'പദ്ധതികൾ ഇല്ലാത്തതല്ല, നടപ്പാക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം'; അഗോറയിൽ 'മഹാ തിരുവനന്തപുരം' പ്ലാൻ അവതരിപ്പിച്ച് എൻ മഹേഷ്

Published : Nov 27, 2026, 11:44 PM IST
Greater Thiruvananthapuram

Synopsis

അടുത്ത 25-30 വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ 30 ലക്ഷം ജനസംഖ്യയുള്ള മഹാനഗരമായി വികസിപ്പിക്കാനുള്ള നിർദേശങ്ങൾ എൻ. മഹേഷ് അവതരിപ്പിക്കുന്നു. ഗ്രേറ്റർ ട്രിവാൻഡ്രം, പുതിയ വിമാനത്താവളം, ഗതാഗത പരിഷ്കാരങ്ങൾ എന്നിവയാണ് പ്രധാന പദ്ധതികൾ.

അടുത്ത 25 മുതൽ 30 വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ 30 ലക്ഷം ജനസംഖ്യയെ ഉൾക്കൊള്ളുന്ന മഹാനഗരമായി വികസിപ്പിക്കണമെന്ന നിർദേശവുമായി നഗരാസൂത്രണ വികസന രംഗത്തെ വിദഗ്ധൻ എൻ. മഹേഷ്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അഗോറയിൽ 'മഹാ തിരുവനന്തപുരം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളില്ലാത്തതല്ല, അത് നടപ്പാക്കാൻ കോർപ്പറേഷനും സർക്കാറും മുന്നിട്ടിറങ്ങാത്തതാണ് നഗര വികസനം വഴിമുട്ടിനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സീനിയർ ആർക്കിടെക്റ്റുമാർ, ആർക്കിടെക്ചർ കോളേജ് പ്രിൻസിപ്പൽമാർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത വികസന ചർച്ചയിലാണ് തിരുവനന്തപുരത്തിന്‍റെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള വിവിധ ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചത്.

നഗരത്തിന് വിശ്വസനീയവും സമഗ്രവുമായ ഒരു മാസ്റ്റർ പ്ലാൻ ഇല്ലാത്തതല്ല മറിച്ച് അവ പ്രാവർത്തികമാക്കുന്നതിലെ ഭരണപരാജയമാണ് പ്രധാന വെല്ലുവിളിയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നിലവിൽ ടൗൺ പ്ലാനിങ് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത് ഭൂവിനിയോഗ പദ്ധതിയാണെന്നും അതിനെ സമ്പൂർണ മാസ്റ്റർ പ്ലാനായി കാണാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഡ് വികസനം, ജംഗ്ഷൻ വികസനം, ഗതാഗത കണക്റ്റിവിറ്റി, വരാനിരിക്കുന്ന മെട്രോ സംവിധാനവുമായുള്ള ഏകോപനം തുടങ്ങിയ നിർണായക ഘടകങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന പദ്ധതിയാണ് തലസ്ഥാന നഗരിക്ക് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള കഡാസ്ട്രൽ പ്ലാനിൽ സർവേ നമ്പറുകളും ഭൂമിയുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അത് മാത്രം നഗരത്തിന്‍റെ ദീർഘകാല വികസനത്തിന് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

2050 -ഓടെ മഹാ തിരുവനന്തപുരം

തിരുവനന്തപുരത്തിന്‍റെ വികസനത്തിനായി മുന്നോട്ടുവെച്ച പ്രധാന നിർദേശം 'മഹാ തിരുവനന്തപുരം' അഥവാ ഗ്രേറ്റർ ട്രിവാൻഡ്രം എന്ന ആശയമാണ്. നിലവിലുള്ള നഗരപരിധിക്ക് പുറത്തേക്ക് വികസനം വ്യാപിപ്പിച്ച് നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല തുടങ്ങിയ നഗരപ്രദേശങ്ങളെ തിരുവനന്തപുരം നഗരവുമായി ബന്ധിപ്പിച്ച് വലിയ നഗരമേഖല രൂപീകരിക്കുകയാണ് ലക്ഷ്യം.

അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2020 -ൽ 214 ചതുരശ്ര കിലോമീറ്ററായിരുന്ന നഗരമേഖല 2030-ഓടെ 412 ചതുരശ്ര കിലോമീറ്ററായും 2050 -ഓടെ 640 ചതുരശ്ര കിലോമീറ്ററായും വികസിപ്പിക്കാനാണ് നിർദേശം. ഇതിലൂടെ 2050 -ഓടെ ഏകദേശം 30 ലക്ഷം ജനങ്ങൾ താമസിക്കുന്ന വലിയ നഗരമേഖല രൂപപ്പെടുമെന്ന് കണക്കുകൂട്ടുന്നു. വിവിധ നഗരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഔട്ടർ റിങ് റോഡ് ഈ വികസനത്തിന്‍റെ പ്രധാന അടിസ്ഥാന സൗകര്യമായിരിക്കും.

മൂന്ന് റിങ് റോഡുകൾ, പുതിയ ഗതാഗത ശൃംഖല

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇന്നർ റിങ് റോഡ്, മിഡിൽ റിങ് റോഡ്, ഔട്ടർ റിങ് റോഡ് എന്നിങ്ങനെ മൂന്ന് റിങ് റോഡുകൾ വികസിപ്പിക്കണമെന്നാണ് മറ്റൊരു നിർദേശം. ഇവയെ നെടുമങ്ങാട്, പോത്തൻകോട്, കാട്ടാക്കട, നെയ്യാറ്റിൻകര, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലേക്ക് നീളുന്ന റേഡിയൽ റോഡുകളുമായി അത് ബന്ധിപ്പിക്കും. ചിലന്തിവലയുടെ മാതൃകയിലുള്ള ഈ ഹബ് ആൻഡ് സ്പോക്ക് ഗതാഗത ശൃംഖല നഗരത്തിനകത്തും പുറത്തുമുള്ള യാത്ര സുഗമമാക്കാൻ സഹായിക്കുമെന്ന് വിലയിരുത്തുന്നു.

ദേശീയപാത ബൈപാസിലെ ഗതാഗത സമ്മർദം കുറയ്ക്കാൻ കഴക്കൂട്ടം ഭാഗത്തെ കുഴിവിള, വെമ്പായംവട്ടം, ചാക്ക, ഈഞ്ചയ്ക്കൽ തുടങ്ങിയ ജംഗ്ഷനുകളിൽ ഗ്രേഡ് സെപ്പറേറ്ററുകളും എലിവേറ്റഡ് റോഡുകളും നിർമിക്കാനും നിർദേശമുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള ഗതാഗതം ഉള്ളൂർ, പട്ടം, പാളയം, കരമന തുടങ്ങിയ നഗരകേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കാനായാൽ നഗരത്തിലെ യാത്രാസമയം കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തിന് പുതിയ വിമാനത്താവളം: രണ്ട് സാധ്യതകൾ

നിലവിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പരിമിതമായ ഭൂവിസ്തൃതിയും ഭാവിയിലെ യാത്രക്കാരുടെ വർധനയും പരിഗണിച്ച് പുതിയ വിമാനത്താവളം നിർമിക്കാനുള്ള രണ്ട് പ്രധാന സാധ്യതകളാണ് അവതരിപ്പിച്ചത്.

നിലവിലുള്ള വിമാനത്താവളത്തിന് ഏകദേശം 625 ഏക്കർ മാത്രമാണ് വിസ്തൃതിയുള്ളതെന്നും വലിയ വിമാനത്താവളങ്ങൾക്ക് സാധാരണയായി 2,000 മുതൽ 4,000 ഏക്കർ വരെ സ്ഥലം ആവശ്യമായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ നിർദേശം കടലിൽ ഭൂമി വീണ്ടെടുത്ത് ഓഫ്‌ഷോർ വിമാനത്താവളം നിർമിക്കുകയെന്നതാണ്. ദുബായ്, അബുദാബി, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിലെ കടൽനികത്തൽ മാതൃകകൾ ഇതിന് ഉദാഹരണമായി പദ്ധതി ചൂണ്ടിക്കാട്ടുന്നു.

