ജോലിയില്‍ നിന്നും വിരമിച്ച ശേഷം നീന്തലിലേക്ക്. വയസ് 76. അബുദാബിയിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസിൽ നീന്തൽ മത്സരത്തിൽ അഞ്ച് ഗോൾഡ് മെഡലും ഒരു വെള്ളിയും ഒരു വെങ്കലവും വാങ്ങി മടക്കം. നീന്തി നേടിയ മെഡലുകള്‍- കുര്യന്‍ ജേക്കബ് സംസാരിക്കുന്നു.
സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. സ്വപ്നം തരുന്ന ഊർജ്ജമുണ്ടെങ്കിൽ ഏത് പ്രായത്തിലും ആരോഗ്യത്തോടെ, സന്തോഷത്തോടെയിരിക്കാം. അത് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് കുര്യൻ ജേക്കബ് എന്ന 76 -കാരൻ. പാലായ്ക്കടുത്ത് തിടനാട് ജനിച്ച കുര്യൻ ജേക്കബ് ബാങ്കിംഗ് മേഖലയിലാണ് ജോലി ചെയ്തത്. ഇതിന്റെ ഭാഗമായി പല വിദേശ രാജ്യങ്ങളിലും സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ജോലിയിൽ നിന്നൊക്കെ വിരമിച്ച ശേഷം കുര്യന്റെ സഞ്ചാരം അല്പം വേറിട്ടതാണ്. വിവിധ രാജ്യങ്ങളിൽ മാസ്റ്റേഴ്സ് അത്‍ലറ്റിക്സിൽ പങ്കെടുത്ത് മെഡലുകളും വാരിക്കൂട്ടിയാണ് കുര്യൻ ജേക്കബിന്റെ മടക്കം. ദിവസങ്ങൾക്ക് മുമ്പ് അബുദാബിയിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസിൽ നീന്തൽ മത്സരത്തിൽ അഞ്ച് ഗോൾഡ് മെഡലും ഒരു വെള്ളിയും ഒരു വെങ്കലവും വാങ്ങിയാണ് കുര്യൻ നാട്ടിലെത്തിയത്. ഈ വേറിട്ട യാത്രയെ കുറിച്ച് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ -നോട് സംസാരിക്കുന്നു.
വിരമിച്ച ശേഷമുള്ള യാത്ര
പാലാ സെന്റ് തോമസ് കോളേജിൽ ബിരുദാനന്തരബിരുദം കഴിഞ്ഞാണ് ഫെഡറൽ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. കേരളത്തിലും കൽക്കട്ടയിലും ആസാമിലും ബോംബെയിലും ഒക്കെ ജോലി ചെയ്തു. പിന്നീട് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലേക്ക് മാറി. അതൊരു ബ്രിട്ടീഷ് ബാങ്കാണ്. അവിടെ ജോലിസംബന്ധമായി ഫിലിപ്പീൻസിലും ഹോങ്കോങ്ങിലും ലണ്ടനിലും ഒക്കെ പോയി. പിന്നീട്, നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലും ഗൾഫ് ബാങ്കിലും ജോലി ചെയ്തു. 2017 -ലാണ് ജോലിയിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് തിരിച്ചുവരുന്നത്. അക്കാലത്താണ് ഒട്ടും പ്രതീക്ഷിക്കാതെ നീന്തലിലേക്ക് കടന്നു വരുന്നത്.
