ഒരു തെരഞ്ഞെടുപ്പുകാലമാകെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ പ്രതിഷേധം!

By Anoop BalachandranFirst Published May 15, 2022, 12:28 PM IST
Highlights

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതിയ അഞ്ച് ഐതിഹാസിക ദൃശ്യങ്ങള്‍. അനൂപ് ബാലചന്ദ്രന്‍ എഴുതുന്ന പരമ്പര ഭാഗം 3.

2021 മാർച്ച് 14 -ലെ ആ ദൃശ്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മായാത്ത ചിത്രങ്ങളായി. കെപിസിസി ഓഫീസിൽ വീണ ലതികയുടെ കണ്ണീർ കോൺഗ്രസിനെ വെട്ടിലാക്കി. തിരിച്ചടി മറികടക്കാൻ പാർട്ടി ആസ്ഥാനം നിൽക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ വീണ നായർ എന്ന സർപ്രൈസ് വനിതാ സ്ഥാനാർത്ഥിയെ നാടകീയമായി കൊണ്ടു വന്നു. എന്നാൽ, ക്രൈസിസ് മാനേജ്മെൻ്റ് ഒന്നും ഫലം കണ്ടില്ല തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് തകർന്നു.

വനിതാ രാഷ്ട്രപതിയെയും വനിതാ പ്രധാനമന്ത്രിയെയും വനിതാപാർട്ടി അദ്ധ്യക്ഷയെയും സുചേതാ കൃപലാനി, നന്ദിനി സപ്തതി, ഷീലാ ദീക്ഷിത്ത് അടക്കം അഞ്ച്  മുഖ്യമന്ത്രിമാർ തുടങ്ങി വനിതകളെ ഭരണരംഗത്തേക്ക് ഉയർത്തിക്കൊണ്ടു വന്നതിൽ ഏറ്റവും അഭിമാനാർഹമായ പാരമ്പര്യമുള്ളത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ്. എന്നാൽ,  ഐക്യ കേരള പിറവിക്ക് ശേഷം 66 വർഷത്തിൽ ശക്തയായ അല്ലെങ്കിൽ ശക്തയായിരുന്ന ഒരു വനിതാ നേതാവിനെ മലയാളികൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ആകുമോ? ഇല്ല എന്ന് കേരള രാഷ്ട്രീയ ചരിത്രം ഉത്തരം നൽകും. ലിംഗരാഷ്ട്രീയവും നിയമനിർമ്മാണ സഭകളിലെ വനിതാപ്രാതിനിധ്യവുമൊക്കെ വളരെയധികം ചർച്ചയാകുന്ന പുതിയ കാലത്തും കേരളത്തിലെ കോൺഗ്രസ് പഴയ കാലത്താണ്. 

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഒരെയൊരു ഡിസിസി അദ്ധ്യക്ഷക്ക് സീറ്റ് കിട്ടാൻ പോലും ഒരു സംഘം വനിതാ പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്ത് കരഞ്ഞ് പ്രതിഷേധിക്കേണ്ടി വന്നു. കണ്ണീരൊഴുക്കി ബിന്ദുകൃഷ്ണ സ്വന്തം ഡിസിസി ഓഫീസിൽ നിൽക്കുന്ന ചിത്രം അധികമാരും മറന്നിട്ടുണ്ടാകില്ല. 

എന്നാൽ, ശരിക്കും കേരളത്തിലെ കോൺഗ്രസ് സംവിധാനങ്ങളുടെ ഉള്ളം പൊള്ളിച്ചത് മറ്റൊരു വനിതാ നേതാവിൻ്റെ ചുടുകണ്ണീരാണ്. കോൺഗ്രസിനെ ഒരു തെരഞ്ഞെടുപ്പ് കാലം മുഴുവൻ പ്രതിസന്ധിയിലാക്കിയ ആ പ്രതിഷേധമാണ് ഇന്ന് വോട്ടായി മാറിയ ദൃശ്യങ്ങളിൽ.

