വിലക്കുകളെ വാക്കുകൾ കൊണ്ട് നേരിട്ടവൾ; ബാനു മുഷ്താഖിന്‍റെ ജീവിതവും എഴുത്തും

Published : Nov 28, 2026, 11:39 PM IST
banu mushtaq

Synopsis

സമൂഹം കൽപ്പിച്ച അരുതുകളെ അവഗണിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും ശബ്ദമായി മാറിയ എഴുത്തുകാരിയാണ് ബാനു മുഷ്താഖ്. പുരുഷാധിപത്യ പ്രവണതകളെ നിരന്തരം വെല്ലുവിളിച്ചതിനെ കുറിച്ചും വ്യക്തിപരമായി നേരിട്ട വെല്ലുവിളികളെ കുറിച്ചും അവർ അഗോറയിൽ തുറന്നുപറയുന്നു.

സമൂഹം കൽപ്പിച്ച അരുതുകളെ അവഗണിച്ച്, അരികുവൽക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും ശബ്ദമായി മാറിയ കന്നഡ എഴുത്തുകാരിയാണ് ബാനു മുഷ്താഖ്. അഭിഭാഷക, പത്രപ്രവർത്തക, സാമൂഹ്യപ്രവർത്തക തുടങ്ങിയ നിലകളിലും അവർ സ്വയം അടയാളപ്പെടുത്തി. അർഹതയ്ക്കുള്ള അംഗീകാരമായി ഇന്‍റർനാഷണൽ ബുക്കർ പ്രൈസ് ബാനു മുഷ്താഖിനെ തേടിയെത്തി. പുരുഷാധിപത്യ പ്രവണതകളെ എഴുത്തിലൂടെ നിരന്തരം വെല്ലുവിളിച്ചതിനെ കുറിച്ചും ഉറച്ച നിലപാടുകളുടെ പേരിൽ വ്യക്തിപരമായി നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ആശയ മഹോത്സവം അഗോറയിൽ 78കാരിയായ ബാനു മുഷ്താഖ് മനസ്സു തുറന്നു.

പ്രതിരോധം എന്നത് മനുഷ്യരുടെ മാത്രമല്ല ജീവജാലങ്ങളുടെയാകെ അടിസ്ഥാനപരമായ ഗുണമാണെന്ന് ബാനു മുഷ്താഖ് പറഞ്ഞു. നൂറ്റാണ്ടുകളായി മതത്തിന്‍റെയും അധികാരത്തിന്‍റെയും കുടുംബബന്ധങ്ങളുടെയും പേരിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണ്. യാതൊരു ചോദ്യവുമില്ലാതെ എല്ലാം അനുസരിക്കാനാണ് സമൂഹം അവളോട് ആവശ്യപ്പെടുന്നത്. എന്നാൽ തന്റെ 'ഹാർട്ട് ലാംപ്' (Heart Lamp) പോലുള്ള കൃതികളിലെ സ്ത്രീകൾ വലിയ വിദ്യാഭ്യാസമോ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അറിവോ ഇല്ലാത്ത സാധാരണ വീട്ടമ്മമാരാണെന്ന് അവർ പറഞ്ഞു. ലളിതമായ ഒരു ചിരിയിലൂടെയോ അനുസരണക്കേടിലൂടെയോ അടുക്കളയിലെ ചെറിയ എതിർപ്പുകളിലൂടെയോ അവർ തങ്ങളെ തളച്ചിടുന്ന പുരുഷാധിപത്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നുണ്ട്. സമൂഹം കേൾക്കാതെ പോകുന്ന ഈ സ്ത്രീകളുടെ വേദനകൾക്ക് ദൃശ്യത നൽകുകയാണ് താൻ എഴുത്തിലൂടെ ചെയ്തതെന്ന് അവർ വ്യക്തമാക്കി.

