-80 ഡിഗ്രി തണുപ്പ്, ഉയർന്ന ചൂട്, ലവണാംശം എന്തിനെയും അതിജീവിക്കും; പുതിയ ബാക്റ്റീരിയയെ കണ്ടെത്തി മലയാളി ഗവേഷകർ

Published : May 08, 2025, 06:32 PM ISTUpdated : May 10, 2025, 09:55 AM IST
-80 ഡിഗ്രി തണുപ്പ്, ഉയർന്ന ചൂട്, ലവണാംശം എന്തിനെയും അതിജീവിക്കും; പുതിയ ബാക്റ്റീരിയയെ കണ്ടെത്തി മലയാളി ഗവേഷകർ

Synopsis

അതിതീവ്ര കാലാവസ്ഥകളെ അതിജീവിക്കാനുള്ള കഴിവും ചില ബാക്റ്റീരിയകളെ അക്രമിക്കാനുള്ള കഴിവും സ്വായത്തമായ പുതിയ ബാക്റ്റീരിയയുടെ കണ്ടെത്തല്‍ ആരോഗ്യ - വ്യവസായ മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.   


ണ്ടൽകാടുകൾ വലിയൊരു ജൈവ ആവാസവ്യവസ്ഥയെയാണ് ഉൾക്കൊള്ളുന്നത്. ശക്തമായ പ്രകൃതിക്ഷോഭങ്ങളെ പോലും തടുക്കാന്‍ കരുത്തുള്ള കണ്ടല്‍ കാടുകളില്‍ക്കിടയിലെ മണ്ണില്‍ നിന്നും അതീവ പ്രതിരോധ ശേഷിയുള്ള പ്രത്യേക ഇനം ബാക്റ്റീരിയയെ മലയാളി ഗവേഷകര്‍ കണ്ടെത്തി. കേരള സർവകലാശാലയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ഷിബുരാജ് സുഗതന്‍, ബയോടെക്നോളജി ഗവേഷണ വിദ്യാർത്ഥിയായ സജ്‌ന സലിം എന്നിവരാണ് ഏറെ പ്രത്യേകതകളുള്ള ഈ ബാക്റ്റീരിയയെ കണ്ടെത്തിയത്. ഭാവിയില്‍ ആരോഗ്യ രംഗത്ത് ഏറെ നേട്ടങ്ങൾക്ക് കാരണമായേക്കാവുന്ന പ്രകൃതിയുടെ അതിതീവ്ര സ്വഭാവത്തെ നേരിടാനും പ്രതിരോധിക്കാനും മറികടക്കാനും ശേഷിയുള്ളതാണ് പുതുതായി കണ്ടെത്തിയ ബാക്റ്റീരിയ. അതിനാല്‍ തന്നെ പുതിയ കണ്ടെത്തല്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നുവെന്ന് ഗവേഷകർ അവകാശപ്പെട്ടു. 

എക്സിക്കോബാക്റ്റീരിയം അബ്രഹാമി (Exiguobacterium abrahamii) എന്നാണ് ഈ പുതിയ സ്പീഷിസ്സിന് നല്‍കിയിരിക്കുന്ന പേര്. കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം ആദ്യ മേധാവിയായിരുന്ന പ്രൊഫസർ എ. അബ്രഹാമിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ പേര് നല്‍കിയതെന്ന് പ്രൊഫ. ഷിബുരാജ് സുഗതന്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മാൻഗ്രൂവ് ഇക്കോസിസ്റ്റമായ തമിഴ്നാട്ടിലെ പിച്ചാവരത്ത് നിന്നും ശേഖരിച്ച മണ്ണ് സാംപിളിൽ നിന്നാണ് ഈ ബാക്റ്റീരിയയെ വേർതിരിച്ചെടുത്തത്. അന്താരാഷ്‌ട്ര പ്രശസ്‌തമായ സ്പ്രിങ്ങർ നേച്ചർ പ്രസിദ്ധീകരണമായ Antonie van Leeuwenhoek ജേർണലിന്‍റെ പുതിയ വോളിയത്തിൽ (Volume 118) എക്സിക്കോബാക്റ്റീരിയം അബ്രഹാമിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

(എക്സിക്കോബാക്റ്റീരിയം അബ്രഹാം ബാക്റ്റീരിയ)

