പ്രസംഗത്തിനിടെ എന്നെ കണ്ടതും നായനാര്‍  വിളിച്ചുചോദിച്ചു, 'എവിടായിരുന്നെടോ ഇത്രനേരം'

By Biju SFirst Published Sep 22, 2021, 1:48 PM IST
Highlights

ശ്രീകുമാരന്‍ തമ്പി,ഇ കെ നായനാര്‍; ഒരു യു എസ് യാത്രാനുഭവം. ബിജു എസ് എഴുതുന്നു 

1996 -ല്‍ അമേരിക്കയിലെ ടെക്‌സാസ് തലസ്ഥാനമായ ഡാലസ്സില്‍ നടന്ന അമേരിക്കന്‍ മലയാളി കൂട്ടായ്മയായ  ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ ഏഷ്യാനെറ്റിനായി കവര്‍ ചെയ്യാന്‍ പോയതാണ് ഞാന്‍. ശ്രീകുമാരന്‍ തമ്പിയാകട്ടെ സമ്മേളനത്തിലെ വിശിഷ്ടാതിഥികളിലൊരാള്‍. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരായിരുന്നു ഉദ്ഘാടകന്‍.   അവിടത്തെ എല്ലാ പരിപാടികള്‍ക്കും എന്നെ കൂട്ടാന്‍ അദ്ദേഹത്തിന് ഉത്സാഹം. 

 

 

ഉച്ച നേരത്തിന്റെ ആലസ്യത്തില്‍ എല്ലാവരും ഒന്ന് മയങ്ങാന്‍ ശ്രമിക്കവെ ഒരാള്‍ മാത്രം ഉത്സാഹഭരിതന്‍. ഉച്ചത്തിലുള്ള അദ്ദേഹത്തിന്റെ വര്‍ത്തമാനം അവിടത്തെ പൊതു അന്തരീക്ഷത്തില്‍ നിന്ന് വേറിട്ടു നിന്നു. ഉറക്കം നഷ്ടപ്പെടുന്നതിലെ നീരസം നോട്ടങ്ങളായി ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് വരുമ്പോള്‍ ഞാനും ജാള്യതയിലായി. പക്ഷേ തമ്പി സാറിന് കൂലുക്കമൊന്നുമില്ല. 

പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവമാണ്. കുറേയേറെ ദൂരത്തിലും ഉയരത്തിലും നടന്നത്. അമേരിക്കയിലെ ഡാലസ്സില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ ഓഫ് കെന്നഡി വിമാനത്താവളത്തിലേക്കാണ് ആ യാത്ര. ഡെല്‍റ്റ വിമാനത്തിലെ സഹയാത്രികന്‍ ശ്രീകുമാരന്‍ തമ്പി. വിമാനകമ്പനിയുടെ പേരോര്‍ക്കാന്‍ കാരണമുണ്ട്. തമ്പി സാര്‍ ഇടയ്ക്കിടക്ക് ഡെല്‍റ്റാ ഡയറക്ടര്‍മാരെ ശകാരിക്കുന്നുണ്ട്. കാരണം ലളിതം. കൈയില്‍ അധികം കാശൊന്നുമില്ലാതെ വിശന്നിരിക്കുന്ന ഞങ്ങള്‍ക്ക് വിമാനത്തില്‍ നിന്ന് എയര്‍ ഹോസ്റ്റസുമാര്‍ തരുന്നത് കോളയും ആല്‍മണ്ട്‌സും. 

വിശപ്പടക്കാന്‍ അത് പര്യാപ്തമല്ലാത്തതിനാല്‍ സാറിനെയത് അരിശം പിടിപ്പിക്കുന്നുണ്ട്. ''Are Your directors owning  just Almond farms' ന്നൊക്കെ അദ്ദേഹം പ്രായമായ എയര്‍ ഹോസ്റ്റസുമാരോട് ഉറക്കെ ചോദിക്കുന്നുണ്ട്. എനിക്കതിന്റെ പൊരുളൊന്നും മനസ്സിലാകുന്നില്ലായിരുന്നു. അത് മനസ്സിലാക്കിയിട്ടെന്നോണം തമ്പി സാര്‍ കാര്യം വ്യക്തമാക്കി. ഈ വിമാനകമ്പനിയുടെ ഡയറക്ടമാര്‍ക്ക് ലോകത്തെ ഏതോ കാട്ടുമൂലയില്‍ ആല്‍മണ്ട് തോട്ടങ്ങളുണ്ടാകും . അതും വിറ്റ് ലാഭമുണ്ടാക്കാനാണ് മറ്റൊന്നും തരാതെ പട്ടിണിക്കിട്ട് ഇത് മാത്രം തരുന്നത്. 

1996 -ല്‍ അമേരിക്കയിലെ ടെക്‌സാസ് തലസ്ഥാനമായ ഡാലസ്സില്‍ നടന്ന അമേരിക്കന്‍ മലയാളി കൂട്ടായ്മയായ  ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ ഏഷ്യാനെറ്റിനായി കവര്‍ ചെയ്യാന്‍ പോയതാണ് ഞാന്‍. ശ്രീകുമാരന്‍ തമ്പിയാകട്ടെ സമ്മേളനത്തിലെ വിശിഷ്ടാതിഥികളിലൊരാള്‍. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരായിരുന്നു ഉദ്ഘാടകന്‍.   അവിടത്തെ എല്ലാ പരിപാടികള്‍ക്കും എന്നെ കൂട്ടാന്‍ അദ്ദഹത്തിന് ഉത്സാഹം. 

ഇന്ത്യന്‍ കോണ്‍സുലേറ്റ് വിട്ടുകൊടുത്ത് ലിമസോണ്‍ കാറില്‍ വരെ എന്നെ കൂട്ടി, ഇടയ്ക്ക് സ്‌നേഹത്തോടെ ശാസിക്കും, ഞാന്‍ ക്യാമറ കൈയിലെടുക്കുമ്പോള്‍ കൊച്ചുകുട്ടിയെപോലെ പാല്‍പ്പുഞ്ചിരി വിടര്‍ത്തും.  ന്യൂയോര്‍ക്കിലെ മറ്റൊരു പരിപാടിയിലേക്കും എന്നോട് വരാന്‍ ആവശ്യപ്പെട്ടു. എന്റെ യാത്രാ പദ്ധതിയില്‍ ന്യൂയോര്‍ക്ക് കവറേജില്ലായിരുന്നു. ഫൊക്കാന സമ്മേളനം കഴിഞ്ഞ ഉടന്‍, അടുത്തിടെ ഒളിമ്പികസ് നടക്കുന്ന അറ്റ്‌ലാന്റ്റയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. എന്റെ അനന്തിരവള്‍ കൂടിയായ ടേബിള്‍ ടെന്നീസ് ദേശിയ ചാമ്പ്യന്‍  രാധിക അവിടെ മത്സരിക്കുന്നുണ്ട്. 

ഫൊക്കാനയില്‍ വന്ന അന്നാട്ടുകാരായ മലയാളികള്‍ അറ്റ്‌ലാന്റയില്‍  സഹായമൊക്കെ വാഗ്ദാനം ചെയ്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ന്യൂയോര്‍ക്ക് യാത്ര വന്നത്. ആകപ്പാടെയുള്ളത് ന്യൂയോര്‍ക്കിലേക്ക് ആരോ എടുത്തു തന്ന വിമാന ടിക്കറ്റും പത്ത് നൂറു ഡോളറും. ഒളിമ്പിക്‌സ് സ്‌റ്റോറി നഷ്ടപ്പെട്ട ഈര്‍ഷ്യയില്‍ വിമാനത്താവളത്തിലേക്ക് പോയപ്പോഴാണ് അറിയുന്നത് ശ്രീകുമാരന്‍ തമ്പിയും കൂടെയുണ്ടെന്ന്. ശ്രീകൂമാരന്‍ തമ്പി സിനിമയിലെ പ്രധാനപ്പെട്ട ആളാണ് എന്നറിയാമല്ലാതെ അദ്ദേഹത്തിന്റെ മഹത്വവും, സാഹിത്യം മുതല്‍ സാങ്കേതികതലം വരെയുള്ള റേഞ്ചൊന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു. മുന്‍ പരിചയവും ഇല്ലായിരുന്നു. 

 

ശ്രീകുമാരന്‍ തമ്പി

 

പക്ഷേ കണ്ട മാത്രയില്‍ തന്നെ ചിരപരിചിതനെന്ന പോലെ, ഒട്ടും വലുപ്പചെറുപ്പമില്ലാതെയാണ് അദ്ദേഹം ഇടപഴകിയത്. വിമാനത്തില്‍ ഞങ്ങള്‍ രണ്ടു പേരും ആശങ്കയിലായിരുന്നു. അപരിചിതമായ ന്യൂയോര്‍ക്കില്‍, എത്തി ചേരണ്ട  മലയാളി സമാജത്തിന്റെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ ഒഴികെ മറ്റൊരു വിവരവും യാതൊരു ലോകപരിചയവുമില്ലാത്ത പയ്യനായ എനിക്കില്ല.  മൊബൈലും ഇ- മെയിലും ഇന്റര്‍നെറ്റും ഇല്ലാത്ത കാലമാണത്.  എന്നെക്കാളും കഷ്ടത്തിലായിരുന്നു ശ്രീകുമാരന്‍ തമ്പി. ന്യൂയോര്‍ക്കിലെ അദ്ദേഹത്തിന്റെ അനന്തിരവളെ ലക്ഷ്യം വച്ചാണ് യാത്രയെങ്കിലും പുറപ്പെടും മുന്‍പ് ഫോണില്‍ വിളിച്ചപ്പോള്‍ അവരെ കിട്ടിയിരുന്നില്ല. മാത്രമല്ല എന്റെ കൈവശമുള്ളയത്ര കാശ് പോലും അപ്പോള്‍ അദ്ദേഹത്തിന്റ പക്കലില്ല. 

വൈകിട്ടോടെ വിമാനം ന്യൂയോര്‍ക്കിലെ ജെ.എഫ്. കെ എന്ന  ലോകത്തെ വലിയ  വിമാനത്താവളത്തിലെത്തി. ഞങ്ങള്‍ അതിശയങ്ങളിലേക്കിറങ്ങി. പെട്ടിയും പ്രമാണവുമൊക്കെ എടുത്ത ശേഷം, തണുത്ത് വിശന്നിരുന്ന ഞങ്ങള്‍ കൈയിലുള്ള പണത്തിന്റെ പാതിയെടുത്ത് ചായ കുടിച്ചു. അതിനു ശേഷം ആ വലിയവിമാനത്താവളത്തില്‍ നിന്ന് എങ്ങനെ പുറത്തു കടക്കുമെന്ന ആശങ്കയിലായി. പുറത്ത് ഇറങ്ങിയാല്‍ എങ്ങനെ ലക്ഷ്യത്തിലെത്തും?

ഞാനും തമ്പി സാറും നാണയ  ബൂത്തില്‍ ചെന്ന് ഞങ്ങളുടെ കൈയിലുള്ള ഫോണ്‍ നമ്പറുകളിലക്ക് മാറിമാറി വിളിച്ചു. കുറേക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മറുപടി കിട്ടി. പുറത്തിറങ്ങിയാല്‍ നീങ്ങാനുള്ള നിര്‍ദ്ദേശവും കിട്ടി. ഞാന്‍ വിളിക്കുന്ന നമ്പറില്‍ ആരും ഫോണെടുക്കുന്നില്ല.  തമ്പി സാറിനോട് പൊയ്‌ക്കൊള്ളാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചു. 

 

നായനാര്‍

 

അദ്ദേഹം പോയി. ഞാന്‍ ടെലിഫോണ്‍ പരിശ്രമം തുടര്‍ന്നു. പരിചയമുണ്ടായിരുന്ന മറ്റൊരു നമ്പര്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ ചെറുമകന്‍ ഹരിയുടെത്. അവിടെ ഫോണെടുത്ത സ്ത്രീ അറിയിച്ചത് ഹരി സ്ഥലത്തില്ലെന്നും കാനഡയില്‍ പോയിരിക്കുകയാണെന്നുമാണ്. പക്ഷേ, വീട്ടിലേക്ക് വന്നു കൊള്ളാന്‍ അവര്‍ പറഞ്ഞു. അങ്ങോട്ടുള്ള , വഴിയും പറഞ്ഞു തന്നു. ധൈര്യമില്ലാത്ത ഞാന്‍ മറ്റൊരു പട്ടണമായ ബോസ്റ്റണിലെ സുഹൃത്തിനെ വിളിച്ചു. അങ്ങോട്ടുള്ള വിമാന ടിക്കറ്റ് അവന്റെ ക്രെഡിറ്റ് കാര്‍ഡിലെടുക്കാനുള്ള വഴി പറഞ്ഞു തന്നു.

അതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ദീര്‍ഘനേരം ടെര്‍മിനിലില്‍ കണ്ട എന്നെ പൊലീസ് ചോദ്യം ചെയ്തു. കാര്യം ബോധ്യമായതിനാലാകാം ഫോണ്‍ വിളി തുടരാനായി അവര്‍ കുറെ നാണയം തന്നു. ഒപ്പം ആവശുമുണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള നമ്പറും തന്നു. ഒടുവില്‍ അടുത്ത പട്ടണത്തിലേക്ക് വിമാന ടിക്കറ്റെടുക്കാന്‍ ഞാന്‍ ഒരുങ്ങവേ മൂന്ന് മലയാളികള്‍ അവിടെയെത്തി. എന്നെ കൂട്ടാന്‍ വന്ന അവര്‍ക്ക് ടെര്‍മിനല്‍ മാറിപ്പോയത്രെ. 

ഞങ്ങള്‍ വൈകി കേരള സെന്ററിലെത്തിയപ്പോള്‍ നായനാര്‍ പ്രസംഗിച്ചു തുടങ്ങിയിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്കും  എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായി. 'നീ എവിടായിരുന്നടോ ഇത്രയും നേരം' എന്ന് അവിടന്നുതന്നെ അദ്ദേഹം ചോദിക്കുകയും ചെയ്തു. 

 

 

ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ഒരു വാര്‍ത്തയാണ്. 'റിഥംസ് ഓഫ് ലൈഫ്, എ ശ്രീകുമാരന്‍ തമ്പി ഷോ' എന്ന പുതിയ യുട്യൂബ് ചാനല്‍ വരുന്നതായാണ് വാര്‍ത്ത. സിനിമയ്ക്കും സാഹിത്യത്തിനും പുറമേ ഗണിതത്തിനും, പുരുഷപാചകത്തിനും, ജീവിത പിന്തുണയ്ക്കുമൊക്കെ ഇതില്‍ പംക്തിയുണ്ടാവുമെന്ന് അദ്ദേഹം പറയുന്നു. ജ്യോതിഷ കാര്യം പറയുന്ന ഗ്രഹപ്രഭാവം
എന്ന പംക്തിയെക്കുറിച്ച് പറഞ്ഞിട്ട്  ഇതില്‍ വിശ്വാസമില്ലാത്തവര്‍ കാണേണ്ടതില്ലെന്ന് ഒരു വേഷം കെട്ടുമില്ലാതെ പറയാന്‍ അദ്ദേഹത്തെ പോലെ ആര്‍ജ്ജവവും സ്ഥൈര്യതയുമുള്ളവര്‍ക്ക പറ്റു. 

അമേരിക്കന്‍ യാത്രയൊക്കെ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനും അദ്ദേഹത്തെ ആഴത്തില്‍ മനസ്സിലാക്കുന്നത്.  'കുട്ടനാട്' പോലെയുള്ള കൃതികള്‍ വായിച്ചപ്പോഴാണ് അദ്ദഹത്തിന്റെ കനവും ആഴവും മനസ്സിലാക്കാന്‍ എനിക്കായത്. എന്‍ജിനീയറിങ്ങ് പഠനം കഴിഞ്ഞിട്ടും ചലച്ചിത്ര മേഖലയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതും ക്ലിക്കും കോക്കസുമൊന്നും ഇല്ലാതെ അവിടെ പിടിച്ചു നിന്നതുമൊക്കെ സാഹസികത തന്നെയാണ്. 

അന്നത്തെ യാത്രയില്‍ ഡെല്‍റ്റാ വിമാനത്തില്‍ ഞാന്‍ നടുക്കത്തെ സീറ്റിലാണ് ഇരുന്നത്. ഒരു വശത്ത് ശ്രീകുമാരന്‍ തമ്പി, മറു വശത്ത് ജനാല സീറ്റില്‍ ഒരു അമേരിക്കന്‍ വനിത. ഞങ്ങളെ കണ്ടിട്ട് കാടന്‍മാരോടെന്ന മട്ടില്‍ എവിടെ നിന്നെന്ന്  അവര്‍ ചോദിച്ചു. ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞു. 

'ഇന്ത്യ?' എന്ന അവരുടെ മറുചോദ്യത്തില്‍ നിഴലിച്ചത് അറിവില്ലായ്മയോ, പുച്ഛമോ, അഹങ്കാരമോ? എനിക്കറിയില്ല. ഞാനൊന്നും പ്രതികരിച്ചില്ല. പക്ഷേ തമ്പി സാര്‍ അത് കേട്ടിരുന്നുവെങ്കില്‍  ഡെല്‍റ്റയിലെ ആ മഹതിയെ അദ്ദേഹം വെറുതേ വിടുമായിരുന്നില്ല.

 

എസ് ബിജു എഴുതിയ കുറിപ്പുകള്‍ ഇവിടെ വായിക്കാം
 

click me!