കൊറോണക്കാലം കഴിഞ്ഞാല്‍ മനുഷ്യര്‍ നന്നാവുമോ?

By Web TeamFirst Published Mar 27, 2020, 2:44 PM IST
Highlights

അതിസൂക്ഷ്മവും അദൃശ്യവുമായ മരണത്തിന്റെ രഥയാത്ര പിന്‍വാങ്ങിയശേഷം ജീവിതത്തിന്റെ സമവാക്യങ്ങള്‍ മാറിയേക്കാം. പ്രശസ്ത എഴുത്തുകാരന്‍ എം നന്ദകുമാര്‍ എഴുതുന്നു

ആണവദുരന്തത്തിനു ശേഷം മനുഷ്യവാസമില്ലാതായ ചെര്‍ണോബൈലില്‍ അപകടകാരിയായ പ്രസരണത്തെ അതിജീവിച്ചു തകര്‍ന്ന ഭിത്തികളില്‍ വളര്‍ന്ന പൂപ്പല്‍, മണ്ണില്‍ നിന്നുയര്‍ന്ന ചെടികളും പൂക്കളും മരങ്ങളും, മടങ്ങി വന്ന കിളികളും മൃഗങ്ങളും...ജീവന്റെ പ്രതീക്ഷകള്‍ക്ക് അങ്ങിനെയും തുടര്‍ച്ചകള്‍ ഉണ്ട്.

 

 

അതിസൂക്ഷ്മവും അദൃശ്യവുമായ മരണത്തിന്റെ രഥയാത്ര പിന്‍വാങ്ങിയശേഷം ജീവിതത്തിന്റെ സമവാക്യങ്ങള്‍ മാറിയേക്കാം. ഒന്നാംലോകമെന്നു കൊട്ടിഘോഷിക്കപ്പെട്ട രാഷ്ട്രങ്ങളിലെ ആരോഗ്യപരിപാലന സംവിധാനങ്ങള്‍ അങ്ങേയറ്റം ദയനീയമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ദരിദ്രരാജ്യങ്ങള്‍, അഭയാര്‍ത്ഥി പ്രദേശങ്ങള്‍, പരന്നുകിടക്കുന്ന ചേരികള്‍ എന്നിവിടങ്ങളിലെ നിതാന്തദുരിതങ്ങള്‍ക്ക് വൈറസ് എത്രമാത്രം ആഴം കൂട്ടിയെന്ന് അനുമാനിക്കാന്‍ പോലുമാവില്ല. പൊതുവെ ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങള്‍ക്ക് പോലീസും തടവറകളും പട്ടാളവുമില്ലാതെ ജനതകളെ നിര്‍ബന്ധിത സാമൂഹിക അകലം പഠിപ്പിക്കാന്‍ സാധിക്കുന്നുമില്ല. ഈ മഹാദുരന്തത്തിനിടയിലും വംശീയകലാപങ്ങളും രാസായുധ പ്രയോഗങ്ങളും ആയുധക്കച്ചവടങ്ങളും വാണിജ്യ ഉപരോധങ്ങളും കൊണ്ടുപിടിച്ചു നടക്കുന്നു. ഷൈലോക്ക് ആര്‍ത്തിയുടെ വികസനമാതൃകകള്‍ പ്രകൃതിയുടെയും ജീവന്റെയും നിലനില്പിനെ വെല്ലുവിളിക്കുന്നു. സിറിയയിലെ കുട്ടികള്‍ മരിക്കുന്നതില്‍ ഒട്ടും ഖേദമില്ലെന്നു വിളിച്ചു പറഞ്ഞ തോക്കുനിര്‍മ്മാണ കമ്പനിയുടെ ഉടമയായ സ്ത്രീ, ഫാസിസ്റ്റ് ആയിരിക്കുന്നതില്‍ സന്തോഷിക്കുന്നുവെന്നു പ്രഖ്യാപിച്ച ഇസ്രായേല്‍ സാംസ്‌കാരിക മന്ത്രി, കൊറോണ പിന്‍വാങ്ങുന്നതോടെ ആഫ്രിക്കന്‍, ഏഷ്യന്‍ വംശജര്‍ പട്ടിണി കാരണം മോഷണശ്രമങ്ങള്‍ നടത്തിയാലോ എന്നു ഭയന്ന് തോക്കുകടകളില്‍ തിക്കിത്തിരക്കുന്ന വെള്ളക്കാരന്‍, തുടര്‍ന്നുപോകുന്ന സാമ്പത്തിക തകര്‍ച്ചകളില്‍ ലാഭമുണ്ടാക്കാന്‍ പദ്ധതികള്‍ മെനയുന്ന കൂറ്റന്‍ കമ്പനികള്‍, അശ്ലീലമാം വിധം ഭൂമിയെ കൈപ്പിടിയിലൊതുക്കിയ ഏതാനും ശതകോടീശ്വരന്മാര്‍, അവരുടെ കളിപ്പാവകളായ ഗവണ്‍മെന്റുകള്‍...ഇതിനെയെല്ലാം അതിജീവിച്ചിട്ടു വേണം അവശേഷിക്കുന്ന മനുഷ്യര്‍ക്ക് അകലത്തിനു ശേഷമുള്ള പുതിയ അടുപ്പം കണ്ടെത്താന്‍.

