Latest Videos

ലോക താടിമത്സരത്തിലെ രണ്ടാമൻ, പ്രവീണിന്റെ വ്യത്യസ്തമായൊരു താടിക്കഥ!

By Rini RaveendranFirst Published Jan 25, 2021, 12:50 PM IST
Highlights

പിന്നെ നമുക്ക് ഒരു കാര്യത്തോട് ഇഷ്ടവും ഡെഡിക്കേഷനുമുണ്ടെങ്കിൽ അതിനുവേണ്ടി സമയം ചെലവഴിക്കുന്നത് ഒരു പ്രയാസമല്ലല്ലോ? അതുകൊണ്ട്, ഈ താടിസംരക്ഷണമൊരു പണിയായിത്തോന്നിയിട്ടേയില്ലെന്ന് പ്രവീൺ കട്ടായം പറയുന്നു.

മുടി പറ്റെവെട്ടുന്ന പെൺകുട്ടികളും മുടി നീട്ടി വളർത്തുന്ന ആൺകുട്ടികളുമൊക്കെ നമുക്ക് പരിചിതമായ കാഴ്ചകളായി മാറിയിട്ടുണ്ട് അല്ലേ?  എന്നാൽ, ഒരു മീറ്ററിൽ കൂടുതലുള്ള താടിയുമായി ലോകമത്സരത്തിൽ രണ്ടാമതെത്തുന്നത് അത്ര ചില്ലറക്കാര്യമല്ല. പ്രവീൺ പരമേശ്വറെന്ന മലയാളി, ലോകത്തിലെ വമ്പൻ താടിക്കാരോടേറ്റുമുട്ടി ഒരു ലോകമത്സരത്തിലെ രണ്ടാം സ്ഥാനക്കാരനായിരിക്കുകയാണ്. തന്‍റെ താടിക്കഥ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ് പ്രവീണ്‍. 

 

ലോകമത്സരത്തിലേക്ക്

ഒരു താടിയും കൊണ്ട് ‌എവിടംവരെ പോകും, വേണമെങ്കിൽ ലോകത്തിന്റെ അറ്റം വരെ പോകാം. മത്സരത്തെ കുറിച്ച് പ്രവീൺ പറയുന്നത്: 

''ഈ മത്സരത്തിന്റെ വിവരങ്ങളറിയുന്നത് അവരുടെതന്നെ മീൻബിയേർഡ് (MEANBEARD) എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി അവരീ മത്സരം നടത്തുന്നുണ്ട്. ഒരു ലോകമത്സരത്തിൽ പങ്കെടുക്കണമെന്നത് ഏറെനാളായിട്ടുള്ള ആ​ഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് ഇങ്ങനെയൊരവസരത്തെ കുറിച്ച് പറയുന്നത്. ഒന്നും ആലോചിച്ചില്ല, പങ്കെടുത്തു.'' 

താടിപ്രേമം തുടങ്ങുന്നതിങ്ങനെ

ലോകചാമ്പ്യൻഷിപ്പിൽ സമ്മാനമടിച്ചെടുത്ത ഈ താടി, പ്രവീണിങ്ങനെ സ്നേഹവും കെയറും കൊടുത്ത് വളർത്തിത്തുടങ്ങിയിട്ട് എട്ടൊമ്പത് വർഷമായി. എന്നാലും എപ്പോഴായിരിക്കും ഇങ്ങനെയൊരു പ്രേമം തോന്നിത്തുടങ്ങിയത്? 

''കുടുംബത്തിൽ അമ്മാവന്മാർക്കൊക്കെ താടിയുണ്ട്. അങ്ങനെയാണ് താടിയോടുള്ള ഇഷ്ടം എനിക്കുമുണ്ടാകുന്നത്. പഠിക്കുന്ന സമയത്താണെങ്കിൽ പൊടിപ്പൊടിത്താടിയും കുറ്റിത്താടിയുമൊക്കെ വക്കുകയേ ഉള്ളൂ. ബാക്കി വെട്ടിക്കളയും. പിന്നെ ജോലിക്ക് കേറിയല്ലോ. ഐടി മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. അവിടെ അത്രകണ്ട് താടി വളർത്താനൊന്നും സമ്മതിക്കില്ല. വീട്ടുകാർക്കും അന്നൊന്നും താടി വളർത്തുന്നതിനോട് താൽപര്യമൊന്നുമില്ല. പിന്നെ, ഐടി കമ്പനി വിട്ട് ആനിമേഷൻ സ്റ്റുഡിയോയിൽ ജോലിക്ക് കയറി. അവിടം മുതലാണ് താടി വച്ചു തുടങ്ങിയത്. ഇപ്പോ ഈ ഉള്ള താടി വളർത്തിത്തുടങ്ങീട്ട് എട്ടൊമ്പത് വർഷായി. അതിനിടയില് ചെറുതായി വെട്ടിക്കൊടുത്തിട്ടുണ്ട്. പിന്നെ തിരുപ്പതി അമ്പലത്തിൽ പോയപ്പോഴും പൂമുടി എന്ന ചടങ്ങിന്റെ ഭാ​ഗമായി ഒരിക്കൽ താടിയുംമുടിയും അറ്റംവെട്ടി. ഒരു സിനിമയിൽ അഭിനയിച്ച സമയത്ത് താടിയുടെ ഒരുഭാ​ഗം കട്ട് ചെയ്ത് കളഞ്ഞു. അന്ന് ഭയങ്കര വിഷമം തോന്നി. പിന്നെ പോയത് പോയി എന്ന് കരുതി.'' 

എന്നാലും എങ്ങനെയിതൊക്കെ സംരക്ഷിച്ചു പോകുന്നു?

ഈ താടിയും മുടിയുമൊക്കെ സംരക്ഷിച്ച് നിർത്തുകയെന്നത് അത്ര എളുപ്പമുള്ള പണിയൊന്നുമല്ലല്ലോ? പ്രത്യേകിച്ച് യാത്രകളും വെള്ളം മാറിയുള്ള കുളിയും ഒക്കെയാകുമ്പോൾ. എന്നാലും പ്രവീൺ എങ്ങനെയാവും ഈ താടിയിങ്ങനെ പൊട്ടലും പൊടിയലൊന്നുമില്ലാതെ സംരക്ഷിച്ച് കൊണ്ടുപോകുന്നത്. ആ താടിരഹസ്യം വെളിപ്പെടുത്താനും ആള് തയ്യാറായി:

''താടിയിൽ എണ്ണ ഉപയോ​ഗിക്കാറില്ല. രണ്ടുമൂന്നു ദിവസമൊക്കെ കൂടുമ്പോൾ ഷാംപൂ ഉപയോ​ഗിക്കും. കണ്ടീഷണറും ഉപയോ​ഗിക്കാറുണ്ട്. ശേഷം, ഹെയർ സിറം ഉപയോ​ഗിക്കും. താടിയിലെ കുരുക്കൊക്കെ പോകാൻ സിറം നല്ലതാണ്. അതുപോലെ, ബൈക്കിലൊക്കെ പോകുമ്പോൾ നന്നായി കെട്ടിവച്ചില്ലെങ്കിൽ മുടിയും താടിയും റഫ് ആകും. അത്തരം സാഹചര്യങ്ങളൊക്കെ ഒഴിവാക്കും. ഒരുദിവസം അരമണിക്കൂറെങ്കിലും താടിക്കുവേണ്ടി ചെലവാക്കും.'' 

പിന്നെ നമുക്ക് ഒരു കാര്യത്തോട് ഇഷ്ടവും ഡെഡിക്കേഷനുമുണ്ടെങ്കിൽ അതിനുവേണ്ടി സമയം ചെലവഴിക്കുന്നത് ഒരു പ്രയാസമല്ലല്ലോ? അതുകൊണ്ട്, ഈ താടിസംരക്ഷണമൊരു പണിയായിത്തോന്നിയിട്ടേയില്ലെന്ന് പ്രവീൺ കട്ടായം പറയുന്നു.

'ഇതെന്തൊര് താടിയാണിത്' എന്ന് കൗതുകം കൊള്ളുന്നവർ

അത്ര സാധാരണമല്ലാത്ത കാഴ്ചകളോട് നമ്മുടെ കണ്ണും മുഖവും പെട്ടെന്ന് പ്രതികരിക്കും അല്ലേ? അപ്പോപ്പിന്നെ ഈ ഒരു മീറ്ററിൽ കൂടുതൽ വരുന്ന, മുട്ടുവരെയെത്തുന്ന താടി കണ്ടാൽ ആളുകൾ നോക്കാതിരിക്കുമോ? ചിലർ നോക്കും, ചിലർ ചിരിക്കും, ചിലർ കാണാത്തപോലെ പോകും. എന്നാലും, ഇതിലൊരൽപം കൗതുകമുണ്ടെന്നത് സത്യമാണ്. അതിനാൽത്തന്നെ പലരും ഈ താടി തൊട്ടുനോക്കാനൊക്കെ വരാറുണ്ടെന്ന് പ്രവീൺ.

''ആളുകള് പലതരത്തിൽ പ്രതികരിക്കാറുണ്ട്. താടിയോടിഷ്ടമുള്ള ആളുകളുണ്ട്. പിന്നെ, ഇഷ്ടമൊക്കെയുണ്ട്, പക്ഷേ, സ്വന്തം ആളുകള് മുഖത്ത് വയ്ക്കുന്നതിന് താൽപര്യമില്ല അങ്ങനെയുള്ളവരുമുണ്ട്. എന്നെ കണ്ടിട്ട് പലരും പറഞ്ഞിള്ളത് 'പല താടികളും കണ്ടിട്ട് ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. പക്ഷേ, നിങ്ങളുടെ മുഖത്തെ താടി ഒരു പ്രത്യേകഭം​ഗി ഉണ്ട്' എന്നെല്ലാമാണ്. ചിലര് 'ഇതെങ്ങനെയാണ് മെയിന്റെയിൻ ചെയ്ത് പോകുന്നത്' എന്ന് ചോദിക്കും. ചിലര് റോഡീക്കൂടി പോകുമ്പോൾ താടി പിടിച്ചൊക്കെ നോക്കും. പ്രത്യേകിച്ച് സ്ത്രീകൾ. മിക്കവാറും അവരുടെ ഭർത്താക്കന്മാരായിരിക്കും വന്നിട്ട് റിക്വസ്റ്റ് ചെയ്യുന്നത്, 'അതേ വൈഫിന് നിങ്ങളുടെ താടിയൊന്ന് പിടിച്ചുനോക്കണമെന്നുണ്ട്, ബുദ്ധിമുട്ടുണ്ടോ' എന്ന്. പിന്നെ, കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. നമ്മുടെ മുഖത്ത് വളർത്തുന്ന താടിയാണെങ്കിലും ആധികാരികമായി വന്ന് തൊട്ടും പിടിച്ചും നോക്കുന്നവരൊക്കെയുണ്ട്. ഞാനതുമായി ഇപ്പോ പൊരുത്തപ്പെട്ടു.'' 

'എന്തുകൊണ്ടോ താടിയോട് ഒരു പ്രത്യേക ഇഷ്ടമാണ് ആളുകൾക്ക്...' മോഹൻലാൽ സ്റ്റൈലിൽ പറഞ്ഞിട്ട് ചിരിക്കുന്നു താടിക്കാരൻ.

ആദ്യം മത്സരിക്കുന്നത് ഡെൽഹിയിൽ

താടിയുമായി ഒരങ്കത്തിന് പ്രവീണാദ്യം വണ്ടി കേറിയത് രാജ്യതലസ്ഥാനത്തേക്കാണ്. ദില്ലിയിൽ വച്ച് ഇന്ത്യയിലെ പ്രധാന താടിക്കാരുമായി ഏറ്റുമുട്ടൽ. കന്നിപ്പോര് മോശമായില്ല. ഒന്നാം സമ്മാനം തന്നെ അടിച്ചെടുത്തു. എന്നാലും ഈ താടിയും വച്ച് നാട്ടിലാളാവാൻ താൽപര്യമില്ല പ്രവീണിന്. അതൊക്കെ അങ്ങ് പുറത്ത് എന്ന ലൈൻ തന്നെ. 

