എപ്പോഴും വായിക്കാന്‍ ഇഷ്ടപ്പെടുന്നൊരു 76 -കാരി. അതാണ് സഫിയ ബീവി. വായനയോടുള്ള തന്‍റെ ഇഷ്ടത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ് തുറക്കുന്നു.
എഴുത്തുകാരിയായ കെ. ആർ മീര ഫേസ്ബുക്കിൽ പങ്കുവച്ച ഒരു ഫോട്ടോ. തന്റെ പുതിയ പുസ്തകമായ 'കലാച്ചി' വായിക്കുന്ന സഫിയ ബീവി. എഴുത്തുകാരി സോണിയ റഫീഖിന്റെ ഉമ്മ കൂടിയാണ് ഈ 76 -കാരി. വായനയോട് എന്നും ആർത്തിയുള്ള ആ പഴയ അധ്യാപികയ്ക്ക് പുസ്തകങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകുമെന്നൊരു തോന്നലിന്റെ പുറത്താണ് അവരെ കാണാനായി ഇറങ്ങിപ്പുറപ്പെട്ടത്. അല്ലെങ്കിലും ഓരോ മനുഷ്യരും ഓരോ പുസ്തകങ്ങളല്ലേ? മനുഷ്യരേക്കാൾ, അവരുടെ ജീവിതത്തേക്കാൾ മുന്തിയ ഏത് കലയുണ്ട് ഭൂമിയിൽ?
That’s the thing about books. They let you travel without moving your feet -Jhumpa Lahiri
'പുസ്തകം വായിക്കുന്ന എത്രയോ പേരുണ്ട് ഈ ലോകത്ത്? ഞാനായിട്ടിപ്പോ അതിനെക്കുറിച്ചെന്ത് പറയാനാ?' സഫിയ ബീവിയുടെ ആദ്യത്തെ ചോദ്യം തന്നെ അതായിരുന്നു. ആരും ശല്ല്യപ്പെടുത്താനില്ലാതെ തന്റെ വീട്ടിലിരുന്ന് വായിക്കാൻ മാത്രമിഷ്ടപ്പെടുന്നൊരു വായനക്കാരിയുടെ പരിഭവമുണ്ട് ആ ചോദ്യത്തിൽ. എങ്കിലും, പുസ്തകങ്ങളെ തേടി നമ്മൾ പോയില്ലെങ്കിലും അതിലെ ആ മാന്ത്രികലോകം ചിലപ്പോഴൊക്കെ നമ്മെ തേടിയെത്തുമെന്നതാണ് സത്യം. ആ കഥ സഫിയ ബീവി പറയുക തന്നെ ചെയ്തു.
അമ്മാവന്മാരുടെ ബുക്ക് ഷെൽഫ്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി വെറും രണ്ട് വർഷത്തിന് ശേഷം മാത്രം പിറന്നൊരു പെൺകുട്ടി. വളർന്നത്, കൂളത്തൂപ്പുഴയെന്ന മലയോരഗ്രാമത്തിൽ. ഒമ്പത് മക്കളിൽ മൂത്തവൾ. ഉമ്മയുടെ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്. കമ്മ്യൂണിസ്റ്റുകാരനായ വാപ്പ. വാപ്പയുടെ നാടായ കിളിമാനൂരായിരുന്നു സഫിയ ജനിച്ചത്. എന്നാൽ, സ്കൂളിൽ ചേർക്കേണ്ടുന്ന പ്രായമായപ്പോഴേക്കും ഉമ്മയുടെ നാടായ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയെന്ന മലയോരഗ്രാമത്തിലെത്തി. (അങ്ങനെ എത്താനും ഒരു കാരണമുണ്ട്. ആ കഥ പിന്നെ പറയാം.) സൗകര്യങ്ങളൊന്നുമില്ലാത്ത ആ കുഞ്ഞുഗ്രാമത്തിൽ അമ്മാവന്മാരും ഉമ്മയുടെ അനിയത്തിമാരും ഒക്കെയടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബത്തിന്റെ ഭാഗമായിരുന്നു സഫിയയുടെ കുടുംബവും. ഒരുപക്ഷേ, അത് തന്നെയാവണം വായനയുടെ അറ്റവും അതിരുമില്ലാത്ത ലോകത്തിലേക്ക് കുഞ്ഞുസഫിയയുടെ കൈപിടിച്ചിട്ടുണ്ടാവുക.
''അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെങ്കിലും ഉമ്മയും വായിക്കാനിഷ്ടമുള്ള ആളായിരുന്നു. എന്നാൽ, വലിയൊരു കൂട്ടുകുടുംബത്തിലെ ഉത്തരവാദിത്തങ്ങളെല്ലാമുള്ള ഒരു സ്ത്രീയുടെ പരിമിതിക്കുള്ളിലായിരുന്നു അവരുടെ വായന. അന്ന് വീട്ടിൽ ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്. അതെല്ലാം പക്ഷേ അമ്മാവന്മാരുടേതായിരുന്നു. അവരുടെ ബുക്ക് ഷെൽഫ് നിറയെ പുസ്തകങ്ങളായിരുന്നു.''
