
ജനാധിപത്യം (Democracy) മനുഷ്യരാശിയുടെ ചരിത്രത്തിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും വിപ്ലവാത്മകമായ ആശയങ്ങളിൽ ഒന്നാണ്. 'ജനങ്ങളുടെ ഭരണം, ജനങ്ങൾക്കായി, ജനങ്ങളാൽ' എന്ന അബ്രഹാം ലിങ്കൺ പറഞ്ഞ വാക്കുകൾ ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്‍റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. എല്ലാ വർഷവും സെപ്റ്റംബർ 15-നാണ് ലോകം അന്താരാഷ്ട്ര ജനാധിപത്യ ദിനമായി (International Day of Democracy) ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2007 മുതലാണ് ഇത്തരമൊരു ദിനാചരണം ആരംഭിച്ചത്. ഈ ദിവസം ജനാധിപത്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനും, അതിനെ വെല്ലുവിളിക്കുന്ന ഘടകങ്ങളെക്കുറിച്ച് ചിന്തിക്കാനും നമുക്ക് അവസരം നൽകുന്നു.
ജനാധിപത്യം വെറും ഒരു രാഷ്ട്രീയ സംവിധാനം മാത്രമല്ല, മറിച്ച് സ്വാതന്ത്ര്യം, സമത്വം, പങ്കാളിത്തം, ഉത്തരവാദിത്തം എന്നീ മൂല്യങ്ങളെ ചേർത്തെടുത്ത ഒരു ജീവിതരീതിയാണ്. 'ജനാധിപത്യം ഒരു ഭരണരൂപത്തേക്കാൾ ഉപരിയായി, ഒരു ജീവിതരീതിയാണ്. അത് സ്വാതന്ത്ര്യത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും ഒരു സമന്വയമാണ്. എന്ന ഡോ. ബി. ആർ. അംബേദ്കറിന്‍റെ വാക്കുകൾ ജനാധിപത്യത്തെ കൂറെ കൂട്ടി വ്യക്തമാക്കുന്നു. വെറുമൊരു ഭരണരീതിക്കും അപ്പുറം, ജനാധിപത്യം ഒരു ജീവിതരീതി കൂടിയാണ്. അത് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശം, സമത്വം, നീതി തുടങ്ങിയ മനുഷ്യന്‍റെ അടിസ്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നു.
'ജനാധിപത്യം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്, അത് നമ്മെ എല്ലാവരെയും ഉൾക്കൊള്ളുന്നു'വെന്നാണ് നെൽസൺ മണ്ടേല അഭിപ്രായപ്പെടുന്നത്. ജനാധിപത്യം ഒരു ആശയം മാത്രമല്ല, അത് സമൂഹത്തിന്‍റെ വികസനത്തിന് അനിവാര്യമായ ഒരു ഘടകം കൂടിയാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ, ഓരോ പൗരനും തുല്യനീതിയും അവസരങ്ങളും ലഭ്യമാക്കുന്നു. അവർക്ക് അവരുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനും ചോദ്യം ചെയ്യാനും സാധിക്കുന്നു. ഇത് ഒരു ജനതയെ ശാക്തീകരിക്കുകയും, അവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലും, ആരോഗ്യരംഗത്തും, സാമ്പത്തിക വികസനത്തിലും ജനാധിപത്യം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ സാധാരണക്കാരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്കുന്നത് സമൂഹത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതിയെയാണ് സഹായിക്കുന്നത്.
അതേസമയം വർത്തമാനകാലത്തും ജനാധിപത്യം അതിന്‍റെ പൂർണ്ണതയിൽ എത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജനാധിപത്യ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അഴിമതികളും, രാഷ്ട്രീയ അക്രമങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവയെല്ലാം ഇതിൽ ചിലതാണ്. വ്യാജ വാർത്തകളും സമൂഹ മാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളും ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ സാധ്യതയുള്ളവയാണ്. സാമ്പത്തിക അസമത്വങ്ങൾ, വർഗ്ഗീയത, വംശീയ വിവേചനം എന്നിവയും ജനാധിപത്യത്തെ നിരന്തരം വെല്ലുവിളിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ പരിഗണന ലഭിക്കുന്നില്ലെങ്കിൽ, അത് യഥാർത്ഥ ജനാധിപത്യമാകില്ലെന്നും നമ്മൾ ഈ അവസരം ഓർക്കേണ്ടതുണ്ട്. 'ജനാധിപത്യം ഒരു മനോഹരമായ സ്വപ്നമാണ്, പക്ഷെ അത് സാക്ഷാത്കരിക്കണമെങ്കിൽ ജനങ്ങൾ വിവേകവും വിവേചനശേഷിയും ഉള്ളവരാകണ'മെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഓർക്കുക.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭരണഘടനയിൽ ഉറപ്പുനൽകിയ മൗലികാവകാശങ്ങളും കടമകളും, സ്വതന്ത്ര തെരഞ്ഞെടുപ്പ് സംവിധാനം, സ്വതന്ത്ര നീതിന്യായവ്യവസ്ഥ എന്നിവ ഇന്ത്യയെ ജനാധിപത്യത്തിന്റെ മികച്ച മാതൃകയാക്കി തീർക്കുന്നു. എന്നാൽ, അഴിമതി, രാഷ്ട്രീയ ധ്രുവീകരണം, മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും പലപ്പോഴും ആത്മപരിശോധന നടത്തേണ്ടിവരുന്നു.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ, ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ കൃത്യമായി നടക്കുന്നു. പൗരന്മാർക്ക് അവരുടെ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എങ്കിലും, ഇന്ത്യൻ ജനാധിപത്യം അതിന്‍റെ പൂർണ്ണതയിൽ എത്തിയിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ പാർട്ടികളുടെ വർഗ്ഗീയ നിലപാടുകൾ, സാധാരണക്കാരന്‍റെ ശബ്ദം അധികാരികൾ കേൾക്കാത്ത അവസ്ഥ എന്നിവയെല്ലാം നമ്മുടെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളാണ്.