രണ്ടാമത്തെ നിർദേശം ഔട്ടർ റിങ് റോഡിന് സമീപം വെമ്പായത്തിന് വടക്കുള്ള പ്രദേശത്ത് ഏകദേശം 4,000 ഏക്കറിൽ പുതിയ വിമാനത്താവളം സ്ഥാപിക്കുകയെന്നതാണ്. നിലവിൽ നിർദേശിച്ചിട്ടുള്ള ഔട്ടർ റിങ് റോഡുമായി അഞ്ച് കിലോമീറ്ററിനുള്ളിൽ വിമാനത്താവളത്തെ ബന്ധിപ്പിക്കാനും ഇതിലൂടെ കഴിയും. റബ്ബർ തോട്ടങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ പരിഗണിക്കുന്നതിലൂടെ വലിയ തോതിലുള്ള ജനങ്ങളുടെ പുനരധിവാസം ഒഴിവാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊന്മുടി മേഖലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളും ഇഎഫ്എൽ ഭൂമികളും ഒഴിവാക്കി പരിസ്ഥിതി നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം വിമാനത്താവളത്തിന്‍റെ സ്ഥാനം നിശ്ചയിക്കേണ്ടതെന്നും നിർദേശിച്ചു.

മെട്രോയ്ക്ക് അനുബന്ധമായി പോഡ് കാർ സംവിധാനം

നഗരത്തിലെ പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാൻ മെട്രോ സംവിധാനത്തിനൊപ്പം പേഴ്സണൽ റാപ്പിഡ് പോഡ്കാർ ട്രാൻസിറ്റ് സംവിധാനം കൊണ്ടുവരണമെന്ന ആശയവും അവതരിപ്പിച്ചു. 16 - 20 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ ഓട്ടോമേറ്റഡ് പോഡുകളാണ് ഇതിന്‍റെ പ്രത്യേകത.

പട്ടം, പാളയം, കരമന തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന നിർദിഷ്ട മെട്രോ സംവിധാനവുമായി ബന്ധിപ്പിച്ച് കിഴക്കേക്കോട്ട, വഞ്ചിയൂർ, ജനറൽ ആശുപത്രി, കുടപ്പനക്കുന്ന് തുടങ്ങിയ മേഖലകളിലേക്ക് ഫീഡർ ഗതാഗത സൗകര്യം ഒരുക്കാനാണ് ലക്ഷ്യം. പ്രധാന മെട്രോ ശൃംഖലയിലേക്ക് ആളുകളെ എത്തിക്കുന്ന സ്വതന്ത്രമായ അനുബന്ധ ഗതാഗത സംവിധാനമായിരിക്കും പോഡ് കാർ പദ്ധതി. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ എത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

വിമാനത്താവള റൺവേയ്ക്ക് താഴെ ഭൂഗർഭ പാത

വിമാനത്താവളത്തിന് സമീപമുള്ള റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി റൺവേയ്ക്ക് അടിയിലൂടെ ഭൂഗർഭ റോഡ് നിർമിക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചു. ചാക്ക ബൈപാസ് ഭാഗത്തുനിന്ന് നേരിട്ട് ശംഖുമുഖം ബീച്ച് ഭാഗത്തേക്ക് എത്താൻ കഴിയുന്ന നാലോ ആറോ വരിയുള്ള അണ്ടർപാസാണ് വിഭാവനം ചെയ്യുന്നത്.

നിലവിൽ വിമാനത്താവള റൺവേയ്ക്ക് ചുറ്റും സഞ്ചരിച്ച് ബീച്ചിലെത്തേണ്ട സാഹചര്യം ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും. ഓരോ യാത്രയ്ക്കും ഏകദേശം രണ്ടര കിലോമീറ്റർ ദൂരം ലാഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഡൽഹി വിമാനത്താവളത്തിൽ സമാനമായ ഭൂഗർഭ ഗതാഗത സംവിധാനങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനസുരക്ഷയും സാങ്കേതിക നിയന്ത്രണങ്ങളും കണക്കിലെടുത്ത് വിശദമായ സാധ്യതാപഠനം ആവശ്യമാണ്.