കോപ്പര്‍നിക്കസിന്റെ ഗ്രഹചലനനിയമങ്ങള്‍ക്കും ഗലീലിയോവിന്റെ ടെലിസ്‌കോപ്പിനുംശേഷം ഭൂമിയും മനുഷ്യനും - വിവിധ ദൈവശാസ്ത്രങ്ങളില്‍ ഒഴികെ- പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലാതായി തീര്‍ന്നു. പ്രപഞ്ചധൂളിയില്‍ ഇഴയുന്ന ഒരു കാര്‍ബണ്‍തരി മാത്രമാണ് ജീവനെന്നു എം.എന്‍ റോയ്. മനുഷ്യാവസ്ഥയുടെ ന്യൂനീകരണത്തിനു പകരം നിലനില്പിന്റെ അമിതഭാരങ്ങളില്‍നിന്നുള്ള മോചനമായും സര്‍ഗ്ഗാത്മക സാധ്യതകളായും ഇക്കാര്യങ്ങളെ കാണാവുന്നതാണ്. ഒരു പുല്‍ക്കൊടിപോലും വെറും പുല്ലല്ല എന്ന് തിരിച്ചറിയാനുള്ള സൂചനയായും.

കഴുമരത്തില്‍നിന്നും രക്ഷപ്പെട്ടാല്‍ തന്റെ തിന്മ നിറഞ്ഞ ഭൂതകാലം ആവര്‍ത്തിക്കില്ലെന്നു ശപഥം ചെയ്യുന്ന കൊലയാളിയെക്കുറിച്ചു ദസ്തയേവ്‌സ്‌കി പറയുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ പഴയ ശീലങ്ങളിലേക്കു മടങ്ങിപ്പോകാനാണ് സാധ്യതയെന്നും. അബോധത്തില്‍ അല്ലെങ്കില്‍ സ്വാര്‍ത്ഥബുദ്ധിയായ ജീനുകളില്‍ അടിഞ്ഞുകൂടിയ 'ശീല'ങ്ങളെമാത്രം ആശ്രയിക്കുന്നത് വിധികല്പിതവാദമാണെന്നും പറയാം.

കമ്യുവിന്റെ 'പ്ലേഗ്' എന്ന പ്രശസ്തമായ നോവലില്‍ ഒറാന്‍ നഗരത്തില്‍ പ്ലേഗ് പരന്നതോടെ ആളുകളെല്ലാം ഭീതിയില്‍ ആഴ്ന്നു പോകുന്നു. എന്നാല്‍ പ്‌ളേഗിന്റെ വരവിനെ കൊത്താദ് എന്ന കഥാപാത്രം ആഹ്‌ളാദത്തോടെയാണ് എതിരേല്‍ക്കുന്നത്. എല്ലാവരും ഭയത്തില്‍ ജീവിക്കുമ്പോള്‍ അയാള്‍ക്ക് താന്‍ ചെയ്ത കുറ്റകൃത്യത്തിനു പിടിക്കപ്പെടുമോ എന്ന പേടിക്കു തല്ക്കാലം ശാന്തി കിട്ടുന്നു. അയാളുടെ കഠിനമായ ഏകാന്തതക്കും ആത്മപീഡനങ്ങള്‍ക്കും ഒരു വിരാമം. വ്യാജചാരായം വിറ്റും സിഗററ്റുകള്‍ കടത്തിയും അയാള്‍ നഗരവാസികളോട് അടുത്തു. പ്ലേഗ് അവസാനിക്കുന്നതോടെ നാഡീതകര്‍ച്ചക്കു വിധേയനാകുന്ന കൊത്താദ് തെരുവിലേക്ക് വെടിയുതിര്‍ക്കുകയും പോലീസിന്റെ പിടിയിലാവുകയും ചെയ്യുന്നു. കൊത്താദ് ഒരു പ്രതിസന്ധിയാണ്.

'കറുത്ത മരണ'ത്തില്‍നിന്നും രക്ഷപ്പെടാന്‍ ഫ്‌ലോറെന്‍സിന്റെ പ്രാന്തപ്രദേശങ്ങളിലൊരിടത്തുള്ള അവധിക്കാലവസതിയില്‍ കഥകള്‍ പറഞ്ഞിരുന്ന യുവതീയുവാക്കളുടെ ആത്മാക്കള്‍ ആവേശിച്ച രാത്രി. (The Decameron, Giovanni Boccaccio)

നിരത്തില്‍ വാഹനങ്ങളും അന്തരീക്ഷത്തില്‍ മലിനീകരണവും കുറവായതിനാല്‍ രാത്രിക്കു നേരിയ തണുപ്പുണ്ട്.

ആണവദുരന്തത്തിനു ശേഷം മനുഷ്യവാസമില്ലാതായ ചെര്‍ണോബൈലില്‍ അപകടകാരിയായ പ്രസരണത്തെ അതിജീവിച്ചു തകര്‍ന്ന ഭിത്തികളില്‍ വളര്‍ന്ന പൂപ്പല്‍, മണ്ണില്‍ നിന്നുയര്‍ന്ന ചെടികളും പൂക്കളും മരങ്ങളും, മടങ്ങി വന്ന കിളികളും മൃഗങ്ങളും...ജീവന്റെ പ്രതീക്ഷകള്‍ക്ക് അങ്ങിനെയും തുടര്‍ച്ചകള്‍ ഉണ്ട്.

''Love the life you live...
Live the life you love....'

എന്ന് Bob Marley പാടിക്കൊണ്ടിരിക്കുന്നു.

 

 

Read More...

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച എം നന്ദകുമാറിന്റെ കഥ

click me!