ചൈനീസ് സ്ഥാനപതിയുടെ മാധ്യമ ഇടപെടലുകളും അവ ഉയര്‍ത്തുന്ന ചോദ്യങ്ങളും

By Web TeamFirst Published Aug 19, 2020, 3:21 PM IST
Highlights

ചൈനീസ് സ്ഥാനപതിയുടെ മാധ്യമ 'ഇടപെടലുകളും', അവയുയര്‍ത്തുന്ന ചോദ്യങ്ങളും. പി.കെ ആനന്ദ് എഴുതുന്നു

സ്ഥാനമേറ്റ് ഒരു വര്‍ഷം തികയാറാകുമ്പോള്‍ മാധ്യമങ്ങളില്‍ ഇത്രയേറെ എഴുതിയ മറ്റൊരു വിദേശ സ്ഥാനപതിയും ഇന്ത്യയില്‍ ഉണ്ടാവില്ല. മാത്രമല്ല, ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് ഇത്തരത്തില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്ന് സങ്കല്‍പിക്കാനേ സാധ്യമല്ല. കൃത്യതയോടും സൂക്ഷ്മതയോടും കൂടിയുള്ള ചൈനീസ് ഭരണകൂടത്തിന്റെ ആശയപ്രചാരണമാണ് (state propaganda)  ഇവയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ തേച്ചുമിനുക്കി അവതരിപ്പിക്കാനുള്ള ചൈനീസ് ഉദ്യോഗസ്ഥരുടെ പ്രകടനപരമായ കുശലത. ഈ സത്യാവസ്ഥയാണ് പി.ടി.ഐയുടെ മേലുള്ള കുതിര കയറ്റങ്ങളില്‍ മറഞ്ഞുപോകുന്നത്.

 

 

ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ കിഴക്കന്‍ ലഡാക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ നൂറു ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. മെയ് ആദ്യം മുതല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച് ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ ലഡാക്കിലെ പല മേഖലകളിലും ഇരു സൈന്യങ്ങളെയും നേര്‍ക്കുനേര്‍ നിര്‍ത്തി.  ഇതില്‍ ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ സംഘട്ടനത്തില്‍, 20 ഇന്ത്യന്‍ സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഈ സംഭവത്തില്‍ മറു ഭാഗത്തും നഷ്ടങ്ങളുണ്ടായെന്നു കരുതപ്പെടുന്നുണ്ടെങ്കിലും, ചൈന ആധികാരികമായി എണ്ണം വെളിപ്പെടുത്തിയില്ല. മൂന്നു മാസങ്ങള്‍ക്കു ശേഷം, സൈനിക-നയതന്ത്ര ചര്‍ച്ചകളുടെയും, ഇടപെടലുകളുടെയും ഫലമായി ഇരു ഭാഗങ്ങളും ചില തന്ത്രപരമായ പിന്മാറ്റങ്ങള്‍ നടത്തിയെങ്കിലും ചില മേഖലകളില്‍ തല്‍സ്ഥിതി തുടരുകയാണ്; പ്രത്യേകിച്ച്, പാന്‍ഗോങ് തടാക മേഖലയിലും, ഡെപ്‌സാങ് നിരപ്പിലും. ഇരു സൈന്യങ്ങളും തമ്പടിച്ചു, അളവില്‍ കൂടുതല്‍ സേനയെ നിയോഗിച്ചു, ശിശിരകാല വിന്യാസത്തിനു തയ്യാറെടുക്കുകയാണ്. അതായത്, ചര്‍ച്ചകളും, സംഭാഷണങ്ങളും നടക്കുന്ന വേളയില്‍ തന്നെ പ്രസ്തുത അവസ്ഥക്കു അയവില്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഇരു വിഭാഗങ്ങളും. ഈ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എട്ടു ദശകത്തിലുമേറെയായി നിലനില്‍ക്കുന്ന അതിര്‍ത്തി നിര്‍ണ്ണയ തര്‍ക്കങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമില്ലായ്മയാണ്. 