പഠിച്ചത് യൂട്യൂബ് നോക്കി
ഞാൻ ജനിച്ചു വളർന്ന വീടിന് മുന്നിൽ ഒരു തോടുണ്ട്. നല്ല വേഗത്തിൽ ഒഴുകുന്നൊരു തോട്. അതിലെ ഒഴുക്കിനെതിരെ നീന്തുന്നത് കുട്ടിക്കാലത്ത് ഒരു വിനോദമായിരുന്നു. ഒരുപക്ഷേ നടക്കുന്നതിന് മുമ്പ് തന്നെ നീന്താൻ തുടങ്ങി കാണണം. നടക്കാൻ പഠിക്കാത്ത കുഞ്ഞുങ്ങൾക്ക് വരെ നീന്താൻ കഴിയും എന്നതാണ് നീന്തലിന്റെ പ്രത്യേകത തന്നെ. ഞങ്ങൾ 10 പേരാണ് സഹോദരങ്ങളായിട്ടുള്ളത്. എല്ലാവരുടെയും കൂടെ തോട്ടിൽ പോകുമ്പോൾ ചിലപ്പോൾ വെള്ളത്തിൽ വീണതാകാം. അങ്ങനെ നടക്കുന്നതിന് മുമ്പ് തന്നെ നീന്തൽ പഠിച്ചിട്ടുണ്ടാവണം എന്നാണെനിക്ക് തോന്നുന്നത്. ഒരു രസത്തിനു വേണ്ടിയും, അതുപോലെ തന്നെ വ്യായാമത്തിനു വേണ്ടിയും ഒക്കെയാണ് നീന്തിയിട്ടുള്ളത്. അല്ലാതെ നീന്തൽ ഒരു മത്സരമായി അന്നൊന്നും ചിന്തിച്ചിട്ട് പോലുമില്ല. സ്കൂളിലും കോളേജിലുമൊക്കെ ക്രിക്കറ്റ്, വോളിബോൾ ഇവയിലൊക്കെയായിരുന്നു കൂടുതൽ താല്പര്യവും.
2017 -ൽ കുവൈറ്റിൽ നിന്ന് തിരിച്ച് വന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് 2019 -ൽ എന്റെ കുറെ സുഹൃത്തുക്കൾ 'വെറ്ററൻസ് നീന്തൽ മത്സര'ത്തിന് പോകുന്നുണ്ടെന്ന് പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു അന്ന് മത്സരം. അപ്പോൾ ഞാനും കൂടെ പോയി. നീന്തിയപ്പോൾ മെഡലുകളും കിട്ടി. ആഹാ, ഇത് കൊള്ളാമല്ലോ എന്നാണ് ആദ്യം തോന്നിയത്. അതോടെ, ഉത്സാഹവും ആവേശവും കൂടി. 2019 -ൽ അതിന്റെ നാഷണൽ മീറ്റ് ബറോഡയിൽ വെച്ചായിരുന്നു. പക്ഷേ, നാഷണൽ മീറ്റിൽ നീന്തിയിട്ട് മെഡൽ ഒന്നും കിട്ടിയില്ല. അപ്പോൾ കുറച്ച് വാശിയായി. അങ്ങനെ പൂളിൽ സ്വിമ്മിംഗ് പ്രാക്ടീസ് തുടങ്ങി. അപ്പോഴാണ് കൊവിഡ് മഹാമാരി വില്ലനായി വന്നത്. ഒന്നുരണ്ടു വർഷം മത്സരങ്ങൾ ഒന്നും നടത്തിയില്ല, പ്രാക്ടീസ് ഒന്നുമില്ല. പിന്നെ, കൊവിഡ് കഴിഞ്ഞിട്ടാണ് മത്സരങ്ങൾ ശരിക്ക് തുടങ്ങിയത്.
അന്ന് സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും മത്സരിച്ചു മെഡലുകളും കൊണ്ടാണ് മടങ്ങി വന്നത്. പക്ഷേ, ഈ സമയത്തൊന്നും ഒരു കോച്ചിന്റെ കീഴിൽ റെഗുലർ കോച്ചിങ് ഒന്നും ചെയ്തിട്ടില്ല. യൂട്യൂബ് നോക്കിയാണ് ഞാൻ കൂടുതലും സ്റ്റൈലുകളൊക്കെ പഠിച്ചത്. യൂട്യൂബിൽ നോക്കിവെക്കും. പിറ്റേ ദിവസം സ്വിമ്മിംഗ് പൂളിൽ പോയി അത് പ്രാക്ടീസ് ചെയ്യാൻ നോക്കും. അങ്ങനെ പഠിച്ചു.
