ബുദ്ധനെ കാണുമ്പോള്‍ കുറ്റവാളികള്‍ നന്നായാലോ? തലപ്പുഴ പൊലീസ് സ്റ്റേഷൻ വേറെ ലെവലാണ്..!

By Babu RamachandranFirst Published Jun 9, 2019, 5:02 PM IST
Highlights

അവിടെയുള്ളത് ധ്യാനനിരതനായ ബുദ്ധന്റെ ഒരു വലിയ മ്യൂറൽ പെയിന്റിങ്ങാണ്. അതോടൊപ്പം വളരെ സൂക്ഷിച്ച് തെരഞ്ഞെടുത്ത ഒരു ബുദ്ധവചനവും.  "വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധൈര്യം. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക." 

പൊലീസ് ലോക്കപ്പ് - അതിനി സിനിമയിലൊക്കെ കാണുന്നത്ര ഭീകരമല്ലെങ്കിലും, ഉള്ളിൽ കിടക്കേണ്ടിവരുന്ന ഒരാൾക്ക് വളരെയധികം മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഒരു അന്തരീക്ഷം തന്നെയാണ്. ആദ്യമായി കേറുന്നവരുടെ കാര്യത്തിൽ പ്രത്യേകിച്ച്. ലോക്കപ്പിനുള്ളിൽ കഴിയേണ്ടി വരുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വളരെ ക്രിയാത്മകമായ ഒരു മാറ്റവുമായി കടന്നുവന്നിരിക്കുകയാണ് കേരളത്തിലെ ഒരു മാതൃകാ പൊലീസ് സ്റ്റേഷൻ. ഇത് മാനന്തവാടിയിലെ തലപ്പുഴ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പാണ്. ചുവരിൽ അഴുക്കോ, രക്തക്കറകളോ ഒന്നുമില്ല. അവിടെയുള്ളത് ധ്യാനനിരതനായ ബുദ്ധന്റെ ഒരു വലിയ മ്യൂറൽ പെയിന്റിങ്ങാണ്. അതോടൊപ്പം വളരെ സൂക്ഷിച്ച് തെരഞ്ഞെടുത്ത ഒരു ബുദ്ധവചനവും.  "വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധൈര്യം. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക." 

ഈ വർഷം, രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ എന്ന പട്ടത്തിനുവേണ്ടി മത്സരിക്കുന്ന കേരളത്തിലെ 11 പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് തലപ്പുഴയും. 1990 -ൽ ഒരു വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച തലപ്പുഴ സ്റ്റേഷൻ ഈയടുത്താണ് ഒരു ഇരുനിലക്കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. 

മാനന്തവാടി എ‌എസ്‌പിയായ വൈഭവ് സക്‌സേന എന്ന സഹൃദയനായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഈ ആശയത്തിന് പിന്നിൽ. അദ്ദേഹം തന്റെ സങ്കൽപ്പങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവെച്ചു.  "പൊലീസ് ലോക്കപ്പിനുള്ളിൽ കിടക്കേണ്ടി വരുന്ന ഒരാളുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാനാവുമെന്നുള്ള ചിന്തയാണ് എന്നെ ഇങ്ങനെ ഒരു ആശയത്തിലേക്കെത്തിച്ചത്. പലരും പൊലീസ് ലോക്കപ്പിൽ എത്തിച്ചേരുന്നത് ചിലപ്പോൾ വളരെ നിസ്സാരമായ കുറ്റത്തിനായിരിക്കും. ചിലപ്പോൾ ചെയ്യാത്ത കുറ്റത്തിന് പോലും ആവാം അവർക്ക് താത്കാലികമായെങ്കിലും ലോക്കപ്പിൽ കിടക്കേണ്ടി വരുന്നത്. പ്രായമുള്ളവരും സ്ത്രീകളും ഒക്കെ ഉണ്ടാവാം അക്കൂട്ടത്തിൽ. അവർക്കൊക്കെ ഈ ഒരു അനുഭവം വളരെ വലിയ മാനസികാഘാതമാവാറുണ്ട് പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ. അങ്ങനെയുള്ള സാഹചര്യങ്ങളിലും പ്രതീക്ഷയുടെ ഒരു തരി വെളിച്ചം അവരിൽ പടർത്തി നിർത്താൻ ഈ ചിത്രത്തിനും അതോടൊപ്പമുള്ള സന്ദേശത്തിനുമായേക്കും. " അദ്ദേഹം പറഞ്ഞു.

