ബിജെപിക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന കൊൻറാഡ് സാംഗ്മ, മേഘാലയയുടെ വിധി തീരുമാനിക്കുമോ ?

Published : Feb 23, 2023, 01:09 PM ISTUpdated : Feb 23, 2023, 09:02 PM IST
ബിജെപിക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന കൊൻറാഡ് സാംഗ്മ, മേഘാലയയുടെ വിധി തീരുമാനിക്കുമോ ?

Synopsis

ഭരിക്കുന്ന കാലത്ത് തന്നെ ബിജെപിയുമായി ഇടഞ്ഞ എൻ പി പി  ഇത്തവണ ഒറ്റയ്ക്കാണ് മേഘാലയയിൽ വിധി പരീക്ഷിക്കുന്നത്. 

തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലും നാഗാലാൻഡിലും വമ്പൻ ദേശീയ പാർട്ടികൾക്ക് ഒപ്പമോ ചിലപ്പോഴൊക്കെ അതിനേക്കാൾ പ്രാധാന്യത്തോടെയോ പറഞ്ഞു കേൾക്കുന്ന പേരാണ് എന്‍ പി പിയുടേത്. പ്രധാനമന്ത്രിയുടെ മേഘാലയയിലെ റാലിക്ക് അനുമതി നിഷേധിച്ചുവെന്ന് ബിജെപി ആരോപിച്ചതാണ് ഏറ്റവും ഒടുവിൽ എൻ പി പിയെ കുറിച്ച് ചർച്ച ചെയ്യപ്പെട്ട വാർത്ത. അത്തരത്തിൽ ബിജെപിയോട് നേർക്കുനേർ നിന്ന്  മത്സരിക്കുന്ന ഒരു ചെറിയ, എന്നാൽ വലിയ പാർട്ടിയാണ് എൻ പി പി. മേഘാലയ ഭരിക്കുന്ന സഖ്യത്തിലെ പ്രബലകക്ഷി എന്നതിലുപരി എന്തൊക്കെയാണ് എൻ പി പിയുടെ പ്രത്യേകതകൾ, ആരാണ് എൻ പി പിയുടെ തലവൻ  കൊൻറാഡ് സാംഗ്മ?

ഈ പാർട്ടിയുടെ പിറവി, മറ്റ് പല പാർട്ടികളുടെ ചരിത്രം കൂടിയാണ്. ഇറ്റലിക്കാരിയായ സോണിയ ഗാന്ധി കോൺഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നതിൽ എതിർപ്പറിയിച്ചതിനെ തുടർന്ന്, പാർട്ടി വിട്ടു പോരേണ്ടി വന്ന മൂന്ന് നേതാക്കൾ - ശരദ് പവാർ, പൂർണോ അഗിതോക് സാംഗ്മ, താരിഖ് അൻവർ - ചേർന്നാണ് എൻസിപി എന്ന പാർട്ടിക്ക് രൂപം നൽകുന്നത്. അങ്ങനെ എൻസിപിയിലെ പ്രധാന നേതാക്കളിൽ ഒരാളായ പി എ സാംഗ്മ 2012 -ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നു. പ്രണബ് മുഖർജി ആയിരുന്നു എതിർ സ്ഥാനാർഥി. എൻ ഡി എയുടെ സ്ഥാനാർത്ഥിയായാണ് സാംഗ്മ മത്സരിച്ചത്. എന്നാല്‍, മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് എൻസിപി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതനുസരിക്കാത്ത സാംഗ്മയെ എൻസിപിയിൽ നിന്നും സംഘടന പുറത്താക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അതേവർഷം പുതിയൊരു പാർട്ടി തുടങ്ങി സാംഗ്മ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി. ആ പാര്‍ട്ടിയാണ് നാഷണൽ പീപ്പിൾസ് പാർട്ടി എന്ന എന്‍ പി പി.

 

 

കൂടുതല്‍ വായനയ്ക്ക്:   തെരഞ്ഞെടുപ്പുവരെ തനിയെ, ഫലം വന്നാല്‍ കൂട്ടുസര്‍ക്കാര്‍, സഖ്യങ്ങളുടെ കളിസ്ഥലമാണ് മേഘാലയ!
 

9 തവണ പാർലമെന്‍റ് അംഗവും, 1988 - 90 കാലഘട്ടത്തിൽ മേഘാലയയുടെ മുഖ്യമന്ത്രിയുമായിരുന്ന ഈ പറഞ്ഞ പി എ സാംഗ്മയുടെ മകനാണ് കൊൻറാഡ് സാംഗ്മ. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ കൊൻറാഡ് സാംഗ്മ, അച്ഛന്‍റെ രാഷ്ട്രീയ പ്രചാരണത്തിൽ പങ്കെടുത്ത് കൊണ്ടാണ്  രാഷ്ട്രീയത്തിൽ കാലെടുത്തുവെക്കുന്നത്. 2008 -ൽ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ധനമന്ത്രിയുമായി.  2016 -ല്‍ പി എ സാംഗ്മ മരിച്ചതിന് പിന്നാലെയാണ് കൊൻറാഡ് സാംഗ്മ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. 2019 -ൽ എൻ പി പി ദേശീയ പാർട്ടിയായി പ്രഖ്യാപിക്കപ്പെട്ടു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യത്തെ ദേശീയ പാർട്ടിയായി അങ്ങനെ എൻ പി പി മാറി.