ഇതിനെല്ലാം പുറമേയാണ് പ്രതിപക്ഷ കക്ഷികൾ, പ്രത്യേകിച്ചും കോണ്‍ഗ്രസ് പാർട്ടി ഉയർത്തിയ അതീവ ഗുരുതരമായ 'വോട്ട് ചോരി' ആരോപണങ്ങൾ. ഇത്തരം ആരോപണങ്ങളെ ലഘൂകരിച്ച് കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടുകളും വലിയ ആശങ്കയാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉയർത്തിയിരിക്കുന്നത്. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാനും, ഭരണത്തിൽ സുതാര്യത കൊണ്ടുവരാനും ഏക പാര്‍ട്ട് അപ്രമാധിത്വം അവസാനിപ്പിക്കാനും കൂടുതൽ കാര്യക്ഷമമായ നടപടികൾ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ ആവശ്യമാണ്.
ജനാധിപത്യത്തിന്‍റെ ഭാവിയും നമ്മുടെ പങ്കും
ജനാധിപത്യം ഒരു സമ്മാനമല്ല, അത് അച്ഛനില്‍ നിന്ന് മക്കളിലേക്ക് ദാനം ചെയ്യപ്പെടുന്നതുമല്ല. മറിച്ച് രാജ്യത്തെ പൗരന്മാര്‍ സംരക്ഷിക്കേണ്ട ഒരു ഉത്തരവാദിത്തമാണ്. ഒരു ജനാധിപത്യ പ്രക്രിയയിൽ വ്യാജ വാർത്തകളെ തിരിച്ചറിയാനും, വിമർശനാത്മകമായി ചിന്തിക്കാനും, രാഷ്ട്രീയ പ്രക്രിയകളിൽ സജീവമായി പങ്കെടുക്കാനും ഓരോ പൗരനും ബാധ്യസ്ഥനാണ്. യുവതീ / യുവാക്കൾ, പ്രത്യേകിച്ച്, രാഷ്ട്രീയത്തിൽ കൂടുതൽ താൽപ്പര്യം കാണിക്കുകയും, ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യേണ്ടത് ഓരോ ജനാധിപത്യ ഘടനയുടെയും കെട്ടുറപ്പിന് അനിവാര്യമായ ഒന്നാണ്. വിദ്യാഭ്യാസം, നിയമവാഴ്ച, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയാണ് ജനാധിപത്യത്തിന്‍റെ ശക്തി. ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് കൊണ്ട് മാത്രമേ നമുക്ക് ജനാധിപത്യത്തെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കൂ. അപ്പോൾ മാത്രമേ ജനാധിപത്യം അതിന്‍റെ പൂർണ്ണത കൈവരിക്കുകയൊള്ളൂ.
അന്താരാഷ്ട്ര ജനാധിപത്യ ദിനം നമുക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. ജനാധിപത്യം പൂർണ്ണതയിൽ എത്തിയ ഒരു വ്യവസ്ഥിതിയല്ല. മറിച്ച് അത് നിരന്തരം പരിപോഷിപ്പിക്കേണ്ടതും, സംരക്ഷിക്കപ്പെടേണ്ടതുമായ കാലത്തിനനുസൃതമായി പുതുക്കപ്പെടേണ്ടതുമായ ഒരു പ്രക്രിയയാണ്. ഈ ദിനത്തിൽ, ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഛിദ്രശക്തികളെക്കുറിച്ച് ചിന്തിക്കാനും, നമ്മുടെ സമൂഹത്തിൽ നിന്ന് കൊണ്ട് അതിനെ എങ്ങനെ ശക്തിപ്പെടുത്താമെന്നും നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം, ജനാധിപത്യം വെറുമൊരു ഭരണരീതിയല്ല, അത് മാനുഷികമായ ഒരു പ്രതീക്ഷയാണ്. 'ഞാൻ എന്‍റെ രാജ്യത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്നു. എന്‍റെ രാജ്യത്തിന്‍റെ പുരോഗതിക്കും ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിനും എന്‍റെ ജീവിതം സമർപ്പിക്കുന്നുവെന്ന എ.പി.ജെ. അബ്ദുൽ കലാമിന്‍റെ വാക്കുകൾ നമ്മുക്ക് ഓർമ്മിക്കാം.