ആത്മാഭിമാനമുള്ള ഒരാളും എന്തെങ്കിലും നിവൃത്തിയുണ്ടങ്കിൽ കേറിച്ചെല്ലാൻ ആഗ്രഹിക്കാത്ത ഒരിടമാണ് പലപ്പോഴും പൊലീസ് സ്റ്റേഷൻ എന്നത്. ക്രിമിനലുകളുമായ നിരന്തര സമ്പർക്കത്തിലൂടെ, അവരെ നിലയ്ക്ക് നിർത്താനുള്ള പരിശ്രമങ്ങൾക്കിടയിൽ അറിയാതെ ആർജ്ജിച്ചു പോയ ഒരു 'പരുക്കൻ' ഇമേജ് പൊലീസുകാർക്ക് എന്നുമുണ്ട്. അതിനി എത്ര ജനമൈത്രി പൊലീസ് ആയി എന്നുപറഞ്ഞാലും മാറ്റിയെടുക്കുക പ്രയാസമാകും. ജനാധിപത്യ രീതിയിൽ കാര്യങ്ങൾ നടക്കുന്ന ഒരു രാജ്യത്ത്, ഒരു പൗരന് ആഗ്രഹമുണ്ടായിട്ടായാലും അല്ലെങ്കിലും ഒരു പൊലീസ് സ്റ്റേഷനിലേക്ക് ചിലപ്പോൾ ചെന്ന് കയറേണ്ടി വരും. അത് ചിലപ്പോൾ പരാതി നല്കാനാവാം. സാക്ഷി പറയാനാവാം. ചിലപ്പോൾ പ്രതി ആയിട്ടും ആവാം. 

പൊലീസ് സ്റ്റേഷനിൽ ചെന്നു കേറുന്ന എല്ലാവരും ആജന്മ ക്രിമിനലുകളൊന്നുമല്ല. ജീവിതത്തിലെ വിപരീത സാഹചര്യങ്ങൾ ചിലപ്പോൾ അവരെ വല്ലാതെ മാനസിക സമ്മർദ്ദത്തിലാഴ്‌ത്താം. അപ്പോൾ വീണ്ടുവിചാരമില്ലാത്ത പലതും മനുഷ്യർ ചെയ്തെന്നിരിക്കും. അത് ചിലപ്പോൾ നാട്ടിൽ നിലവിലുള്ള നിയമത്തിന്റെ ലംഘനമാവാം. നിയമലംഘനം നടക്കുമ്പോൾ സ്വാഭാവികമായും പൊലീസ് ഇടപെട്ടെന്നിരിക്കും. നിയമം ലംഘിച്ചയാൾ ചിലപ്പോൾ ലോക്കപ്പിനുള്ളിലായെന്നും വരാം. ചെയ്തതോ ചെയ്യാത്തതോ ആയ ഒരു കുറ്റത്തിന് നമ്മളെങ്ങാൻ ലോക്കപ്പിനുള്ളിൽ അടയ്ക്കപ്പെട്ടാൽ, ആയിരം ഇരട്ടിയായി മിടിക്കും നമ്മുടെ ഹൃദയം. ആ ലോക്കപ്പിനുള്ളിൽ മറ്റു പെറ്റിക്കേസുകളിൽ പിടിച്ച് അകത്തിട്ടിരിക്കുന്ന ക്രിമിനലുകളും ഉണ്ടെങ്കിൽ പറയുകയും വേണ്ട. അത് ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിന് ഏൽപ്പിക്കുന്ന ക്ഷതം ഏറെ വലുതാണ്.  

ഇതൊക്കെ പരിഗണിച്ചുകൊണ്ട് 2008 -ലാണ് 'ജനമൈത്രി സുരക്ഷാ പദ്ധതി'എന്ന ആശയം നടപ്പിലാവുന്നത്.  അതിന്റെ ഭാഗമായി പൊലീസ് സേനയും പൊതുജനങ്ങളുമായുള്ള സമ്പർക്കം കൂടുതൽ സൗഹൃദപരമാക്കുന്നതിനുള്ള നിർദേശങ്ങൾ ഓരോ വർഷവും പൊലീസ് സ്വീകരിച്ചു പോരുന്നുണ്ട്. ഈ ലോക്കപ്പിനുള്ളിൽ വന്നു കേറുന്ന പലർക്കും വലിയ കൗതുകമാണ് ബുദ്ധന്റെ മ്യൂറൽ ചിത്രം പകരുന്നത്. ഈ ചിത്രം ലോക്കപ്പിന്റെ ചുവരിൽ ഇടം പിടിച്ചിട്ട് മാസം ഒന്നായെങ്കിലും, സ്റ്റേഷൻ ഇൻസ്പെക്ട് ചെയ്യാൻ വന്ന എഡിജിപി പത്മകുമാറിന്റെ കണ്ണിൽ ഈ ചിത്രം പെടുന്നതോടെയാണ് ഇതിലേക്ക്  മാധ്യമശ്രദ്ധ എത്തുന്നത്. 

