സദ്ദാമിനെ പോലെ പത്ത് ഏകാധിപതികളെ ആലിംഗനം ചെയ്യാൻ തയ്യാറാണ്, അതുകൊണ്ട് ഒരിന്ത്യക്കാരനെങ്കിലും രക്ഷപ്പെടുമെങ്കിൽ; ഗുജ്റാളിനെ ഓര്‍ക്കുമ്പോള്‍

By Prasanth ReghuvamsomFirst Published Dec 4, 2019, 11:12 AM IST
Highlights

അടിയന്തരാവസ്ഥകാലത്തും ഇന്ദിരാഗാന്ധിയോട് ആദ്യം വിയോജിച്ച മന്ത്രി ഐകെ ഗുജ്റാളായിരുന്നു. അന്ന് ഗുജ്റാളിനെ വാർത്താവിതരണമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കി. സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന് അനിവാര്യമെന്ന് ഗുജ്റാൾ വിശ്വസിച്ചു. അതുപോലെയാണ് ഭരണഘടനാനുസൃതമായ ഒരു സർക്കാരിനെ പിരിച്ചുവിടുന്ന കാര്യത്തിലും എടുത്ത നിലപാട്. 

ഐ.കെ. ഗുജ്റാളിനെ ആദ്യമായി കാണുന്നത് എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെയാണ്. ആ സർക്കാരിൻറെ നയങ്ങളെക്കുറിച്ച് ഗുജ്റാൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഗുജ്റാളിന്‍റെ വസതി സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് ഏറെ അകലെ അല്ലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഗുജ്റാൾ ഒന്നിലധികം തവണ വിശദമായ അഭിമുഖം നല്കി. മൃദുസ്വരത്തിൽ എല്ലാ ചോദ്യങ്ങൾക്കും വ്യക്തതയോടെയുള്ള ഉത്തരം. ഇന്ത്യയുടെ ചരിത്രത്തിൽ നിർണ്ണായക മുഹൂർത്തങ്ങൾക്കും നീക്കങ്ങൾക്കും സാക്ഷ്യം വഹിച്ച ആ നേതാവിന് ധാർഷ്ട്യം അന്യമായിരുന്നു. പുഞ്ചിരിയോടെ കേരളത്തിലെ കാര്യങ്ങൾ ചോദിച്ചറിയുന്ന ഗുജ്റാൾ. ഐക്യമുന്നണി സർക്കാരിൽ വിദേശകാര്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയപ്പോൾ കേരളത്തിൽ നിന്ന് കിട്ടിയ സ്നേഹം നന്ദിയോടെ ഓർക്കുമായിരുന്നു ഗുജ്റാൾ. ജ്യോതി ബസുവിനെ അനുസ്മരിക്കാനുള്ള ഒരു ചടങ്ങിലാണ് ഗുജ്റാളിൻറെ സാന്നിധ്യം അവസാനം കണ്ടത്.