''നാട്ടിൽ അങ്ങനെ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. നമ്മുടെ നാട്ടിലെല്ലാം പരിചയക്കാരാണല്ലോ? പൊതുവേദികളിൽ വിധികർത്താവായിട്ടൊക്കെ പോകാറുണ്ട് ചിലപ്പോൾ. അപ്പോൾ ആളുകളൊക്കെ വന്ന് 'ചേട്ടാ ചേട്ടന്റെയൊക്കെ താടി കണ്ടിട്ടാണ് ഞങ്ങളൊക്കെ താടി വളർത്തുന്നതെ'ന്നൊക്കെ പറയാറുണ്ട്. ആദ്യമായിട്ട് ഡെൽഹിയിൽ നാഷണൽ ബിയേർഡ് ചാമ്പ്യൻഷിപ്പിലാണ് പങ്കെടുത്തത്. പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നുമൊക്കെയുള്ള പലതരത്തിലുള്ള താടിക്കാരവിടെയുണ്ടായിരുന്നു. സമ്മാനം വാങ്ങാമെന്നല്ല, അവരെയൊക്കെ കാണാം എന്നൊക്കെ കരുതിയിട്ടാണ് പോയത്. പക്ഷേ, ഒന്നാം സ്ഥാനം തന്നെ കിട്ടി.'' 

ഒന്നാംസ്ഥാനക്കാരനും ആറ്റിറ്റ്യൂഡും

ലോകമത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയതിന്റെ സന്തോഷവും ഒന്നാംസ്ഥാനം കിട്ടാത്തതിന്റെ വിഷമവുമൊക്കെയുണ്ടെങ്കിലും ഒന്നാമതെത്തിയ താടിക്കാരനെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ് പ്രവീണിന്. ഒരു താടിക്കാരന് മറ്റൊരു താടിക്കാരനോടുള്ള ഇഷ്ടം, സ്വാഭാവികം... 

''രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഭയങ്കര സന്തോഷമായി. ഒന്നാം സ്ഥാനം കിട്ടേണ്ടതായിരുന്നുവെന്ന് ജഡ്ജിങ് പാനൽ തന്നെ പറഞ്ഞിരുന്നു. ചാമ്പ്യനായത് കെവിൻ ബോളിം​ഗ് എന്നൊരാളാണ്. ആള് ഒന്നാമതെത്താനുള്ള പ്രാധാനകാരണം അദ്ദേഹത്തിന്റെ പ്രായം കൂടിയാണ്. ആൾക്ക് നല്ല പ്രായമുണ്ട്. പത്തമ്പത്തഞ്ച് വയസിനു മുകളിലൊക്കെ വരും. പുള്ളിക്കാരന് നേരത്തെ കൊളസ്ട്രോളും ഷു​ഗറുമൊക്കെ വന്നപ്പോൾ ജീവിതരീതി ഒന്ന് മാറ്റണമെന്ന് തോന്നി. അങ്ങനെ ജീവിതരീതി മാറ്റി. ആ സമയത്താണ് താടി വളർത്തണമെന്നൊരാ​ഗ്രഹം തോന്നുന്നതും താടി വളർത്തുന്നതുമെല്ലാം. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിനോടുള്ള ബഹുമാനം കൂടിയാണ് ആ ഒന്നാം സ്ഥാനം. മുടിയുടെ നീളവും ഓൺലൈൻ സപ്പോർട്ടുമെല്ലാം എനിക്ക് അനുകൂലമായിരുന്നു. എന്നാൽ, അദ്ദേഹത്തോട് ബഹുമാനം കാണിക്കേണ്ടതുണ്ടായിരുന്നു. ഒരപ്പൂപ്പൻ താടിയെന്ന നിലയിലൊരു സമ്മാനം... ആ താടി കാണാനും നല്ല രസമുണ്ട് കേട്ടോ. ഞാനൊരു വിധികർത്താവായിരുന്നുവെങ്കിൽ ഞാനും സ്വാഭാവികമായിട്ടും ആ താടിക്കേ സമ്മാനം കൊടുക്കുമായിരുന്നുള്ളൂ.'' 

''പിന്നെ, നമുക്ക് വരും വർഷവും പങ്കെടുക്കാമല്ലോ. അടുത്ത തവണ ആ സമ്മാനം നമ്മുടെ കൊച്ചുകേരളത്തിലേക്ക് കൊണ്ടുവരണമെന്നാണ് ആ​ഗ്രഹം. പിന്നെ, 2023 -ൽ ഇന്റർനാഷണലായി ഒരു ലൈവ് കോംപറ്റീഷനുണ്ട്. 2020 -ൽ നടത്തേണ്ട മത്സരം കൊറോണ കാരണം 23 -ലേക്ക് മാറ്റിയതാണ്. അതിലെനിക്ക് പങ്കെടുക്കണമെന്നുണ്ട്. മൂന്നുനാല് ലക്ഷം രൂപ അതിന് ചെലവ് വരുമെന്ന് തോന്നുന്നു. നല്ലൊരു സ്പോൺസറെ കിട്ടിയാൽ പങ്കെടുക്കണമെന്നാണ് ആ​ഗ്രഹം. ഇന്ത്യൻ പതാക പിടിച്ചിട്ട് അവിടെ നിൽക്കാൻ പറ്റുക എന്നതൊരു അഭിമാനമാവും. ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ? ഇതാണ് എന്റെ ഇഷ്ടം. ഇഷ്ടമായിട്ടോ കൗതുകമായിട്ടോ എന്തായും ഇതിനെ കണക്കാക്കാം.'' 

സിനിമയിൽ, ക്യാമറയ്ക്ക് പിന്നിലും മുന്നിലും

പത്തനംതിട്ടയിലെ അടൂരിനടുത്തുള്ള കൊടുമൺ ആണ് പ്രവീണിന്റെ സ്വദേശം. അച്ഛൻ പരമേശ്വര കുറുപ്പ്, അമ്മ ഇന്ദിരാ ദേവി. ഒരു പെങ്ങളുമുണ്ട്. പഠിച്ചത് പിജി ആനിമേഷൻ ഫിലിം ഡിസൈനാണ്. ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് എറണാകുളത്തേക്ക് വന്നു. ആ സമയത്താണ് സിനിമയിൽ ജോലി ചെയ്യുന്നത്.

''ആ സമയത്ത് ടൈറ്റിൽ ആനിമേഷനൊക്കെ ചെയ്യുമായിരുന്നു. അങ്ങനെ അഞ്ച് സുന്ദ​രികൾ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നേരം തുടങ്ങിയ സിനിമകളിലൊക്കെ ടൈറ്റിൽ ആനിമേഷനിൽ വർക്ക് ചെയ്തു. പിന്നെയാണ് അഭിനയവും മറ്റുമായിട്ട് നീങ്ങുന്നത്. ചെറിയചെറിയ വേഷങ്ങളൊക്കെ ചെയ്തു. ആടുപുലിയാട്ടം, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളൊക്കെ ചെയ്തു. ​ഗാന​ഗന്ധർവൻ ആണ് അവസാനം ചെയ്തത്. പഞ്ചി എന്നൊരു ഓഫ്ബീറ്റ് ഹിന്ദിപ‌ടത്തിൽ നായകനായിട്ട് വേഷം ചെയ്തു. വിവിധ ഭാഷകളിൽ നമിത നായികയായി വരുന്ന ബൗ വൗ എന്ന പടം ഷൂട്ടിം​ഗ് കഴിഞ്ഞിട്ടുണ്ട്. നമിതയുടെ ഭർത്താവായിട്ടാണ് വേഷം. എങ്കിലും, ഇതുവരെ ചെയ്തതിൽ സൺഡേ ഹോളിഡേയിലെ ഡയറക്ടറായിട്ടുള്ള വേഷമാണ് ശ്രദ്ധിക്കപ്പെട്ട വേഷം. ​ഗാന​ഗന്ധർവനിലെ വേഷവും നല്ലതായിരുന്നു. അഭിനയത്തിന് പുറമെ കുട്ടനാടൻ മാർപ്പാപ്പ, ലൂക്ക തുടങ്ങിയ ചിത്രങ്ങളിലൊക്കെ അസി. ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. ഒരു സിനിമ വരുന്നുണ്ട്. ഏപ്രിൽ ഒക്കെയാവുമ്പോൾ. ടൈറ്റിൽ അനൗൺസ് ചെയ്തിട്ടില്ല. സുരാജേട്ടനും നിമിഷയുമാണ് അഭിനയിക്കുന്നത്. അതൊക്കെയാണ് ക്യാമറയ്ക്ക് പിന്നിലെ വർക്കുകളുടെ വിശേഷം.'' 

ഏതായാലും ഈ ഒന്നൊന്നര താടിവച്ച് കേരളത്തിന്റെ പേരങ്ങ് ലോകത്തിന്റെ അറ്റം വരെയെത്തിക്കാനുള്ള ആ​ഗ്രഹവും ശ്രമവും ഉപേക്ഷിക്കുന്നില്ല പ്രവീൺ. ശ്ശോ, അപ്പോ ഈ താടിയെന്ന് പറയുന്നതത്ര ചില്ലറക്കാര്യമല്ല അല്ലേ?!! 

click me!