തായ്‍പേയിയിലെ മത്സരം -ഒമ്പത് മെഡലുകൾ
അത് കഴിഞ്ഞ് 2024 -ൽ 'പാൻ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസ്' ക്ലീവ്‍ലൻഡിൽ നടത്തി. അവിടെ പോയപ്പോൾ രണ്ട് ഗോൾഡും ഒരു വെള്ളിയും ഒരു വെങ്കലവും കിട്ടി. 2025 -ൽ 'വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ്' തായ്‍പേയിയിൽ വെച്ചായിരുന്നു. 'വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ഒളിമ്പിക്സ്' പോലെ നാല് വർഷത്തിൽ ഒരിക്കൽ നടത്തുന്നതാണ് ഈ മത്സരം. 2025 -ൽ നടത്തിയപ്പോൾ ഞാൻ 75 പ്ലസ് ഗ്രൂപ്പിലാണ് മത്സരിച്ചത്. എനിക്കന്ന് ഒമ്പത് മെഡൽ കിട്ടി. വലിയ റെക്കോർഡാണത്. ഏറ്റവും കൂടുതൽ മെഡൽ അവിടെ കിട്ടിയത് എനിക്കാണ്. പക്ഷേ, അതിൽ രണ്ട് ഗോൾഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ഗോൾഡ്, മൂന്ന് സിൽവർ, നാല് വെങ്കലം ഇങ്ങനെയാണ് മെഡൽ കിട്ടിയത്. അതെനിക്ക് വലിയ ആവേശം സമ്മാനിച്ചു.

25000 -ത്തോളം അത്‌ലറ്റ്സ് വന്നിട്ടുണ്ടായിരുന്നു. ഒളിമ്പിക്സ് പോലെ 32 സ്പോർട്സിനങ്ങളുണ്ടായിരുന്നു. സ്വിമ്മിങ്ങിന് തന്നെ ഏതാണ്ട് 2500 പേര് വന്നു. അത് ആദ്യത്തെ 'വേൾഡ് മാസ്റ്റേഴ്സ് ഗെയിംസാ'ണ്. അതിൽ മെഡൽ കിട്ടിയത് വളരെ സന്തോഷകരവും അഭിമാനകരവുമായ അനുഭവമായിരുന്നു.
അബുദാബിയിൽ നിന്നും ഗോൾഡ് മെഡൽ അഞ്ച്
ഈ വർഷത്തെ 'ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ്' അബുദാബിയിൽ നടന്നു. മിഡിൽ ഈസ്റ്റിൽ മാസ്റ്റേഴ്സ് ഗെയിംസ് നടത്തുന്നത് ആദ്യമായിട്ടാണ്. ഏകദേശം 21000 അത്‍ലറ്റ്സ് വന്നു. അതിൽ തന്നെ നീന്തൽ മത്സരത്തിൽ മാത്രം ഏകദേശം 2000 പേർ പങ്കെടുത്തു. പഴയതിലും ആവേശകരമായ മത്സരമായിരുന്നു എന്നെ സംബന്ധിച്ചിത്. കൂടുതൽ കഴിവുള്ളവരും വിദഗ്ദ്ധരും മത്സരത്തിൽ പങ്കെടുക്കാൻ വരും. അതുകൊണ്ടുതന്നെ രണ്ടാഴ്ച ഞാൻ കോച്ചിങ്ങിന് പോയി. അതിന്റെ ഗുണവും ഉണ്ടായി. എനിക്ക് അഞ്ച് ഗോൾഡ് മെഡലും ഒരു വെള്ളിയും ഒരു വെങ്കലവും കിട്ടി.

ഏഴ് വ്യക്തിഗത മത്സരങ്ങളിലാണ് ഒരാൾക്ക് പങ്കെടുക്കാൻ പറ്റുന്നത്. അതിന് എല്ലാത്തിനും മെഡൽ കിട്ടി. ഈ മാസ്റ്റേഴ്സ് ഗെയിംസിന്റെ പ്രത്യേകത പ്രായമായവരാണ് പങ്കെടുക്കുന്നത് എന്നുള്ളതാണ്. അതിനാൽ തന്നെ അതിന്റെ ഒരു ആശ്വാസം ഒക്കെയുണ്ട്. പങ്കെടുക്കാനും, പുതിയ ആൾക്കാരെ പരിചയപ്പെടാനും, സൗഹൃദം ഉണ്ടാക്കാനും, കുറച്ച് ടൂറിസവും ഒക്കെയായി അങ്ങനെ പോകും. ലണ്ടനിൽ ജോലി ചെയ്തെങ്കിലും സ്കാൻഡിനേവിയൻ രാജ്യം ഞാൻ സന്ദർശിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഫിൻലൻഡിൽ പോയി. അവിടെ നിന്നും നോർവേ, സ്വീഡൻ ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ പോയി. 'ഇന്റർനാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷ'ന്റെ കീഴിലാണ് ഈ മാസ്റ്റേഴ്സ് ഗെയിംസ് നടക്കുന്നത്. അത് ഒളിമ്പിക്സ് കമ്മിറ്റിയിലോട്ട് അഫിലിയേറ്റഡ് ആണ്. കഴിഞ്ഞ വർഷം മുതൽ യുഎൻ ടൂറിസത്തിലോട്ടും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. മാസ്റ്റേഴ്സ് ഗെയിംസ് ഓർഗനൈസേഴ്സ് തന്നെ പ്രായമായവർക്ക് വിനോദവും കായികവും ഒരുമിച്ച് കിട്ടാനായി ടൂറിസത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ട്.
