സമ്പാജെ പ്രദേശത്ത് നിന്നും പുതിയൊരു നിഴൽത്തുമ്പി, 'കുടക് നിഴൽത്തുമ്പി'; കണ്ടെത്തലിന് പിന്നിൽ മലയാളികൾ അടങ്ങുന്ന ഗവേഷക സംഘം

Published : Nov 27, 2025, 06:09 PM IST
Protosticta sooryaprakashi

Synopsis

കർണാടകയിലെ കുടകിൽ നിന്ന് ഒരു പുതിയ ഇനം നിഴൽത്തുമ്പിയെ കണ്ടെത്തി. 'പ്രോട്ടോസ്റ്റിക്ക്റ്റ സൂര്യപ്രകാശി' എന്ന് ശാസ്ത്രീയനാമമുള്ള 'കുടക് നിഴൽത്തുമ്പി'ക്ക് തനതായ ശാരീരികവും ജനിതകവുമായ സവിശേഷതകളുണ്ട്. മലയാളികൾ അടങ്ങുന്ന ഗവേഷക സംഘത്തിന്‍റെതാണ് കണ്ടെത്തൽ. 

 

ജൈവ വൈവിധ്യത്തിന്‍റെ തീരാക്കലവറയാണ് പശ്ചിമഘട്ടം. ഓരോ തവണയും കാട് കയറുന്ന ഗവേഷകർക്കായി പശ്ചമഘട്ടം പുതിയൊരു ജീവിവർഗ്ഗത്തെ കരുതിവയ്ക്കുന്നു. ഏറ്റവും ഒടുവിലായി കർണാടകത്തിലെ കോഡഗു ജില്ലയിലെ സമ്പാജെ പ്രദേശത്ത് നിന്നും മലയാളികൾ അടങ്ങുന്ന ഗവേഷക സംഘം ഒരു പുതിയ ഇനം നിഴൽത്തുമ്പിയെ കൂടി കണ്ടെത്തിയിരിക്കുന്നു. കണ്ണൂർ ഗവണ്മെന്‍റ് കോളേജ് അദ്ധ്യാപകരായ മുഹമ്മദ്‌ ഹനീഫ്, മൈമൂനത്ത് ബീവി, കേരള കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് ഫോറെസ്ട്രിയിൽ അദ്ധ്യാപകനായ ഡോ. വിവേക് ചന്ദ്രൻ, പൂനെ വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. പങ്കജ് കൊപ്പാർഡെ, ബെംഗളുരു നാഷണൽ സെന്‍റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്ണമേഘ് കുണ്ടെ എന്നിവരാണ് പുതിയ തുമ്പിയിനത്തെ കണ്ടെത്തിയത്. പഠനം സൂടാക്സ എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.

'കുടക് നിഴൽത്തുമ്പി'

ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്‍റെ ഹോട്ട്-സ്‌പോട്ടായ പശ്ചിമ ഘട്ടങ്ങളിൽ Protosticta ജനുസിലെ 20-ൽപ്പരം തുമ്പിയിനങ്ങളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്കാണ് പുതിയ അതിഥിയായി 'കുടക് നിഴൽത്തുമ്പി'യുടെ കടന്ന് വരവ്. ഈ തുമ്പിയുടെ ശാസ്ത്രനാമം 'പ്രോട്ടോസ്റ്റിക്ക്റ്റ സൂര്യപ്രകാശി' (Protosticta sooryaprakashi) എന്നാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന സസ്യശാസ്ത്രജ്ഞൻ ഡോ. സൂര്യപ്രകാശ് ഷെണോയുടെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. പ്രദേശത്തിന്‍റെ സമ്പന്നമായ ജൈവ പൈതൃകത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് 'കുടക് നിഴൽതുമ്പി'യെന്ന് പേരിടാന്‍ കാരണം.