2021 മാർച്ച് 13. ചർച്ചകൾക്കും തർക്കങ്ങൾക്കും അനിശ്ചിതങ്ങൾക്കും ഒടുവിൽ അന്നേ ദിവസം രാത്രി ദില്ലി എഐസിസി ഓഫീസ് തേങ്ങ ഉടച്ചു. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. ആറ് സീറ്റുകൾ ഒഴിച്ചിട്ടായിരുന്നു പ്രഖ്യാപനം. ബിന്ദു കൃഷ്ണയും 27 -കാരി അരിത ബാബുവും ഉൾപ്പെട്ട പട്ടിക സ്ത്രീകൾക്ക് പരിഗണന നൽകിയ പട്ടികയെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ട് നിൽക്കുമ്പോഴായിരുന്നു കെപിസിസി ആസ്ഥാനത്ത് ലതികാ സുഭാഷിൻ്റെ രംഗപ്രവേശം. ഇരുപത് ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാത്തതിലും മഹിളാ കോൺഗ്രസ് അധ്യക്ഷയായിട്ടും തനിക്ക് സീറ്റ് നിഷേധിച്ചതിലും ലതിക നേതൃത്വത്തിനെതിരെ തുറന്നടിച്ചു. തലസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ രമണി പി. നായരെ തഴഞ്ഞതും ലതിക സുഭാഷ്  ഉയർത്തിക്കാട്ടി.

നേതൃത്വത്തെ ചൂണ്ടി ലതിക ആ രാത്രി ഇങ്ങനെ പറഞ്ഞു, 'പാർട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉൾപ്പെടുത്താത്തത് സങ്കടകരമാണ്' തെരഞ്ഞെടുപ്പ് കാലം ആയതുകൊണ്ടും ലിസ്റ്റ് വരുമ്പോഴുള്ള പരസ്യ പ്രതിഷേധം കോൺഗ്രസ് ആചാരമായത് കൊണ്ടും ഇന്നത്തെ  'സെമികേഡർ' പദം അന്ന് കണ്ടു പിടിച്ചിട്ട് പോലും ഇല്ലാത്തത് കൊണ്ടും നേതൃത്വം ലതികാ ക്ഷോഭത്തെ അവഗണിച്ചു. 

എപ്പോഴത്തെയും പോലെ ചാവേർ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നും ഏറ്റുമാനൂർ സീറ്റ് തന്നെ വേണമെന്നുള്ള തൻ്റെ  ഉറച്ച നിലപാട് കെപിസിസി അവഗണിച്ചത് മഹിളാ കോൺഗ്രസ് അധ്യക്ഷയെ വേദനിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ നൽകിയതിൽ പ്രതിഷേധമുള്ള കോട്ടയത്തെ ചില കോൺഗ്രസുകാരും ലതികയെ പിന്തുണച്ചു.