സദ്ദാം ഹുസൈനെ ആലിംഗനം ചെയ്‍ത ഗുജ്‍റാള്‍

കേരളത്തിന് ഗുജ്റാളിനെ മറക്കാൻ കഴിയില്ല. സദ്ദാം ഹുസൈൻ കുവൈറ്റ് പിടിച്ചെടുത്തതിന് ശേഷമുള്ള സംഘർഷം കേരളത്തിലെ എത്രയോ വീടുകളുടെ ഉറക്കം കെടുത്തി. ഉറ്റവർ സംഘർഷഭൂമിയിൽ നിന്ന് എങ്ങനെ മടങ്ങും എന്ന ആശങ്കയോടെ കഴിഞ്ഞ മലയാളികൾ. അന്ന് സദ്ദാം ഹുസൈന കാണാൻ ഐകെ ഗുജ്റാൾ പോയി. ലോകത്തെ ഞെട്ടിച്ച ഒരു ഫോട്ടോ ആ കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നു. സദ്ദാം ഹുസൈനെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആലിംഗനം ചെയ്തു. നരേന്ദ്രമോദിയുടെ ആലിംഗന നയതന്ത്രം വലിയ വിജയമാണ്. ‘ജപ്പി’ എന്ന ഹിന്ദിവാക്ക് ഇന്ന് നയതന്ത്രത്തിൽ ഒഴിച്ചു കൂടാൻ വയ്യാത്തതായി. എന്നാൽ ആലിംഗന നയതന്ത്രത്തിന് തുടക്കമിട്ടത് ഐകെ ഗുജ്റാൾ ആയിരുന്നു. ‘സദ്ദാം ഹുസൈനെ ആലിംഗനം ചെയ്തതിൽ എന്താണ് തെറ്റ്? സദ്ദാമിനെ പോലെ പത്ത് ഏകാധിപതികളെ ആലിംഗനം ചെയ്യാൻ ഞാൻ തയ്യാറാണ്. അതുകൊണ്ട് ഒരിന്ത്യക്കാരനെയെങ്കിലും രക്ഷപ്പെടുത്താൻ കഴിയുമെങ്കിൽ’, ഗുജ്റാൾ പിന്നീട് വിശദീകരിച്ചു. ‘എയർലിഫ്റ്റ്’ എന്ന വാക്കിനെ ഗുജ്റാളുമായി ചേർത്തു വയ്ക്കണം. വിദേശകാര്യമന്ത്രിയായിരുന്ന ഗുജ്റാളിൻറെ ആ കൂടിക്കാഴ്ച ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേരെ സംഘർഷഭൂമിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിച്ചു

ബിജെപി നയങ്ങളോട് മമതയുണ്ടായിരുന്നോ?

പ്രശസ്ത മാധ്യമപ്രവർത്തക നീരജ ചൗധരി, ഗുജ്റാൾ പ്രധാനമന്ത്രിയായിരുന്നപ്പോഴുള്ള ഒരു പ്രധാന സംഭവം ഓർത്തെടുക്കുന്നു. 1997 ഒക്ടോബറിൽ മായാവതി ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സർക്കാരിനെ പിരിച്ചുവിടണമെന്ന് പ്രതിരോധമന്ത്രിയായിരുന്ന മുലായംസിംഗ് യാദവ് ആവശ്യപ്പെട്ടു. ഗുജ്റാൾ ധർമ്മസങ്കടത്തിലായി. ഭരണഘടന മുറുകെപിടിക്കണം. ഒപ്പം മന്ത്രിസഭയിലുയരുന്ന സമ്മർദ്ദം അതിജീവിക്കുകയും വേണം. ലാത്വിയയുടെ പ്രസിഡൻറ് ഇന്ത്യ സന്ദർശിക്കുന്ന ദിവസമായിരുന്നു അന്ന്. വിദേശനേതാവിന് രാഷ്ട്രപതി നല്കിയ വിരുന്നിന് ഗുജ്റാൾ എത്തി. അവസരം ഉപയോഗിച്ച് ഗുജ്റാൾ രാഷ്ട്രപതി കെ.ആർ. നാരായണനെയും ഉപരാഷ്ടരപതി കൃഷൻ കാന്തിനെയും കണ്ടു. മുലായത്തിൻറെ നിർദ്ദേശത്തോട് തനിക്ക് വിയോജിപ്പുണ്ടെന്ന് പ്രധാനമന്ത്രി ഇരുവരെയും അറിയിച്ചു. ഒടുവിൽ മൂവരും രഹസ്യധാരണയുണ്ടാക്കി. ഉത്തർപ്രദേശ് സർക്കാരിനെ പിരിച്ചുവിടാനുള്ള ശുപാർശ അയയ്ക്കേണ്ടി വന്നാൽ രാഷ്ട്രപതി അത് അംഗീകരിക്കില്ല. തിരിച്ചയക്കാനുള്ള അധികാരം പ്രയോഗിക്കും. മന്ത്രിസഭയിൽ ദീർഘ ചർച്ചയ്ക്കു ശേഷം മുലായംസിംഗിൻറെ വാദത്തിന് മുൻതൂക്കം കിട്ടി. എന്നാൽ, നിശ്ചയിച്ചിരുന്നതു പോലെ കെ.ആർ നാരായണൻ ശുപാർശ തിരിച്ചയച്ചു. രണ്ടാമത് മന്ത്രിസഭ കൂടിയപ്പോൾ മുലായത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞു. ബിജെപിയുടെ നയങ്ങളോട് ഒരു മമതയും ഗുജ്റാളിനില്ലായിരുന്നു. കല്ല്യാൺസിംഗ് സർക്കാരിനോട് നല്ല എതിർപ്പുണ്ടായിരുന്നു. എന്നാൽ ഭരണഘടന തത്വങ്ങൾ പാലിച്ചേ അത്തരമൊരു തീരുമാനം എടുക്കാവൂ എന്ന നിർബന്ധം ഗുജ്റാൾ കാട്ടി.

