ഇന്ത്യയിലെ വായു-ജല മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോടികൾ മുടക്കിയുള്ള സർക്കാർ പദ്ധതികൾ ഉണ്ടായിരിക്കെ മെട്രോ നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ വിഷമയമായ വായുവും ജലവും ജനങ്ങളുടെ ആരോഗ്യത്തെയും രാജ്യത്തിൻ്റെ ഭാവിയെയും ഒരുപോലെ ബാധിക്കുന്നു.

രാജ്യത്തിന്‍റെ യഥാർത്ഥ പുരോഗതി അളക്കപ്പെടുന്നത് അവിടുത്തെ ജനങ്ങൾ ശ്വസിക്കുന്ന വായുവിന്‍റെയും കുടിക്കുന്ന വെള്ളത്തിന്‍റെയും ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കൂടിയാകണം. അത്, നീണ്ടു പോകുന്ന ഹൈവേകളുടെയും മെട്രോ റെയിലുകളിലൂടെയും ഉയരുന്ന കെട്ടിടങ്ങളുടെയും വ്യവസായ - തുറമുഖ - വ്യോമ പാതകളുടെയും സൈനിക ശക്തിയുടെയും മാത്രം കൂട്ടിക്കിഴിക്കലുകളാകുമ്പോൾ രാജ്യത്തെ പൌരന്മാര്‍ വിഷവായു ശ്വസിച്ച്, വിഷജലം കുടിച്ച് വിഷമയമായ ഭക്ഷണം കഴിച്ച് രോഗിയായി മരിക്കാൻ വിധിക്കപ്പെടുന്നു. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ പൌരന്മാരുടെ ആരോഗ്യം കവരുന്ന വായു – ജല മലിനീകരണമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർ ആശുപത്രികളിൽ ക്യൂ നിൽക്കുമ്പോൾ സമ്പന്നരുടെ സമൂഹ മാധ്യമ പേജുകളിൽ ശുദ്ധവായു തേടി രാജ്യം വിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു.

വിഷം നിറയുന്ന പ്രാണ വായു

ഇന്ത്യയിലെ ഒരു മെട്രോ നഗരത്തിലും ഒരു വർഷമെങ്കിലും ഗുണമേന്മയുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 'സുരക്ഷിത സൂചിക' വിഭാഗത്തിൽ പെടുന്ന വായു ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ 10 വർഷത്തെ എയർ ക്വാളിറ്റി ഇന്‍റക്സ് കണക്കുകൾ പറയുന്നു. അതായത്, ദില്ലി മുതൽ ബെംഗളൂരു വരെ, മുംബൈ മുതൽ ചെന്നൈ വരെ രാജ്യത്തെ ഒരു മെട്രോ നഗരത്തിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വർഷം പോലും WHO ശുപാർശ ചെയ്യുന്ന ശുദ്ധവായുവിന്‍റെ നിലവാരം ലഭിച്ചിട്ടില്ലെന്ന് തന്നെ. രാജ്യതലസ്ഥാനമായ ദില്ലി ഈ കണക്കുകളിൽ ഏറ്റവും മോശം നിലയിലാണ്. 

പല വർഷങ്ങളിലും ദില്ലിയിലെ ശരാശരി AQI 250–ന് മുകളിലായിരുന്നു. അതായത് 'വളരെ അനാരോഗ്യകരം' എന്ന ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പട്ടികയിൽ. ബെംഗളൂരു, ചെന്നൈ പോലുള്ള തെക്കൻ നഗരങ്ങൾ താരതമ്യേന കുറച്ചുകൂടി മികച്ച നിലയിലാണെന്ന് തോന്നാമെങ്കിലും, അവിടെയും വായു 'നല്ലത്' എന്ന് വിളിക്കാവുനൊരു അവസ്ഥയിലേക്ക് ഒരിക്കലും എത്തിയിട്ടില്ല. ജനസംഖ്യാ വർദ്ധനവും വാഹനങ്ങളുടെ വർദ്ധനവും വ്യവസായ വൽക്കരണവും അടിസ്ഥാന വളർച്ചാ നിരക്കായി കണക്ക് കൂട്ടുമ്പോൾ ദീർഘകാല ദുരന്തം ഒരോ മനുഷ്യനെയും കാത്ത് കിടക്കുന്നു.

