Asianet News MalayalamAsianet News Malayalam

എം.നന്ദകുമാര്‍ എഴുതിയ കഥ, നൂല്

വാക്കുല്‍സവത്തില്‍ ഇന്ന് എം നന്ദകുമാറിന്റെ കഥ. നൂല്‍.

Literature festival short story by M Nandakumar
Author
Thiruvananthapuram, First Published Oct 22, 2019, 7:18 PM IST

ഭൂമിയില്‍ മാത്രമല്ല ഇന്ന് ജീവിതം. ആകാശത്തിനും ഭൂമിക്കുമിടയില്‍ നീട്ടിപ്പിടിച്ച ഒരു മൊബൈല്‍ ഫോണ്‍ സ്‌ക്രീനും ഇപ്പോള്‍ നമ്മുടെ പാര്‍പ്പിടം. പുറത്തുനിന്നു തോന്നും പോലെ, അവിടെ നാം സാമൂഹ്യജീവികളല്ല.  പ്രപഞ്ചത്തിലെ ഏറ്റവും ഏകാകികളായ ഒറ്റയൊറ്റ മനുഷ്യര്‍. ഉള്ളിനുള്ളിലെ ഏകാന്തദ്വീപുകളിലാണ് പൊറുതി. ഏറ്റവും സ്വകാര്യമായ ഇടങ്ങള്‍. ഭാവനയും കാമനയും ഫാന്റസിയും തഴച്ചുവളരുന്ന ഒറ്റയൊറ്റവനങ്ങള്‍. സമാനമായ മൊബൈല്‍ ഫോണ്‍ ചതുരങ്ങളില്‍ രാപ്പകല്‍ പാര്‍ക്കുന്ന മറ്റു മനുഷ്യരുമായി പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു എന്ന തോന്നലില്‍ കഴിയുമ്പോഴും ഓരോരുത്തരും അവിടെ ഒറ്റ. വിര്‍ച്വല്‍ റിയാലിറ്റിയുടെ അതിസങ്കീര്‍ണ്ണമായ ജീവിതക്രമമാണത്. ആനയെ കണ്ട അന്ധന്‍മാരെപ്പോലെ നമ്മുടെ സാഹിത്യം അന്തംവിട്ടു നില്‍ക്കുന്ന അത്തരം സൈബര്‍ ഇടങ്ങളുടെ കഥാകാരനാണ് എം നന്ദകുമാര്‍. വിര്‍ച്വല്‍ ഇടങ്ങളില്‍ നാം ജീവിക്കുന്ന ജീവിതങ്ങള്‍ക്കുമേല്‍ വേതാളത്തെ പോലെ തൂങ്ങിക്കിടന്ന് കഥ പറയുന്ന ഒരാള്‍. അധികമാരും കടന്നുചെല്ലാത്ത സൈബര്‍ വനങ്ങള്‍ നന്ദകുമാറിന് കൈരേഖപോലെ പരിചിതം. ആ കഥകള്‍ ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്. 

എന്നാല്‍, ഭൂമിയിലുമുണ്ട് അയാളുടെ പൊറുതി. മണ്ണില്‍ കാലുവെച്ചു പറയുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങള്‍ക്ക് നന്ദകുമാര്‍ കഥയുടെ അധികമാനം നല്‍കുന്നു. പുതിയ കാലത്തിന്റെ, ദേശത്തിന്റെ പല മാതിരി ജീവിതങ്ങള്‍ ആ കഥകളില്‍ നിറയുന്നു. ചരിത്രവും മിത്തുകളും ഭാവനയും രാഷ്ട്രീയവും അതില്‍ കൂടിക്കലരുന്നു. അധികാരത്തിന്റെ പ്രച്ഛന്നവേഷങ്ങളെ അത് അനാവരണം ചെയ്യുന്നു. ദാര്‍ശനികവഴികളിലൂടെ ജീവിതക്കലക്കങ്ങളുടെ സൂക്ഷ്മദര്‍ശിനിയാവുന്നു. പ്രമേയ പരിചരണത്തിലും കൈയൊതുക്കത്തിലും ആഖ്യാനസൂക്ഷ്മതയിലും വേറിട്ടു നില്‍ക്കുന്നു. വായനക്കാരെ പടിക്കു പുറത്തു നിര്‍ത്തുന്നില്ല ആ കഥകള്‍. വായനക്കാര്‍ കൂടി പങ്കാളികളായ നെടുമ്പാച്ചിലുകളാണ്  പലപ്പോഴുമത്. ഒന്നിനൊന്ന് വിഭിന്നമായ ആ കഥാവഴികളില്‍ സങ്കീണ്ണജീവിതം സദാ മിടിക്കുന്നു. 

 

Literature festival short story by M Nandakumar

 

ഇന്ന്, കാലത്തു  മുഖം വടിക്കുമ്പോള്‍ ചില പരുക്കന്‍ ചിന്തകള്‍ ഇട്ടിനാനെ അലട്ടി. നാലു മൂലകളില്‍ ചെറിയ വെളളിപ്പൂക്കളും വളളികളും ഡിസൈന്‍ ചെയ്ത കണ്ണാടിയുടെ ദീര്‍ഘചതുരം. ചതുരത്തിനകത്തു  ക്ഷീണിച്ച മുഖം. പെട്ടെന്നാര്‍ക്കും പിടികൊടുക്കാതെ നോട്ടപ്പകര്‍ച്ചകള്‍ വന്നു മായുന്ന കണ്ണുകള്‍. റേസര്‍ നീങ്ങുമ്പോള്‍ വെളളപ്പതക്കുകീഴെ കുറ്റിരോമങ്ങള്‍ നീങ്ങി തെളിയുന്ന കവിളിന്റെ മാംസളമായ ഇരുനിറം. കുളിമുറിയുടെ ടൈല്‍സിട്ട ഏകാന്തത. വാഷ്‌ബേസിനിലേക്കു വീഴുന്ന ജലധാരയുടെ കനമില്ലാത്ത സ്വരം. എല്ലാം കൂടിച്ചേരുന്ന നേരത്തു  പഴയൊരു ഓര്‍മ്മ നിനച്ചിരിക്കാതെ രൂപം കൊളളുന്നു. കഴിഞ്ഞു പോയ നിലനില്‍പിലെ ഇട്ടിയുടെ അപരസ്വത്വങ്ങളില്‍ ഒന്നിന്റെ തിരിച്ചു വരവ്.

അക്കാലത്ത്,  അതായത് ആറേഴ് വര്‍ഷങ്ങള്‍ക്കുമുമ്പ്  ഇട്ടിനാന് പ്രത്യേകിച്ചൊരു കൂലിയും വേലയും ഇല്ലായിരുന്നു. ആഗ്രഹങ്ങളോ നിരാശകളോ ഇല്ല. നേരം പുലരുന്നു. ഇട്ടി നീറേങ്കല്‍ ബാറുകളിലും നഗരത്തിലെ സ്ഥിരം താവളങ്ങളിലും ചുറ്റി നടക്കുന്നു. അന്തിയടയുമ്പോഴേക്കും മൂക്കറ്റം കുടിച്ചു ബോധം മറയുന്നു. ചിലപ്പോള്‍ അപരിചിതരോടുവരെ കലഹിക്കും. ബാറില്‍, തെരുവില്‍, ഹോട്ടലില്‍, ബസ്സില്‍... ആദ്യം കാണുന്ന മനുഷ്യനോട്...