2018 - ലെ മേഘാലയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് എൻ പി പിയായിരുന്നു. യു ഡി പി ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്താനും  ബി ജെ പിയുമായി ചേർന്ന് സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനും കൊൻറാഡ് സാംഗ്മയുടെ നേതൃത്വത്തിൽ എൻ പി പിയ്ക്കായി. നാഗാലാൻഡിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാന്നിധ്യം അറിയിക്കാനും ഇതിനോടകം എൻ പി പിക്ക് കഴിഞ്ഞു. എന്നാല്‍ ഒരു വടക്ക് കിഴക്കൻ പാർട്ടി മാത്രമായി ഒതുങ്ങാൻ എൻ പി പി ഒരിക്കലും തയ്യാറായിരുന്നില്ല. ബീഹാർ തെരഞ്ഞെടുപ്പിലും രാജസ്ഥാൻ തെരഞ്ഞെടുപ്പിലും എൻ പി പി മത്സരരംഗത്തിറങ്ങി. 

 

 

കൂടുതല്‍ വായനയ്ക്ക്:  സ്വതന്ത്രരുടെ രാഷ്ട്രീയം: തെരഞ്ഞെടുപ്പിലെ പ്രതിഷേധ ശബ്ദങ്ങൾ
 

ഭരിക്കുന്ന കാലത്ത് തന്നെ ബിജെപിയുമായി ഇടഞ്ഞ എൻ പി പി  ഇത്തവണ ഒറ്റയ്ക്കാണ് മേഘാലയയിൽ വിധി പരീക്ഷിക്കുന്നത്. 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ 59 സീറ്റില്‍ 19 തും നേടി 40 -ാം വയസ്സിൽ  കൊൻറാഡ് സാംഗ്മ മുഖ്യമന്ത്രിയായി. സംഗീതത്തിലും, ക്രിക്കറ്റിലും, സാഹിത്യത്തിലും ഒക്കെ താല്പര്യമുള്ള, നാൽപ്പതിന്‍റെ ചെറുപ്പവും ചുറുചുറുക്കുമുള്ള ഒരു മുഖ്യമന്ത്രി, അതാണ് സാംഗ്മയ്ക്ക് മേഘാലയയിലുള്ള പ്രതിച്ഛായ. നന്നായി പഠിച്ച ശേഷം മാത്രം വിഷയങ്ങളോട് പ്രതികരിക്കുന്ന വിദ്യാസമ്പന്നനായ നേതാവിന് പാർട്ടിക്കുള്ളിലും വലിയ സ്വീകാര്യതയാണ്. അഴിമതി ആരോപണങ്ങളും, ദുർഭരണവും ഒക്കെ ആരോപിച്ച് ഭരണവിരുദ്ധ വികാരം ഉണ്ടാക്കാനാണ് എപ്പോഴത്തെയും പോലെ ബിജെപിയുടെ ശ്രമം. വർഷങ്ങളായി തുടരുന്ന വടക്ക് - കിഴക്കൻ മേഖലയുടെ പിന്നാക്ക അവസ്ഥയിൽ ജനങ്ങൾക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. ഈ അതൃപ്തികൾ മറികടന്ന് പ്രത്യേകിച്ചും  ബിജെപിയുമായി ഇടഞ്ഞ സ്ഥിതിക്ക് വോട്ട് പിടിക്കാൻ എൻ പി പിക്ക് കഴിയുമോ, കൊൻറാഡ് സാംഗ്മ സംസ്ഥാനത്തെ മറ്റ് ചെറു പാർട്ടികളെ ഒന്നിച്ചു നിർത്തി സർക്കാർ രൂപീകരിക്കുമോ. എൻപിപിയുടെ ഭാവിയുടെയും മേഘാലയയുടെ ഭാവിയുടെയും ദിശ തീരുമാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം കാത്തിരുന്നാല്‍ മതി. 

കൂടുതല്‍ വായനയ്ക്ക്: വോട്ട് ബഹിഷ്‌കരണം, പ്രത്യേക സംസ്ഥാനമെന്ന ആവശ്യം; രാഷ്ട്രീയക്കാരെ കുഴക്കുന്ന ആവശ്യങ്ങള്‍
 

PREV
Read more Articles on
click me!

Recommended Stories

അപരിചിതരോട് ആൾക്കൂട്ട വിചാരണയല്ല വേണ്ടത്, ഇതാ ഇടുക്കി പോലീസിന്‍റെ കരുതൽ!
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