വായന തുടങ്ങിയ കാലത്തെ ഒരു തട്ടലും തടയലുമില്ലാതെ സഫിയ ഓർത്തെടുത്തു. അമ്മാവന്മാരെല്ലാം വിദ്യാഭ്യാസമുള്ളവരായിരുന്നു. പഠിക്കാനും ജോലിക്കും ഒക്കെയായി അവർ പുറത്തേക്ക് പോയപ്പോഴാണ് ആ പുസ്തകങ്ങളിലേക്ക് സഫിയയുടെ കണ്ണും മനസും ചെന്നെത്തുന്നത്. ഒരമ്മാവനെ വീട് നോക്കാനേല്പിച്ച് മറ്റ് അമ്മാവന്മാർ ദൂരദേശങ്ങളിലേക്ക് പോയപ്പോൾ അവരുടെ പുസ്തകഷെൽഫുകളിലെ മറഞ്ഞിരിക്കുന്ന അതുവരെ പരിചയമില്ലാതിരുന്ന ലോകത്തേക്കായിരുന്നു സഫിയയുടെ മൗനസഞ്ചാരം.
''ആദ്യമൊക്കെ വെക്കേഷൻ കാലമാകുമ്പോൾ ഓടാനും ചാടാനും മറ്റ് കുട്ടികൾക്കൊപ്പം കളിക്കാനും ഒക്കെ പോകും. എന്നാൽ, ഒരു ഏഴാം ക്ലാസൊക്കെ ആയപ്പോഴേക്കും പുസ്തകം പയ്യെപ്പയ്യെ ആകർഷിച്ച് തുടങ്ങി. കളിക്കാനൊന്നും പോകണ്ട, എവിടെയെങ്കിലും ഇരുന്നു വായിച്ചാൽ മതി എന്നായി. അങ്ങനെ, അമ്മാവന്മാരുടെ ഷെൽഫിലുള്ള ഓരോ പുസ്തകവുമെടുത്ത് വായിക്കാൻ തുടങ്ങി. ഒറ്റയിരിപ്പിൽ തന്നെ ഒരുപാട് വായിച്ചിരുന്ന കാലമായിരുന്നു അത്. തീർന്നുപോകല്ലേ എന്ന് ആശിച്ചുകൊണ്ടാണ് ഓരോ പുസ്കവും വായിക്കുക. 'സിൻബാദിന്റെ കപ്പൽ യാത്രകൾ' ഒക്കെ അന്നാണ് വായിച്ചത്. ഉമ്മയും നന്നായി വായിക്കും. ഉമ്മ വായിച്ച ശേഷമാണ് ആ പുസ്തകം ഞാൻ വായിക്കുന്നത്.''
അണ്ടർ ദ ഗ്രീൻവുഡ് ട്രീ- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിശാല ലോകം
നാട്ടിൻപുറത്ത് വളർന്ന ഏതൊരു വായനക്കാരിക്കുമുണ്ടാകും 'മ വാരിക'കൾ ഒളിപ്പിച്ച് വായിച്ചിരുന്നൊരു കാലം. അടുക്കളയിലെ കരിപിടിച്ച പാത്രങ്ങൾക്കിടയിൽ പൂഴ്ത്തിവച്ച, കുട്ടികൾക്ക് നിഷിദ്ധമായിരുന്ന പുസ്തകങ്ങൾ കട്ടുവായിച്ചിരുന്ന കാലം.
''അന്ന് 'മനോരമ' പോലെയുള്ള മ വാരികകൾ കിട്ടും. ഉമ്മയും ഉമ്മയുടെ അനിയത്തിമാരുമൊക്കെ ഈ വാരികകൾ വായിക്കും. എന്നാൽ, ഞങ്ങൾ കുഞ്ഞുങ്ങൾക്ക് ഇത്തരം പുസ്തകങ്ങളൊന്നും വായിക്കാൻ തരില്ല. 'അത് പൈങ്കിളി കഥകളാണ്, കുട്ടികൾ വായിക്കേണ്ടതില്ല' എന്നതാണ് കാരണം. എങ്കിലും, ഞാനത് ഒളിച്ചിരുന്ന് വായിക്കും. വായനയിലങ്ങനെ നല്ല വായന ചീത്ത വായന എന്നൊന്നുമില്ലായിരുന്നു. ആ വീട്ടിൽ കിട്ടുന്നതെന്തും, ഒരു കുഞ്ഞുകഷ്ണം കടലാസാണെങ്കിലും വായിച്ചിരുന്ന കാലമാണത്. പിന്നീടാണ്, മുട്ടത്തു വർക്കിയുടെ പുസ്തകങ്ങളൊക്കെ വായിക്കുന്നത്. ഹൈസ്കൂളിൽ എത്തിയപ്പോൾ കേരള കൗമുദിയുടെ പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ സാറിന്റെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ അദ്ദേഹമാണ്. 'നനഞ്ഞുപോയി, എങ്കിലും ജ്വാല' അതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമായിരുന്നു. 'നിറമില്ലാത്ത മാരിവില്ല്', 'സഹ്യാദ്രി സാനുക്കളിൽ' തുടങ്ങിയ ഒരുപാട് പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ആർത്തിയോടെ വായിച്ചത് ഇന്നും ഓർക്കുന്നുണ്ട്.''