എല്ലാ മീറ്റിനും പോകുമ്പോഴും വൈഫുമായിട്ടാണ് പോകുന്നത്. അവൾ തന്നെയാണ് എന്റെ കട്ട സപ്പോർട്ടും. എന്റെ മാനേജരെ പോലെയാണ് ആള്. എല്ലാ കാര്യങ്ങളും എന്റെ കൂടെ നടന്ന് ചെയ്യും.

സർക്കാരിൽ നിന്നും പ്രോത്സാഹനം വേണം
നമ്മുടെ ഗവൺമെന്റുകൾ ഈ മാസ്റ്റേഴ്സ് ഗെയിംസിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതുവഴി നമ്മുടെ രാജ്യത്തെ പ്രായമാകുന്ന ആൾക്കാരുടെ ആരോഗ്യം വളരെ മെച്ചപ്പെടും. ഗവൺമെന്റ് ആരോഗ്യത്തിന് വേണ്ടി ചെലവഴിക്കുന്ന കുറെ തുക ഇത് ലാഭമാക്കും. അത്‌ലറ്റ്സിന് ഇൻസെന്റീവ് കൊടുക്കുകയാണെങ്കിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കും. ഞങ്ങൾ ഇന്റർനാഷണൽ മീറ്റിലൊക്കെ പോകുമ്പോൾ സ്വന്തം കയ്യിൽ നിന്നാണ് എല്ലാ കാശും എടുക്കുന്നത്. അതിൽ ഫ്ലൈറ്റ്, താമസം എല്ലാം പെടും. അതിന് സർക്കാർ ഫണ്ട് കൊടുക്കുന്ന രീതി വരണം. അപ്പോഴേ കൂടുതൽ പങ്കാളിത്തമുണ്ടാകൂ. ഒളിമ്പിക്സിൽ പോകുന്ന പോലെ എല്ലാവരെയും അങ്ങനെ കൊണ്ടുപോകണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, മെഡലുമായി വരുന്നവർക്കെങ്കിലും ഒരു ഇൻസെന്റീവ് കൊടുത്താൽ കൂടുതൽ ആൾക്കാർ മുന്നോട്ട് വരികയും നാടിന്റെ ആരോഗ്യം, പ്രത്യേകിച്ച് പ്രായമായവരുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. 2025 -ൽ ഒരു നാഷണൽ സ്പോർട്സ് പോളിസി ഉണ്ടാക്കിയിട്ടുണ്ട്. അത് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന അത്‍ലറ്റുകളെ ഉദ്ദേശിച്ചുള്ളതാണ്. അതിൽ മാസ്റ്റേഴ്സ് അത്‍ലറ്റ്‍സിനെ കൂടെ ഉൾപ്പെടുത്തുകയാണെങ്കിൽ അത് വലിയൊരു കാര്യമായിരിക്കും.