സ്ത്രീയുടെ പ്രത്യുൽപ്പാദന ശേഷിയെയും ലൈംഗികതയെയും നിയന്ത്രിക്കാനാണ് പുരുഷാധിപത്യ വ്യവസ്ഥിതി എപ്പോഴും ശ്രമിക്കുന്നതെന്ന് ബാനു മുഷ്താഖ് അഭിപ്രായപ്പെട്ടു. അമ്മ എന്നത് ഒരു യാഥാർത്ഥ്യവും അച്ഛൻ എന്നത് ഒരു അനുമാനവുമാണ്. സന്തതിപരമ്പരയെ കുറിച്ചുള്ള പുരുഷന്റെ ആശങ്കകളാണ് സ്ത്രീയുടെ അസ്തിത്വത്തെ നിയന്ത്രിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് അവർ നിരീക്ഷിക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ആശുപത്രി രേഖകളിൽ പോലും സ്ത്രീകളുടെ പേര് ഒഴിവാക്കാൻ ഉത്തരവിട്ടത് മതത്തിന്റെ പേരിൽ നടപ്പാക്കുന്ന ക്രൂരമായ പുരുഷാധിപത്യത്തിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിലെയും താൻ ജനിച്ച മതത്തിലെയും സ്ത്രീവിരുദ്ധതകൾ ചൂണ്ടിക്കാട്ടിയതിന് ബാനു മുഷ്താഖിന് വലിയ വില നൽകേണ്ടിവന്നിട്ടുണ്ട്. 2000-ൽ കർണാടക സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വേളയിൽ, മുസ്ലിം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനെ മതഗ്രന്ഥങ്ങൾ തടയുന്നില്ലെന്നും അത് ദക്ഷിണേഷ്യൻ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയാണെന്നും അവർ തുറന്നുപറഞ്ഞു. ഇതോടെ പ്രാദേശിക മതനേതാക്കൾ അവർക്കെതിരെ ഫത്‌വ പുറപ്പെടുവിക്കുകയും സാമൂഹിക ചടങ്ങുകളിൽ നിന്ന് വിലക്കുകയും മരണശേഷം ഖബർസ്ഥാനിൽ മറവു ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മരണശേഷം മൃതദേഹം സംസ്കരിക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് അവർ ആ ഭീഷണിയെ ധീരമായി നേരിട്ടു. ഒരിക്കൽ വധശ്രമം പോലും നേരിടേണ്ടി വന്നെങ്കിലും അവർ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു.

വ്യക്തിജീവിതത്തിലും കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോയതെന്നും അതിനെയെല്ലാം വെല്ലുവിളിച്ചാണ് എഴുതിയതെന്നും ബാനു മുഷ്താഖ് പറഞ്ഞു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായി ഒരു വലിയ കൂട്ടുകുടുംബത്തിലേക്ക് എത്തിയപ്പോൾ, പഠിക്കാനോ പുറത്തുപോകാനോ അനുവാദമില്ലാത്ത സാഹചര്യമുണ്ടായി. പ്രസവാനന്തര വിഷാദവും കടുത്ത മാനസിക സമ്മർദ്ദവും കാരണം ജീവിതം അവസാനിപ്പിക്കാൻ പോലും ഒരിക്കൽ ശ്രമിച്ചെന്ന് അവർ പറഞ്ഞു. എന്നാൽ ഭർത്താവിന്റെ സമയോചിതമായ ഇടപെടൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ അനുഭവം, പിന്നീട് നിരാശയിലായ നിരവധി സ്ത്രീകളെ ജീവനൊടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ കരുത്തായി മാറിയെന്നും ബാനു മുഷ്താഖ് പറഞ്ഞു.

അടുത്തിടെ മൈസൂർ ദസറ ഉദ്ഘാടനം ചെയ്യാൻ കർണാടക സർക്കാർ ക്ഷണിച്ചപ്പോഴും വലിയ എതിർപ്പുകളും വധഭീഷണികളും ഉയർന്നു. എതിർപ്പ് ഉന്നയിച്ചവരുടെ ഹർജി സുപ്രീം കോടതി തള്ളിക്കളയുകയും ഭരണഘടനയുടെ ആമുഖം വായിക്കാൻ ഉപദേശിക്കുകയും ചെയ്തു. കർശന പോലീസ് സുരക്ഷയിൽ ചാമുണ്ഡി ഹിൽസിലെത്തിയ ബാനു മുഷ്താഖ്, വിദ്വേഷത്തിന് പകരം നിരുപാധികമായ സ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശമാണ് പങ്കുവെച്ചത്. ഇക്കാലമത്രയും സ്വന്തം ജീവിതം തന്നെ ഒരു വലിയ പ്രതിരോധമാക്കി മാറ്റിയ എഴുത്തുകാരിയാണ് ബാനു മുഷ്താഖ് .

PREV
Read more Articles on
click me!

Recommended Stories

'30 വർഷം കഴിഞ്ഞാലും മലയാളിയുടെ തീൻമേശയിൽ ബിരിയാണിക്ക് സ്ഥാനമുണ്ടാവും'; മലയാളിയുടെ രുചിഭേദങ്ങൾ
എഴുത്തില്‍ കൂട്ടിന് എഐ, വിപണി കീഴടക്കാൻ പോപുലര്‍ ഫിക്ഷൻ, വായനയ്ക്ക് സോഷ്യൽ മീഡിയ; കാലത്തെ അതിജീവിക്കുക ഏത് കൃതി?