''അന്നൊക്കെ പഠിക്കുന്നത് മലയാളം മീഡിയത്തിലാണ്. അതിനാൽ വായിക്കുന്നതെല്ലാം മലയാളം പുസ്തകങ്ങളായിരുന്നു. എന്നാൽ, പ്രീഡിഗ്രി കഴിഞ്ഞതോടെയാണ് ഇംഗ്ലീഷ് പുസ്തകം വായിക്കാൻ തുടങ്ങുന്നത്. തോമസ് ഹാർഡിയുടെ 'അണ്ടർ ദ ഗ്രീൻവുഡ് ട്രീ' (Under the Greenwood Tree- Thomas Hardy) എന്ന പുസ്തകം വായിച്ചത് ഇപ്പോഴും ശരിക്കും ഓർമ്മയുണ്ട്. ഹാർഡി തന്നെ സൃഷ്ടിച്ച 'വെസെക്സ്' എന്ന സാങ്കല്പികഭൂമികയിൽ നടക്കുന്ന കഥ. ഗ്രാമവും ഗ്രാമീണരും പ്രണയവുമൊക്കെയുള്ള നോവലായിരുന്നു അത്. അതിൽ ലയിച്ചുലയിച്ചങ്ങനെയിരുന്നാണ് വായിക്കുന്നത്. എഴുന്നേൽക്കാനെ തോന്നുന്നില്ല. എവിടെയും പോവാനും തോന്നുന്നില്ല. അന്ന് ഇംഗ്ലീഷ് വായിച്ചാൽ എല്ലാമൊന്നും മനസിലാവില്ല. മനസിലാവാത്തത് പിന്നെയും പിന്നെയും വായിക്കും. പിന്നീട്, കുറേ കാലത്തിന് ശേഷം തോമസ് ഹാർഡിയുടെ ഇതേ പുസ്തകം ഞാൻ വീണ്ടും വായിച്ചിട്ടുണ്ട്.''
''പിന്നെ, ഷേക്സ്പിയറിന്റെ കൃതികൾ - 'ദി മർച്ചന്റ് ഓഫ് വെനീസ്' (The Merchant of Venice), 'ഒഥെല്ലോ' (Othello) തുടങ്ങിയ പുസ്തകങ്ങളെല്ലാം അന്ന് വായിച്ചു. അതുപോലെതന്നെ, മലയാളം പുസ്തകങ്ങളും വായിക്കുന്നുണ്ട്.''
എഴുതാനുള്ള ശ്രമം
A writer is a reader moved to emulation -Saul Bellow
നേരം കിട്ടുമ്പോഴെല്ലാം വായിച്ചിരുന്നൊരാൾ. അങ്ങനെയൊരാൾക്ക് ഏതെങ്കിലും ഒരു നിമിഷം എഴുതണം എന്ന് തോന്നിക്കാണില്ലേ? സഫിയ ബീവിയും അങ്ങനെയൊരു ശ്രമം നടത്തിയിരുന്നതായി കേട്ടിരുന്നു എന്നാണ് മകൾ സോണിയ തന്നെ പറയുന്നത്.
''പ്രീഡിഗ്രി ഒക്കെ പഠിക്കുമ്പോഴാണ്. നോട്ടുപുസ്തകത്തിന്റെ ബാക്കിവരുന്ന കടലാസിലൊക്കെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും. രഹസ്യമായിട്ടായിരുന്നു അന്നത്തെ എഴുത്ത്. എന്നാൽ, അനിയത്തി ഇതെല്ലാം കണ്ടുപിടിക്കും. ഞാൻ കുളിക്കാനൊക്കെ പോകുമ്പോഴായിരിക്കും അവളിത് എടുക്കുന്നത്. അല്ലെങ്കിൽ എന്നോട് ചോദിക്കും, 'അതൊന്ന് താ ഞാനൊന്ന് വായിച്ചുനോക്കട്ടെ' എന്ന്. അവളത് വാപ്പയെ കാണിക്കുമോ എന്നുള്ള പേടിയായിരുന്നു എനിക്ക്. വാപ്പയറിഞ്ഞാൽ തീർന്നു. എന്റെ പഠനം നിർത്തിക്കളയുമോ എന്ന് പേടിയായി. 'പഠനമാണ് പ്രധാനം, ബാക്കിയെല്ലാം അതിൽ നിന്നും നമ്മുടെ ശ്രദ്ധ മാറ്റുന്ന കാര്യങ്ങളാണ്' എന്നാണ് എപ്പോഴും വാപ്പ പറയാറുള്ളത്. അതുകൊണ്ട് വാപ്പയറിഞ്ഞാൽ പഠനം വരെ നിർത്താനും മതി എന്ന് പേടിച്ച് എഴുതിയിരുന്നത് ഞാൻ തന്നെ കീറിക്കളയാൻ തുടങ്ങി. പിന്നെപ്പിന്നെ കീറിക്കളയാനായി എഴുതാതെയുമായി.