ഇരുളടഞ്ഞ കാടുകളിൽ ചെറുനീർച്ചാലുകൾക്കരികിലാണ് കുടക് നിഴൽത്തുമ്പികളെ കാണാനാവുക. കൃശഗാത്രരായ ഈ സൂചിത്തുമ്പികളുടെ ഉദരത്തിന് അസാമാന്യ നീളമുണ്ടായിരിക്കും. പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തുന്ന പത്തൊൻപതാം നിഴൽത്തുമ്പിയാണ് കുടക് നിഴൽത്തുമ്പി. ഇളം നീല നിറത്തിലുള്ള പിൻകഴുത്ത്, ചെറുവാലുകളുടെയും ജനനേന്ദ്രിയത്തിന്‍റെയും പ്രത്യേകഘടന എന്നിവ കുടക് നിഴൽത്തുമ്പിയെ മറ്റ് നിഴൽത്തുമ്പികളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

മോർഫോളജി

ഈ സ്പീഷീസ് പ്രോട്ടോസ്റ്റിക്റ്റ സാങ്കിനോസ്റ്റിഗ്മ (Protosticta Sanguinostigma) ഗ്രൂപ്പിൽ പെട്ടെങ്കിലും, ചില പ്രത്യേക ഭൗതിക സവിശേഷതകളാൽ കുടക് നിഴൽത്തുമ്പികളെ വ്യക്തമായി വേർതിരിച്ചറിയാമെന്നും ഗവേഷ‍കർ ചൂണ്ടിക്കാണിക്കുന്നു. ഇവയുടെ കണ്ണുകളിൽ കറുത്ത നിറത്തിൽ തിരിച്ചറിയാവുന്ന കട്ടിയുള്ള ഒരു ബാൻഡ് ഉണ്ട്. പ്രോത്തോറാക്സിലെ ആകാശനീല നിറത്തിലുള്ള ഒരടയാളവും, ചെറുതും നിഴൽ പോലെയുമുള്ള ശരീരഘടന, ചെറുതായ ബേസൽ സ്പൈൻ ഉള്ള സെർസി എന്നിവ ഇതിന്‍റെ പ്രധാന സവിശേഷതകളിലാണ്. ആൺ ഇനത്തിന്‍റെ ജനനേന്ദ്രിയ അവയവത്തിന്‍റെ ആകൃതിയുടെ പ്രത്യേകത കൊണ്ടാണ് ഇവ പ്രധാനമായും തിരിച്ചറിയപ്പെടുന്നത്. താറാവിന്‍റെ തലയോട് സാദൃശ്യമുള്ള അഗ്രങ്ങളാണ് ഇവയ്ക്കുള്ളതെന്നും ഗവേഷകർ പറയുന്നു.

പഴയ പഠനത്തോടെ കുടക് നിഴൽത്തുമ്പിയെ തിരിച്ചറി‌‌ഞ്ഞിരുന്ന ഒരു COI സീക്വൻസും ഈ പഠനം വഴി തെളിച്ചു. COI ജീനിന്‍റെ അടിസ്ഥാനത്തിൽ ഈ ഇനവുമായി അടുത്ത ബന്ധമുള്ള ചെമ്പൻ നിഴൽത്തുമ്പി (Protosticta sanguinostigma), ചോപ്പൻ നിഴൽത്തുമ്പി (Protosticta sanguinithorax), കൊങ്കൺ നിഴൽത്തുമ്പി (Protosticta shambhaveei) എന്നിവയിൽ നിന്നും 16 % – 23 % വരെ ഇവ ജനിതകമായി വ്യത്യാസം കാണിക്കുന്നു. ഇത് കുടക് നിഴൽത്തുമ്പികൾക്ക് സ്വതന്ത്രമായ ഒരു സ്പീഷീസ് പദവി ഉറപ്പ് നൽക്കുന്നു.

വാസസ്ഥലവും ശീലങ്ങളും

സമ്പാജെ നദീതടത്തിന് സമീപത്തെ അടക്കാത്തോട്ടങ്ങളിലെ നിഴലുള്ള സ്ഥലങ്ങളിലാണ് കുടക് നിഴൽത്തുമ്പികളെ കണ്ടെത്തിയത്. ഇവിടെ 20-ത്തിലധികം എണ്ണത്തെ നിരീക്ഷിക്കുകയും അവ പ്രോട്ടോസ്റ്റിക്റ്റ സാംഗിനോസ്റ്റിഗ്മയോടൊപ്പം ജീവിക്കുന്നതായും കണ്ടെത്തി. ഇത്തരമൊരു സഹവർത്തിത്വം ആദ്യമായാണ് രേഖപ്പെടുത്തുന്നത്. പുതിയ കണ്ടെത്തലോടെ പശ്ചിമഘട്ടങ്ങളുടെ ജൈവവൈവിധ്യം ഇപ്പോഴും പൂർണമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്നു.

 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം