദേഹം ചെയ്യുന്നത്.