ഗല്‍വാന്‍ താഴ്വരയിലെ സംഘട്ടനമുണ്ടായി ഏതാണ്ട് പത്തു ദിവസത്തിനു ശേഷമാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി 
പ്രസിദ്ധീകരിച്ചത്. പിന്നീട് ചൈനീസ് എംബസി ഈ അഭിമുഖത്തിന്റെ, ചെത്തിമിനുക്കിയ ഭാഗം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അതിലൂടെ സംഘര്‍ഷത്തിന്റെ മൊത്ത ഉത്തരവാദിത്തവും ഇന്ത്യയുടെ മേല്‍ കെട്ടിവെക്കുകയും പഴിചാരുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് പി.ടി.ഐക്കു നേരെ വിമര്‍ശനങ്ങളുടെ ശരവര്‍ഷമാണുണ്ടായത്: തെറ്റായ സമയത്തു അഭിമുഖം നടത്തി എന്നത് മുതല്‍ നിയന്ത്രണ രേഖയിലെ ചൈനീസ് കൈയേറ്റങ്ങള്‍ക്കെതിരെ മൃദു സമീപനം സ്വീകരിച്ചു എന്നതു വരെ. 

 

ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വേയ് ദോങ് ഗുരുദ്വാര സന്ദര്‍ശനത്തിനിടെ
 

ഇതിന്റെ ചുവടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷേപണ സംവിധാനമായ പ്രസാര്‍ ഭാരതി രാജ്യ താല്‍പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന് പി.ടി.ഐക്ക് ശക്തമായ താക്കീതു നല്‍കുകയും വാര്‍ത്ത ഏജന്‍സിയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നും ഭീഷണി മുഴക്കുകയുമുണ്ടായി. തുടര്‍ന്ന്, മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍, ഈ ഭീഷണിക്കെതിരെ ശക്തമായ ഭാഷയില്‍ ്രപതികരിച്ച് രംഗത്തു വന്നു.

എന്നാല്‍ ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍, മറഞ്ഞു പോകുന്ന ഒന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ചൈനീസ് സ്ഥാനപതിക്ക് അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്തിന്റെ 'സത്യ ഭാഷ്യങ്ങള്‍' (versions of truth) പ്രസിദ്ധപ്പെടുത്താനായി ഇന്ത്യയിലെ മാധ്യമങ്ങള്‍ - പ്രത്യേകിച്ച് ആംഗലേയ മാധ്യമങ്ങള്‍ - അവരുടെ നിരൂപണ/ഓപ്-എഡ് കോളങ്ങളും/പേജുകളും, യഥേഷ്ടം നീക്കിവച്ചു എന്ന വസ്തുത. ചൈനീസ് സ്ഥാനപതിയുടെ ഈ 'ലേഖനങ്ങള്‍' വസ്തുതകളെയും സത്യങ്ങളെയും വളച്ചൊടിച്ചു തെറ്റായി അവതരിപ്പിക്കുകയോ അല്ലെങ്കില്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. 

 

 

സ്ഥാനപതിയുടെ മാധ്യമ ഇടങ്ങള്‍

ആ 'ലേഖനങ്ങളിലൂടെ' കണ്ണോടിക്കാനും പി.ടി.ഐക്കെതിരെയുള്ള 'ആരോപണങ്ങളുടെ' പശ്ചാത്തലം വീക്ഷിക്കാനും ഒരു പക്ഷെ ഇതൊരു ഉചിതമായ സമയമാണ്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിക്ക് അധികാരപത്രം സമര്‍പ്പിച്ച് സ്ഥാനപതിയായി ഔദ്യോഗിക ചുമതലയേല്‍ക്കുന്നതിനു മുന്‍പ്, ഓഗസ്റ്റ് 28-ന്  'ദി ഹിന്ദുവില്‍' എഴുതിയ കുറിപ്പിലൂടെയാണ് സ്ഥാനപതിയുടെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചൈനയിലെ പൈതൃകമായ ഡൂണ്‍ഹുവാങ് ഗുഹകളെയും, ഇന്ത്യയിലെ അജന്ത-എല്ലോറയെയും താരതമ്യപ്പെടുത്തി, ഒരു 'സില്‍ക്ക് റോഡ് ചേതന' വാര്‍ത്തെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ് ലേഖനം. കൂടാതെ, ഇരു രാജ്യങ്ങളുടെയും പഴയ 'സാംസ്‌കാരിക' വിനിമയങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട്, ഇന്നത്തെ കാലത്ത് സഹകരണവും, സൗഹൃദവും വളര്‍ത്തിയെടുക്കേണ്ട താല്‍പ്പര്യവും. പിന്നീടങ്ങോട്ട്, അദ്ദേഹത്തിന്റെ 'ലേഖനങ്ങളുടെ' ഒരു നീണ്ട നിര തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. 

