മഞ്ചേരി സ്വദേശിയായ 41-കാരി സുഹ്റ ചെറുകപ്പള്ളി എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിതയായി മാറി. പ്രതികൂല കാലാവസ്ഥയും ഡെത്ത് സോണിലെ വെല്ലുവിളികളും അതിജീവിച്ചാണ് രണ്ട് മക്കളുടെ അമ്മയായ അവർ ഈ ചരിത്രനേട്ടം കരസ്ഥമാക്കിയത്.
നിശ്ചയദാർഢ്യത്തിന് എവറസ്റ്റിനേക്കാൾ ഉയരമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ചേരിക്കാരി സുഹ്റ ചെറുകപ്പള്ളി. സമുദ്രനിരപ്പിൽ നിന്ന് 8,848.86 മീറ്റർ ഉയരത്തിൽ എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതയെന്ന ചരിത്ര നേട്ടമാണ് സുഹ്റ സ്വന്തമാക്കിയത്. രണ്ട് മക്കളുടെ അമ്മയായ 41-കാരി എവറസ്റ്റിലേക്കുള്ള യാത്രയിൽ താണ്ടിയ കടമ്പകൾ ഏറെ. മുൻപ് കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പാതിവഴിയിൽ പിന്മാറേണ്ടി വന്നെങ്കിലും പരിശീലനം തുടർന്ന് അവർ ലോകത്തിന്റെ നെറുകയിലെത്തി. സ്വപ്നതുല്യമായ ആ യാത്രയുടെ വിശേഷങ്ങളും തരണം ചെയ്ത വെല്ലുവിളികളും സുഹ്റ ഏഷ്യാനെറ്റ് ന്യൂസിന്റെ ആശയ മഹോത്സവമായ അഗോറയിൽ പങ്കുവച്ചു.
തയ്യാറെടുപ്പുകൾ
സ്കൂൾ, കോളേജ് കാലങ്ങളിൽ അത്ലറ്റിക് ചാംപ്യനായിരുന്ന സുഹ്റ, വിവാഹം കഴിഞ്ഞ് അമ്മയായ ശേഷമാണ് പർവ്വതങ്ങളുടെ വിളിക്ക് കാതോർത്തത്. ഭർത്താവ് സിറാജും രണ്ട് ആണ്മക്കളും കട്ടയ്ക്ക് കൂടെ നിന്നു. 2017ൽ തുടങ്ങിയ മലകയറ്റം കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സുഹ്റയെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. എവറസ്റ്റ് എന്ന സ്വപ്നത്തിന് മുൻപ് നേപ്പാളിലെ ലോബുച്ചെ കൊടുമുടി, ഐലൻഡ് പീക്ക്, കാങ് യാത്സെ 1, ദിസോ ജോംഗോ അടക്കമുള്ള കൊടുമുടികൾ കയറി. 2021-ൽ എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിംഗിന് പോയപ്പോഴാണ് എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്ന ആഗ്രഹം മനസ്സിൽ ഉരുത്തിരിഞ്ഞതെന്ന് സുഹ്റ പറയുന്നു. എവറസ്റ്റ് കീഴടക്കാൻ കുറുക്കുവഴികളില്ല. പര്വതാരോഹണം നടത്താൻ കഠിന പരിശീലനം നടത്തി. ഹൈ ആൾട്ടിട്യൂഡ് ട്രെക്കിങ്ങിനു നല്ല തയാറെടുപ്പു വേണമെന്ന് സുഹ്റ പറയുന്നു. ആരോഗ്യം പ്രധാനമാണ്. അച്ചടക്കവും ഒരു പോലെ പ്രധാനം. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കരുത്ത് നേടണം. സ്ഥിരമായി ഓടി എയ്റോബിക് കപ്പാസിറ്റി കൂട്ടി. ജിമ്മിൽ സ്ട്രെങ്ത് ട്രെയ്നിങ് നടത്തി. ഓക്സിജൻ സിലിണ്ടറുമെടുത്ത് വേണം എവറസ്റ്റിലേക്കുള്ള യാത്ര എന്നതിനാൽ, താമസിച്ചിരുന്ന കെട്ടിടത്തിന്റെ 12 നിലകൾ 17-18 കിലോ ഭാരമുള്ള ബാഗും ചുമലിലേന്തി എന്നും 10 വട്ടം വീതം കയറിയിറങ്ങി. രാത്രി 12 മുതൽ രാവിലെ ആറു വരെയാണ് പരിശീലനത്തിനായി മാറ്റിവെച്ചതെന്ന് സുഹ്റ പറയുന്നു.