വടി ആകൃതിയിലുള്ള (Rod Shaped), ബീജ രൂപീകരണമില്ലാത്ത ബാക്ടീരിയയായ എക്സിക്കോബാക്റ്റീരിയം അബ്രഹാമി തന്‍റെ സ്വഭാവ സവിശേഷതയായി മഞ്ഞ പിഗ്മെന്‍റേഷനാണ് പ്രകടിപ്പിക്കുന്നത്. അതോടൊപ്പം അതികഠിനമായ തണുത്ത താപനിലയിലും ഉയർന്ന ഉപ്പ് സാന്ദ്രതയിലും ശക്തമായ പ്രതിരോധം ഈ സ്ട്രെയിൻ കാണിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. ഈ ജീനസിലെ സ്പീഷിസുകൾ കഠിനമായ പരിസ്ഥിതി സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നവയായതിനാൽ ബയോടെക്നോളജി ഗവേഷണങ്ങളിൽ വളരെയധികം സാധ്യതകളുള്ളവയായി പരിഗണിക്കപ്പെടുന്നു.

എക്സിക്കോബാക്റ്റീരിയം അബ്രഹാമിയുടെ വിശദമായ ജീനോം പഠനം, ദില്ലി ഐഐടിയുടെ സഹകരണത്തോടെ ഇതിനകം നടത്തിയിട്ടുണ്ട്. ഈ പഠനത്തിൽ വിവിധ ഇൻഡസ്ട്രിയൽ ഇൻസ്‌യ്മുകൾ, പെപ്റ്റിഡ് ആന്‍റിബിയോട്ടിക്‌സ് എന്നിവയുടെ സാന്നിധ്യം ഈ ബാക്റ്റീരിയയിൽ കണ്ടെത്തി. വിവിധ രാസ - ലായകങ്ങളുടെ സാന്നിധ്യത്തിലും വളരെ ശേഷിയോടെ പ്രവർത്തിക്കുന്ന ഒരു പ്രോട്ടിയേസ് എൻസൈം ഈ ബാക്റ്റീരിയയിൽ നിന്നും ലഭിച്ചു.  ഏത് കഠിനമായ സാഹചര്യത്തെയും മറികടക്കാനുള്ള ബാക്റ്റീരിയയുടെ കഴിവിനെ ജീനോമിക് വിശകലനത്തിലൂടെ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. 

(എക്സിക്കോബാക്റ്റീരിയം അബ്രഹാം ബാക്റ്റീരിയ)

−80ºC വരെയുള്ള തണുത്തുറഞ്ഞ പെർമാഫ്രോസ്റ്റ്, ഹിമാനികൾ തുടങ്ങിയ തണുത്ത പരിതസ്ഥിതികളിൽ അതിജീവനം സാധ്യമായ ഈ ബാക്റ്റീരിയയെ ചൂടുനീരുറവകൾ, മരുഭൂമികൾ, മലിനമായ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ കഠിമായ വ്യത്യസ്ത ആവാസ വ്യവസ്ഥകളിൽ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന ലവണാംശം, ക്ഷാരത്വം അല്ലെങ്കിൽ ഹെവി മെറ്റൽ മലിനീകരണം പോലെ അങ്ങേയറ്റം കഠിനമായ അവസ്ഥകൾ ഉൾപ്പെടെ വൈവിധ്യമാർന്ന പരിതസ്ഥിതികളിൽ ജീവിക്കുന്ന ബാക്ടീരിയകളിലാണ് ഇവയെ പലപ്പോഴും കണ്ടെത്തിയിട്ടുള്ളത്. 

താപനില, പിഎച്ച്, ലവണാംശം, പോഷക പരിമിതി, ഓസ്മോളാരിറ്റി എന്നിവയുടെ തീവ്രതയെ നേരിടാൻ ഈ ബാക്ടീരിയകൾ വിവിധ സംവിധാനങ്ങൾ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്രത്യേകതകൾ കൊണ്ട് തന്നെ വ്യാവസായികമായും കാർഷികമായും ഗുണകാരമാകുന്ന ഉൽപ്പന്നങ്ങൾ ഉൽ‌പാദിപ്പിക്കുന്നതിന് എക്സിക്കോബാക്റ്റീരിയം അബ്രഹാമിയെ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ഗവേഷകര്‍.  ആന്‍റിമൈക്രോബയൽ പ്രവർത്തനത്തിന് കാരണമാകുന്ന കോംപൌണ്ട് ഇത്തരം ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വൈദ്യശാസ്ത്ര രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാന്‍ കാരണമായേക്കാം. ആന്‍റിബയോഫിലിം, ആന്‍റിമൈക്രോബയൽ പ്രവര്‍ത്തനങ്ങളും ഈ ബാക്ടീറ്റിരിയ പ്രകടിപ്പിക്കുന്നുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങൾ നടക്കുകയാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

 


 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം