രാജ്യത്തെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ജില്ലകളില്‍ നാലാം സ്ഥാനത്താണ് കിഴക്കന്‍ നാഗാലാന്‍ഡിലെ കിഫൈര്‍ പോലുള്ളവ. ഇതിന് പുറമേ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടുന്നു.


രാജ്യത്തെ നാലാമത്തെ ചെറിയ സംസ്ഥാനമാണ് നാഗാലാന്‍ഡ്. എന്നാല്‍ ഭൂമിശാസ്ത്രപരമായും, സാമൂഹ്യപരമായ വൈവിധ്യങ്ങള്‍ നാഗാലാന്‍ഡിനുള്ളില്‍ തന്നെ പ്രത്യേക സംസ്ഥാനങ്ങള്‍ക്കായുള്ള ആവശ്യങ്ങള്‍ ഉയരാന്‍ കാരണമായി. അത്തരത്തില്‍ പ്രത്യേകം സംസ്ഥാനം ആവശ്യപ്പെടുന്ന ഒരു വിഭാഗമാണ് ഈസ്റ്റേണ്‍ നാഗ പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ എന്ന ഇഎന്‍പിഓ. ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് എന്ന പേരില്‍ പ്രത്യേക സംസ്ഥാനം വേണമെന്നാണ് ഇവരുടെ ആവശ്യം. 2010 -ലാണ് ഫ്രോണ്ടിയര്‍ നാഗാലാന്‍ഡെന്ന ആവശ്യം ഇവര്‍ ഔദ്യോഗികമായി ഉയര്‍ത്തുന്നത്.

ഇത്തവണയും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും ഏറെ മുമ്പ് തന്നെ ഈ വിഷയം ചര്‍ച്ചയാക്കാന്‍ ഇ എന്‍ പി യോയ്ക്ക് കഴിഞ്ഞു. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനും ഇവര്‍ക്കായി. എന്താണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡിലെ പ്രശ്‌നം? ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ എങ്ങനെയാണ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്.

കിഴക്കന്‍ നാഗാലാന്‍ഡെന്നാല്‍ ടുവെന്‍സാങ്ങ്, മോണ്‍, ലോംങ് ലെംഗ്, കിഫൈര്‍. നോക്ലാക്, ഷാമതോര്‍ എന്നീ ആറ് ജില്ലകളാണ്. നാഗാലാന്‍ഡിലെ ഏറ്റവും പ്രബലമായ ഗോത്ര വിഭാഗങ്ങളില്‍ ഒന്നായ കൊന്യാക് ഉള്‍പ്പടെ ഏഴ് വ്യത്യസ്ത ഗോത്ര വിഭാഗങ്ങളാണ് ഈ മേഖലയിലുള്ളത്. സംസ്ഥാനത്തെ അറുപത് അസംബ്ലി സീറ്റുകളില്‍ 20 എണ്ണം ഈ മേഖലയിലാണ്. അത് തന്നെയാണ് ഈ മേഖലയുടെ രാഷ്ട്രീയ പ്രാധാന്യവും. പ്രത്യേക സംസ്ഥാനമെന്ന ഇവരുടെ ആവശ്യത്തിന് പിന്നിലെ പ്രധാന കാരണം മ്യാന്‍മാറിനോട് ചേര്‍ന്നുള്ള കിഴക്കന്‍ മേഖലയുടെ പിന്നാക്കാവസ്ഥയാണ്. റരണ്ട് തരം നാഗാകളുണ്ട്. മുന്നാക്ക വിഭാഗവും പിന്നാക്ക വിഭാഗവും. പിന്നാക്കം നില്‍ക്കുന്ന ഈസ്റ്റേണ്‍ നാഗാകള്‍ക്ക് മെച്ചപ്പെടാന്‍ പ്രത്യേക സംസ്ഥാനം വരണമെന്നതാണ് ഇവരുടെ വാദം.