ആയിടക്കാണ് റിയാസ് ഇട്ടിയെ തപ്പിപ്പിടിച്ച് ഒരു പണിയേല്‍പ്പിക്കുന്നത്. പകല്‍ കുന്നുകളിടിച്ചു നിരപ്പാക്കല്‍; രാത്രി മൂന്നെണ്ണം വിട്ടാല്‍ 'പ്രകൃതിയുടെ ഗതിയെന്ത്?'  എന്ന ദ്രുതകവിത ആലപിക്കല്‍-  അതാണ്  റിയാസിന്റെ ജീവിതം. അവനിന്നോളം എഴുതിയ സകലമാന കവിതകളും വായിച്ചു തിരുത്തി നന്നാക്കി, തലേക്കെട്ടുകള്‍ ചാര്‍ത്തി പുസ്തകമാക്കലാണു  പദ്ധതി. കവിതകള്‍ ഇട്ടിനാൻ ആദ്യാവസാനം മാറ്റിയാലും കുഴപ്പമില്ല. ഡി.ടി.പിതൊട്ടു പ്രൂഫ് റീഡിംഗ് വരെ ഇട്ടി ഒപ്പം നില്‍ക്കണമെന്നാണു  കരാര്‍. പുസ്തകമാക്കി കിട്ടിയാല്‍ റിയാസ് തന്നെ അവാര്‍ഡ് നിര്‍മ്മിച്ചു  സ്വയം സമ്മാനിക്കും.

ക്ണാശ്ശീരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്ന വാര്‍പ്പ് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ റിയാസ് ഗോസ്റ്റ് റൈറ്റര്‍ക്കു  മുറി ശരിയാക്കിക്കൊടുത്തു.

ഒരു വലിപ്പുളള ഇരുമ്പ് മേശ, കസേര, കിടക്കപ്പായ, തലയിണ, ആഷ്‌ട്രേയാക്കിയ ചിരട്ട, മൂന്ന്  കുപ്പിഗ്ലാസ്സുകള്‍, മണ്‍കൂജ, അയയില്‍ തൂങ്ങുന്ന വസ്ത്രങ്ങള്‍, ചുമരില്‍ ചിതലരിക്കുന്ന ഗുരുവായൂരപ്പന്റെ കലണ്ടര്‍, കലണ്ടറിനെ വൃഥാ ചലിപ്പിക്കുന്ന ഇതളുകള്‍ കറുത്ത സീലിംഗ് ഫാന്‍, ഒരു ട്യൂബ് ലൈറ്റ്, പത്തറുപത് കവിതകളുടെ കടലാസ്‌കെട്ട്... അവയ്ക്കിടയില്‍ ഇട്ടി താമസമാരംഭിച്ചു.

മുറിക്കു  വാതില്‍പ്പാളികള്‍ ഇല്ലാഞ്ഞിട്ടും ഇട്ടിക്ക് അരക്ഷിതാവസ്ഥ തോന്നിയില്ല. കുടിച്ചു  വാറായി രാത്രിയുടെ നീളമളന്ന്  എത്താന്‍ പറ്റുമെങ്കില്‍ ഇട്ടിക്കു കിടക്കാനൊരിടം എന്നേ റിയാസ് കരുതിയിട്ടുളളൂ. ഭാവനക്കു പകരം 'ബാവന' എന്നെഴുതുന്ന അവന്റെ കവിതകള്‍ വായിച്ചു നോക്കാതെ പരമാവധി ദിവസങ്ങള്‍ തളളിനീക്കാനായിരുന്നു ഇട്ടിയുടെ ലാക്ക്. അക്കാര്യം പറയാതെതന്നെ റിയാസിന് അറിയാമെന്നതിനാല്‍ ഇട്ടിക്കു  കുറ്റബോധവും തോന്നിയില്ല. അതാണ് സുഹൃത്ത് എന്ന അവസ്ഥയുടെ ഒരു മെച്ചം. ഇട്ടിക്കു  തീറ്റ കുറവാണെങ്കിലും കുടി കൂടുതലായതിനാല്‍ ചില നിഷ്‌കര്‍ഷകളോടെ  കുറച്ചു  പണവും കവി അഡ്വാന്‍സ് കൊടുത്തു.

''അങ്ങിനെയൊരു സുപ്രഭാതത്തില്‍ ആറ് വര്‍ഷം മുമ്പ് ഒറ്റമുറിയിലെ പുല്‍പ്പായയില്‍ എഴുന്നേറ്റു  ചമ്രം പടിഞ്ഞിരുന്ന് ഞാന്‍ ഒരു സിഗററ്റ് കൊളുത്തി. തലേന്നത്തെ ദാരുണമായ ആഘോഷങ്ങളുടെ തലക്കനം വിട്ടുമാറാന്‍ ഇടയില്ല.''

ഇട്ടി കവിളില്‍ സോപ്പ് പതയുളള മറ്റേ അവനോടു  ചോദിച്ചു:
'കൊല്ലങ്ങള്‍ക്കുശേഷം ഓര്‍ക്കുമ്പോള്‍ സംഭവങ്ങള്‍ക്കു കൃത്യത കുറയുമോ? വിശദാംശങ്ങളില്‍ പാളിച്ചകള്‍ വരുമോ? സമയത്തിന്റെ ഇന്നലെയിന്ന്‌ നാളെ തുടര്‍ച്ചയില്‍ കണ്ണികള്‍ നഷ്ടമാകുമോ?' ഏതായാലും ആ പകലില്‍ അരങ്ങേറിയ സംഗതികളുടെ സത്തക്കു  കാര്യമായ തേയ്മാനം വന്നതായി ഇട്ടിക്കു തോന്നിയില്ല.

ഇട്ടി ആലോചിച്ചു: അന്നു രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ഞാന്‍ എന്തായിരിക്കും ചെയ്തിരിക്കുക? തലയിണയുടെ അരികില്‍നിന്നും പഴയ ഫേവര്‍ലൂബാ വാച്ച് വലിച്ചെടുത്തു  സമയം നോക്കിക്കാണും. പിന്നെ മീനയെ വിളിച്ചു കാണും. വൈകുന്നേരം കണ്ടേ പറ്റൂ എന്നു വാശിപിടിച്ചിരിക്കും.

മീനയുടെ മുലകളുടെ വാഴക്കൂമ്പ് ദൃഢതയും രതിയുടെ പാരമ്യത്തില്‍ ഒരു വശത്തേക്കു  മലര്‍ക്കേ തുറക്കുന്ന ഇടംതുടയും. ഏതോ പൗരാണിക വിശുദ്ധഗ്രന്ഥത്തിന്റെ പകുതിയില്‍ പകുക്കുന്നതുപോലെ മീന. കാല്‍മുട്ടിന് അല്പം മുകളിലായി വലുപ്പമുളള മറുക്.

മുറിക്കു വാതില്‍ ഇല്ലാത്തതിന്റെ പ്രധാന അസൗകര്യം പകല്‍നേരങ്ങളിലെ സ്വയംഭോഗങ്ങള്‍ക്ക് ഒരു മറയുമില്ലെന്നതാണ്. റിയാസിനോടു കതകില്‍ ഒരു കട്ടിക്കര്‍ട്ടന്‍ തൂക്കിയിടാന്‍ പറയണം, ഇട്ടി കരുതി. അവന്റെ കവിത വായിക്കാനുളള ജാഗ്രതക്കു  വേണ്ടി എന്ന നാട്യത്തില്‍.

കര്‍ട്ടന്‍ മറച്ചശേഷം  ജനാലയുടെ മരപ്പാളികള്‍ അടച്ചു കുറ്റിയിട്ടാല്‍ മറ്റൊരു ഒറ്റപ്പെടല്‍ പിറവിയെടുക്കും. വാര്‍പ്പ് കെട്ടിടസമുച്ചയത്തിലെ രണ്ടാംനിലയിലെ ചെറിയ റൂമില്‍. അരണ്ട പ്രകാശത്തില്‍. ഫാന്‍ കറങ്ങുന്നതിനൊപ്പം ചുമരില്‍ ചലിക്കുന്ന നേര്‍ത്ത നിഴലുകളില്‍. വരാന്തയിലെ കലൊച്ചകള്‍ തലയിണയില്‍ ഇരട്ടിച്ച്. ക്ണാശ്ശീരി ഹൈവേയിലെ വേഗങ്ങളുടെ ഇരമ്പം കാതോര്‍ത്ത്. അന്നേരം  ഒളിത്താവളത്തിലെ സുഖത്തിന്റെ വീണ്ടെടുക്കലുകളില്‍  മീനയുടെ ഉടല്‍ അപ്രാപ്യമാം വിധം കൊതിപ്പിക്കുന്നതായി തീരട്ടെ.