ഇന്ത്യയുടെ ദേശീയ ആംബിയന്‍റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്സിന്‍റെ (India’s National Ambient Air Quality Standards - NAAQS) പഠനം ഇന്ത്യയിലെ 60% ജില്ലകളിലെയും ആളുകൾ വർഷം മുഴുവനും മലിനമായ വായു ശ്വസിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇത് പഴയത് പോലെ ശൈത്യകാലത്ത് മാത്രമല്ല, വർഷം മുഴുവനുമാണെന്ന് ഓർക്കുക. ഒന്നുകൂടി വിശദീകരിച്ചാൽ, ഇന്ത്യയിലെ 749 ജില്ലകളിൽ 447 എണ്ണത്തിലും ദേശീയ ആംബിയന്‍റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ് (NAAQS) നിർദ്ദേശിക്കുന്ന വാർഷിക സുരക്ഷിത മൂല്യങ്ങളെക്കാൾ വിഷ രാസ, ജൈവ കണികകളുടെ സാന്ദ്രത (PM2.5) ആണ് രേഖപ്പെടുത്തിയതെന്ന്. അതായത് മെട്രോ നഗരങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ഗ്രാമങ്ങളിലെ വായുവിലും പോലും ഇന്ന് വിഷകണങ്ങൾ നിറഞ്ഞ് തുടങ്ങിയെന്ന്. 

രോഗികളാക്കപ്പെടുന്ന ജനത

ഇങ്ങനെ വിഷ വായു ഗ്രാമങ്ങളിലേക്കും വ്യാപിക്കുമ്പോൾ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലെ ആശുപത്രികളിലേക്ക് ശ്വാസകോശ, ഹൃദ്രോഗ, നാഡീ സംബന്ധമായ തകരാറുകൾ, കാൻസർ തുടങ്ങിയ രോഗികളുടെ നീണ്ട ക്യൂവും സൃഷ്ടിക്കപ്പെടുന്നു. സ്കൂൾ കുട്ടികൾ, ഗർഭിണികൾ... അടുത്ത തലമുറയ്ക്കും നമ്മൾ സമ്മാനിക്കുന്നത് മറ്റൊന്നുമല്ല. അതേസമയം നഗരങ്ങളിലും സമ്പന്നരുടെ വീടുകളിലും ഫ്ലാറ്റുകളിലും എയർ പ്യൂരിഫയർ ഉപയോഗിക്കുമ്പോൾ സാധാരണക്കാർ ദിവസവും ആഴ്ചതോറും വർഷം മഴുവനും ഇതേ വിഷവായുവും പുതച്ച് കിടന്നുറങ്ങേണ്ടി വരുന്നു. വാഹനങ്ങൾ, കൽക്കരി വൈദ്യുതോൽപാദനം, നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായികം, വ്യാമഗതാഗതം, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ എന്നിങ്ങനെ ഇന്ത്യയുടെ ഭൂമേഖലയ്ക്ക് മുകളിൽ അദൃശ്യമായ ഒരു കരിമേഘം രൂപപ്പെടുകയാണ്. ഒരു 'വിഷപ്പുതപ്പ്' പോലെ. എയർ പ്യൂരിഫയറുകൾക്ക് ആവശ്യക്കാർ കൂടുന്നു. മറുവശത്ത് ശുദ്ധവായു ലഭ്യമായ രാജ്യങ്ങളിലേക്കുള്ള വിസ നടപടിക്രമങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ വർദ്ധിക്കുന്നു.

വിഷം കലർന്ന ജലാശയങ്ങൾ

വായുവിനോടൊപ്പം ഇന്ത്യയിലെ ജലസ്രോതസ്സുകളും അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്താകമാനം വ്യാപിച്ച് കിടക്കുന്ന നദികളും കായലുകളും തടാകങ്ങളും ഇന്ന് മാലിന്യജലത്തിന്‍റെ സ്വീകരണ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. നഗരങ്ങളിലെ സെവേജ് ശുദ്ധീകരണ സംവിധാനങ്ങളുടെ അപര്യാപ്തത, വ്യവസായ മാലിന്യങ്ങളുടെ അനിയന്ത്രിതമായ ഒഴുക്ക്, കൃഷിയിടങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ... ഇവയെല്ലാം രാജ്യത്തെ ജല സ്രോതസുകളെ വിഷമയമാക്കി മാറ്റിയിരിക്കുന്നു. നദിയെ മാതാവായി കാണുന്നുവെന്ന സാംസ്കാരിക അവകാശവാദം ഒരു ജലരേഖയായി മാറുന്നു.

CPCB -യുടെ (Central Pollution Control Board) വിവിധ റിപ്പോർട്ടുകൾ പറയുന്നത് ഇന്ത്യയിലെ നൂറുകണക്കിന് നദീതടങ്ങൾ ഇന്ന് 'അത്യന്തം മലിനമായ' വിഭാഗത്തിലാണെന്നാണ്. യമുന പോലുള്ള പുണ്യ നദിയെന്ന് വിശ്വാസികൾ കരുതുന്ന നദികൾ പോലും ഇന്ന് 'ശാസ്ത്രീയമായി ജീവൻ നിലനിൽക്കാൻ പോലും അയോഗ്യം'എന്ന നിലയിലേക്കാണ് ഒഴുകുന്നത്. നദികളിലെ ജൈവ ഓക്സിജന്‍റെ അളവ് അപകടകരമായി കുറഞ്ഞതോടെ മത്സ്യങ്ങളും ജലജീവികളും കൂട്ടത്തോടെ ചത്തുപോകുന്ന സംഭവങ്ങൾ യമുനയിൽ പതിവായി. യമുന ഒരു കാളിന്ദിയായി വീണ്ടുമൊഴുകുന്നു. ഗംഗ, ഗോതാവരി, നർമദ, കാവേരി, പെരിയാർ തുടങ്ങി ഇന്ത്യയുടെ ജീവധാരകളായ നദികളെല്ലാം തന്നെ ഇപ്പോൾ പല ഭാഗങ്ങളിലും കുടിക്കാൻ പോലും കൊള്ളാത്ത വിഷക്കിണറുകളായി മാറിയിരിക്കുന്നുവെന്ന് കണക്കുകൾ തെളിവ് നൽകുന്നു.

തലമുറകളെ ബാധിക്കുന്ന വിഷം

ജല മലിനീകരണം മനുഷ്യാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. ശുദ്ധജലത്തിന്‍റെ അഭാവം വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്, കരൾ - വൃക്കരോഗങ്ങളെന്ന് തുടങ്ങി കാൻസറിന് വരെ കാരണമാകുമെന്ന് ആരോഗ്യരംഗം മുന്നറിയിപ്പ് നൽകുന്നു. മറ്റൊരു വലിയ ഭീഷണിയാണ് ഹെവി മെറ്റൽ മലിനീകരണം. യുറേനിയം, ആഴ്സെനിക്, ക്രോമിയം, ലെഡ് തുടങ്ങിയ ഘടകങ്ങൾ ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും ഭൂഗർഭജലത്തിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അമ്മമാരുടെ മുലപ്പാലിൽ വരെ ഇവയുടെ അംശങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് പോലും പുറത്തുവന്നത് പൌരന്മാരുടെ ആരോഗ്യ ശേഷിയെക്കുറിച്ചുള്ള ഗുരുതര മുന്നറിയിപ്പുകളാണ്. 

അതേസമയം ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്നത് മലിനമായ കിണറുകളെയും നദികളെയുമാണ്. ഇതിന്‍റെ അനന്തരഫലമെന്നത് ഗ്രാമങ്ങളിലെ കുട്ടികളിൽ ശ്വാസകോശത്തിന്‍റെ വളർച്ച തടസ്സപ്പെടുന്നു, പഠനശേഷി കുറയുന്നു, പ്രായപൂർത്തിയായവരിൽ പ്രവർത്തനക്ഷമത കുറഞ്ഞുവരുന്നു, മുതിർന്നവരിൽ രോഗങ്ങൾ അകാലമരണങ്ങൾക്ക് വഴി തുറക്കുന്നു. ഇത് വെറും ആരോഗ്യ പ്രശ്നമല്ല, തലമുറകളെ കൂടി ബാധിക്കുന്ന ഒരു സാമ്പത്തിക – സാമൂഹിക പ്രതിസന്ധി കൂടിയാണ്. രോഗബാധിതരായ ജനസംഖ്യ ഒരു രാജ്യത്തിന്‍റെ ഉൽപ്പാദനശേഷിയെ തകർക്കുമെന്നുമോർക്കുക.

കോടിക്കിലുക്കമുള്ള പദ്ധതികൾ

പദ്ധതികൾ ഇല്ലാഞ്ഞിട്ടല്ല, കേന്ദ്ര സർക്കാറിന്‍റെ വായുമലിനീകരണം കുറയ്ക്കുന്നതിനായുള്ള 'നാഷണൽ ക്ലീൻ എയർ പ്രോഗ്രാം' (19,711 കോടി രൂപ) രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ, പദ്ധതി നടത്തിപ്പിന്‍റെ അപര്യാപ്തയിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. പദ്ധതി, വായുവിൻറെ ഗുണനിലവാരം കൂട്ടാൻ പ്രയത്നിക്കുമ്പോൾ മലിനീകരണത്തിന്‍റെ പുതിയ കണക്കുകളാണ് രേഖപ്പെടുത്തപ്പെടുന്നത്. ജലശുചീകരണ പദ്ധതികളും മറ്റൊന്നല്ല കാണിക്കുന്നത്. സ്നാനത്തിനായി കൃത്രിമ ഘാട്ടുകൾ ഒരുക്കേണ്ടിവരുന്നതും അതുകൊണ്ട് തന്നെ.

നദീ ശുദ്ധീകരണ പദ്ധതികൾ (Namami Gange Programme – 22,500 കോടി രൂപ, മറ്റ് 492 നദീ ശുദ്ധീകരണ പദ്ധതികൾക്കായി ഇതുവരെ 40,121.48 കോടി രൂപ ചെലവഴിച്ചു.) അമൃത് പദ്ധതി (അമൃത് പദ്ധതി 83,357 കോടി രൂപ, അമൃത് 2.0 യ്ക്ക് 66,750 കോടി രൂപ), സ്വച്ഛ് ഭാരത് (14,623 കോടി രൂപ കേന്ദ്രസർക്കാർ വിഹിതം) തുടങ്ങിയ കോടാനുകോടികളുടെ പദ്ധതികൾ കേന്ദ്ര സർക്കാറിന് കീഴിൽ ഉള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് കൂടി നാം കാണേണ്ടതുണ്ട്. പദ്ധതികളുടെ നടപ്പാക്കലും ഫലപ്രാപ്തിയും ഉയർത്തുന്ന ചോദ്യങ്ങൾ കൂടിയാകുന്നു ഇത്. വർഷം തോറും ശുദ്ധവായുവിനയുള്ള ലക്ഷ്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നു. പക്ഷേ, മലിനീകരണം പുതിയ ഉയരം തേടുന്നതാണ് നമ്മുക്ക് മുന്നിലെ യാഥാത്ഥ്യം. ആയിരക്കണക്കിന് കോടി ഒഴുക്കിയിട്ടും യമുനയും ഗംഗയും ഏറ്റവും മലിനമായ നദികളെന്ന പട്ടികയില്‍ നിന്നും ഇതുവരെ പുറത്ത് കടന്നിട്ടില്ല.

ആഡംബരമല്ല, അടിസ്ഥാനാവകാശം

ഒരു പൌരനെ സംബന്ധിച്ച് അവന്‍റെ അടിസ്ഥാന അവകാശമാണ് ശുദ്ധവായും ശുദ്ധജലവും അത് നിഷേധിക്കുന്നത് രാജ്യത്തെ തന്നെ ഇല്ലാതാക്കുന്നു. ഉപഗ്രഹ സാങ്കേതികവിദ്യയും ഡാറ്റാ വിശകലന സംവിധാനങ്ങളും ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണം മെട്രോ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലെ ചെറു നീർച്ചാലുകളിലേക്ക് പോലും പടർന്ന് കയറിയതായി തെളിവ് നൽകുന്നു. എന്നാൽ, ഈ അറിവ് കൊണ്ട് മാത്രമായില്ല. രാജ്യത്തെ ഒരോ ജീവജാലത്തിനും ശുദ്ധജലവും ശുദ്ധവായും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്. അല്ലാത്ത കാലത്തോളം ശുദ്ധജലവും ശുദ്ധവായുവും സ്വപ്നം കാണുന്ന ഒരു ജനതയായി രോഗാതുരമായ ഒരു രാജ്യമായി നാം മാറും. സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും തുലനം കൈവരിക്കുന്ന ഒരു പുതുവികസന മാതൃകയാണ് ഇന്ന് നമ്മുക്കാവശ്യം.