കഴക്കൂട്ടത്തും ചാക്കയിലും ട്രംപറ്റ് ഇന്‍റർചേഞ്ചുകൾ

ദേശീയപാതയിലെ ഗതാഗതം സുഗമമാക്കുന്നതിനായി കഴക്കൂട്ടം, ഉള്ളൂർ, ചാക്ക മേഖലകളിൽ പ്രത്യേക ഗ്രേഡ് സെപ്പറേറ്റർ സംവിധാനങ്ങൾ നിർമിക്കാനും നിർദേശമുണ്ട്. കഴക്കൂട്ടം ഭാഗത്ത് ഡബിൾ ട്രംപറ്റ് ഇന്‍റർചേഞ്ചും ചാക്കയിൽ സിംഗിൾ ട്രംപറ്റ് ഇന്‍റർചേഞ്ചുമാണ് വിഭാവനം ചെയ്യുന്നത്. ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾക്ക് ജംഗ്ഷനുകളിൽ നേരിട്ട് കാത്തുനിൽക്കാതെ വിവിധ ദിശകളിലേക്ക് സഞ്ചരിക്കാനാകും. ദേശീയപാതയിൽ നിന്ന് നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുഗമമായ ഗതാഗത സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

ആമയിഴഞ്ചാൻ നദീതീരത്ത് റിവർ വാക്ക് പ്രൊമനേഡ്

നഗരത്തിന്‍റെ പരിസ്ഥിതി സൗഹൃദ വികസനത്തിനായി ആമയിഴഞ്ചാൻ തോടിന്‍റെ ഇരുകരകളിലും റിവർ വാക്ക് പ്രൊമനേഡ് നിർമിക്കണമെന്ന നിർദേശവും ശ്രദ്ധേയമാണ്. പ്രഭാത - സായാഹ്ന നടത്തത്തിനായി നടപ്പാതകൾ, തണൽമരങ്ങൾ, പൊതുജനങ്ങൾക്ക് വിശ്രമിക്കാനുള്ള ഇടങ്ങൾ എന്നിവ ഒരുക്കുന്നതാണ് പദ്ധതി.

നദീതീരത്ത് ജനങ്ങളുടെ സാന്നിധ്യവും നിരീക്ഷണവും വർധിക്കുന്നതിലൂടെ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും ജലാശയത്തിന്‍റെ പരിപാലനം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് വിലയിരുത്തൽ. പദ്ധതിക്ക് ഏകദേശം 200 മുതൽ 280 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായും നബാർഡ് ധനസഹായം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശദമായ നിർദേശം നഗരസഭാ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാധാരണക്കാരെയും ഉൾക്കൊള്ളുന്ന വികസനം വേണം

അവതരിപ്പിച്ച വികസന നിർദേശങ്ങൾ സ്വകാര്യ വാഹനയാത്രക്കാർക്ക് മാത്രമുള്ളതാണോയെന്ന ചോദ്യം സദസ്സിൽ ഉയർന്നു. ബസുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ യാത്രക്കാർ, കാൽനടയാത്രക്കാർ, തെരുവുകച്ചവടക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരുടെ ആവശ്യങ്ങൾ വികസനപദ്ധതികളിൽ ഉൾപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യവും ചർച്ചയായി.

