
ഭൂമിയിൽ കൊതുകുകൾ ഇല്ലാത്ത ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നായി ദീർഘകാലം അറിയപ്പെട്ടിരുന്ന രാജ്യമാണ് ഐസ്‌ലാൻഡ്. എന്നാല്‍ ആഗോളതാപനം, ഗതാഗതത്തിന്‍റെ വർദ്ധനവ് എന്നിവ ലോകമെമ്പാടുമുള്ള ആവാസ വ്യവസ്ഥകളെ മാറ്റിയെഴുതുന്നതിന്‍റെ ഫലമായി, 2025 ഒക്ടോബറിൽ ഐസ്‌ലാൻഡിൽ ആദ്യമായി കൊതുകുകളെ കണ്ടെത്തി. ഇന്ന് ഇത് ശാസ്ത്രലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഈ കണ്ടെത്തലിന്‍റെ പിന്നിലെ രസകരമായ കാരണങ്ങളെ കുറിച്ചറിയാം.
ലോകത്തെ മിക്ക തണുപ്പുള്ള പ്രദേശങ്ങളിലും (ഗ്രീൻലാൻഡിലും വടക്കൻ സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ഉൾപ്പെടെ) കൊതുകുകൾ ഉണ്ട്. എന്നിട്ടും ഐസ്‌ലാൻഡിൽ മാത്രം കൊതുകുകൾ ഇല്ലായിരുന്നു. ഇതേ കുറിച്ച് പരമ്പരാഗതമായി നിലനിന്നിരുന്ന പ്രധാന സിദ്ധാന്തം, ഐസ്‌ലാൻഡിലെ മരവിപ്പ് - അഴുകൽ ചക്രമാണ്. (Freeze-Thaw Cycle). കൊതുകുകൾക്ക് അവയുടെ ജീവിതചക്രം പൂർത്തിയാക്കാൻ സ്ഥിരമായ സാഹചര്യങ്ങൾ ആവശ്യമാണ്. മുട്ടയിടാൻ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ലാർവകൾ വളരണം. വർഷത്തിൽ ഒറ്റത്തവണ മാത്രം മഞ്ഞുരുകുന്ന ധ്രുവപ്രദേശങ്ങളിൽ തണുപ്പിനെ അതിജീവിക്കാൻ കൊതുകുകൾക്ക് സാധാരണയായി സാധിക്കും. എന്നാൽ, ഐസ്‌ലാൻഡിലെ കാലാവസ്ഥയിൽ, കഠിനമായ തണുപ്പിനിടയിൽ പോലും ഇടയ്ക്കിടെ താപനില ഉയരുകയും മഞ്ഞുരുകുകയും ചെയ്യും. ഈ അപ്രതീക്ഷിത മഞ്ഞുരുകൽ കാരണം, ലാർവകൾ നേരത്തേ വിരിയുകയും, വീണ്ടും കഠിനമായ മരവിപ്പുണ്ടാകുമ്പോൾ അവ നശിച്ചു പോവുകയും ചെയ്യും. ചുരുക്കത്തിൽ, സ്ഥിരതയില്ലാത്ത കാലാവസ്ഥ കൊതുകുകളുടെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കാതെ അവയെ ഇല്ലാതാക്കി.
2025 ഒക്ടോബറിൽ, റെയ്‌ക്ജാവിക്കിന് വടക്കുള്ള ക്‌ജോസ് (Kjos) എന്ന താഴ്‌വരയിൽ നിന്നാണ് ആദ്യമായി കൊതുകുകളെ കണ്ടെത്തിയത്. ബിയോൺ ഹ്ജാൽട്ടാസൺ എന്ന പ്രാദേശിക പ്രാണീ അന്വേഷി, മോഷുകളെ ആകർഷിക്കാൻ ഉപയോഗിച്ച വൈൻ കെണികളിൽ നിന്നാണ് മൂന്ന് കൊതുകുകളെ (രണ്ട് പെണ്ണും ഒരു ആണും) കണ്ടെത്തിയത്. ഐസ്‌ലാൻഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ശാസ്ത്രജ്ഞർ ഇവ 'കുലിസെറ്റ ആനുലാറ്റ' (Culiseta annulata) എന്ന ഇനത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. യൂറോപ്പിലും വടക്കൻ ആഫ്രിക്കയിലും കാണപ്പെടുന്നതും തണുപ്പിനെ പ്രതിരോധിക്കാൻ കഴിവുള്ളതുമായ ഒരിനം കൊതുകാണിവ.
(കുലിസെറ്റ ആനുലാറ്റ)
ഈ കണ്ടെത്തലിന് പിന്നിലെ കാരണമായി ശാസ്ത്രജ്ഞർ രണ്ട് സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. അതില ആദ്യത്തേത് കാലാവസ്ഥാ വ്യതിയാനം തന്നെ. ഐസ്‌ലാൻഡിലെ താപനില, പ്രത്യേകിച്ച് ശൈത്യകാലത്ത്, മുൻ വർഷങ്ങളേക്കാൾ വർദ്ധിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2025-ൽ റെക്കോർഡ് താപനിലയും കൂടുതൽ ദിവസം നീണ്ടുനിന്ന ചൂടുള്ള കാലയളവുകളും ഐസ്‌ലാൻഡിൽ രേഖപ്പെടുത്തിയിരുന്നു. ഈ താപനില വർദ്ധനവ്, കൊതുകുകൾക്ക് അതിജീവനത്തിന് ആവശ്യമായ "സുരക്ഷിത കാലയളവ്" (Seasonal Window) നൽകുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള കുലിസെറ്റ ആനുലാറ്റ പോലുള്ള ഇനങ്ങൾക്ക് ഇത് ഒരു അവസരമായി മാറാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടാമത്തെ കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത് ആഗോള ഗതാഗതത്തെയാണ്. ഈ പ്രാണികൾ കപ്പലുകളിലൂടെയോ ചരക്ക് കണ്ടെയ്‌നറുകളിലൂടെയോ ആകസ്മികമായി ഐസ്‌ലാൻഡിലേക്ക് എത്തിപ്പെട്ടതാകാം. വർദ്ധിച്ച അന്താരാഷ്ട്രാ വ്യാപാരവും യാത്രാസൗകര്യങ്ങളും കൊതുകുകൾ അടക്കമുള്ള അന്യദേശ ജീവികൾക്ക് പുതിയ ഇടങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത വളരെ ഏറെ വർദ്ധിപ്പിക്കുന്നു.
നിലവിൽ, ഈ കൊതുകുകൾ ഐസ്‌ലാൻഡിൽ സ്ഥിരമായി പ്രജനനം ആരംഭിച്ചോ എന്നറിയാൻ അടുത്ത വസന്തകാലം വരെയുള്ള നിരീക്ഷണം ആവശ്യമാണ്. ഇപ്പോൾ കണ്ടെത്തിയ കൊതുകുകൾ രോഗം പരത്താനുള്ള സാധ്യത കുറവാണെങ്കിലും, ലോകത്തിലെ അവസാനത്തെ കൊതുകുരഹിത പ്രദേശങ്ങളിൽ ഒന്നിന്‍റെ പ്രതിരോധം തകർന്നത് പാരിസ്ഥിതിക ഭീഷിയായാണ് ശാസ്ത്രലോകം കാണുന്നത്. അത് കൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് ഈ കണ്ടെത്തലിനെ ശാസ്ത്രലോകം കാണുന്നത്.