ഗ്ലേഷ്യറും വെല്ലുവിളികളും
43 ദിവസത്തെ ദൗത്യത്തിൽ ക്ലൈംബ് ഹൈ, സ്ലീപ്പ് ലോ എന്ന രീതിയിലൂടെയാണ് അക്ലമറ്റൈസേഷൻ സാധ്യമാക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ ജീവിച്ചു വളർന്ന ഷെർപ്പകളുടെ അനുഭവസമ്പത്താണ് പർവതാരോഹകരുടെ ജീവൻ രക്ഷിക്കുന്നത്. അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എവറസ്റ്റിലേക്കുള്ള യാത്രയിൽ വഴിയിൽ കയറുകൾ ഉറപ്പിക്കാൻ 'ഐസ്ഫോൾ ഡോക്ടർമാർ' എന്നറിയപ്പെടുന്ന വിദഗ്ദ്ധ സംഘമാണുള്ളത്. യാത്രാമധ്യേ വലിയൊരു അപകടമുണ്ടായി ഒരു പർവ്വതാരോഹകന് ജീവൻ നഷ്ടപ്പെട്ട ഭയാനകമായ അനുഭവമുണ്ടായെന്ന് സുഹ്റ പറയുന്നു. പോകുന്ന വഴിയിലെ രക്തത്തുള്ളികൾ വലിയ മാനസിക ആഘാതമുണ്ടാക്കി. ഉയരങ്ങളിലേക്ക് പോകുന്തോറും അന്തരീക്ഷമർദ്ദം കുറയുന്നതിനാൽ ശരീരം സർവൈവൽ മോഡിലേക്ക്'മാറുകയും സാധാരണ മാസത്തിലൊരിക്കൽ വരുന്ന ആർത്തവം 15 ദിവസം കൂടുമ്പോൾ വരാൻ സാധ്യതയേറുകയും ചെയ്യും. ക്യാമ്പ് 3-ൽ എത്തിയപ്പോൾ ആർത്തവത്തോടൊപ്പം വയറിളക്കവും വന്നതോടെ വലിയ പ്രയാസം നേരിട്ടു. ഡെത്ത് സോണിൽ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ മരുന്ന് നൽകിയില്ല. മനക്കരുത്ത് കൊണ്ടുമാത്രമാണ് ആ പ്രയാസത്തിലും തളരാതെ യാത്ര തുടരാൻ കഴിഞ്ഞതെന്ന് സുഹ്റ പറയുന്നു.
ഡെത്ത് സോണിലെ ഉറക്കം
കഴിഞ്ഞ വർഷം സുഹ്റ എവറസ്റ്റിന്റെ 7500 മീറ്റർ ഉയരത്തിലുള്ള ക്യാംപ് 3 വരെ എത്തിയതാണ്. അവിടെ നിന്നു മുകളിലേക്ക് പുറപ്പെട്ടപ്പോഴേക്കും കാലാവസ്ഥ മോശമായതോടെയാണ് മടങ്ങാൻ നിർദേശം ലഭിച്ചത്. സമ്മിറ്റിന് തൊട്ടരികെ വെച്ച് തിരിച്ചിറങ്ങേണ്ടി വന്നതാണ് തന്നെ കൂടുതൽ ക്ഷമയുള്ളവളാക്കിയതെന്ന് സുഹ്റ പറയുന്നു. എവറസ്റ്റ് കീഴടക്കുന്നതിന് 150 മീറ്റർ താഴെയായി ഹിലരി സ്റ്റെപ്സ് എന്ന ഭാഗമുണ്ട്. മഞ്ഞും പാറകളും ഒക്കെ ചേർന്ന് കയറ്റം ദുഷ്കരമാണിവിടെ. അവിടെ മുൻപെങ്ങോ മരിച്ച ഒരു പർവതാരോഹകന്റെ മൃതശരീരം കിടപ്പുണ്ട്. അതു കടന്ന് എല്ലാ കടമ്പകളും കടന്നു മേയ് 20നാണ് സുഹ്റ എവറസ്റ്റിന്റെ മുകളിലെത്തിയത്. തിരിച്ചിറങ്ങുമ്പോൾ ഓക്സിജൻ സിലിണ്ടർ തീർന്നുപോയ 30 സെക്കൻഡ് ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷമായിരുന്നുവെന്നും സൗജന്യമായി ലഭിക്കുന്ന ഓക്സിജനാണ് ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വുറി എന്ന് അന്ന് തിരിച്ചറിഞ്ഞെന്നും സുഹറ പറയുന്നു. തിരക്ക് കാരണം ഇറങ്ങാൻ വൈകിയതിനാൽ സാധാരണ ആരും ഉറങ്ങാൻ പാടില്ലാത്ത ഡെത്ത് സോണിൽ രാത്രി കഴിയേണ്ടി വന്നു. ഉറങ്ങിയാൽ ചിലപ്പോൾ ഉണർന്നില്ലെന്ന് വരാം എന്ന ഭയമുണ്ടായിരുന്നെങ്കിലും ഓക്സിജൻ അളവ് കൂട്ടി വെച്ച് സുരക്ഷിതമായി രാത്രി കഴിച്ചുകൂട്ടിയെന്ന് സുഹ്റ പറയുന്നു. ഭാര്യയും അമ്മയുമൊക്കെ ആയാൽ കുടുംബം നോക്കേണ്ടേ, റിസ്ക് എടുത്ത് ഈ മലകളൊക്കെ കയറുന്നതെന്തിനാ എന്ന ചോദ്യങ്ങളും പിന്തിരിപ്പിക്കലുമെല്ലാം സമൂഹത്തിൽ നിന്ന് ഉണ്ടായിട്ടും സ്വപ്നത്തെ പിന്തുടരുക എന്ന ലക്ഷ്യത്തിൽ നിന്ന് അണുവിട മാറാതെ നടത്തിയ കഠിന പരിശീലനങ്ങളും നിശ്ചയദാർഢ്യവുമാണ് 40-കളിൽ ഇങ്ങനെയൊരു ചരിത്ര നേട്ടത്തിലേക്ക് സുഹ്റയെ എത്തിച്ചത്.