 

ഗുജ്‍റാള്‍ സിദ്ധാന്തം

ഗുജ്റാൾ സിദ്ധാന്തം ഇന്ത്യയുടെ വിദേശകാര്യചരിത്രത്തിലെ നിർണ്ണായക അദ്ധ്യായമാണ്. ഇന്ത്യയോട് എല്ലാ അയൽരാജ്യങ്ങൾക്കും തർക്കങ്ങളുണ്ടായിരുന്നു. വലിയ രാജ്യമെന്ന നിലയ്ക്കുള്ള ഇന്ത്യയുടെ മേധാവിത്വത്തിലും ഇടപെടലിലും വിയോജിപ്പും. എല്ലാവരുടെയും വിശ്വാസം നേടാൻ ഗുജ്റാൾ ഒന്നും ഇങ്ങോട്ട് പ്രതീക്ഷിക്കാതെ തന്നെ അയൽരാജ്യങ്ങളെ സഹായിക്കുക എന്ന നിർദ്ദേശം വച്ചു. ‘നെയിബർഹുഡ് ഫസ്റ്റ്’ എന്ന പേരിലുള്ള പാകിസ്ഥാൻ ഒഴികെയുള്ള അയൽക്കാരുമായുള്ള നരേന്ദ്ര മോദിയുടെ ഇടപെടലിൽ പോലും ഈ സ്വാധീനം കാണാം. 1996 -ൽ ഗംഗാജലം പങ്കിടാനുള്ള കരാർ ബംഗ്ലാദേശുമായി ഒപ്പുവച്ചത് ഈ നയത്തിൻറെ ഫലമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി കൻവൽ സിബൽ പറയുന്നു. പാകിസ്ഥാനുമായി സമഗ്ര ചർച്ച എന്ന ആശയവും ഗുജ്റാളിൻറേതായിരുന്നു. ഇത് തുടങ്ങുകയും ചെയ്തു. എന്നാൽ പാക് സൈന്യം ഈ ചർച്ച പരാജയപ്പെടുത്തി. സ്വാതന്ത്ര്യസമരാഗ്നിയിൽ കുരുത്ത നേതാവ് എന്നതു കൊണ്ടായിരിക്കണം ബ്രിട്ടനോട് കടുത്ത വിരോധം ഗുജ്റാളിന് അവസാന നാളുകൾ വരെയുണ്ടായിരുന്നു. കൻവൽ സിബൽ കെയ്റോയിൽ സംഘടിപ്പിച്ച ഒരു കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാം എന്ന നിർദ്ദേശം വച്ചു. ഗുജ്റാളിൻറെ മറുപടി ഇങ്ങനെയായിരുന്നു, ''ബ്രിട്ടൻ കൊളോണിയൽ ഭൂതകാലത്തിൻറെ ഓർമ്മകളുമായി ജീവിക്കുന്ന മൂന്നാംകിട രാജ്യമാണ്. ഇന്ത്യയെ വിഭജിച്ച് കശ്മീർ സൃഷ്ടിച്ചത് അവരാണ്. ഇപ്പോൾ അവർ തന്നെ പ്രശ്നപരിഹാരം നിർദ്ദേശിക്കുന്നു.” പതിവു ശൈലി വിട്ടുള്ള ഗുജ്റാളിൻറെ സംസാരം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ പുലർത്തിയ സത്യസന്ധതയുടെ തെളിവാകുന്നു.


 
ഐകെ ഗുജ്റാളിൻറെ നൂറാം ജന്മവാർഷികത്തിൽ  മകനും രാജ്യസഭ എംപിയുമായ നരേഷ് ഗുജ്റാൾ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു.