മകളുടെ പഠനം- കർക്കശക്കാരനായ വാപ്പയുടെ സ്വപ്നം
അന്നത്തെ കാലത്ത് കുളത്തൂപ്പുഴ പോലൊരു ഗ്രാമത്തിൽ വളർന്ന പെൺകുട്ടി, ബിരുദവും ബിരുദാനന്തരബിരുദവും എംഫിലും കഴിഞ്ഞതെങ്ങനെയെന്ന്, 27 -ാമത്തെ വയസിൽ പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപികയായി മാറിയതെങ്ങനെയെന്ന് ചെറിയൊരു കൗതുകം തോന്നി. അതിനുപിന്നിൽ കർക്കശക്കാരനും കമ്മ്യൂണിസ്റ്റുകാരനുയ ഒരു വാപ്പയുണ്ടെന്ന് സഫിയ ബീവി തന്നെ പറഞ്ഞു.
''വീട്ടിലെ മൂത്ത ആളായിരുന്നു ഞാൻ. അതിൽ രണ്ടുപേർ ആൺകുട്ടികൾ, ബാക്കിയെല്ലാം പെൺകുട്ടികൾ. എന്ത് തന്നെയായാലും മക്കൾ വിദ്യാഭ്യാസം നേടണം എന്നത് വാപ്പയ്ക്ക് വലിയ നിർബന്ധമായിരുന്നു. മലയോരപ്രദേശത്തെ മുസ്ലിം കുടുംബം എന്നതൊന്നും എന്റെ പഠനം പിന്നോട്ടുപോകാൻ കാരണമായില്ല. വളരെ ചെറിയ പ്രായത്തിലാണ് എന്നെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നത്. അന്ന് അവിടുത്തെ ഹെഡ്മാസ്റ്റർ ചോദിച്ചത്, 'ഒരു തൊട്ടിലും കൂടി കൊണ്ടു വരാത്തതെന്ത്' എന്നാണ്. എനിക്കവിടെ അഡ്മിഷൻ തരില്ല എന്ന് തന്നെ ഹെഡ്മാസ്റ്റർ വാശി പിടിച്ചു. എന്നാൽ, വാപ്പയ്ക്കും വാശിയായിരുന്നു. ഒടുവിൽ, വാപ്പ ആരെയൊക്കെയോ കണ്ടാണ് അഡ്മിഷൻ ശരിയാക്കുന്നത്. അന്ന് വാപ്പയ്ക്ക് റേഷൻകടയുണ്ട്. രാത്രി വന്നു കഴിഞ്ഞാൽ ഉപദേശമാണ്. എനിക്ക് 10 വയസൊക്കെ ഉള്ളപ്പോൾ തന്നെ എന്നെ വിളിച്ച് വാപ്പ പറയും, 'പഠനമായിരിക്കണം നിനക്ക് ഏറ്റവും വലുത്. നിന്റെ താഴെ ആറ് പെൺകുട്ടികൾ കൂടിയുണ്ട്. നിന്റെ ചുവട് തെറ്റിയാൽ അവർ കൂടിയാണ് വീണുപോകുന്നത്, അവർക്കെല്ലാം നീയാവണം മാതൃക'. ''
കിളിമാനൂരിൽ നിന്നും കുളത്തൂപ്പുഴയിലേക്ക്
കുളത്തൂപ്പുഴയെന്ന ഗ്രാമത്തിലെത്തിയതിന് പിന്നിലൊരു കഥയുണ്ടെന്ന് പറഞ്ഞില്ലേ? സഫിയയുടെ വാപ്പയുടെ പാർട്ടി പ്രവർത്തനമാണ് കുടുംബത്തെ കിളിമാനൂരിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് പറിച്ചുനട്ടത്.