തായ്വാനിൽ വേൾഡ് മീറ്റിൽ 25000 അത്‌ലറ്റ്സ് വന്നു. അവരെ കൈകാര്യം ചെയ്യാനായി 6000 -ത്തിലധികം വോളണ്ടിയേഴ്സ് ഉണ്ടായിരുന്നു. പക്ഷേ, ഇത്തവണ അബുദാബിയിൽ നടന്ന മത്സരത്തിൽ 21000 പേരെ വന്നുള്ളൂ. കാരണം, ഇത് വേൾഡ് മീറ്റ് അല്ല, പക്ഷേ ഇന്റർനാഷണൽ ഓപ്പൺ ആണ്. അമേരിക്കയിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്രസീലിൽ നിന്നും ഒക്കെ ആൾക്കാർ വന്നിട്ടുണ്ട്. അവിടെ 7000 -ത്തിലധികം വോളണ്ടിയേഴ്സ് ഉണ്ടായിരുന്നു. വളരെ നല്ല, സൗഹാർദ്ദപരമായി പെരുമാറുന്ന, പരിശീലനം സിദ്ധിച്ച വോളണ്ടിയേഴ്സായിരുന്നു. നമ്മൾ നീന്താൻ പോകുമ്പോൾ സ്റ്റാർട്ടിങ് ലൈനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പോയി പങ്കെടുക്കാൻ പറ്റില്ല. ആ സമയത്ത് നേരത്തെ തന്നെ കോൾ റൂമിൽ പോയിരിക്കണം. പിന്നെ, ഒരാൾ ഒരു റേസ് ഫിനിഷ് ചെയ്യുമ്പോഴേക്കും അടുത്ത റേസിനുള്ള ആൾക്കാര് അവിടെ എത്തിയിരിക്കണം. നമ്മുടെ നാട്ടിലും മീറ്റുകൾ വരണം. ഇത്തരം കാര്യങ്ങൾ മെച്ചപ്പെടുത്തണം. നമ്മുടെ നാട്ടിൽ ഒരു മീറ്റ് നടത്തുമ്പോൾ ആദ്യം ഒരു ഉദ്ഘാടനം ഉണ്ട്. അവിടെ വിഐപി താമസിച്ചു വരും. അതോടെ തന്നെ മത്സരം തുടങ്ങാൻ വൈകും. ഉദ്ഘാടനം ഒന്നുമല്ല പ്രധാനം. പങ്കാളിത്തമാണ്. അവരുടെ സംതൃപ്തിയാണ്.
അങ്ങനെ നോക്കിയാൽ, അബുദാബി മീറ്റ് ശരിക്കും ഒരു അടിപൊളി മീറ്റ് ആയിരുന്നു. എല്ലാവരും വളരെ ഹാപ്പി ആയിരുന്നു. അത്രയും മികച്ച സംഘാടനം. ഭക്ഷണം പോലും സൗജന്യം. നീന്താനുള്ളവർ അധികം ഭക്ഷണം കഴിക്കില്ല. കാരണം വയറു നിറഞ്ഞാൽ നീന്താൻ പറ്റില്ല. എങ്കിലും, എപ്പോ വേണമെങ്കിലും കാപ്പിയടക്കം എല്ലാം സൗജന്യമായിട്ടുണ്ടായിരുന്നു. അവരുടെ പെരുമാറ്റവും സൗഹൃദവും ഒക്കെ നന്നായിരുന്നു.
മീറ്റ് തരുന്ന സൗഹൃദങ്ങൾ
ഇപ്പോൾ എനിക്ക് പല രാജ്യത്തും സുഹൃത്തുക്കളുണ്ട്. എല്ലാം ഇതുപോലെയുള്ള മീറ്റ് തന്നതാണ്. എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനായി റഷ്യയിൽ നിന്നുള്ള ആൾക്കാരും സൗത്ത് അമേരിക്കയിൽ നിന്നുള്ള ആൾക്കാരും ചൈനയിൽ നിന്നുള്ള ആൾക്കാരുമൊക്കെ വന്നു. ഞാനും അതുപോലെ തന്നെ എല്ലാവർക്കും ഒപ്പം ഫോട്ടോ ഒക്കെ എടുത്തു. വേറൊരു തരം സൗഹൃദം ഉണ്ടാവുകയാണവിടെ. കുറച്ചുപേർ 'ദ ലെജൻഡ്' എന്നും പറഞ്ഞ് എന്റെ അടുത്ത് വന്ന് ഫോട്ടോ, സെൽഫി ഒക്കെ എടുക്കുന്നുണ്ട്. ഞാൻ ലെജൻഡ് ഒന്നുമല്ല, പക്ഷേ അംഗീകരിക്കപ്പെടുന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. 76 വയസായ ഒരാള് അഞ്ച് ഗോൾഡ് മെഡൽ ഒക്കെ വാങ്ങുമ്പോൾ ആളുകൾ ശ്രദ്ധിക്കും.