എന്നാൽ, തന്റെ പ്രവർത്തനങ്ങൾ ഈ ഒരു ലോക്കപ്പ് ചുവരിലെ ബുദ്ധന്റെ ചിത്രത്തിൽ ഒതുങ്ങുന്നില്ല എന്ന് വൈഭവ് സക്സേന പറഞ്ഞു. വയനാട് ഗോത്രവർഗജനതയ്ക്ക് പ്രാമുഖ്യമുള്ള ഒരു ജില്ലയാണ്. ആദിവാസികൾക്ക് പൊലീസ് എന്നും ഭയപ്പാടുണ്ടാക്കുന്ന ഒന്നാണ്. അവരെ കൂടുതൽ പോലീസിങ്ങുമായി ചേർത്തു നിർത്താനുള്ള പ്രവർത്തനങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "മാനന്തവാടി പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഈയിടെ ഒരു ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയുണ്ടായി. ഓരോ സ്റ്റേഷൻ പരിധിയിൽ നിന്നും ഫുട്ബാളിൽ താല്പര്യമുള്ള ആദിവാസി യുവാക്കളെയും പൊലീസുകാരെയും ഒരേ ടീമിന്റെ ഭാഗമാക്കികൊണ്ട് സ്റ്റേഷനുകൾ തമ്മിലായിരുന്നു മത്സരം. ഇത് ഗോത്രവർഗക്കാരെ പോലീസുമായി കൂടുതൽ അടുപ്പിക്കാൻ സഹായകമായി." 

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ. സ്‌കൂൾ തുറന്നതോടെ, സ്‌കൂളുകളുമായി ബന്ധപ്പെട്ടു നടക്കുന്ന മയക്കുമരുന്ന് പോലുള്ള കുറ്റകൃത്യങ്ങളും  കൂടിത്തുടങ്ങിയിട്ടുണ്ട്. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങളെ കുട്ടികളുടെ സഹായത്തോടെ തന്നെ കണ്ടുപിടിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനുമുള്ള ഒരു പദ്ധതിയും അദ്ദേഹത്തിനുണ്ട്. "എല്ലാ സ്‌കൂളുകളിലും പോലീസിന്റെ പേരിൽ ഓരോ ലെറ്റർ ബോക്സ് സ്ഥാപിക്കും.  സ്‌കൂൾ പരിസരങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റി കുട്ടികൾക്ക് സ്വന്തം പേര് വെളിപ്പെടുത്താതെ തന്നെ പൊലീസിന് കത്തെഴുതാം. വാട്ട്സാപ്പും ഫേസ്ബുക്കും ഒക്കെയുള്ള ഇക്കാലത്ത് കത്തെഴുത്ത് പരിപാടിക്ക് നിൽക്കുന്ന എനിക്ക് വട്ടാണോ എന്ന് ചിലപ്പോൾ നിങ്ങൾക്ക് സംശയം തോന്നാം. പക്ഷേ, കത്തെഴുത്തിന് നിങ്ങൾ കരുതുന്നതിലധികം ഫലസിദ്ധിയുണ്ട്. കത്തെഴുതുമ്പോൾ നിലനിർത്തപ്പെടുന്ന 'അജ്ഞാതത്വം' തന്നെയാണ് ഇതിന്റെ ആകർഷണീയത..." അദ്ദേഹം പറഞ്ഞു.

 

കേരളത്തിലെ 455  പൊലീസ് സ്റേഷനുകളോടും മത്സരിച്ചാണ് തലപ്പുഴയടക്കമുള്ള 11  പോലീസ് സ്റ്റേഷനുകൾ ദേശീയ തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നത്. ഇനിയുള്ള മത്സരം രാജ്യത്തെ 15039  പോലീസ് സ്റ്റേഷനുകളോടുമാണ്. അതിൽ അതിൽ വിജയിച്ചാൽ, ഡിജിപിമാരുടെ കോൺഫറൻസിൽ വെച്ച് ഇന്ത്യൻ പ്രസിഡന്റ് നേരിട്ടായിരിക്കും രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റേഷനുള്ള മെഡൽ സമ്മാനിക്കുക. ആ മത്സരത്തിൽ ഒന്നാമതെത്താനും തന്റെ അധികാരപരിധിയിലുള്ള തലപ്പുഴ പൊലീസ് സ്റ്റേഷന് സാധിക്കും എന്നുള്ള ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു. 

click me!