''അന്ന് രഹസ്യമായിട്ടാണ് പാർട്ടി പ്രവർത്തനം. സഖാക്കളെല്ലാം ഒളിവിൽ പോകുന്ന കാലം. അന്ന് ഞങ്ങൾ കിളിമാനൂര് വാപ്പയുടെ വീട്ടിലായിരുന്നു താമസം. ഇഎംഎസ് നമ്പൂതിരിപ്പാട്, എകെജി ഇവരൊക്കെ വരുമ്പോൾ മീറ്റിംഗ് നടക്കും. അതിലൊക്കെ വാപ്പ പോയി പങ്കെടുക്കും. ഉമ്മയ്ക്ക് ഇത് വലിയ പേടിയായിരുന്നു. പട്ടം താണുപ്പിള്ളയുടെ സമയത്ത് നടന്ന ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പിന്നാലെ പലരും അറസ്റ്റ് ചെയ്യപ്പെട്ടു. തമിഴ്നാട്ടിലെ ഗൂർഖ പട്ടാളത്തെയൊക്കെ ഇറക്കിയ സമയമാണ്. വലിയ പ്രശ്നങ്ങൾ നടക്കുകയാണ്. വാപ്പയും അറസ്റ്റിലായി. അറസ്റ്റ് കഴിഞ്ഞ് പിറ്റേന്ന് തന്നെ വിട്ടു. എന്നാൽ, വാപ്പ വീട്ടിലെത്തിയത് വല്ലാത്ത അവസ്ഥയിലായിരുന്നു. ഉമ്മയാണെങ്കിൽ ആകെ തളർന്നുപോയി. അതോടെയാണ് ഉമ്മ നാട്ടിലേക്ക് പോണം, ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് പറഞ്ഞു വാശിപിടിക്കുന്നത്. അങ്ങനെ, ഞങ്ങൾ ഉമ്മയുടെ നാടായ കുളത്തൂപ്പുഴയിലെത്തി.''
'പട്ടിണിസമര'ത്തിലൂടെ നേടിയ എംഎ
''വാപ്പയ്ക്കിഷ്ടം സയൻസായിരുന്നു. എന്നാൽ, അന്ന് ട്യൂഷൻ സൗകര്യം ഒന്നുമില്ല. അതുകൊണ്ട് ഡിഗ്രിക്ക് ഞാൻ തിരഞ്ഞെടുത്തത് പൊളിറ്റിക്കൽ സയൻസാണ്. അന്ന് അതിന്റെ പേരിൽ വാപ്പ കുറേ വഴക്കിട്ടു, ഒരുതരത്തിലും സമ്മതിക്കുന്നില്ല. അങ്ങനെ തർക്കം നീണ്ടപ്പോൾ പ്രിൻസിപ്പലാണ് പറയുന്നത്, 'അവള് പൊളിറ്റിക്കൽ സയൻസ് എടുത്ത് പഠിക്കട്ടെ, നമുക്കിവളെ ഒരു നബീസത്ത് ബീവിയാക്കാം' എന്ന്. അങ്ങനെയാണ് പൊളിറ്റിക്കൽ സയൻസ് എടുക്കുന്നത്. വാപ്പയ്ക്ക് തീരെ താല്പര്യമില്ല. അന്ന് വീട്ടിൽ എത്തീട്ടും എന്നെ വഴക്ക് പറഞ്ഞു കൊണ്ടേയിരുന്നു.''
''എന്നാൽ, ബിഎ കഴിഞ്ഞപ്പോൾ ഇനി പഠിക്കാൻ പോകണ്ട, മതി പഠിച്ചത് എന്നായി എല്ലാരും. കാരണം, അന്നത്തെ കാലത്ത് അത് അത്യാവശ്യം നല്ല വിദ്യാഭ്യാസമായി. മാത്രമല്ല, ബിഎ പഠിക്കുന്നത് അഞ്ചൽ സെന്റ്. ജോൺസ് കോളേജിലാണ്. അവിടെ എംഎ പൊളിറ്റിക്കൽ സയൻസില്ല. ഒരുപാട് ദൂരെ വിട്ട് പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. ഒരു വർഷം അങ്ങനെ പഠിക്കാൻ പോവാതെ വീട്ടിലിരുന്നു. അത് കഴിഞ്ഞ് സുഹൃത്തുക്കളെല്ലാം വന്ന് പഠനത്തിന്റെ കാര്യം പറയും. പിറ്റത്തെ വർഷം അഡ്മിഷനൊക്കെ ആയപ്പോഴേക്കും എനിക്ക് സങ്കടം കൂടിക്കൂടി വന്നു. എനിക്കും പഠിക്കണം എന്നായി. പക്ഷേ, ഒരുതരത്തിലും വീട്ടിൽ സമ്മതിക്കുന്നില്ല. അങ്ങനെ ഒരുദിവസം മുഴുവനും ഞാൻ പട്ടിണി കിടന്നു. പഠിക്കണമെന്ന് പറഞ്ഞ് കരഞ്ഞു. എല്ലാവരും വന്ന് കഴിക്കാൻ നിർബന്ധിക്കും. അനിയത്തിയൊക്കെ കഴിക്കാൻ എന്തെങ്കിലും കൊണ്ടുവന്ന് തരും. പക്ഷേ, ഞാനൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. അപ്പോഴാണ് ഇളയ അമ്മാവൻ വീട്ടിലേക്ക് വരുന്നത്. അദ്ദേഹത്തിനന്ന് കേരള യൂണിവേഴ്സിറ്റിയുടെ ഈവനിംഗ് കോളേജിലായിരുന്നു ജോലി. അമ്മാവനും എന്റെ ഈ പ്രതിഷേധം കാണുന്നുണ്ട്. അമ്മാവൻ പോയി പിറ്റത്തെ ആഴ്ച വരുമ്പോൾ കോളേജിൽ നിന്നുള്ള അഡ്മിഷൻ ഫോം കൊണ്ടുവന്നു. സർട്ടിഫിക്കറ്റിന്റെ കോപ്പിയൊക്കെ എടുത്തു. അങ്ങനെ കാര്യവട്ടം ക്യാംപസിൽ അഡ്മിഷൻ ശരിയാക്കി.''