കൂടുതല്‍ വായനയ്ക്ക്: തെരഞ്ഞെടുപ്പുവരെ തനിയെ, ഫലം വന്നാല്‍ കൂട്ടുസര്‍ക്കാര്‍, സഖ്യങ്ങളുടെ കളിസ്ഥലമാണ് മേഘാലയ!

കിഴക്കന്‍ നാഗാലാന്‍ഡിന്‍റെ പിന്നാക്കാവസ്ഥയ്ക്ക് പല കാരണങ്ങളുണ്ട്. ബ്രിട്ടീഷ് കാലത്ത് പ്രത്യേക പ്രദേശമായാണ് കിഴക്കന്‍ നാഗാലാന്‍ഡ് ഭരിച്ചിരുന്നത്. എന്നാല്‍ ഈ ചരിത്രപരമായ കാരണങ്ങളേക്കാള്‍ ഭൂമിശാസ്ത്രപരമായി വടക്ക് കിഴക്കിന്‍റെ അങ്ങേയറ്റമാണ് എന്നതാണ് ഏറ്റവും പ്രധാനമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. നല്ല റോഡോ, നല്ല ആശുപത്രികളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ലാത്ത ജില്ലകളാണ്. രാജ്യത്തെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ജില്ലകളില്‍ നാലാം സ്ഥാനത്താണ് കിഴക്കന്‍ നാഗാലാന്‍ഡിലെ കിഫൈര്‍ പോലുള്ളവ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇതിലൊരു മാറ്റം വരണമെങ്കില്‍ പ്രത്യേക സംസ്ഥാനം വേണമെന്നതാണ് ഇവരുടെ ആവശ്യം. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇഎന്‍പിഒ തീരുമാനിച്ചു.

ഇവരുടെ ഈ ആവശ്യങ്ങള്‍ ഒന്നും പൂര്‍ണമായി തള്ളുന്ന നിലപാട് കേന്ദ്രം ഭരിക്കുന്ന ബിജെപി സ്വീകരിച്ചിട്ടില്ല. ബിജെപി ഭരണത്തില്‍ എത്തുന്നതിന് മുമ്പ് 2012 -ല്‍ തന്നെ നിധിന്‍ ഗഡ്കരി ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കും എന്ന് ഉറപ്പു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ഇവരുടെ തീരുമാനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി തുടര്‍ച്ചയായി കൂടിക്കാഴ്ചകള്‍ ഉണ്ടായി. ഒടുവില്‍ ഫെബ്രുവരി നാലിന് ബഹിഷ്‌കരണം പിന്‍വലിക്കുന്നുവെന്ന് ഇ എന്‍ പി ഒ അറിയിച്ചു.

കൂടുതല്‍ വായനയ്ക്ക്: സ്വതന്ത്രരുടെ രാഷ്ട്രീയം: തെരഞ്ഞെടുപ്പിലെ പ്രതിഷേധ ശബ്ദങ്ങൾ

ബിജെപിയുടെ പ്രകടനപത്രികയിലും കിഴക്കന്‍ നാഗാലാന്‍ഡിന്‍റെ വികസനത്തിന് വേണ്ടി പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. കിഴക്കന്‍ നാഗാലാന്‍ഡ് സമ്പൂര്‍ണ്ണ വികസനത്തിനായി പദ്ധതികള്‍ പലതും ആവിഷ്‌കരിച്ചു. പ്രത്യേക സംസ്ഥാനം എന്ന ആവശ്യം പരിഗണിച്ച ശേഷം തെരഞ്ഞെടുപ്പ് എന്നായിരുന്നു ഇ എന്‍ പി ഒ യുടെ നിലപാട്. എന്നാല്‍ ആദ്യം തെരഞ്ഞെടുപ്പ് പിന്നെ തീരുമാനമെന്ന നിലപാടിലേക്ക് ഇവരെ എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഇവര്‍ക്ക് നല്‍കിയ വാക്ക് ബിജെപി എങ്ങനെ പാലിക്കും എന്ന് കാത്തിരുന്നു കാണണം.