അന്നത്തെ ഇട്ടിയെ ഇന്നത്തെ ഇട്ടി തലതിരിച്ച കുഴല്‍ക്കണ്ണാടിയിലെന്നപോലെ ചെറുതായി കണ്ടു. വിദൂരതയില്‍.

പായയില്‍ നിന്നെഴുന്നേറ്റ ഇട്ടി മടി പിടിച്ചാണെങ്കിലും ടോയ്‌ലെറ്റിന്റെ കുഞ്ഞുതാക്കോലെടുത്തു വരാന്തയിലേക്കു നടക്കുന്നു. കഴിഞ്ഞ രാത്രിയിലെ കൂത്താട്ടത്തില്‍ ചെരുപ്പിന്റെ വാറ് പൊട്ടിയതു കണ്ടെത്തുന്നു. പല്ലുതേപ്പ്,  കുളി ഇത്യാദിക്കു മുതിരുന്നു. അരാജകത്വം വെന്നിക്കൊടി പാറിക്കുമ്പോഴും  അന്നും -എന്നും- ഇട്ടിനാന്‍ നിത്യവും ഷേവ് ചെയ്തു മുഖം മിനുക്കും.

ഇട്ടിനാന്‍ കണ്ണാടിയില്‍ കൃതാവിന്റെ വലിപ്പചെറുപ്പങ്ങള്‍ ഒത്തുനോക്കി. എത്ര ശ്രദ്ധിച്ചാലും ഈയിടെയായി വലത്തെ കൃതാവിന്റെ നീളം കൂടിപോകുന്നു.

കുളി കഴിഞ്ഞ് ഇട്ടി കറുത്ത ജീന്‍സും ഇളംനീലയില്‍ മഞ്ഞവരകളുളള ഷര്‍ട്ടും ധരിക്കുന്നു. ഇട്ടിനാന്‍പോലും ഓര്‍ക്കാതിരുന്ന നാല്പത്തൊന്നാം ജന്മദിനത്തിനു  മീന സമ്മാനിച്ചതാണ്. ജീന്‍സ് വലിച്ചു  കയറ്റുമ്പോള്‍ മീന തന്നേക്കാള്‍ പത്ത് വയസ്സ് ഇളപ്പമുളള കുട്ടിയാണെന്ന് ഇട്ടി സങ്കല്‍പിച്ചു.

ചെരിപ്പില്ലാതെതന്നെ ഇട്ടിനാന്‍ ബാങ്ക് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നും  നീറേങ്കല്‍ പാതയിലേക്ക്... മണ്ണുമാന്തിക്കവിയുടെ കവിതകള്‍ എഡിറ്റ് ചെയ്യാന്‍ ഭൂസ്പര്‍ശം നല്ലതാണ്.

'ചെരിപ്പില്ലാതെ നീ എങ്ങോട്ടാണ് നടന്നു പോയത്?' ഇട്ടിനാന്‍ മറ്റവനോടു ചോദിച്ചു. മറ്റവന്‍ കണ്ണാടിയില്‍ നിന്നിറങ്ങി ആറ് വര്‍ഷം മുമ്പുളള നീറേങ്കലിന്റെ പാതകളില്‍ അലഞ്ഞു നടക്കാന്‍ തുടങ്ങി. മീനയെ ഓര്‍ത്ത്.

മീന വിവാഹിതയും ഭര്‍ത്താവിനു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ എന്തോ ജോലിയും. പത്തിലെത്തിയ ഒരു മകളുമുണ്ട്. നീറേങ്കലില്‍നിന്നു  പതിനാല് കിലോമീറ്റര്‍ അകലെയുളള വനിതാ കോളേജില്‍ മീന സാമൂഹ്യശാസ്ത്രം പഠിപ്പിച്ചു. ഉച്ചയൂണ് ഫ്രീയായി ലഭിക്കുന്ന ഏതോ സാംസ്‌കാരിക ചടങ്ങിലാണ് അവര്‍ കണ്ടുമുട്ടിയത്. ക്ണാശ്ശീരി പബ്ലിക് ലൈബ്രറിയില്‍ വെച്ച്. ടേബിളില്‍ അടുത്തിരുന്നു പുലാവും അശ്ലീലമാം വിധം എരിവുളള കോഴിക്കറിയും കഴിക്കുമ്പോള്‍ ഇട്ടിനാന്‍ മീനയെ അങ്ങോട്ടു കയറി പരിചയപ്പെട്ടു. കുറച്ചുനേരത്തിനുള്ളിൽത്തന്നെ  ഇരുവരിലുമുളള കാമാര്‍ത്തി പരസ്പരം തിരിച്ചറിഞ്ഞതു  കൊണ്ടാവാം; അല്ലെങ്കിൽ അവന്റെ സ്വയംനിര്‍മ്മിത അനാഥത്വത്തില്‍ കൗതുകം തോന്നിയിട്ടാകാം മീന മൊബൈല്‍ നമ്പര്‍ കൈമാറി. രണ്ടാഴ്ചക്കുളളില്‍ ഇട്ടിയെ രഹസ്യകാമുകനായി അവള്‍ സ്വീകരിച്ചു.  

ഫോണ്‍ സംഭാഷണങ്ങള്‍, ഇടയ്ക്കുളള കറക്കങ്ങള്‍, സാഹസികമായി സ്ഥലമൊപ്പിച്ചു പിടിക്കപ്പെടുമോ എന്ന ഭയം പശ്ചാത്തലമാക്കി നടത്തുന്ന വെറിപിടിച്ച ഭോഗങ്ങള്‍. അവര്‍ക്കിടയില്‍ ഇക്കാര്യങ്ങളൊന്നും വിരസമാകാന്‍ തുടങ്ങിയിരുന്നില്ല.

ഇട്ടിനാന്‍ നീറേങ്കല്‍ റൗണ്ടിലൂടെ ഒന്നു ചുറ്റി. സ്ഥിരം കാഴ്ചകള്‍തന്നെ. ശിവക്ഷേത്രത്തിനു മുന്നിലെ പൂക്കച്ചവടക്കാര്‍. എ.ടി.എം കൗണ്ടറുകള്‍ക്കു  മുമ്പിലെ ഏതാനും മനുഷ്യര്‍. വസ്ത്രാലയങ്ങളുടെയും ആഭരണക്കടകളുടെയും വന്‍തെരുവുകള്‍. ഒരു കാലിനു ഞൊണ്ടലുളള ഭ്രാന്തന്‍ പോസ്റ്റ് ബോക്‌സിനെ നോക്കി ഇംഗ്ലീഷില്‍ പിറുപിറുക്കുന്നു. ലക്കും ലഗാനുമില്ലാതെ പല വഴിക്കു  പായുന്ന ബസ്സും കാറും ഓട്ടോറിക്ഷകളും. തിരക്കില്‍ വലിഞ്ഞു മുറുകിയതോ തിരിച്ചറിവുകളാല്‍ നിസ്സംഗമായതോ ആയ മുഖങ്ങള്‍. എല്ലാറ്റിനെയും ഒരേ നിരപ്പിലാക്കുന്ന സാമാന്യബോധത്തിന്റെ നഗരം.

ഈ ലോകവുമായി തനിക്കുളള ബന്ധംപോലും അവിഹിതമാണെന്ന് ഇട്ടിക്ക് മനസ്സിലായി.

എല്ലാ അര്‍ത്ഥരാഹിത്യങ്ങള്‍ക്കും ഓരോതരം പരിഹാരമുളള വടക്കേക്കോട്ടയിലെ 'സീ ഗള്‍' ബാറിലേക്ക് ഇട്ടിനാന്‍ നഗ്‌നപാദനായി നടന്നു.

 

.............................................................................

ബിയര്‍ കുപ്പിയും അച്ചാറ് പ്ലേറ്റുമെടുത്ത് അവന്‍ ഇട്ടിയുടെ എതിരേയുളള കസേരയില്‍ വന്നിരുന്നു. എഴുന്നേറ്റപ്പോള്‍ അവന് ആറടിയിലേറെ ഉയര
മുണ്ടെന്ന് ഇട്ടി കണക്കാക്കി.