ഒരു മാസത്തിനുള്ളില്‍, കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 3-ന്, ഹോങ്കോങ്ങില്‍ ചൈനീസ് കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നപ്പോള്‍ 'ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍' സുന്‍ എഴുതിയ ലേഖനം വന്നു. പ്രതിഷേധിക്കുന്നവരെ അടച്ചാക്ഷേപിക്കുകയും, അക്രമങ്ങള്‍ക്കുള്ള മൊത്ത ഉത്തരവാദിത്തവും പ്രതിഷേധക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയുമായിരുന്നു അത്. പരസ്യമായി അവരെ പഴിചാരുമ്പോള്‍ തന്നെ, എന്ത് കൊണ്ട് ഇത്രയേറെ പ്രതിഷേധക്കാര്‍ മൂന്നു മാസത്തോളമായി തെരുവുകള്‍ പ്രക്ഷുബ്ധമാക്കി എന്ന ചോദ്യത്തില്‍ നിന്നും ആ ലേഖനം ബോധപൂര്‍വം ഒഴിഞ്ഞുമാറി. പകരം, 'ബാഹ്യ ഇടപെടലുകള്‍' പ്രതിഷേധക്കാരെ പ്രകോപിതരാക്കിയെന്നും നീതി-ന്യായ വ്യവസ്ഥ കാത്തുസൂക്ഷിക്കാന്‍ ബലപ്രയോഗം ആവശ്യമാണെന്നും ആ ലേഖനം ന്യായീകരിച്ചു. 

 

 

അതെ മാസത്തില്‍ 'ടൈംസ് ഓഫ് ഇന്ത്യയില്‍' വന്ന ലേഖനത്തില്‍ സുന്‍ അമേരിക്കയെ മുട്ടാളനായി ചിത്രീകരിക്കുകയും അവരുടെ ഏകപക്ഷീമായ നിലപാടാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യ യുദ്ധത്തിന്റെ അടിസ്ഥാന കാരണമെന്ന നിഗമനത്തില്‍ എത്തുകയുമുണ്ടായി. ഈ പശ്ചാത്തലത്തില്‍, ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു ദൃഢമായ കൈ കോര്‍ക്കല്‍ അവസരോചിതമാണെന്നും അത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാവുമെന്നും ഉപദേശം നല്‍കാനും, സുന്‍ മറന്നില്ല. ചൈനീസ് എംബസി ഒരുക്കിയ സ്വാഗത വിരുന്നില്‍ സുന്‍ നടത്തിയ പ്രസംഗം, 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്', പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. അമേരിക്കന്‍ പ്രമാദിത്വത്തിനെതിരെ ചൈന-ഇന്ത്യ സഹകരണത്തിന് ഊന്നല്‍ നല്‍കവെ, ചൈനീസ് നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ നേടുന്ന വളര്‍ച്ചയെയും അതുമൂലമുണ്ടാകുന്ന തൊഴിലവസരങ്ങളെയും ഹിന്ദി സിനിമകള്‍ക്കു ചൈനയില്‍ ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും സുന്‍ വാചാലനായി. പ്രസംഗത്തില്‍ അദ്ദേഹം അടിവരയിട്ട പദങ്ങള്‍, 'ആഗോള മൈത്രിയും' (global harmony), 'ഭാഗധേയം പങ്കുവെക്കലുമാണ്' (shared destiny). 

ചൈനയെയും ചൈനീസ് വിദേശ നയങ്ങളെയും പഠിക്കുകയും അധ്യയനം നടത്തുകയും ചെയ്യുന്നവര്‍ക്ക് ഈ പദങ്ങള്‍ സുപരിചിതമാണ്. ആറ് വര്‍ഷത്തിലേറെയായി ഷീ ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിഭാവനം ചെയ്യുന്ന ക്രമബദ്ധ-ആന്തരഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയായ 'ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റിവിന്റെ' (Belt and Road Initiative) ഭാഗമായാണ് ഈ പദങ്ങള്‍ പ്രയോഗിക്കപ്പെട്ടത്. ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്പ് മേഖലകളിലൂടെ ഇടനാഴികള്‍ പണിത് വാണിജ്യ ശൃംഖലകള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് പക്ഷെ രാഷ്ട്രീയ-തന്ത്രപരമായ മാനങ്ങളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമാണ് എന്നു പറയുമ്പോള്‍ തന്നെ തങ്ങളുടെ മേല്‍ക്കോയ്മ മുന്നോട്ടുവെക്കാന്‍ ഉതകുന്ന സംവിധാനമായാണ് പദ്ധതിയെ ചൈന അടയാളപ്പെടുത്തുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമില്ലാത്ത ഇന്ത്യയെ ഉള്‍ക്കൊള്ളിക്കാന്‍ എത്ര ശ്രമിച്ചിട്ടും വീണു കിട്ടുന്ന ഒരവസരവും പാഴാക്കാന്‍ ചൈനീസ് നേതൃത്വം മുതിര്‍ന്നിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായ അനൗദ്യോഗിക ക്ഷണമായി വേണം സുന്നിന്റെ പ്രസംഗത്തിലെ ഈ പദപ്രയോഗങ്ങളെ കാണാന്‍. അത് അതേ പടി, 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' പ്രസിദ്ധീകരിച്ചു. 

2019 അവസാനിക്കുന്നതിനു മുന്‍പ് മഹാബലിപുരത്തു നടന്ന നരേന്ദ്ര മോഡി-ഷീ ജിന്‍പിങ്  അനൗദ്യോഗിക ഉച്ചകോടിക്കു തൊട്ടുപിന്നാലെ, 'ടൈംസ് ഓഫ് ഇന്ത്യയില്‍' ഇരു രാജ്യങ്ങളിലെയും നദികളുടെ സംരക്ഷണ-പരിപാലന വ്യവസ്ഥയെ കുറിച്ച് സ്ഥാനപതി ലേഖനമെഴുതി. 

 

 

ഇവയില്‍ സ്വരവൈവിധ്യം ഒട്ടും തിരിച്ചറിയാന്‍ സാധിക്കാത്ത ഒന്നാണ് ജനുവരി 29-ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍' പ്രസിദ്ധീകരിച്ച ലേഖനം. കൊറോണ വൈറസ് ബാധ വുഹാനിലും, ചൈനയിലെ മറ്റു പ്രദേശങ്ങളിലും കൊടുമ്പിരിക്കൊള്ളുകയും ഇന്ത്യയുള്‍പ്പടെ ലോകത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പടരുമെന്ന ആകാംക്ഷ നിലനില്‍ക്കുകയും ചെയ്യവേ എങ്ങും തൊടാത്ത വെറും രണ്ടു വരികള്‍ മാത്രമാണ് സ്ഥാനപതി ഇക്കാര്യം പറയാന്‍ നീക്കിവച്ചത്. ലേഖനത്തിലുടനീളം ചൈനയുടെ 'സമാധാനപരമായ വികസനമാണ്' സംസാര വിഷയം. ചൈനീസ് ഭരണകൂടത്തിന്റെ വൈറസ് പ്രതിരോധ വിശദാംശങ്ങളറിയാന്‍ ലോകം താല്‍പര്യപെടുമ്പോള്‍, ഇത്തരത്തിലുള്ള മൗനവും വസ്തുതകളോടുള്ള  പ്രഹസനവും കൃത്യമായ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റമായേ കണക്കാക്കാന്‍ സാധിക്കു.