വായനയ്ക്കൊരു അർദ്ധവിരാമം
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതൊന്നിനെ ഉപേക്ഷിക്കേണ്ടി വരുമ്പോൾ തോന്നുന്ന അപൂർണത. കോടാനുകോടി സ്ത്രീകളുടെ നിസ്സഹായത! എം എയും വിവാഹവും ഒക്കെ കഴിഞ്ഞ് ജോലിയും കുടുംബവും കുട്ടികളുമൊക്കെ ആയപ്പോൾ പുസ്തകങ്ങളോട് ഗുഡ്ബൈ പറയേണ്ടി വന്നു സഫിയ ബീവിക്കും. വലിയ പ്രയാസമായിരുന്നു വായനയില്ലാത്ത കാലമെന്ന് ഇന്നവർ ഓർത്തെടുക്കുന്നു. എങ്കിലും, അധ്യാപികയുടെ വേഷം അവരെ മടുപ്പിച്ചില്ല. തികഞ്ഞ ഊർജ്ജത്തോടെ, ഇഷ്ടത്തോടെയാണവർ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട ടീച്ചറായത്.
''അധ്യാപികയായി പോകുന്നത് ഒരു 27 വയസൊക്കെ ആകുമ്പോഴാണ്. ഭയങ്കര ടെൻഷനായിരുന്നു അന്ന്. ആദ്യമായിട്ടാണ് അധ്യാപികയുടെ വേഷമിടുന്നത്. കുട്ടികളെ എങ്ങനെ അഭിമുഖീകരിക്കണം എന്നറിയില്ല. ഇന്നത്തെ പോലെയല്ല. ഗ്രാമപ്രദേശത്ത് നിന്നുള്ള നല്ല പൊക്കവും വണ്ണവുമൊക്കെയുള്ളവരാണ് അന്ന് വിദ്യാർത്ഥികൾ. പ്രായമൊക്കെ തോന്നും. പേടിച്ചാണ് ഞാൻ ചെല്ലുന്നത്. ഡിഗ്രി ആദ്യ ബാച്ച് കുട്ടികളാണ്. മറ്റ് സ്റ്റാഫൊക്കെ എന്നോട് പറയുന്നുണ്ട്. 'ഒന്നും പേടിക്കണ്ട. ധൈര്യമായി ചെന്നാൽ മതി' എന്നൊക്കെ. ക്ലാസിൽ ചെന്നതേ വളരെ പതുക്കെ പേടിച്ച് പേടിച്ചാണ്. ചെന്ന് കയറിയപ്പോഴേക്കും എല്ലാവരും 'ഗുഡ് മോർണിംഗ്' ഒക്കെ പറഞ്ഞു. പരിചയപ്പെട്ട് വരുമ്പോഴേക്കും അവർ ഇങ്ങോട്ട് ചോദ്യമായി. 'കല്ല്യാണം കഴിഞ്ഞോ, കുട്ടികളുണ്ടോ' ഒക്കെ അറിയണം. നല്ല വിദ്യാർത്ഥികളായിരുന്നു എല്ലാം. രണ്ടാം ദിവസം തൊട്ട് തന്നെ അവരുമായി നല്ല സൗഹൃദമായി. ഞാൻ ക്ലാസിൽ പോകും മുമ്പ് അവർ വന്ന് എന്റെ ബുക്കൊക്കെ എടുത്തുകൊണ്ടുപോകും, ഞാൻ കയ്യുംവീശി ക്ലാസിൽ ചെന്നാൽ മതി. അന്നത്തെ വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ ജോലിയിൽ നിന്നൊക്കെ റിട്ടയറായി. അവർ പലരും എന്നെ കാണാൻ ഇപ്പോഴും വരാറുണ്ട്.''