Literature festival short story by M Nandakumar

 

 

''എന്നിട്ട് നീ ബാറില്‍ ചെന്നിരുന്നു.''  ഇട്ടി മീശ ശരിയാക്കുന്നതിനൊപ്പം ഓര്‍ത്തു.

'സീ ഗള്‍' തുറന്നിട്ട് അധികം നേരമായിട്ടില്ല. ഇട്ടിനാന്റെ കൂട്ടുകുടിയന്മാര്‍ എത്താറാവുന്നതേയുളളൂ. മാനേജര്‍ റപ്പായ്യേട്ടന്‍ ഇടയ്ക്കിടക്ക് ഇട്ടിക്ക് വിലക്കേര്‍പ്പെടുത്തുന്ന ബാറാണിത്. നാലെണ്ണം കഴിഞ്ഞാല്‍ ഇട്ടിനാന്‍ ഓരോ മേശയിലും ആടിയാടി ചെല്ലും. കുശലം പറച്ചില്‍, സിഗരറ്റ് ചോദിക്കല്‍, കവിത ചൊല്ലല്‍, അടി കലശല്‍... അതോടെ റപ്പായ്യേട്ടന്‍ ഇട്ടിക്കു മദ്യനിരോധനം ഏര്‍പ്പെടുത്തും. ഇട്ടിനാന്‍ അടുത്ത ബാറിലേക്ക്.

''നീ ഓര്‍ക്കുന്നതെല്ലാം നീ ഓര്‍ക്കുന്നത് തന്നെയാണോ?'' മീശയിലെ ഒരു നരച്ച രോമത്തെ കത്രികത്തുമ്പാല്‍ പറിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇട്ടി അത്ഭുതപ്പെട്ടു. പക്ഷെ അന്നത്തെ പകല്‍ കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങി. സമയം എന്നത് ഒരു തരം ഉറപ്പില്ലായ്മയാണെങ്കിലും.

ചുമരിനോടു  ചേര്‍ന്നു തൂണിനരികില്‍ ഒഴിഞ്ഞ സീറ്റ് നോക്കി ഇട്ടി ഇരുന്നു. 'വെളുത്ത വികൃതി' ഒരു പെഗ്, തണുത്ത സോഡ, ബ്രെഡ് ഓംലെറ്റ് എന്നിവ ഓര്‍ഡര്‍ ചെയ്തു. പരിചാരകന്‍ രാമു ഇട്ടിയെ താക്കീത് ചെയ്തു.

''ഇട്ട്യേട്ടാ, രണ്ട് ഒന്നര. അയിന്റെപ്രത്തിക്ക് ഇല്ലാട്ടാ. ഇന്നല്‍ത്തെ പോലെ വെറ്‌തെ കണകുണ  പന്ത്രണ്ടായിട്ട് കാര്യല്ലാട്ടാ... തരില്ല. സ്‌നേഹം കൊണ്ടണ്...''

''ന്നലെ അലമ്പുണ്ടായോ?''

''ഇണ്ടായേര്‍ന്നു... വെറ്‌തെ കണ്ടോരോട് മുഴ്വോന്‍ ഉഴുന്നാട്ടി ഉഴുന്നാട്ടി നിന്ന്ട്ട്... ഞാന്‍ ഗുച്ചന്‍ല്* കേറ്റി വിട്ടില്ലെങ്കി കാണാര്‍ന്നു! വല്ല കാര്യംണ്ടാ...?''

 ''താങ്ക്യൂ, താങ്ക്യൂ രാമൂ... ഇന്ന് ഞാന്‍ മാലാഖ. അലമ്പില്ല. രണ്ടെണ്ണം കാച്ചി വേഗം...അതിവേഗം... ഠപ്പേന്ന് പറന്നോളാം.''

''ങ്ങള് ഒറ്റക്ക് വരുമ്പോ രണ്ടെണ്ണത്തിലും കൂടുതല് കൊടുക്കരുത് ന്ന് റിയാസ്‌ക്ക പറഞ്ഞ്‌ണ്ടേ...''

''ഓന്‍ പലതും പറയും. ഒന്നിലും സത്യല്ല്യ. ഓന്റെ കവിത പോലെ വൃത്തോം ല്ല്യ, വൃത്തീം ല്ല്യ.''  ഇട്ടി അന്നദാതാവിനെ നിന്ദിച്ചു.

ബ്രെഡ് ഓംലെറ്റ് ചുണ്ടുകള്‍ക്കിടയില്‍ തിരുകുമ്പോഴാണ് നടുവിലെ വരിയില്‍ ഒരു ബിയറുമായി വന്നിരുന്ന ചുളളനെ ഇട്ടിനാന്‍ ശ്രദ്ധിച്ചത്. കാരണം അവന്‍ ഇട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. മുമ്പെവിടെയോ കണ്ടിട്ടുണ്ടെന്ന് ഇട്ടിക്കു സംശയമായി. പരന്ന വലിയ മുഖം. ക്ലീന്‍ ഷേവ് ചെയ്തു മാര്‍ബിള്‍ പലകപോലെ. എണ്ണ തേച്ചു കറുപ്പിച്ചു പുറകോട്ടു മുറുക്കി ചീന്തിയ നീളന്‍ മുടി. മൃഗീയശക്തിയുളള തോളുകള്‍, നെഞ്ചിലെ മസില്‍, കനത്ത കൈകാലുകള്‍. ഇരുപത്തിനാല് വയസ്സില്‍ കൂടില്ല. ഉഗ്രന്‍ ജീന്‍സും ടീ ഷര്‍ട്ടും കിടിലന്‍ ഷൂസും. എവിടെയാകാം കണ്ടിരിക്കാന്‍ ഇടയുളളത്? 'കൊട്ടാരം' ബാറില്‍ നിന്നായിരിക്കുമോ?

ഇട്ടിനാന്‍ നോക്കുന്നുണ്ടെന്നു കണ്ടതും അവന്‍ വലങ്കാല് പൊക്കി മേശപ്പുറത്ത് ഒരടിയടിച്ചു. അവന്റെ ബിയര്‍ കുപ്പിയും പാതിയായ ഗ്ലാസ്സും അച്ചാര്‍ കിണ്ണവും ഒന്നു വിറച്ചു. കൗണ്ടറില്‍നിന്നു റപ്പായി ചേട്ടനും നാലഞ്ചു കുടിയന്മാരും അടുക്കളവാതില്‍ക്കല്‍നിന്നു രാമുവും ശബ്ദമുയര്‍ന്ന മേശയിലേക്കു തല തിരിച്ചു. ആരും ഒന്നും പറഞ്ഞില്ല.

ഇട്ടിക്കു  കാര്യം പിടി കിട്ടി. ബാല്യത്തില്‍നിന്നും നേരെ കൊലപാതകത്തിലേക്കു വളര്‍ന്ന നീറേങ്കല്‍ കൗമാരമാണിവന്‍.

''ചേട്ടാ, സീറ്ട്ട്ണ്ടാ...?'' കൗമാരക്കൊലയാളി ചോദിച്ചു.

''ണ്ടല്ലോ.'' ഒരു വില്‍സെടുത്തു കൊടുക്കുമ്പോള്‍ ഇട്ടി കുശലം പറഞ്ഞു. ''ക്വട്ടേഷനാല്ലേ...?''

''ഹൈ, ചേട്ടന്‍ കൊഴപ്പല്യാലോ... മുട്ടണ്ടാലേ?''

ബിയര്‍ കുപ്പിയും അച്ചാറ് പ്ലേറ്റുമെടുത്ത് അവന്‍ ഇട്ടിയുടെ എതിരേയുളള കസേരയില്‍ വന്നിരുന്നു. എഴുന്നേറ്റപ്പോള്‍ അവന് ആറടിയിലേറെ ഉയരമുണ്ടെന്ന് ഇട്ടി കണക്കാക്കി.