പിന്നീടുള്ള മാസങ്ങളില്‍, ചൈനയില്‍ സ്ഥിഗതികള്‍ 'സാധാരണനിലയിലേക്ക്' മുടന്തി നീങ്ങുകയും, സമ്പദ് വ്യവസ്ഥ ക്രമാഗതമായി തുറക്കുകയും ചെയ്തപ്പോഴേക്കും കോവിഡ് രോഗം മറ്റു രാഷ്ട്രങ്ങളില്‍ പടര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനിടയിലും 'ടൈംസ് ഓഫ് ഇന്ത്യയും', 'ഹിന്ദുസ്ഥാന്‍ ടൈംസും', തങ്ങളുടെ ഇടങ്ങള്‍ ചൈനീസ് സ്ഥാനപതിക്ക് ഒരുക്കി കൊടുത്തു. ഏറ്റവും ഒടുവില്‍ ജൂലായില്‍, ഹോംഗ്‌കോങ്ങിനെ ചൊല്‍പ്പടിയില്‍ നിര്‍ത്താനും അവിടത്തെ പ്രാദേശിക ഭരണതന്ത്രത്തില്‍ ചൈനീസ് പിടിമുറുക്കാനും, പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനുമായി കൊണ്ടുവന്ന 'ദേശീയ സുരക്ഷാ നിയമത്തെ' വെള്ളപൂശിയും, പതിവ് 'നീതി-ന്യായ-സുരക്ഷ' വാദങ്ങള്‍ നിരത്തിയു 'ദി ഹിന്ദുവില്‍' സുന്‍ എഴുതി. ഈ നിയമത്തെ കുറിച്ചുയര്‍ന്ന ന്യായമായ ഒരു ചോദ്യങ്ങളേയും സുന്നിന്റെ  ലേഖനം ചെവികൊണ്ടില്ല. 

 

 

ആംഗലേയ ഇതര ഇന്ത്യന്‍ മാധ്യമങ്ങളും ചൈനയും 

സ്ഥാനമേറ്റ് ഒരു വര്‍ഷം തികയാറാകുമ്പോള്‍ മാധ്യമങ്ങളില്‍ ഇത്രയേറെ എഴുതിയ മറ്റൊരു വിദേശ സ്ഥാനപതിയും ഇന്ത്യയില്‍ ഉണ്ടാവില്ല. മാത്രമല്ല, ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് ഇത്തരത്തില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്ന് സങ്കല്‍പിക്കാനേ സാധ്യമല്ല. കൃത്യതയോടും സൂക്ഷ്മതയോടും കൂടിയുള്ള ചൈനീസ് ഭരണകൂടത്തിന്റെ ആശയപ്രചാരണമാണ് (state propaganda)  ഇവയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ തേച്ചുമിനുക്കി അവതരിപ്പിക്കാനുള്ള ചൈനീസ് ഉദ്യോഗസ്ഥരുടെ പ്രകടനപരമായ കുശലത. ഈ സത്യാവസ്ഥയാണ് പി.ടി.ഐയുടെ മേലുള്ള കുതിര കയറ്റങ്ങളില്‍ മറഞ്ഞുപോകുന്നത്. ഇതിന്റെ ഭാഗമായി സ്ഥാനപതിയുടെ മേല്‍പ്പറഞ്ഞ ലേഖനങ്ങള്‍, വസ്തുതകളെ തെറ്റായി, അല്ലെങ്കില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ പ്രകാരം തിരഞ്ഞെടുത്ത ഭാഷ്യമായി ചിത്രീകരിക്കുമ്പോള്‍, അതിനെ ചെറുക്കാനോ വിപരീത കാഴ്ചപ്പാട് അവതരിപ്പിക്കാനോ മാധ്യമങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ്  ദൗര്‍ഭാഗ്യകരം. കൂടിക്കാഴ്ചയുടെയൊ, ചോദ്യോത്തരത്തിലൂടെയൊ സ്ഥാനപതിയെ സൂക്ഷ്മപരിശോധനക്കു വിധേയമാക്കാതെ, തങ്ങളുടെ വിശകലന പംക്തികളും/ഓപ്-എഡ് കോളങ്ങളും നിയന്ത്രണങ്ങള്‍ക്കതീതമായി അദ്ദേഹത്തിന് 'മനസ്സ് തുറക്കാനുള്ള' വേദിയാക്കി മാറ്റുന്നതൊരു തെറ്റായ പ്രവണതയാണ്. അന്യായമായ ഈ കീഴ് വഴക്കങ്ങളെ, മാധ്യമ സ്വാതന്ത്ര്യത്തിന്റെ രക്ഷാകവചം കൊണ്ട് പ്രതിരോധം തീര്‍ക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം, തങ്ങളുടെ പത്രത്താളുകളെ ഭരണകൂടത്തിന്റെ - അത് ഗാര്‍ഹികമോ വിദേശീയമോ ആയിക്കൊള്ളട്ടെ - ആശയപ്രചാരണത്തിനായി ഉപയോഗിക്കുന്നത് നൈതികമാണോ എന്നത് മാധ്യമ സ്ഥാപനങ്ങള്‍ തങ്ങളോട് തന്നെ ചോദിക്കേണ്ട ഒരു സുപ്രധാന ചോദ്യമാണ്.