ഈ മാസ്റ്റേഴ്സ് മീറ്റിന്റെ പൊസിറ്റീവ് ആയിട്ടുള്ള കാര്യം പ്രാക്ടീസ് ചെയ്യുമ്പോൾ നമ്മുടെ ആരോഗ്യം മെച്ചപ്പെടും. രണ്ടാമത്തേത് പല രാജ്യങ്ങളിലുള്ള സുഹൃത്തുക്കളെ കിട്ടും. തായ്‍വാനില് മിക്സ്ഡ് റിലേ തന്നെ ഉണ്ടായിരുന്നു. രണ്ട് ആണും രണ്ട് പെണ്ണും കൂടെ. ഞങ്ങള് രണ്ടുപേരെ ഇന്ത്യയിൽ നിന്ന് ഉണ്ടായിരുന്നുള്ളൂ അന്ന്. ആണുങ്ങളുടെ റിലേയ്ക്ക് തന്നെ നാല് പേര് വേണം. ടീം മെമ്പേഴ്സിനെ തരാനായി ഞാൻ നേരത്തെ തന്നെ ഇതിൻ്റെ ഗ്രൂപ്പിൽ പോയി റിക്വസ്റ്റ് ചെയ്തു. അപ്പോൾ പുരുഷന്മാരുടെ റിലേയിൽ ജോസഫ് കോക്ക് എന്ന് പറഞ്ഞ ഒരു ഡൽഹിക്കാരനും ഞാനും ഒരു ഇംഗ്ലീഷുകാരനും ഒരു ബ്രസീലുകാരനും കൂടെ ടീം ഉണ്ടാക്കി. വിമൻ ടീമിന് ഞങ്ങൾക്ക് രണ്ടുപേർക്ക് ഒരു കാനഡക്കാരിയെയും ഒരു ഫ്രഞ്ച് കാരിയെയും കിട്ടി. അവിടെ അഞ്ച് ഇവന്റ് ആണ് മത്സരിക്കുന്നത്. അതിൽ നാല് ഇവന്റ് റിലേ ആയിരുന്നു. ആ നാല് ഇവന്റിലും വെള്ളി അല്ലെങ്കിൽ വെങ്കലം കിട്ടി.

ഞങ്ങൾക്ക് ഇപ്പോ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ട് 'വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് തായ്‍പേയി റിലേസ്' എന്നും പറഞ്ഞ്. അതിൽ, ഒരാൾ ഇപ്പോൾ ലോകം ചുറ്റി അന്റാർട്ടിക്കയിൽ ബോർഡറിലൊക്കെയാണ്. വളരെ സാഹസികത ഇഷ്ടപ്പെടുന്ന ആൾക്കാരാണ്. വളരെ നല്ല സൗഹൃദമാണ്. അതിൽ ബ്രിട്ടീഷുകാരനും കുടുംബവും ഈ മാർച്ചിൽ എറണാകുളത്ത് ഞങ്ങളുടെ വീട്ടിൽ വരും.
വേദന തിന്നും ഉപ്പുവെള്ളം കുടിച്ചും നേടിയ മെഡൽ
ഈ അബുദാബിലെ ഒരു മീറ്റിൽ എനിക്ക് കുറച്ച് പ്രയാസമുണ്ടായി. അതെന്റെ വ്യക്തിപരമായ പ്രയാസമായിരുന്നു. ഞാൻ കടലിൽ നീന്തുന്നത് തായ്‍വാനിൽ 3 കിലോമീറ്ററാണ്. അതിൽ, എനിക്ക് ഗോൾഡ് മെഡൽ കിട്ടി. ഇവിടെ 2.5 കിലോമീറ്റർ ഓപ്പൺ വാട്ടർ സ്വിമ്മിംഗ് ആയിരുന്നു. പക്ഷേ, ടെംപറേച്ചർ വളരെ കുറവായിരുന്നു. മഞ്ഞുകാലമാണല്ലോ. 21 ഡിഗ്രിയാണ് വെള്ളത്തിന് ടെമ്പറേച്ചർ പറഞ്ഞത്. പക്ഷേ ഞാൻ ഇറങ്ങി കഴിഞ്ഞപ്പോൾ എനിക്ക് 18 ഡിഗ്രി ആയിട്ട് തോന്നി. ഭയങ്കര തണുപ്പ്. വേദന. കുറേ ഉപ്പുവെള്ളം കുടിച്ചു, ഛർദ്ദിക്കാൻ വന്നു.