''ഉണ്ണിയെ  കണ്ടാ അറിയാം... ഊരിലെ പഞ്ഞം.''

ഇട്ടി തമാശകൊണ്ട് അവനെ നേരിടാന്‍ തയ്യാറെടുക്കുകയായിരുന്നു.

''ഇന്നാളത്തെ പോലെ തുപ്പലടി വേണ്ട. ചേട്ടനെ മ്മക്കറിയാം.''

''ഇവ്ടുന്നാണോ?''

''അത് ശരി! ഇന്നാള് കൊട്ടാരത്തില്... റിയാസ്‌ക്കാന്റെ കൂടെ... വല്ലതും ഓര്‍മ്മണ്ടാ ഗഡീ? കിളി പോയ കേസാലേ...? അന്ന് അടിച്ച് കമ്പായിട്ട്  ജാതി കവിതീം എടേക്കൂടെ തെറീം...''

റിയാസിനു ക്വാറിയും കവിതയും അധോതലചങ്ങാത്തങ്ങളും ഒരേ മൂല്യനിലവാരത്തിലായിരുന്നു.

കഴിഞ്ഞ മാസത്തെ ബ്ലാക്ക് ഔട്ടില്‍ പരിചയപ്പെട്ട ക്വട്ടേഷനോട് ഇട്ടിനാന്‍ ചോദിച്ചു:
''പേരെന്താ ഗഡീ?''

ചിറി തുടച്ച് അവന്‍ ചിരിച്ചു. ''അ.അ.ആ... ഇട്ട്യേട്ടാ അന്ന് മ്മള് പരിചയപ്പെട്ടതാ... പിന്നീം കാണുമ്പം കാണുമ്പം പരിചയപ്പെട്വാ? അയ്യ്യേ...! റിയാസ്‌ക്കാന്റെ ഗഡ്യായതോണ്ട് അന്ന് വിട്ട് പിടിച്ചതാട്ടാ...''

''റിയാസായിട്ടെന്താ പുലിവാല്?''
''ഇക്ക മ്മടെ ചങ്കല്ലേ... തട്ടിത്തടഞ്ഞ് വീണാലും കെടന്നോട്ത്ത് കെടന്ന് ഭൂമിക്ക് ഗര്‍ഭണ്ടാക്കണ ഒരു ജാതി ഡാവ്!"

അവന്റെ പൊട്ടിച്ചിരിയില്‍ ബാറിലെ മറ്റ് ഒച്ചകള്‍ മുങ്ങിപ്പോയി.

 

.............................................................................

വലതു കയ്യിലെ തളളവിരലില്‍ പിടിപ്പിക്കാന്‍ സ്റ്റീലുകൊണ്ടുളള ഉറ അവന്‍ തന്നെ കണ്ടുപിടിച്ചതാണ്. കണ്ടുപിടുത്തം ഇട്ടിയെ കാണിക്കാന്‍ പാച്ചന്‍ മേശപ്പുറത്തു വെച്ചു. വന്യമൃഗത്തിന്റെ നഖം മാതിരി മൂര്‍ച്ചയുളള അഗ്രം.

Literature festival short story by M Nandakumar

Image Courtesy: Pixabay

 

 

അവന്‍. അവന്റെ രണ്ട് കൂട്ടുകാര്‍. 'സീ ഗള്‍' ബാറില്‍ ചൂട് മൂക്കുന്ന പകല്‍.

ഇപ്പോൾ ഉച്ഛ്വാസമേറ്റു മങ്ങുന്ന കണ്ണാടിയില്‍ വെള്ളം കോരിയൊഴിച്ച് ഇട്ടി കാഴ്ച ശരിയാക്കി. അവരൊക്കെ ആരായിരുന്നു?

അവനെ ആളുകളും പോലീസും വിളിച്ചിരുന്നതു കരടി പാച്ചന്‍ എന്നായിരുന്നു. നടത്തറ പോളിടെക്‌നിക്കിനടുത്താണു  താവളം. വലതു കയ്യിലെ തളളവിരലില്‍ പിടിപ്പിക്കാന്‍ സ്റ്റീലുകൊണ്ടുളള ഉറ അവന്‍ തന്നെ കണ്ടുപിടിച്ചതാണ്. കണ്ടുപിടുത്തം ഇട്ടിയെ കാണിക്കാന്‍ പാച്ചന്‍ മേശപ്പുറത്തു വെച്ചു. വന്യമൃഗത്തിന്റെ നഖം മാതിരി മൂര്‍ച്ചയുളള അഗ്രം. കത്തിയേക്കാള്‍ മാരകം. എന്നാല്‍ പെട്ടെന്നു  കൊല്ലുകയുമില്ല. ഒരു കൈവീശല്‍ മാത്രം. വാരിയോ വയറോ മുതുകോ പൊടുന്നനെ നീളത്തില്‍ കീറുന്നു.  ഇത്രയധികം ചോര എവിടുന്ന് എന്നു നിങ്ങള്‍ അന്ധാളിക്കുന്നു. അപ്പോഴേക്കും അവന്റെ അടുത്ത കൈവീശല്‍.

സ്റ്റീല്‍ തിളക്കമുളള പതിനൊന്ന് മണിയുടെ വെയില്‍. ആളുകള്‍ തിങ്ങി 'സീ ഗള്‍' ത്രസിക്കാന്‍ തുടങ്ങി. അപ്പോഴേക്കും പാച്ചന്റെ രണ്ട് കൂട്ടുകാരും എത്തി.

''ഡാ, ഈ ചേട്ടന് മ്മളെ ഓര്‍മ്മല്ല്യാന്ന്... ഒന്നുങ്കുടി ശരിക്ക് പരിചയപ്പെടാലേ?''

പാച്ചന്‍ കൂട്ടുകാരെ വിളിച്ചിരുത്തി.

''ദ് ആനന്ദേട്ടന്‍. മ്മടെ ആശാനാ. ദ് അമ്മാമ. ഉള്ളിന്ന് ഒരു കിര്‍ക്കനെ* പണിതിട്ട് ചാടീതാ...കിര്‍ക്കന്മാരിപ്പഴും തമിഴ്‌നാട്ടില് റിങ്ങിട്ട് കാത്തിരിക്ക്യാ...''

അവര്‍ നീറേങ്കല്‍ നഗരത്തിലെ മുന്തിയ സംഘമായിരുന്നു. ഇട്ടിനാന്‍ വിശേഷങ്ങള്‍ തിരക്കി. കേട്ടതില്‍ പലതും ഇപ്പോള്‍ വിസ്മൃതമായെങ്കിലും. പൊയ്‌പോയ ദിനങ്ങളുടെ ചളിപറ്റി പാച്ചന്റെ മാര്‍ബിള്‍ മുഖം മങ്ങിക്കഴിഞ്ഞു. എന്നാല്‍ മുഖം തന്നെയാണോ എന്ന് ഉറപ്പിക്കാനാവാത്ത ഒരു മുഖം. അത് ഇട്ടിനാന് ഇടക്കിടക്ക് ഓര്‍ക്കേണ്ടിവരും. രണ്ടാം ഷേവിനു താടിയില്‍ സോപ്പ് പതപ്പിക്കുന്ന സന്ദര്‍ഭത്തില്‍. നിസ്സാരസംഗതികള്‍ക്കിടക്ക്. ഉറക്കമില്ലായ്മ ആക്രമിക്കുന്ന ചില പാതിരാത്രികളില്‍.

അവന്റെ പേര് ആനന്ദന്‍. വിളിപ്പേരൊന്നുമില്ല. കൂട്ടത്തില്‍ ഏറ്റവും ഉയരം കുറവ്. ഒരു പ്ലസ് ടൂ പയ്യനെ ഓർമ്മിപ്പിക്കുന്ന മെലിഞ്ഞ ദേഹം. ശാന്തമായ ആംഗ്യങ്ങള്‍. ബുദ്ധി പ്രകാശിക്കുന്ന കണ്ണുകള്‍. എന്തോ പന്തികേട് തോന്നിപ്പിക്കുമെങ്കിലും സുന്ദരമായ വെളുത്ത മുഖം. ആനന്ദന്റെ വാക്കുകളില്‍ നൂറ്റാണ്ടുകളോളം ജീവിച്ച പക്വത തണുത്തു കിടന്നിരുന്നു.

ഈ ഓര്‍മ്മകളൊക്കെ അപ്രകാരം തന്നെയാണോ? ആയിരിക്കില്ല. ശവക്കുഴിയിലേക്കു ദൈനംദിനതയുടെ നേര്‍രേഖാ പ്രവാഹം. അതിനെതിരെ സ്മരണയുടെ ദുര്‍ബല പ്രതിരോധങ്ങള്‍. എന്നോ അസ്തമിച്ച പകലിന്റെ നിറക്കൂട്ടുകളും വാക്യങ്ങളും തിരിച്ചെടുക്കാനുളള കരണംമറിച്ചിലുകള്‍.

എല്ലാ മനുഷ്യരുടെയും ഓര്‍മ്മകള്‍ തെറ്റുകള്‍ നിറഞ്ഞതാണ്.

ലക്ഷ്യമില്ലാത്ത പ്രതികാരം മാത്രമായി കടന്നു പോയ ആറേഴ് വര്‍ഷങ്ങള്‍. ജീവിതത്തിലെ മറ്റേതൊരു അവസ്ഥയുമെന്നപോലെ ദുരിതത്തിനോട് ഇട്ടിനാന്‍ ഇടപഴകി കഴിഞ്ഞിരുന്നു. സംഘര്‍ഷങ്ങളും സ്‌നേഹങ്ങളും വെറുപ്പുകളും മടുപ്പുകളും ഭിന്നദിശകളില്‍ പൊട്ടിച്ചിതറുന്ന നീറേങ്കല്‍ നഗരത്തില്‍ ഇട്ടിനാന്‍ എന്ന ഒറ്റമുറി അന്തേവാസി. കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയോടു പണ്ടേ പരമപുച്ഛം. ഏകാകി. സ്വന്തം സ്വാതന്ത്ര്യങ്ങളുടെ ജീവപര്യന്തത്തടവുകാരന്‍. പവര്‍ കട്ടിന്റെ നേരത്തു ജനാലപ്പടിയില്‍ അവന്‍ കൊളുത്തിവെച്ച മെഴുകുതിരിയേക്കാള്‍ നിസ്സാരന്‍. അവന്റെ ഏറ്റവുമടുത്ത സുഹൃത്ത് നിറഞ്ഞ മദ്യഗ്ലാസ്സ്. തോറ്റവന്റെ സ്വയംവഞ്ചനകള്‍. ദുരന്തം ഇട്ടിനാനു വിലകെട്ട വാക്കായി മാറിക്കഴിഞ്ഞു.

മീനയുമൊത്തു കടല്‍ത്തീരത്തിരിക്കുന്ന ചില നിഷ്‌ക്കളങ്ക സായാഹ്നങ്ങളായിരുന്നു ഇട്ടിനാന് അക്കാലത്ത് ആകപ്പാടെ പിടിവള്ളി. സ്വന്തം ജീവിതം; സംഭവങ്ങള്‍ക്കു സാക്ഷിയാകല്‍...  എല്ലാം ഇട്ടിനാന് അസ്വാഭാവികമാണ്. മീനക്കാകട്ടെ യാതൊരു ചിന്താക്കുഴപ്പവും ഉണ്ടായിരുന്നില്ല: ''എല്ലാം സ്വാഭാവികമാണ്. കുറച്ചു  കാലത്തിനകം നീ എന്നെ വിട്ടു പോകും എന്നതു പോലും.''

മുഖക്കണ്ണാടിയില്‍നിന്നും ആറ് വര്‍ഷം മുമ്പൊരാള്‍  ഇന്നത്തെ പുലര്‍ച്ചയില്‍  ഇട്ടിനാനു  മുന്നില്‍ വന്നതെന്തിന്? പ്രത്യേകിച്ചൊരു കാരണവുമില്ല. ഇട്ടിക്കുളളില്‍ കാലവും ഓര്‍മ്മയും തമ്മില്‍ വിചിത്രമായ ഏതോ മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുകയാവണം.

''എന്നിട്ട് അന്ന് ആ ടേബിളില്‍ എന്ത് സംഭവിച്ചു?'' ഇട്ടിനാന്‍ ശ്രദ്ധിച്ചു റേസര്‍ നീക്കി.

ഒരു ഓപ്പറേഷന്റെ വിജയലഹരിയിലായിരുന്ന അവര്‍ ഇട്ടിയെ സത്ക്കരിക്കാന്‍ തീരുമാനിച്ചുറച്ചു. ഇട്ടി ഒഴിഞ്ഞു മാറാന്‍ നോക്കി. എന്നന്നേക്കുമായി കുടി നിര്‍ത്താനുളള പ്ലാനാണെന്നു നുണ പറഞ്ഞു.

''ന്തായാലും നിര്‍ത്ത്വല്ലേ... ന്നാ പിന്നെ അറ്റം മുട്ടിച്ച് നിര്‍ത്ത്. രണ്ടെണ്ണം കൂടി ചങ്കിലിട്ടോ... മ്മടെ വക... ദ് അടിക്കാണ്ട് ചേട്ടന്‍ ഇവട്ന്ന് എണീക്കില്ല ട്ടാ... ങാ...'' പാച്ചന്‍ അവന്റെ ഇരുമ്പ് നഖം മേശപ്പുറത്തിട്ടു വട്ടം കറക്കി.

ഇട്ടി ആഘോഷത്തിന്റെ കാരണം തിരക്കി.

''മ്മടെ ധന്വന്തരി ഹൈടെക് ആസ്പത്രീടെ മുന്നില് കാണണ  ഈനാശേട്ടന്റെ മെഡിക്കല്‍ ഷാപ്പില്ലേ...''

''ഉവ്വ്. മാതാ മെഡിക്കല്‍സ്.''

''ന്നാല് ഇപ്പൊ അതവിടില്ല. മിനിഞാന്ന് രാത്രി ഞങ്ങളത് അടിച്ചാ പൊളിച്ചു.'' അമ്മാമ വിവരിക്കാന്‍ തുടങ്ങി.

ചൂരല്‍വടിയില്‍ എണ്ണ പുരട്ടിയതു പോലുളള ദേഹം. ചുരുണ്ടു തിങ്ങിയ ചെമ്പന്‍ തലമുടി. വെകിളി പിടിച്ച ആംഗ്യങ്ങള്‍. ഒരു ജയിലിനും അമ്മാമയോടൊന്നും ചെയ്യാനാവില്ലെന്ന് ഇട്ടിക്ക് ബോധ്യം വന്നു. തൂക്കുമരത്തിനു പോലും.

ഈനാശുവിന്റെ കടയുടെ തൊട്ടുതന്നെയാണു വറീതിന്റെ മരുന്ന് പീടികയും. വറീതിന്റെ പെണ്ണിന്റെ പേരിലുളള 'റോസി ഫാര്‍മസി.' രണ്ടുകൂട്ടരും മുട്ടന്‍ മത്സരമായിരുന്നു. ഹൈടെക് ആശുപത്രിയില്‍ നിന്നിറങ്ങി വരുന്ന രോഗികളെ സ്വന്തം കടയിലേക്ക് ആകര്‍ഷിക്കാന്‍ പതിനെട്ടടവും പൂഴിക്കടകനും പയറ്റി. പാതയിലൂടെ വെറുതേ നടന്നു പോകുന്നവരേയും പാരസെറ്റമോൾ വാങ്ങാൻ കൈമാടി വിളിച്ചു.

''ങ്ങട്ട് പോരെ... ഡിസ്‌ക്കൗണ്ട്  ണ്ട്ട്ടാ...''

പനിമരുന്നും കുരമരുന്നും വില്ക്കാനുളള വീറ്  കൂടിക്കൂടിവന്നു. വ്യാപാരപോരാട്ടം പ്രാകൃതചോദനകളെ ആളിക്കത്തിച്ചു. ഈനാശുവും വറീതും പരിണാമ പരമ്പരയിലെ കീരിയും പാമ്പുമായി. കഴിയുന്നത്ര പാരകള്‍ തിരിച്ചും മറിച്ചും പണിതു. കച്ചവടത്തിലും കുടുംബത്തിനകത്തും.  സന്ധുബന്ധുക്കള്‍ക്കിടയിലും പളളിയിലുംവരെ.

കലിപ്പു പിടിച്ചു ചുവക്കുന്ന ഒരു വൈകുന്നേരം. നടത്തറ പോളിടെക്‌നിക് ഗ്രൗണ്ടിലെ അരയാല്‍ച്ചുവട്ടില്‍ ഈനാശു ആനന്ദനെയും പാച്ചനെയും സന്ധിച്ചു. അമ്പതിനായിരം രൂപ റൊക്കം കാശ്  കയ്യാലെ എണ്ണിക്കൊടുത്തു. വറീതിന്റെ 'റോസി ഫാര്‍മസി' തല്ലിപ്പൊളിക്കാന്‍.

അര്‍ദ്ധരാത്രി ആനന്ദനും പാച്ചനും ബൈക്കെടുത്തു  വറീതിന്റെ വീട്ടില്‍ പോയി.

''ഞങ്ങളിപ്പോ എന്തൂട്ടാ ചെയ്യേണ്ട് വറീതേട്ടാ?''

''ഡാ! മ്മടെ കട വിട്ട് പിടിക്കടാ...''

പകരം ഈനാശുവിന്റെ 'മാതാ മെഡിക്കല്‍സ്' തകര്‍ക്കാന്‍ വറീതേട്ടന്‍ എഴുപത്തയ്യായിരത്തിനു വര്‍ക്ക് കൊടുത്തു.

ഇന്നലെ രാവിലെ ഈനാശുവും വറീതും പീടിക തുറക്കാനെത്തി. രണ്ടു മെഡിക്കൽ ഷോപ്പും വൃത്തിയായി അടിച്ചു പൊളിച്ചിരുന്നു. അതോടെ കയ്യാങ്കളി മുതലാളിമാർ നേരിട്ടായി. ശത്രുക്കള്‍ ധന്വന്തരി ഹൈടെക് ആശുപത്രിയില്‍ കിടപ്പുണ്ട്. അടുത്തടുത്തുളള പേ വാര്‍ഡില്‍.

പാച്ചന്‍ ബിയര്‍ കുപ്പിയുടെ മൂട് മേശയില്‍ ഇടിച്ചു. ''ഞങ്ങള് ഒരു വര്‍ക്ക് ഏറ്റാ ഏറ്റതാ...''

''ചേട്ടന് വല്ല വര്‍ക്കുണ്ടാ? ണ്ടെങ്കി പറഞ്ഞോ.''

അമ്മാമ ഇട്ടിയുടെ ഗ്ലാസ്സില്‍ വോഡ്ക ഒഴിച്ചുകൊടുക്കുന്നതിനിടയില്‍ ചോദിച്ചു.

ആനന്ദന്‍ പല്ലിനിടയില്‍ കുടുങ്ങിയ ഇറച്ചിക്കഷണം തോണ്ടിക്കൊണ്ടിരുപ്പാണ്. ദത്തശ്രദ്ധനായി. ഇട്ടിക്കു ശരീരത്തിനു  മേലുളള ഭൂമിയുടെ വലിവ് കുറയാന്‍ തുടങ്ങിയിരുന്നു. മനസ്സാകട്ടെ വലുതായി വരുന്ന ഒരു ഭൂപടമായി. നീറേങ്കലും കടന്നു പ്രപഞ്ചാതിര്‍ത്തികളോളം വികസിച്ച്... മുന്നിലുളള മൂന്നുപേര്‍ മറുലോകത്തിലെ നിഴല്‍ചിത്രങ്ങളായി രൂപപരിണാമം ചെയ്യുകയാണ്.

കൗണ്ടറില്‍ റപ്പായ്യേട്ടന്റെ കഷണ്ടിക്കുമീതെ ക്രൂശിതരൂപത്തിനു ചുറ്റും ചുകപ്പ് പച്ച മഞ്ഞ കൃത്രിമ നക്ഷത്രങ്ങള്‍ കത്തുന്നതു  നോക്കി ഇട്ടി മെല്ലെ പറഞ്ഞു:
''ഒരു ശത്രുവുണ്ട്.''

''വരീന്ന് കളയണോ?'' പാച്ചന്‍ മുന്നോട്ടാഞ്ഞിരുന്നു. ''അതോ നൈസ് പണി മത്യാ?''

അമ്മാമ ഒരു പ്രയോഗികപ്രശ്‌നം ഉയര്‍ത്തിക്കാട്ടി:

''ഈ കയ്യും കാലും എട്ക്ക്ണ പണി റിസ്‌ക്കാ ചേട്ടാ... പിന്നെ കിര്‍ക്കമ്മാരും കോടതീം... വരീന്ന് ഇട്ത്ത് കളയാ സുഖം... അവനും അതേ... ഇമ്മക്കും അതേ...''

''എന്താ റേറ്റ്?'' ഇട്ടി ഇമയനക്കാതെ ആനന്ദനോട് ചോദിച്ചു.

''വണ്ടന്‍ ഡാവാണെങ്ങെ ചെമ്പ് കൂടും ട്ടാ... ജാതി പുല്യാ?'' പാച്ചന്‍ അവന്റെ റോഡ് റോളര്‍ ചിരി ചിരിച്ചു.

''ഈ പുലീനെ ഒതുക്കാന്‍ വല്യ പാടില്ല. മീഡിയം പുലി.''

''പണി എപ്പഴ്ക്കാ?''

ഇട്ടി ഒന്നാലോചിച്ചു. ''മൂന്നാല് മാസം കഴിഞ്ഞിട്ട്...''

''അയ് ശരി. അപ്പോ മ്മളെ ആരെങ്കിലും അയിന് മുമ്പ് പണിതില്ലെങ്കി മ്മക്ക് പണിയാം. ന്നാ അഡ്വാന്‍സ് ചെമ്പ് അളന്നോ.''

''എത്രാ?''

''അമ്പത്..''

''ഒന്ന് മയപ്പെടുത്ത്.''

''ദ് ബീവറേജിന്റെ മുന്നിലെ ഓറഞ്ച് കച്ചോടല്ല ഗഡീ... പണീന്ന് പറഞ്ഞാ പണ്യാണ്. വര്‍ത്താനല്ല.''

ഇട്ടിനാന്‍ റിയാസിനെ വിളിച്ചു. കാര്യഗൗരവമുളള ഒരു സംഗതിക്കു കുറച്ചു തുട്ട് അഡ്വാന്‍സ് കൊടുക്കണം. എപ്പോള്‍ കിട്ടും?

മൊബൈല്‍ ഫോണ്‍ ഉയര്‍ത്തി ഇട്ടി ആനന്ദന് ഉറപ്പു കൊടുത്തു. ''അടുത്ത ശനിയാഴ്ച വൈന്നേരം റിയാസ് കാശേല്പിച്ചിരിക്കും.''

അമ്മാമ ശബ്ദം താഴ്ത്തി: ''ആരാ ആള്? എന്തൂട്ടാ കേസ്? ചേട്ടന്റെ ഭാര്യെടെ നൂലാ...?''

''അതൊന്ന്വല്ല. അവനാണ് എല്ലാറ്റിനും തടസ്സം. എന്റെ ഒരേയൊരു ശത്രു.''

''എതാ ...ണ്ണ?'' പാച്ചന്‍ കാര്‍ക്കിച്ചു  തുപ്പി.

''ഞാന്‍ തന്നെ.''

കൊലയാളികള്‍ ഒരു നിമിഷം നിശ്ശബ്ദരായി. പിന്നെ തലയറഞ്ഞു ടേബിളില്‍ കൈതല്ലി ചിരിച്ചു. കണ്ണില്‍ വെളളം പൊടിയുംവരെ.  പാച്ചന്റെ ഗ്ലാസ്സ് നിലത്തു വീണു  തകര്‍ന്നു.