''പക്ഷേ, വിവാഹവും കുട്ടികളും ജോലിയും ഒക്കെ ആയപ്പോൾ വായന നിന്നുപോയി. രാവിലെ നേരെ കോളേജിലോട്ട് പോകും. ജോലി കഴിഞ്ഞ് തിരികെ എത്തിയാൽ കുട്ടികളെ നോക്കണം. മകൾ ഇരുന്ന് പഠിക്കുകയൊക്കെ ചെയ്യും. എന്നാൽ, മകൻ അങ്ങനെയല്ല. ഞാൻ വരുന്നതും നോക്കിയിരിക്കും. പഠിപ്പിക്കുമ്പോ തന്നെ നൂറുകൂട്ടം കാര്യങ്ങൾ ചെയ്തോണ്ടിരിക്കും. അതെല്ലാം കഴിഞ്ഞ് കിടന്നുറങ്ങി പിറ്റേന്ന് രാവിലെ വീണ്ടും പോണം. കോളേജിലാക്കാണെങ്കിൽ നല്ല ദൂരവുമുണ്ട്.''
തന്റെ ജീവിതത്തിൽ ഒരുപാട് സമയം ഇങ്ങനെ യാത്ര ചെയ്ത് തന്നെ കളഞ്ഞിട്ടുണ്ട് എന്ന് പറയുന്നു സഫിയ ബീവി.

ഇപ്പോഴാണ് ഞാനെന്റെ ജീവിതം ജീവിക്കുന്നത്
ജീവിതത്തിന്റെ ഏറിയ പങ്കും മറ്റുള്ളവർക്കായി ജീവിച്ച് ഒടുവിൽ റിട്ടയർമെന്റ് കഴിഞ്ഞപ്പോൾ സഫിയ ബീവി ഒന്നും നോക്കിയില്ല. പിന്നീടങ്ങോട്ട് വായനയോട് വായനയായിരുന്നു. അവിടെ മാറിയ കാലമോ ടിവിയോ, സിനിമയോ, സീരിയലോ ഒന്നും അവരെ ആകർഷിക്കുകയോ തടയുകയോ ചെയ്തില്ല. ആ പഴയ സ്കൂളുകാരിയുടെ അതേ ആവേശത്തോടെ അവർ പുസ്തകങ്ങളിലൊളിച്ചിരുന്നു. എല്ലാവരും നാടുകൾ നടന്നുകാണാനിഷ്ടപ്പെടുമ്പോൾ കഥകളിലുള്ള നാടുകളെ കണ്ണടച്ചിരുന്ന് തന്റേതായ രീതിയിൽ സങ്കല്പിച്ച് കാണാനായിരുന്നു സഫിയ ബീവിക്കിഷ്ടം. അതിനേക്കാൾ വലിയ യാത്രയൊന്നും അവർക്കില്ലത്രെ.
''യാത്രകളൊന്നും എന്നെ ഒരുപാട് സന്തോഷിപ്പിക്കാറില്ല. പണ്ടൊക്കെ കുടുംബത്തോടൊപ്പം യാത്ര പോകും. ചിലപ്പോൾ മടുപ്പ് തോന്നും. എന്നാൽ, വായന മടുപ്പിക്കാറേയില്ല. ഏറ്റവും സന്തോഷം തരുന്നത് വായനയാണ്. അത് തന്നെയാണ് യാത്രയും ഇഷ്ടവും എല്ലാം. റിട്ടയർമെന്റിന് ശേഷമാണ് വീണ്ടും വായന തുടങ്ങുന്നത്. പിന്നീട് നിർത്തിയിട്ടേയില്ല. ഒരു പുസ്തകം കയ്യിൽ കിട്ടിയാൽ അത് തീരും വരെ വേഗത്തിൽ വായിക്കും. ഇനിയെന്ത് ഇനിയെന്ത് എന്ന് അറിയാനുള്ള ആകാംക്ഷയുണ്ടാവും. എന്നാൽ, അത് തീർന്ന് കഴിയുമ്പോ തോന്നും, അത്ര വേഗത്തിൽ വായിക്കേണ്ടായിരുന്നു എന്ന്. കഴിഞ്ഞു കഴിഞ്ഞാൽ ഇനിയെന്ത് എന്ന വിഷമമാണ്. അടുത്ത പുസ്തകത്തിലേക്ക് കടക്കുമ്പോഴാണ് വീണ്ടും സമാധാനമാകുന്നത്. മോനും മോളും ഒക്കെ പുസ്തകങ്ങൾ കൊണ്ടുത്തരും. മോള് പുറത്താണല്ലോ. അവൾക്കുള്ള പുസ്തകങ്ങളെല്ലാം ഇവിടേക്കാണ് വരുന്നത്. അതെല്ലാം ഞാൻ വായിക്കും. അങ്ങനെയാണ് 'കലാച്ചി'യും വായിക്കുന്നത്. മീരയുടെ 'ആരാച്ചാരും' നേരത്തെ വായിച്ചതാണ്. എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ്.''