ഞാൻ അഞ്ച് പ്രാവശ്യമെങ്കിലും റെസ്ക്യൂ ബോട്ടുകാരെ വിളിച്ചിട്ട് ഹെൽപ്പ് ചോദിക്കാൻ ആലോചിച്ചു. ബോട്ടിൽ തൊട്ട് കഴിഞ്ഞാൽ ഡിസ്ക്വാളിഫൈഡ് ആകും. ഞാൻ ചിന്തിച്ചു, ഞാൻ തായ്വാനിൽ 3 കിലോമീറ്റർ നീന്തി. ഇത് 2.5 അല്ലേ ഉള്ളൂ, എങ്ങനെയെങ്കിലും ഇത് ഫിനിഷ് ചെയ്യണം. പലരും തിരിച്ചുപോയപ്പോഴും ആ വേദനയും പ്രയാസങ്ങളും വച്ച് ഞാൻ നീന്തി. അതിലെനിക്ക് ഗോൾഡ് കിട്ടി. ആ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. വളരെ ബുദ്ധിമുട്ടിയാണ് 2.5 കിലോമീറ്റർ നീന്തിയത്. പക്ഷേ, അത് തീർക്കണം എന്നുള്ള വാശി ജയിച്ചു.
ഭാവി കാര്യങ്ങൾ
ഞാനൊരു ഇന്റർനാഷണൽ സ്വിമ്മിംഗ് പ്രൊഫഷണൽ ആണ് ഇപ്പോൾ. ഒരു വർഷത്തിൽ ഒരു ഇന്റർനാഷണൽ മീറ്റ് എങ്കിലും പങ്കെടുക്കാനാണ് ഇപ്പോൾ പ്ലാൻ. 23 -ൽ ഫിൻലൻഡ് തുടങ്ങി, 24 -ൽ ക്ലീവ്ലൻഡ് അമെരിക്കയിൽ, 25 -ൽ വേൾഡ് മാസ്റ്റേഴ്സ് തായ്പേയിയിൽ, 26 -ൽ അബുദാബിയിൽ, ഇനി 27 -ൽ ജപ്പാൻ കൻസായിലാണ്. അതിന് ഇവന്റ്സ് ഒക്കെ സെലക്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൻ്റെ കൂടെ സ്റ്റേറ്റ് ആൻഡ് നാഷണൽ ചെയ്യാനുള്ള പ്ലാൻ ഉണ്ട്.
എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യണം, കുറെ കോച്ചിംഗ് ചെയ്യണം, ഇംപ്രൂവ് ചെയ്യണം, ടൈമിംഗ് ഇംപ്രൂവ് ചെയ്യണം, മെഡൽ പൊസിഷൻ ഇംപ്രൂവ് ചെയ്യണം, ഇതൊക്കെയാണ് ഭാവി കാര്യങ്ങൾ. മാസ്റ്റേഴ്സ് ഗെയിംസിൽ 100 -ഉം 100 -ൽ കൂടുതൽ വയസ്സുള്ള മത്സരാർത്ഥികൾ വരെയുണ്ട്. നമ്മൾ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാൻ തുടങ്ങിയാൽ ആരോഗ്യം ശ്രദ്ധിക്കും, മെച്ചപ്പെടും. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കും, ശീലങ്ങൾ ഒഴിവാക്കും. ഞാൻ എൻ്റെ തന്നെ ഹെൽത്ത് ഡ്രിങ്ക് ഉണ്ടാക്കും. ഒരു പ്രോബയോട്ടിക് റിച്ച് ഹെൽത്ത് ഡ്രിങ്കാണ് കമ്പൂച്ച. വാങ്ങിച്ച പ്രിസർവേറ്റീവ്സിന്റെ ശല്യം ഉണ്ടാകാതിരിക്കാനായിട്ട് അത് ഞാൻ തന്നെ ഉണ്ടാക്കി കഴിക്കുകയാണ്.
കുടുംബം
ഭാര്യയുടെ പേര് സുനു കുര്യൻ. സുനു മദ്രാസിലാണ് ജനിച്ചു വളർന്നത്. രണ്ട് മക്കൾ. മൂത്തയാൾ അനു കുര്യൻ. ഇപ്പോൾ അമേരിക്കയിൽ ഡാലസിലാണ്. ഇളയ ആൾ നിഷ കുര്യൻ ലണ്ടനിൽ ആർക്കിടെക്ടാണ്.