തൊട്ടടുത്ത ദിവസം മാർച്ച് 14 -നും ലതിക സുഭാഷ് മഹിള കോൺഗ്രസ് പ്രവർത്തകരുമായി കെപിസിസിയിൽ എത്തി. അന്നും മാധ്യമങ്ങളെ കണ്ട് പ്രതിഷേധം ആവർത്തിച്ച് മടങ്ങുമെന്നായിരുന്നു നേതൃത്വം കരുതിയത്. വനിതാ‌ദിനം കഴിഞ്ഞ് ആറാം നാൾ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് സഹപ്രവർത്തകർക്ക് ഒപ്പം ലതികാ സുഭാഷ് കെപിസിസി കവാടത്തിൽ ഇരുന്നു. വേഷത്തിലും രൂപത്തിലും ഇന്ദിരാ ഗാന്ധിയെ അനുകരിക്കുന്ന ലതിക സുഭാഷ് ഇന്ദിരാഭവന് മുന്നിൽ തൻ്റെ ഇന്ദിരാ തലമുടി വെട്ടിത്തെളിച്ചു. അപ്പോഴും 'നാഷണൽ കോൺഗ്രസ് സിന്ദാബാദ്' എന്നായിരുന്നു കെപിസിസി നടയിൽ ലതിക സുഭാഷിൻ്റെ മുദ്രാവാക്യം. പാർട്ടി സംവിധാനങ്ങൾ ആകെ ഞെട്ടി. ചാനലുകൾ ഒന്നൊന്നായി വന്ന് ശാസ്തമംഗലം വെള്ളയമ്പലം റോഡ് നിറഞ്ഞു. ഒരോ ചാനലിനും രണ്ടും മൂന്നും ക്യാമറകൾ. ലതികയുടെ പ്രതിഷേധം തത്സമയം ജനങ്ങളിലേക്ക് എത്തിക്കൊണ്ടേയിരുന്നു. എന്നാൽ, മുല്ലപ്പളളി രാമചന്ദ്രൻ പിന്മാറിയില്ല. പ്രഖ്യാപിച്ച സീറ്റുകളിലും ഘടകകക്ഷി മണ്ഡലങ്ങളും മാറില്ലെന്ന് കെപിസിസി അധ്യക്ഷൻ ആവർത്തിച്ചു. ലതിക സുഭാഷ് കരഞ്ഞുകൊണ്ട് കോൺഗ്രസ് ആസ്ഥാനത്ത് നിന്നും പടിയിറങ്ങി.

"

2021 മാർച്ച് 14 -ലെ ആ ദൃശ്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മായാത്ത ചിത്രങ്ങളായി. കെപിസിസി ഓഫീസിൽ വീണ ലതികയുടെ കണ്ണീർ കോൺഗ്രസിനെ വെട്ടിലാക്കി. തിരിച്ചടി മറികടക്കാൻ പാർട്ടി ആസ്ഥാനം നിൽക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ വീണ നായർ എന്ന സർപ്രൈസ് വനിതാ സ്ഥാനാർത്ഥിയെ നാടകീയമായി കൊണ്ടു വന്നു. എന്നാൽ, ക്രൈസിസ് മാനേജ്മെൻ്റ് ഒന്നും ഫലം കണ്ടില്ല തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് തകർന്നു. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചായിരുന്നു ലതികയുടെ പ്രതികാരം. യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് 14303 വോട്ടുകൾക്ക് തോറ്റു. വി.എൻ വാസവൻ വിജയിച്ച് മന്ത്രിയായി. ബിന്ദു കൃഷ്ണയും, പത്മജാ വേണുഗോപാലും, അരിത ബാബുവും എന്തിനേറെ സിറ്റിംഗ് എംഎൽഎ ഷാനിമോൾ ഉസ്മാൻ വരെ ദയനീയമായി തോറ്റു. അഡ്വ. വീണ നായർ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തായി. കേരള നിയമസഭയിൽ കോൺഗ്രസ് വനിതകളില്ലാ പാർട്ടിയായി. പ്രതിപക്ഷ നിരയിൽ കെ.കെ. രമ ഒറ്റയ്ക്കായി. 

ഇന്ന് ലതിക സുഭാഷ് എൻസിപിയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വനിതയെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നു. എൽഡിഎഫ് സെഞ്ച്വറി ലക്ഷ്യമിടുമ്പോൾ നിയമസ്ഥയിൽ വനിതകളില്ലാനിര എന്ന കുറവ് നികത്താൻ കോൺഗ്രസിനും അവസരം? പ്രതിപക്ഷ നിരയിൽ രമക്ക് ഉമ കൂട്ടാകുമോ?

വായിക്കാം: 

ഒഞ്ചിയത്തെത്തിയ വി എസ്, രമയുടെ കണ്ണീര്, നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍!

സ്‌ട്രെച്ചറില്‍ അവസാനിച്ച പരാക്രമം, നിയമസഭയില്‍ നിലതെറ്റിയ ശിവന്‍കുട്ടി!

click me!