''പുസ്തകങ്ങളിൽ ഏറെ പ്രിയം ഖാലിദ് ഹൊസൈനിയുടെ, ഓർഹാൻ പാമുക്കിന്റെ ഒക്കെ പുസ്തകങ്ങളാണ്. കൈറ്റ് റണ്ണർ (The Kite Runner) ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ്. 'ആൻഡ് ദ മൗണ്ടയിൻ എക്കോഡും' (And the Mountains Echoed) അതുപോലെ തന്നെ, പാമുക്കിന്റെ 'സ്നോ', 'മൈ നെയിം ഈസ് റെഡ്' എന്നിവയെല്ലാം പ്രിയപ്പെട്ട പുസ്തകങ്ങൾ തന്നെ. നാദിയ ഹാഷിമിയുടെ 'എ ഹൗസ് വിത്തൗട്ട് വിൻഡോ' (A House without Windows- Nadia Hashimi) ആണ് മറ്റൊരു പ്രിയപ്പെട്ട പുസ്തകം. 'കലാച്ചി' വായിക്കുന്നതിന് തൊട്ടുമുമ്പ് വായിച്ചത് പൗലോ കൊയ്ലോയുടെ 'ബൈ ദ റിവർ പീഡ്ര ഐ സാറ്റ് ഡൗൺ ആൻഡ് വെപ്റ്റ്' (By the River Piedra I Sat Down and Wept) എന്ന പുസ്തകമാണ്. മനസ് നിറഞ്ഞ് വായിച്ചൊരു പുസ്തകമാണത്.''
പുസ്തകങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ നിർത്താതെ മിണ്ടുന്ന, എല്ലാ കൗതുകങ്ങളും തെളിയുന്ന കണ്ണുള്ളൊരു കുഞ്ഞായി സഫിയാ ബീവി മാറുന്നത് കാണാം.
മകളെഴുതിയതില്‍ ഇഷ്ടപുസ്തകം
മകൾ സോണിയ റഫീഖിന്റെ ഇഷ്ടപുസ്തകം ഏതെന്ന് ചോദിച്ചപ്പോൾ അത് ആദ്യ നോവലായ 'ഹെർബേറിയം' തന്നെ. മകൾ എഴുതുന്നത് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും സഫിയ ബീവി പറയുന്നു.
''ചെറുപ്പത്തിലൊന്നും അവൾ എഴുതിക്കണ്ടിട്ടേയില്ല. വെള്ളായണി കാർഷിക കോളേജിൽ പഠിക്കുന്ന സമയത്താണ് എഴുതിയത് എനിക്ക് കാണിച്ചുതരുന്നത്. വായിച്ചു നോക്കിയപ്പോൾ കൊള്ളാമെന്നു തോന്നി. ശൈലിയൊക്കെ നല്ലതാണ്. അപ്പോൾ തന്നെ ഞാനത് പറയുകയും ചെയ്തു. അവൾ എഴുതുന്നതിൽ സന്തോഷം തോന്നി.''

സഫിയ ബീവി, സോണിയ റഫീഖ്
'മമ്മിക്ക് ഒരിക്കൽ കൂടി എഴുതാനൊരു ശ്രമം നടത്തിക്കൂടേ' എന്ന് ചോദിച്ചപ്പോൾ ചിരിയോടെ മറുപടി. തനിക്ക് വായിച്ചോണ്ടിരുന്നാൽ മതി.
''ഒന്നും വായിക്കാനില്ലാത്ത അവസ്ഥ വളരെ പ്രയാസമാണ്. സമയം പോലും നീങ്ങില്ല. എന്തെങ്കിലും വായിക്കാൻ കിട്ടിയിരുന്നെങ്കിലെന്ന് തോന്നും, വായിച്ചുകൊണ്ടിരുന്ന കാലത്തും, വായിക്കാനാവാതിരുന്ന കാലത്തും എല്ലാ കാലത്തും അത് അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴെനിക്ക് തിരക്കുകളില്ല, ആരേയും നോക്കേണ്ടതില്ല, ഇപ്പോഴാണ് ഞാനെന്റെ ജീവിതമൊന്ന് ജീവിക്കുന്നത്. ആ ജീവിതത്തിൽ, എന്റെ വീടിന്റെ സ്വസ്ഥതയിലിരുന്ന് പറ്റാവുന്നത്രയും പുസ്തകങ്ങൾ വായിക്കണം.''
ഒരുപാടൊന്നും യാത്ര ചെയ്തിട്ടില്ലാത്ത ആ 76 -കാരിയുടെ മുഖത്ത് അനേകദേശങ്ങൾ താണ്ടി, അനേകജീവിതങ്ങൾ കണ്ടറിഞ്ഞ് വന്നൊരു സഞ്ചാരിയുടെ പാകതയും ശാന്തതയും കണ്ടതിന്റെ രഹസ്യം ഇപ്പോഴാണ് എനിക്ക് പിടികിട്ടിയത്.


