Latest Videos

തിരുവനന്തപുരത്ത് വരുന്നുണ്ടോ? കലാപരിപാടികള്‍ കാണണോ? വിവരങ്ങളെല്ലാം 'പാസ് പോറ്റി'യുടെ കയ്യിലുണ്ട്

By Babu RamachandranFirst Published Mar 6, 2019, 6:36 PM IST
Highlights

തിരുവനന്തപുരത്ത് നടന്ന പല പരിപാടികളിലും വെച്ച് രഘുരാമൻ പോറ്റി ആദരിക്കപ്പെട്ടിട്ടുണ്ട്. നിറഞ്ഞ ചിരിയുമായി മാത്രം വേദികൾക്കരികിൽ കാണപ്പെടുന്ന പോറ്റി, പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തോൾബാഗോടെ ആണെങ്കിൽ ഒരുകാര്യം ഉറപ്പാണ്, അടുത്ത് നടക്കാൻ പോവുന്ന ഏതെങ്കിലും ഒരു കലാപരിപാടിയുടെ ഒരു പാസ്സെങ്കിലും കയ്യിലുണ്ട്..  "പോറ്റീ.. ഒരു പാസുണ്ടോ എടുക്കാൻ.. ?" എന്ന ഒരു ചോദ്യം മാത്രം മതി, ആ പാസ് നിങ്ങളുടേതാകാൻ. 

തിരുവനന്തപുരം കലാസദസ്സുകളുടെ സ്വന്തം നഗരമാണ്. അവിടെ നടക്കുന്നത്ര കലാപരിപാടികൾ കേരളത്തിലെ മറ്റൊരു നഗരത്തിലും നടക്കുന്നില്ല. പല പരിപാടികൾക്കും പാസ് ഒന്നും കാണില്ലെങ്കിലും, സെലിബ്രിറ്റികളായ ചിലർ പങ്കെടുക്കുന്ന പരിപാടികൾക്ക് ചിലപ്പോൾ പാസ് നിയന്ത്രണവും കാണും.

ഏതൊരു കലാ പരിപാടിയുടെയും വിജയത്തിന്റെ ആദ്യപടി എന്നത് നടത്തപ്പെടുന്ന പരിപാടി അറിഞ്ഞാസ്വദിക്കുന്ന ഒരു സദസ്സു കിട്ടുക എന്നതാണ്. ഒട്ടുമിക്ക പരിപാടികളും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാൽ പ്ലാൻ ചെയ്യപ്പെടുന്ന ഇന്നത്തെ കാലത്ത് അവർ ഏറ്റെടുക്കുന്ന പരിപാടികളിൽ ഒരുത്തരവാദിത്തം ആ പരിപാടിയുടെ പബ്ലിസിറ്റി കൂടിയാണ്. എന്നാൽ, പ്രൊഫഷണലായ കമ്പനികൾ ഈയിനത്തിൽ വകയിരുത്തുന്നതും തങ്ങളുടെ ക്ലയന്റുകളിൽ നിന്നും വാങ്ങിച്ചെടുക്കുന്നതും വളരെ വലിയ തുകകളാണ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പരിപാടികളെപ്പറ്റിയുള്ള വിവരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ പണ്ടത്തെ അത്ര ചെലവുകുറഞ്ഞ ഒരു ഇടപാടല്ല ഇപ്പോൾ.  

അഞ്ഞൂറ് പേരുള്ള ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്ത് ഒരു പരിപാടി സംഘടിപ്പിക്കുന്ന സംഘടനയ്ക്ക് ഒരിക്കലും നവമാധ്യമകാലത്തെ പബ്ലിസിറ്റി ചെലവ് താങ്ങാനാവുന്നതല്ല. എന്നുമാത്രമല്ല,  ക്‌ളാസിക്കൽ നൃത്തരൂപങ്ങളുടെയും സംഗീതക്കച്ചേരികളുടെയും കാര്യത്തിൽ അങ്ങനെയുള്ള പബ്ലിസിറ്റി ലക്ഷ്യം കണ്ടെന്നും വരില്ല. അങ്ങനെ വഴിമുട്ടി ഇതികർത്തവ്യതാ മൂഢരായി നിൽക്കുന്നവരുടെ മുന്നിലേക്കാണ് രഘുരാമൻ പോറ്റിയെന്ന 'പാസ്' പോറ്റി ഒരു രക്ഷകനെപ്പോലെ അവതരിക്കുന്നത്. 

പാട്ടിൽ കമ്പമുള്ളവരെയും നൃത്താസ്വാദകരെയും അദ്ദേഹത്തിന് വെവ്വേറെ കണ്ടാലറിയാം

തിരുവനന്തപുരം നഗരത്തിൽ ജനിച്ചുവളർന്ന ഒരു കലാസ്വാദകനായിരുന്നു രഘുരാമൻ പോറ്റി. തന്റെ യൗവ്വനത്തിന്റെ തുടക്കകാലത്ത്  പ്രതിരോധവകുപ്പിലെ സ്റ്റെനോഗ്രാഫറുടെ ജോലി കിട്ടി അദ്ദേഹം ദില്ലിയിലേക്ക് പോയി. കുറേക്കാലം അവിടെ ജോലി ചെയ്ത ശേഷം തിരികെ കേരളത്തിലേക്ക്. വിഎസ്‌എസ്‌സിയിൽ ഗുമസ്തനായി പിന്നീട് അടുത്തൂൺ പറ്റും വരെ അവിടെത്തന്നെ. അക്കാലത്ത് അവിടെ സ്പാർക്ക് എന്ന കലാസംഘടനയുടെ പബ്ലിസിറ്റി സെക്രട്ടറിയായി ദീർഘകാലം അദ്ദേഹം തുടർന്നു. അക്കാലത്ത് കലാസംഘങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധമായിരുന്നു കലാപരിപാടികൾ പിന്തുടരുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന അദ്ദേഹത്തിന്റെ ജീവിതലക്ഷ്യത്തിനുള്ള അടിത്തറ പാകുന്നത്. ഇപ്പോൾ, തിരുവനന്തപുരത്ത് ഒരു കലാപരിപാടി നടത്തുന്ന ഏതൊരു സംഘവും പോറ്റിയെ വിളിക്കും. പരിപാടിക്ക് കലയിൽ താത്പര്യമുള്ള പത്തുനൂറാളെ കയറ്റുന്ന കാര്യം പോറ്റി ഏൽക്കും. പ്രതിഫലേച്ഛയൊന്നും കൂടാതെയാണ്  അദ്ദേഹം ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത്. കലയോട്, കലാകാരന്മാരോട് ചേർന്ന് നിൽക്കുന്നത് അദ്ദേഹത്തിന് എന്നുമൊരു ലഹരിയായിരുന്നു. 

'രഘുരാമൻ പോറ്റി കമുകറ പുരുഷോത്തമൻ,  ബ്രഹ്മാനന്ദൻ, പട്ടണക്കാട് പുരുഷോത്തമൻ എന്നിവരോടൊപ്പം '

വൈകുന്നേരം അഞ്ചുമണിക്കുശേഷം നിങ്ങൾ പോറ്റിയെ വിളിച്ചാൽ അദ്ദേഹം ഒന്നുകിൽ ഏതെങ്കിലും കലാപരിപാടിയുടെ വേദിയ്ക്കരികിൽ നിൽക്കുകയായിരിക്കും.. അല്ലെങ്കിൽ ഏതെങ്കിലും വേദിയിലേക്കു പോവുകയായിരിക്കും. തന്റെ പത്തുപതിനായിരത്തിലധികം വരുന്ന തന്റെ കലാസ്വാദകരായ പരിചയക്കാരിൽ ആരൊക്കെയുണ്ട് അവിടെ എന്ന്  തിരയുകയായിരിക്കും അദ്ദേഹത്തിന്റെ കണ്ണുകൾ. പാട്ടിൽ കമ്പമുള്ളവരെയും നൃത്താസ്വാദകരെയും അദ്ദേഹത്തിന് വെവ്വേറെ കണ്ടാലറിയാം. പാട്ടു പരിപാടികളുടെ കുതുകികളോട് അദ്ദേഹം പാട്ടുപരിപാടികളെപ്പറ്റി ഒന്ന് വിശദമായി അറിയിക്കും. നൃത്തത്തിന്റെ പരിപാടികളെപ്പറ്റിയും പറഞ്ഞു പോവും, നിർബന്ധിക്കില്ല. നൃത്തതല്പരരോട് തിരിച്ചും.

