ബംഗളൂരുവില്‍ ഗതാഗത നിയന്ത്രണത്തിന്  'ഡമ്മിപൊലീസും'

By Web TeamFirst Published Nov 27, 2019, 4:46 PM IST
Highlights

ഹെല്‍മറ്റ് ധരിക്കാതെയും വാഹനമോടിച്ചു വന്ന പലരും ദൂരെ 'പൊലീസ്' നില്‍ക്കുന്നത് കണ്ട് മര്യാദ രാമന്‍മാരാവുന്നുണ്ടെങ്കിലും അടുത്തെത്തുമ്പോഴാണ് അമളി മനസ്സിലാക്കുന്നത്.

ബംഗളൂരു: നഗരത്തിലെ ഗതാഗത സംവിധാനം നിരീക്ഷിക്കാന്‍ ഇനി മുതല്‍ ട്രാഫിക് പൊലീസിന്റെ വേഷം ധരിച്ച ഡമ്മികളും. മൊബൈലില്‍ സംസാരിച്ചും ഹെല്‍മറ്റ് ധരിക്കാതെയും വാഹനമോടിച്ചു വന്ന പലരും ദൂരെ 'പൊലീസ്' നില്‍ക്കുന്നത് കണ്ട് മര്യാദ രാമന്‍മാരാവുന്നുണ്ടെങ്കിലും അടുത്തെത്തുമ്പോഴാണ് അമളി മനസ്സിലാക്കുന്നത്. ട്രാഫിക് പൊലീസിനെ പോലെ യൂണിഫോമും തൊപ്പിയും ബൂട്ട്‌സും മുഖാവരണവും സണ്‍ഗ്ലാസും വരെ ധരിച്ചാണ് പൊലീസ് ഡമ്മികളുടെ നില്‍പ്പ്. ദൂരെ നിന്നു നോക്കിയാല്‍ ട്രാഫിക് പൊലീസ് നില്‍ക്കുകയാണെന്നേ തോന്നുകയുള്ളൂ. 

 

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം ഡമ്മികളെ നിര്‍ത്തിയിരിക്കുന്നത്. നിലവില്‍ 200 ലധികം ഡമ്മി പൊലീസുകാരുണ്ട്. വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം അപകടങ്ങളും വര്‍ദ്ധിച്ചതാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ പുതിയ നീക്കത്തിനു പിന്നില്‍. ''ഇരുചക്രവാഹനങ്ങളില്‍ പിറകില്‍ സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും പാലിക്കാറില്ല. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവരും സിഗ്‌നല്‍ സംവിധാനം ലംഘിക്കുന്നവരുമാണ് മറ്റൊരു വിഭാഗം. 

 

എല്ലാ സ്ഥലങ്ങളിലും ട്രാഫിക് പൊലീസുകാരെ നിര്‍ത്തുക അസാധ്യമാണ്. ട്രാഫിക് പോലീസുകാരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്''-ബംഗളൂരു ജോയിന്റ് കമ്മീഷണര്‍ (ട്രാഫിക്) ബി ആര്‍ രവികാന്ത ഗൗഡ പറഞ്ഞു. 

കഴിഞ്ഞ ആഴ്ച്ച 30 പൊലീസ് ഡമ്മികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നു. ബാക്കി 170 എണ്ണമാണ് ബുധനാഴ്ച്ച സ്ഥാപിച്ചത്. ഗതാതഗ നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി പൊലീസ് ഡമ്മികളില്‍ സിസിടിവി സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

click me!