കോതമംഗലത്തെ വാരപ്പെട്ടിയിൽ നിന്ന് 'ലൈറിയോതെമിസ് കേരളെൻസിസ്' എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തി. മൺസൂൺ കാലത്ത് മാത്രം കാണുന്ന ഈ തുമ്പിക്ക് 'സ്ലെൻഡർ ബോംബാർഡിയർ' എന്നും പേരുണ്ട്.  

കോതമംഗലത്തെ വാരപ്പെട്ടി എന്ന ഗ്രാമത്തിൽ പൈനാപ്പിൾ, റബർ തോട്ടങ്ങളിലൂടെ വർഷ കാലത്ത് മാത്രമൊഴുകുന്ന ചില നീർചാലുകളുണ്ട്. വർഷ കാലത്ത് ചെറു ചാലുകളിലൂടെ ഒഴുകുന്ന വെള്ളം തെളിമയുള്ള കൊച്ചു വെള്ളക്കെട്ടുകൾ തീർക്കും. പുറമേയ്ക്ക് അതൊരു വെറും വെള്ളക്കെട്ടാണെങ്കിലും അവിടെ സജീവമായൊരു ജൈവമണ്ഡലം ഒളിഞ്ഞിരിപ്പുണ്ട്. കേരളത്തിന് സ്വന്തമായൊരു തുമ്പി ഇനത്തെ സംഭാവന ചെയ്തിരിക്കുകയാണ് ഈ നീർച്ചാലുകളും വെള്ളക്കെട്ടുകളും.

'ലൈറിയോതെമിസ് കേരളെൻസിസ്'

ശാസ്ത്രലോകത്തിന് ഗവേഷകർ പുതുതായി പരിചയപ്പെടുത്തിയ തുമ്പിക്ക് ജൈവസമ്പന്നമായ കേരളത്തിന്‍റെ പേരാണ് ഗവേഷകർ നൽകിയത്. 'ലൈറിയോതെമിസ് കേരളെൻസിസ്' (Lyriothemis keralensis) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ തുമ്പിയുടെ മെലിഞ്ഞ വയറിന്‍റെ പ്രത്യേകത പരിഗണിച്ച് 'സ്ലെൻഡർ ബോംബാർഡിയർ' (Slender Bombardier) എന്ന പേര് കൂടി നൽകിയിട്ടുണ്ട്. ശാരീരിക പ്രത്യേകതകൾ കൊണ്ടും ആവാസവ്യവസ്ഥയിലെ സവിശേഷതകൾ കൊണ്ടും ശ്രദ്ധേയമായ ഇവയെ ഡോ. ദത്തപ്രസാദ് സാവന്ത്‌ (ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ബട്ടർഫ്‌ളൈസ്, ബംഗളൂരു), ഡോ. വിവേക് ചന്ദ്രൻ (കോളേജ് ഓഫ് ഫോറെസ്ട്രി, കേരള കാർഷിക സർവകലാശാല), രഞ്ജിത് ജേക്കബ് മാത്യൂസ് (സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ്, കേരളം), ഡോ. കൃഷ്ണമേഘ് കുണ്ടെ (നാഷണൽ സെന്‍റർ ഫോർ ബയോളജിക്കൽ സയൻസസ്, ബംഗളൂരു) എന്നിവർ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ഈ പുതിയ ഇനത്തെക്കുറിച്ചുള്ള പഠനം 'ഇന്‍റർനാഷണൽ ജേണൽ ഓഫ് ഒഡൊണാറ്റോളജി'യിൽ (International Journal of Odonatology) പ്രസിദ്ധീകരിച്ചു. കേരളത്തിലെ തുമ്പി ശാസ്ത്ര പഠനങ്ങളിൽ (Odonatology) മറ്റൊരു മുതൽക്കൂട്ടാവുന്ന പഠനം.

(മെയിൽ ലൈറിയോതെമിസ് കേരളെൻസിസ് / ചിത്രം ഡോ. വിവേക് ചന്ദ്രൻ)

ആണും പെണ്ണും

ലൈറിയോതെമിസ് വിഭാഗത്തിൽപ്പെട്ട മറ്റ് തുമ്പികളെപ്പോലെ ഇവയും ആൺ - പെൺ വ്യത്യാസം (Sexual dimorphism) പ്രകടമാക്കുന്നു. മൂന്ന് സെന്‍റീമീറ്റർ മാത്രം നീളമുള്ള ലൈറിയോതെമിസ് കേരളെൻസിസ് തുമ്പികളിൽ ആൺതുമ്പികൾക്ക് കറുപ്പും ചുവപ്പും കലർന്ന നിറമാണ്. മറ്റ് സമാന വർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയുടെ വയർ കൂടുതൽ മെലിഞ്ഞതാണ്. തലയുടെ മുൻഭാഗം തിളങ്ങുന്ന മെറ്റാലിക് പച്ചയും നീലയും കലർന്ന നിറത്തിലാണ്. പിൻഭാഗത്തെ ജനനേന്ദ്രിയ അവയവങ്ങളുടെ (Secondary genitalia) ഘടനയിലാണ് ഇവ മറ്റ് വർഗ്ഗങ്ങളിൽ നിന്ന് പ്രധാനമായും വേർതിരിക്കപ്പെടുന്നതെന്നും ഗവേഷക സംഘം കണ്ടെത്തി. അൽപ്പം വണ്ണം കൂടിയ പെൺതുമ്പികളാകട്ടെ മഞ്ഞയിൽ കറുത്ത പാടുകളുളോടെയാണ് കാണപ്പെടുന്നത്. ഇവയുടെ ചിറകുകൾ സുതാര്യമാണെങ്കിലും ചുവട്ടിൽ നേരിയ മഞ്ഞ നിറം കാണാം.

ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇവയുടെ പ്രജനന കാലം. പെൺതുമ്പികൾ വെള്ളത്തിന് മുകളിൽ പറന്ന് വയർ വെള്ളത്തിൽ മുട്ടിച്ച് മുട്ടയിടുന്നു. റബ്ബർ തോട്ടങ്ങൾക്കിടയിലുള്ള ചെറുതീർച്ചാലുകളിലും തണ്ണീർത്തടങ്ങളിലും കാണപ്പെടുന്ന ഇവ, കെട്ടിക്കിടക്കുന്നതോ പതുക്കെ ഒഴുകുന്നതോ ആയ ജലാശയങ്ങളിലും മരപ്പൊത്തുകളിലെ വെള്ളത്തിലുമാണ് സാധാരണയായി മുട്ടയിടാൻ തെരഞ്ഞെടുക്കുന്നത്. പ്രധാനമായും സംരക്ഷിത മേഖലകളുടെ പുറത്ത് കാണപ്പെടുന്നതിനാൽ ഈ തുമ്പിക്കും അനുബന്ധ ജീവികൾക്കും പ്രത്യേക സംരക്ഷണ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.

( ഫീമെയിൽ ലൈറിയോതെമിസ് കേരളെൻസിസ് / ചിത്രം ഡോ. വിവേക് ചന്ദ്രൻ)

ആദ്യകാല തെറ്റിദ്ധാരണ

2013 മുതൽ ഇങ്ങനെയൊരു തുമ്പിയെ കേരളത്തിൽ കണ്ടതായി പല ഗവേഷകരും രേഖപ്പെടുത്തിയിരുന്നുവെങ്കിലും, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടിരുന്ന 'ലൈറിയോതെമിസ് അസിഗാസ്ട്ര' ആണെന്നാണ് കരുതിയിരുന്നു. എന്നാൽ, ഇപ്പോൾ നടന്ന വിദഗ്ധ പഠനത്തിൽ കേരളത്തിലെ തുമ്പികൾക്ക് താരതമ്യേന മെലിഞ്ഞ ഉദരവും, വ്യത്യസ്ത ഘടനയിലുള്ള ചെറുവാലുകളും ജനനേന്ദ്രിയവും ആണുള്ളതെന്ന് കണ്ടെത്തി. ഇതോടെയാണ് ലൈറിയോതെമിസ് കേരളെൻസിസ് പുതിയ ഇനം തുമ്പിയായി പരിഗണിക്കപ്പെട്ടത്.

സീസണൽ തുമ്പി

ഇതൊരു സീസണലായ തുമ്പി ഇനമാണ്. കേരളത്തിൽ മണ്‍സൂൺ കാലം തുടങ്ങുന്ന മെയ് മാസത്തിന്‍റെ അവസാന കാലം മുതൽ ഓഗസ്റ്റ് വരെയാണ് ഇവയുടെ പ്രധാന സീസൺ. ഇത് കേരളത്തിലെ മൺസൂണ്‍ മഴയുടെ ലഭ്യതയുമായി ബന്ധപ്പെട്ടാനുള്ള സാധ്യതകളെ മുന്നോട്ട് വയ്ക്കുന്നു. തീ‍ർച്ചാലുകൾക്ക് സമീപത്തുള്ള തണലുള്ള ഭാഗങ്ങളിൽ ചെറിയ ചെടികളിലിരിക്കാൻ ഇഷ്ടപ്പെടുന്ന ഇവ ചെറിയ പ്രാണികളെയാണ് പ്രധാനമായും ആഹാരമാക്കുന്നത്.

വാരപ്പെട്ടിയിൽ കണ്ടെത്തിയ ഇവയുടെ സാന്നിധ്യം കണ്ണൂർ ജില്ലയിലെ അരവഞ്ചാൽ, മാടായിപ്പാറ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ സമതലങ്ങളിലും ഇടനാടുകളിലും ഇവയെ വ്യാപകമായി കാണപ്പെടാൻ സാധ്യതയുണ്ടെന്നും ഗവേഷകർ കരുതുന്നു. പശ്ചിമഘട്ട മേഖലയിലെ തുമ്പികളുടെ വൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിൽ ഈ കണ്ടെത്തൽ വലിയ പ്രധാന്യമർഹിക്കുന്നു. ജനവാസ മേഖലകളിലെ ജൈവവൈവിധ്യ സംരക്ഷണത്തിന്‍റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.