ഇതിന് മറുപടിയായി അവതരിപ്പിച്ചത് നഗരത്തിന്‍റെ സമഗ്ര മാസ്റ്റർ പ്ലാനല്ലെന്നും വികസനത്തിന് പ്രചോദനമാകുന്ന ഏതാനും ഒറ്റപ്പെട്ട ആശയങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്രമായ നഗരവികസന പദ്ധതിയിൽ നടപ്പാതകൾ, സൈക്കിൾ പാതകൾ, ബസ് റാപ്പിഡ് ട്രാൻസിറ്റ്, ഓട്ടോറിക്ഷാ സൗകര്യങ്ങൾ, കാൽനട മേഖലകൾ, പൊതുഗതാഗതം, തെരുവുകച്ചവടക്കാർക്കുള്ള ഇടങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തണം. ചാല ബസാർ, നെടുമങ്ങാട് മാർക്കറ്റ് തുടങ്ങിയ വ്യാപാരമേഖലകളെ വാഹനനിയന്ത്രിത കാൽനട മേഖലകളാക്കി മാറ്റാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗരത്തിന്‍റെ ഭാവി വികസനത്തിന് 100 -ഓളം ആശയങ്ങൾ മുന്നോട്ടുവയ്ക്കാൻ കഴിയുമെന്നും അവയിൽ പ്രായോഗികവും സാമ്പത്തികമായി നടപ്പാക്കാൻ കഴിയുന്നതുമായ പദ്ധതികൾ കണ്ടെത്തി ഘട്ടംഘട്ടമായി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത് മുമ്പ് നഗരസഭയ്ക്ക് നൽകിയ നഗരവികസന പദ്ധതികൾ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും പദ്ധതികൾ ഇല്ലാത്തതല്ല, മറിച്ച് അത് പ്രായോഗികവത്ക്കരിക്കാൻ കോർപ്പറേഷനും സർക്കാരും മുന്നിട്ടിറങ്ങാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിന്‍റെ വികസനം കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമാണത്തിൽ മാത്രം ഒതുങ്ങാതെ പൊതുജനങ്ങളുടെ ജീവിതനിലവാരം, പരിസ്ഥിതി സംരക്ഷണം, ഗതാഗത നീതി, സാമൂഹിക ഉൾക്കൊള്ളൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കണമെന്ന ആശയവും ചർച്ചയിൽ ഉയർന്നുവന്നു.

എൻ മഹേഷ്

ആർക്കിടെക്റ്റും, അക്കാദമിക് വിദഗ്ധനും, സ്ഥാപന ശില്പിയുമാ എൻ. മഹേഷ്. ഇന്ത്യയിലെ പ്രമുഖ വാസ്തുശില്പികളിൽ ഒരാൾ. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ (CET) നിന്ന് 1972-ലെ ബി.ആർക്ക് (B.Arch) ബാച്ചിൽ ഒന്നാം റാങ്ക് നേടിയ അദ്ദേഹം, 'അയ്യർ ആൻഡ് മഹേഷ് ആർക്കിടെക്റ്റ്‌സ്' (Iyer & Mahesh Architects) എന്ന സ്ഥാപനത്തിലൂടെ, ഒരു കോടി ചതുരശ്ര അടിയിലധികം വിസ്തൃതി വരുന്ന 1000 -ത്തിലധികം പ്രോജക്റ്റുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 'ആർക്കിടെക്ചറൽ ഡൈജസ്റ്റ്' (Architectural Digest) ഏർപ്പെടുത്തിയ 'AD50' പട്ടിക, IIID ഡിസൈൻ എക്സലൻസ് അവാർഡ്, IIA NATCON പ്രസിഡൻഷ്യൽ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2011 -ൽ അദ്ദേഹം 'കോളേജ് ഓഫ് ആർക്കിടെക്ചർ ട്രിവാൻഡ്രം' (College of Architecture Trivandrum) സ്ഥാപിച്ചു. നിലവിൽ അതിന്റെ ചെയർമാനായും മാനേജിംഗ് ട്രസ്റ്റിയായും പ്രവർത്തിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മഞ്ചേരിയിൽ നിന്ന് എവറസ്റ്റിന്‍റെ നെറുകയിൽ; നിശ്ചയദാർഢ്യം കൊണ്ട് ഉയരങ്ങൾ കീഴടക്കി സുഹ്റ
പായ്ക്കറ്റ് ഭക്ഷണങ്ങളോട് വിടപറയാം, വീട്ടിലെ രുചിയിലേക്ക് മടങ്ങാം; ആരോഗ്യകരമായ ഭക്ഷണരീതിക്ക് വഴികാട്ടിയായി അഗോറ 26