അദ്ദേഹത്തിന്റെ സ്നേഹമസൃണമായ നിർബന്ധത്തിൽ മടിപിടിച്ച് വീട്ടിനുള്ളിൽ ചടഞ്ഞുകൂടാൻ പ്ലാനിട്ടിരിക്കുന്നവർ പോലും പരിപാടിയുടെ സദസ്സിൽ മുൻനിരയിൽ തന്നെ കാണും പരിപാടി ദിവസം. അദ്ദേഹത്തിന്റെ പല വിധം ചാനലുകളിലൂടെ പരിപാടിയുടെ ബ്രോഷറുകൾ  ഒരുപാടിടങ്ങളിൽ എത്തിപ്പെടുകയും അതിൽ കുറേപ്പേരെങ്കിലും പരിപാടിക്ക് വരികയും ചെയ്യും. ചുരുക്കത്തിൽ അല്ലെങ്കിൽ പതിനായിരങ്ങൾ ചെലവിട്ട് അരസികരായ ആളുകളെ വിളിച്ചുകൊണ്ടുവരുന്നിടത്ത്, ഇവിടെ കൃത്യമായ താത്പര്യമുള്ളവരുടേതായ ഒരു നല്ല കാഴ്ചസംഘം പരിപാടിക്ക് റെഡി. 

തിരുവനന്തപുരത്ത് നടന്ന പല പരിപാടികളിലും വെച്ച് രഘുരാമൻ പോറ്റി ആദരിക്കപ്പെട്ടിട്ടുണ്ട്. നിറഞ്ഞ ചിരിയുമായി മാത്രം വേദികൾക്കരികിൽ കാണപ്പെടുന്ന പോറ്റി, പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തോൾബാഗോടെ ആണെങ്കിൽ ഒരുകാര്യം ഉറപ്പാണ്, അടുത്ത് നടക്കാൻ പോവുന്ന ഏതെങ്കിലും ഒരു കലാപരിപാടിയുടെ ഒരു പാസ്സെങ്കിലും കയ്യിലുണ്ട്..  "പോറ്റീ.. ഒരു പാസുണ്ടോ എടുക്കാൻ.. ?" എന്ന ഒരു ചോദ്യം മാത്രം മതി, ആ പാസ് നിങ്ങളുടേതാകാൻ. 

പരിപാടികളുടെ നിലവാരത്തെക്കുറിച്ചുള്ള കൃത്യമായ ഒരു വിലയിരുത്തൽ കൂടി പ്രതീക്ഷിക്കാം

തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളെക്കുറിച്ചറിയാൻ ഇടയ്ക്കൊക്കെ പോറ്റിയെ വിളിച്ചു നോക്കുക എന്നത് പലരുടെയും ശീലമാണ്. രഘുരാമൻ പോറ്റി, കഴിഞ്ഞ നാല്പതു വർഷത്തിലേറെയായി ഇവിടെ നടക്കുന്ന കലാപരിപാടികളെല്ലാം തന്നെ മുടങ്ങാതെ കാണുന്ന അർപ്പണമനോഭാവമുള്ള ഒരു കലാസ്വാദകൻ കൂടി ആയതുകൊണ്ട്, പരിപാടികളുടെ നിലവാരത്തെക്കുറിച്ചുള്ള കൃത്യമായ ഒരു വിലയിരുത്തൽ കൂടി പ്രതീക്ഷിക്കാം. ചുരുക്കിപ്പറഞ്ഞാൽ, തിരുവനന്തപുരത്തെ നിങ്ങളുടെ സായാഹ്നങ്ങളിൽ സംഗീതവും നൃത്തവും കൊണ്ട് നിറയണം എന്നുണ്ടെങ്കിൽ, സധൈര്യം വിളിക്കൂ.. നമ്മുടെ സ്വന്തം പാസ് പോറ്റിയെ..!

(രഘുരാമൻ പോറ്റിയുടെ മൊബൈൽ നമ്പർ: 9446069246)

click me!