 

 

2007-ല്‍ ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതി, ലാല്‍ ജോസ് സംവിധാനം ചെയ്ത 'അറബിക്കഥയില്‍', ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന 'ക്യൂബ' മുകുന്ദന്‍ ഒരു ചൈനീസ് വനിതയോട്, തര്‍ജ്ജമയിലൂടെ നടത്തുന്ന ഒരു സംഭാഷണത്തില്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സംഭവികാസങ്ങളെ ഉദ്ധരിച്ചു കൊണ്ട്, 'ചൈനക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരോട് പിണക്കമൊന്നുമില്ലല്ലോ?'എന്ന മട്ടില്‍ നടത്തുന്ന നിഷ്‌കളങ്കമായ ചോദ്യമുണ്ട്. മൊത്തത്തില്‍ നര്‍മ്മമാണെങ്കിലും, അതില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. നാല് ദശാബ്ദത്തിലേറെയായി സാമ്പത്തിക വളര്‍ച്ചയും, കുതിപ്പും സംഭരിച്ചു ലോക ശക്തിയായി നിലകൊള്ളുന്ന ചൈന അയല്‍രാജ്യമെന്നതിലേറെ ഒരു തന്ത്രപ്രധാന പ്രതിയോഗിയാണ്. ഭൂരാഷ്ട്രതന്ത്രപരമായും, ഉയര്‍ന്നു വരുന്ന വികസ്വര രാജ്യങ്ങളെന്ന നിലയിലും, ഇന്ത്യയുടേയും, ചൈനയുടെയും, ലക്ഷ്യങ്ങളിലും താല്‍പര്യങ്ങളിലും സാധനസമ്പത്തുകള്‍ക്കായുള്ള യത്‌നങ്ങളിലും പരസ്പര മത്സരമെന്നതാണ് സാരം. അങ്ങനെ വരുമ്പോള്‍, ചൈനയെ ഗൗരവത്തോടെ വീക്ഷിക്കാനും ആ രാജ്യത്തിന്റെ ആന്തരിക-ബാഹ്യ സ്വഭാവത്തെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മേഖലകളെയും ആഴവും, സൂക്ഷ്മവുമായ പഠനങ്ങള്‍ക്ക് - ഒരു പക്ഷെ ദൈനംദിന - വിധേയമാക്കേണ്ടത് ഒരു ആവശ്യകതയുമാണ്.

ഇത് ദില്ലി-കേന്ദ്രീകരിച്ചുള്ള ചില സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും ചുമതലയായി മാത്രം കണക്കാക്കേണ്ട ഒന്നല്ല. വിദേശ കാര്യ പഠനങ്ങളെയും ചര്‍ച്ചകളെയും വികേന്ദ്രീകരിച്ച് ആംഗലേയ ഇതര ഭാഷകളില്‍ അവയെ സാധ്യമാക്കി, പരിപോഷിപ്പിച്ചു യാഥാര്‍ഥ്യമാക്കേണ്ട ഒരു കാലമാണ് ഇത്. ഇവിടെയാണ് ആംഗലേയ ഇതര ഭാഷ മാധ്യമങ്ങളുടെ ഭൂമികയും. അത്തരം സ്ഥാപനങ്ങളില്‍ ചൈനയെ കരുതലോടെ സമീപിക്കുന്ന നിലപാടുകള്‍ വേണം. ആദ്യ പടിയെന്ന നിലയില്‍, വിദേശ കാര്യങ്ങളില്‍ പൊതുവെയും, ചൈനയുടെ കാര്യത്തില്‍ പ്രത്യേകിച്ചും, കൂടുതല്‍ ദൈനദിന നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വേദിയൊരുക്കേണ്ടതുണ്ട്.


(ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസില്‍ റിസര്‍ച്ച് അസോസിയേറ്റാണ് ലേഖകന്‍)

click me!