''മ്മടെ ഡാവ് കൊളളാട്ടാ... ജാതി ഭാവന്യാണ്‌ലോ... കലാകാരന്‍!'' അമ്മാമ ഇട്ടിക്കു കൈകൊടുത്തു.

ആനന്ദന്‍ പല്ലിടകുത്തല്‍ നിര്‍ത്തി ശാന്തനായി പറഞ്ഞു: ''ഭാവനേളെളടാ... വാഷില്ല്യ*. സ്വയം പണിയാന്‍ പേട്യാണ്...''

അവര്‍ മൂന്നുപേരും എഴുന്നേറ്റു. ''അപ്പൊ ന്നാ... കാണാം.''

അവര്‍ ധൃതിയിലായിരുന്നു. ഈനാശുവും വറീതും മുടക്കിയ തുകക്ക്  അമ്മപെങ്ങന്മാര്‍ക്കും കാമുകിമാര്‍ക്കും സെറ്റുമുണ്ടുകള്‍, സാരികള്‍, ചുരിദാറുകള്‍... അങ്ങനെ പലതും വാങ്ങിക്കൊടുത്തു. ബാക്കി കാശിന് ഒരു സീരിയല്‍ നടിയേയും പൊക്കി പൂക്കോട്ടുമേട് വെളളച്ചാട്ടം കാണാന്‍ പോകുന്നു. അവിടെ റിയാസിന്റെ ഒരു ചങ്ങാതിക്കു ജൈവകൃഷി ഫാമുണ്ട്. കാശ് തീര്‍ന്നാല്‍ നാട്ടിലേക്കിറങ്ങും. ബാക്കി പണി വന്നിട്ട്.

'അപ്പോള്‍ ആനന്ദന്‍ നിന്നോടൊരു കാര്യം പറഞ്ഞു.'

ഇട്ടിനാന്‍ മുഖം കഴുകി തുടച്ചു. ലോഷന്‍ പുരട്ടിയ ചെറിയ നീറ്റലില്‍ കവിളുകളുടെ മിനുസം തലോടി. ഓര്‍മ്മക്കു  കൂര്‍പ്പേറി.

പിരിയുംമുമ്പ് ആനന്ദൻ ഇട്ടിനാന്റെ നേർക്കു നിന്നു:

''ചേട്ടാ... ഇവടെ ഇതടിച്ച് ചങ്ക്ന്ന് എറക്കാന്‍ളള നേരം അവര് തര്ല്ല... പണി എപ്പഴാ എവിട്ന്നാ ആരാന്നൊന്നും പറയാന്‍ പറ്റില്ല. പിടി കിട്ട്യാ?''

''ഇല്ല.''

ആനന്ദന്‍ ഇട്ടിയുടെ തോളില്‍ കൈവെച്ചു. മെലിഞ്ഞ വിരലുകള്‍ ഇട്ടിയെ പിടിച്ചു നിര്‍ത്തി. കൊടിലിന്റെ മുറുക്കത്തില്‍.

''കുറേ പ്രാശ്യം ചത്താ... പിന്നെ പേടീല്ല, ഗഡീ...''

അവന്‍ മുഖം ഇട്ടിയുടെ നേരെ അടുപ്പിച്ചു. ചില്ലുതുണ്ടിന്റെ നിര്‍വികാരതയില്‍ കണ്ണുകള്‍ മിന്നി. നെറ്റിയിലും കവിളിലും  കീഴ്ത്താടിയിലും  വ്യക്തമല്ലാത്ത നേര്‍ത്ത ചുവന്ന വരകള്‍. ഒറ്റനൂലോടിച്ച് ഉടുപ്പ് തുന്നിയ സൂക്ഷ്മതയില്‍.

''ചേട്ടന് മനസിലായാ?''

ആനന്ദന്‍ സ്വന്തം മുഖത്തിനുനേരെ ചൂണ്ടുവിരല്‍ നീട്ടി. ഇട്ടിനാനു മുഴുവനും മനസ്സിലായില്ല. എങ്കിലും എന്തോ മനസ്സിലായതിന്റെ ആന്തല്‍ ഉളളിലുണ്ടായി.

''ചേട്ടന്‍ ഇത്രേം നേരം നാവാടീത് ഇന്നോടല്ല.''

 ''പിന്നെ?''

''ദ് ന്റെ മോന്തല്ല... കഴിഞ്ഞ കാവടിക്ക് ശ്രീരാഗം തീയറ്ററിന്റെ ബാല്‍ക്കണീല്ട്ട് പടക്കെറിഞ്ഞ് വെട്ടീതാ... ചാള സുധീം അവന്റെ പിളേളരും. ഞാന്‍ ചത്തില്ല. പക്ഷെ ന്റെ മോന്ത പോയി. സുധീനെ പിന്നെ പൂരത്തിന്റന്ന് പുലര്‍ച്ചെ ഇട്ത്ത് കളഞ്ഞു.''

തുടയില്‍ നിന്നും മുറിച്ചെടുത്ത മാംസംകൊണ്ടു  ധന്വന്തരി ഹൈടെകിലെ പ്ലാസ്റ്റിക് സര്‍ജന്‍  ആനന്ദന് ഒരു മുഖം ഉണ്ടാക്കി കൊടുത്തു.

''കാണാം ഗഡീ... കാണണം.''

അവര്‍ പോയി.
ഇട്ടിനാനും പുറത്തിറങ്ങി. നീറേങ്കല്‍ റൗണ്ടില്‍ ഉച്ചവെയില്‍ പൂനിലാവായി തിളക്കുമ്പോള്‍ ചെരിപ്പില്ലാത്ത കാലുകളില്‍ വേച്ചു വേച്ച്... കതകില്ലാത്ത മുറിയിലേക്ക്. വഴിയിലുളളതൊന്നും കാഴ്ചയില്‍ പതിയാതെ. ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി തലയാട്ടി എതിരെ വരുന്ന ഒരു പെണ്‍കുട്ടിക്കു വഴി മാറാതെ. ഉള്ളില്‍ പതയുന്ന വാക്കുകള്‍ ഓടയിലേക്ക് ഛര്‍ദ്ദിച്ച്...

ശരിയായ ചരിത്രം തകര്‍ച്ചയുടെ ചരിത്രമാകുന്നു.

പിന്നീട്  നീറേങ്കലിനെവിട്ടു  ഇട്ടിനാന്‍ മറ്റു  നഗരങ്ങളിലേക്കു കുടിയേറി. വേരുകളുടെ ഭാരമേശാത്ത ഒഴുക്കില്‍. റിയാസിന്റെ കവിതകളും പാച്ചന്റെ ചിരിയും ഒറ്റമുറിയില്‍ വിയര്‍ത്തു കിടന്ന രാത്രികളും ചുഴികളില്‍ താണു. മീനയുടെ ഇടംതുടയിലെ മറുകും അതു നല്‍കിയ ഉത്തേജനവും മറവിയിലാണ്ടു.

ഇടക്കെപ്പോഴോ കൈവിറച്ചതിനാല്‍ കവിളില്‍ റേസര്‍ അമര്‍ന്നു പോറിയിരിക്കുന്നു. മുറിപ്പാടിലെ ചോര ഇട്ടിനാന്‍ ചൂണ്ടുവിരല്‍ കൊണ്ടമര്‍ത്തി.

എന്നന്നേക്കുമായി ഇല്ലാതായെങ്കിലും മനസ്സ് കൊണ്ടുനടക്കുന്ന മുഖം. കണ്ണാടിയില്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഒരു മുഖം. അതും സാവകാശം തുന്നലുകള്‍ വിട്ട് അഴിഞ്ഞു പോകും.

..........................
കുറിപ്പുകള്‍:
* ഗുച്ചന്‍- ഓട്ടോറിക്ഷ
* കിര്‍ക്കന്‍- പോലീസുകാരന്‍
* വാഷ് - ധൈര്യം

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

Follow Us:
Download App:
  • android
  • ios