'കുടിയേറ്റം മനുഷ്യന്റെ തിരഞ്ഞെടുപ്പല്ല, അനിവാര്യതയായി മാറുന്നു'

Published : Nov 27, 2026, 04:23 PM IST
AGORA 26

Synopsis

കേരളത്തിന്റെ സാമ്പത്തിക അടിത്തറയായ കുടിയേറ്റം ആഗ്രഹമാണോ അതിജീവനമാണോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് ചർച്ച വിലയിരുത്തി.

മനുഷ്യവംശത്തിന്റെ ചരിത്രം പറയുമ്പോൾ കുടിയേറ്റത്തെ പരാമർശിക്കാതെ അതൊരിക്കലും കടന്നുപോവില്ല. മനുഷ്യവർഗ്ഗം അതിന്റെ തുടക്കം മുതൽ അതിജീവനത്തിനായി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കുടിയേറി പാർത്തിട്ടുണ്ട്. ഭക്ഷണത്തിന്റെ ലഭ്യതയ്ക്കനുസരിച്ചും, കാലാവസ്ഥ വ്യതിയാനങ്ങളെ മറികടക്കാനും മനുഷ്യവംശം കൂട്ടത്തോടെയും അല്ലാതെയും കുടിയേറി താമസിച്ചു. കാലങ്ങൾ മാറിയിട്ടും മനുഷ്യ വംശം ഇന്നും കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുന്നു.

കേരളത്തെ സംബന്ധിച്ച്, കേരളത്തിന്റെ സാമ്പത്തിക നിലയിൽ കാര്യമായി സംഭാവന നൽകിയിട്ടുള്ള ഒന്നായിരുന്നു 90 കളുടെ തുടക്കത്തിൽ കേരളത്തിൽ നിന്നും രൂപപ്പെട്ട ഗൾഫ് കുടിയേറ്റം. അതിനും മുൻപ് സിലോൺ, ബർമ്മ തുടങ്ങീ രാജ്യങ്ങളിലേക്കും കേരളത്തിൽ നിന്നും മനുഷ്യർ കുടിയേറിയിട്ടുണ്ട്. അത്തരത്തിൽ കുടിയേറ്റവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവും ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ അഗോറയിൽ ഇന്ന് ചർച്ച ചെയ്യപ്പെട്ടു. 'കുടിയേറ്റം: ആഗ്രഹമോ അതിജീവനമോ' എന്ന തലക്കെട്ടിൽ ഡോ. ജിനു സക്കറിയ ഉമ്മനും, റെജിമോൻ കുട്ടപ്പനുമാണ് ചർച്ചയിൽ പങ്കെടുത്തത്. അനുരാധ സുബ്രഹ്മണ്യനാണ് ചർച്ച മോഡറേറ്റ് ചെയ്തത്.

പ്രധാനമായും കുടിയേറ്റം എന്നത് മലയാളികളുടെ ആഗ്രഹമാണോ അതോ അതിജീവനമാണോ എന്നതിനെ കേന്ദ്രീകരിച്ച് മുന്നോട്ട് പോയ ചർച്ചയിൽ കേരളത്തിന്റെ കുടിയേറ്റ ചരിത്ര കുറിച്ച് ഡോ. ജിനു സക്കറിയ സംസാരിക്കുകയുണ്ടായി. ജാതി വ്യവസ്ഥ നിലനിന്നിരുന്നത് കൊണ്ട് തന്നെ പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താനോ മറ്റോ അടിസ്ഥാനജനവിഭാഗങ്ങൾക്ക് സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 90 കളിൽ തൊഴിലിലായ്മ രൂക്ഷമായതിനെ തുടർന്ന് വലിയ രീതിയിൽ ഗൾഫ് കുടിയേറ്റം രൂപപ്പെട്ടെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള തൊഴിലാളികളെ തൊഴിലുടമസ്ഥർ തിരഞ്ഞെടുക്കുമ്പോൾ പൊതുവെ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ അക്കാലത്ത് തിരഞ്ഞെടുക്കപ്പട്ടിരുന്നുവെന്നും ചർച്ചയിൽ അദ്ദേഹം ചൂണ്ടികാണിച്ചു. കൂടാതെ കേരളം എല്ലാകാലത്തും ഗ്ലോബൽ ലേബർ ട്രെൻഡിനനുസരിച്ച് നീങ്ങുന്ന സംസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

കേരളത്തിൽ നിന്നും പ്രത്യേക തൊഴിലിൽ പരിശീലനം നേടിയ ഒരു തൊഴിലാളി ആ ജോലിക്കായി മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുമ്പോൾ അയാൾക്ക് പകരമായി ബീഹാറിൽ നിന്നോ ബംഗാളിൽ നിന്നോ യുപിയിൽ നിന്നോ മറ്റൊരു തൊഴിലാളി അയാൾക്ക് പകരമായി തൊഴിലിലേക്ക് എത്തുന്ന റീപ്ലേസ്മെന്റ് മൈഗ്രേഷനെ കുറിച്ചും ജിനു സക്കറിയ ചൂണ്ടികാണിച്ചു.

എന്നാൽ കുടിയേറ്റം എന്നത് ഒരു ചോയ്‌സ് ആയിരിക്കണമെന്നും, കേരളത്തിൽ കുടിയേറ്റം മനുഷ്യന്റെ ഒരു ചോയ്‌സ് ആയല്ല കണക്കാക്കുന്നതെന്നുമാണ് റെജിമോൻ കുട്ടപ്പൻ പറയുന്നത്. ലോകത്താകമാനം കാലാവസ്ഥ വ്യതിയാനം, ആഭ്യന്തര കലാപങ്ങൾ, യുദ്ധം തുടങ്ങീ പല കാരണങ്ങളാൽ ഇന്ന് കുടിയേറ്റം നടക്കുന്നുണ്ടെന്നും, ഇന്ത്യൻ സാഹചര്യത്തിൽ കുടിയേറ്റത്തിന് പ്രധാന കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മ ആണെന്നും റെജിമോൻ കുട്ടപ്പൻ ചൂണ്ടിക്കാണിക്കുന്നു.

റഷ്യ- യുക്രൈൻ യുദ്ധത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ഉൾപ്പെട്ട് മലയാളികളായ സന്ദീപ് ചന്ദ്രൻ എന്ന യുവാവിനെ കുറിച്ചും വലിയ രീതിയിൽ റഷ്യൻ പട്ടാളത്തിലേക്ക് മലയാളികൾ കയറ്റി അയക്കപ്പെടുന്നുവെന്നും കഴിഞ്ഞ രണ്ട വർഷത്തിനിടയിലെ വാർത്തകളെ മുൻനിർത്തി റെജിമോൻ കുട്ടപ്പൻ വിശദീകരിച്ചു. അതുകൊണ്ട് തന്നെ ഇവിടെ കുടിയേറ്റം ഒരിക്കലും ഒരു തിരഞ്ഞെടുപ്പല്ലെന്നും അനിവാര്യതയായി മാറുന്നുവെന്നും റെജിമോൻ കുട്ടപ്പൻ പറയുന്നു.

കൂടാതെ വിദ്യാർത്ഥികളും മറ്റും യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപകമായി കുടിയേറുന്നത് പഠനം മാത്രം മുന്നിൽ കണ്ടുകൊണ്ടല്ലന്നും, അതിന് പിന്നിൽ ആ രാജ്യത്തെ പെർമനന്റ് റെസിഡൻസി കൂടി ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. നഴ്‌സിംഗ് ജോലിക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മനുഷ്യർ കേവലം കെയർ ഗിവർ ജോലി ചെയ്യുന്നതിലൂടെ ഡീസ്‌കില്ലിങ് എന്ന അവസ്ഥയാണ് നേരിടുന്നതെന്നും ചർച്ചയിൽ പ്രധാനമായി ഉയർന്നുവന്ന കാര്യമാണ്. കേരളത്തിൽ സ്വകാര്യ യൂണിവേഴ്‌സിറ്റികൾ കൊണ്ടുവന്നത് കൊണ്ട് മാത്രം വിദ്യാർത്ഥികളുടെ കുടിയേറ്റം തടയാൻ കഴിയില്ലെന്നും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും ജോലി ചെയ്യാനുള്ള മികച്ച ഭൗതികസാഹചര്യങ്ങൾ ഒരുക്കിയാൽ മാത്രമേ ഇത്തരം കുടിയേറ്റങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിയൂവെന്നും ചർച്ചയുടെ അവസാനം പാനലിസ്റ്റുകൾ പറയുകയുണ്ടായി.

PREV
Read more Articles on
click me!

Recommended Stories

കാത്തിരിപ്പവസാനിക്കുന്നു, 'അ​ഗോറ' നാളെ മുതൽ, അറിവിന്റെയും ആശയങ്ങളുടെയും ഉത്സവത്തിൽ എന്തൊക്കെയുണ്ട്?
ലോകം ഉറ്റുനോക്കുന്ന മലയാളി സംരംഭകർ കനകക്കുന്നിലേക്ക്; ‘അഗോറ ’26’-ന് ആവേശം പകരാൻ ശിവൻ സന്തോഷും ലിയോ മാവേലിയും