മാന്യതയുടെ പര്യായമായാണ് ഐ.കെ. ഗുജ്റാൾ അറിയപ്പെട്ടിരുന്നത്. താങ്കളുടെ രാഷ്ട്രീയ ജീവിതത്തെ ഗുജ്റാൾ എങ്ങനെ സ്വാധീനിച്ചു?

അദ്ദേഹത്തിൻറെ ജീവിതശൈലി ഞങ്ങൾക്ക് പ്രചോദനമായി. ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ എത്തിയെങ്കിലും ലളിതജീവിതം നയിച്ചു. ജനങ്ങൾക്ക് ഒപ്പം നിന്നു. സമൂഹത്തിലെ താഴെതട്ടിലുള്ളവരെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്തു. പൊതുജീവിതത്തിൽ സമയം നോക്കാതെയുള്ള പ്രവർത്തനമായിരുന്നു. 18 മണിക്കൂർ ഒരു ദിവസം ജോലി ചെയ്തു. ഇത് ഞങ്ങളെയും സ്വാധീനിച്ചു

ഗുജ്റാൾ സിദ്ധാന്തം വിദേശകാര്യനയത്തിൽ വലിയ ചുവടുവയ്പായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ഇത് വിജയമെന്ന് വിലയിരുത്താനാവുമോ?

അയൽക്കാരുമായി നല്ല ബന്ധം ഉണ്ടാക്കാൻ ഐ.കെ. ഗുജ്റാൾ നന്നായി പരിശ്രമിച്ചു. വിദേശകാര്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇതിന് ശ്രമിച്ചു. ഇന്ത്യ എല്ലാ അയൽക്കാരുമായും നല്ല ബന്ധമുണ്ടാക്കി. പാകിസ്ഥാനുമായുള്ള ബന്ധത്തിലെ പ്രധാന തടസ്സം അവിടെ അധികാരം പട്ടാളത്തിനാണ് എന്നതാണ്. പട്ടാളം ഇന്ത്യയുമായി സമാധാന അന്തരീക്ഷം ആഗ്രഹിക്കുന്നില്ല. ഭീകരവാദം അവസാനിപ്പിക്കാതെ നല്ലബന്ധം സാധ്യമാകില്ല. ഐഎസ്ഐ ഭീകരവാദം പ്രോത്സാഹിപ്പിക്കുമ്പോൾ എങ്ങനെ സൗഹൃദാന്തരീക്ഷം ഉണ്ടാക്കും. ഇത് ഗുജ്റാൾ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് വ്യക്തമായി പറഞ്ഞിരുന്നു. അതേസമയം നവാസ് ഷെരീഫിനല്ല പട്ടാളത്തിനാണ് സർവ്വാധികാരം എന്നും ഗുജ്റാളിന് അറിയാമായിരുന്നു.

എയർലിഫ്റ്റ് എന്ന വാക്ക് കേൾക്കുമ്പോൾ ഗുജ്റാളിനെ ഓർമ്മവരും. ഗൾഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈനെ കണ്ടു. ആ നാളുകളെക്കുറിച്ച് എന്താണ് ഓർമ്മ?

സദ്ദാം ഹുസൈനെ കാണാൻ പോയപ്പോഴുള്ള ആ ആലിംഗനം വലിയ വിവാദമായി. എന്നാൽ ഗുജ്റാളിൻറെ വിശദീകരണം ലളിതമായിരുന്നു. “ഒരു ഇന്ത്യക്കാരനെയെങ്കിലും രക്ഷിക്കാൻ ഏത് ഏകാധിപതിയെയും പത്തു തവണ ആലിംഗനം ചെയ്യാൻ തയ്യാറാണ്. ആലിംഗനം ചെയ്യാൻ ഞാനില്ല, താങ്കൾ എൻറെ ആൾക്കാരെ സ്വതന്ത്രരാക്കൂ എന്ന് എങ്ങനെ പറയാനാകും.” ഇന്ത്യക്കാരെ സഹായിക്കാനായിരുന്നു അദ്ദേഹത്തിൻറെ ശ്രമം.

"

മുലായംസിംഗ് യാദവ് ഉത്തർപ്രദേശ് സർക്കാരിനെ പിരിച്ചു വിടാൻ ശ്രമിച്ചപ്പോൾ രാഷ്ട്രപതി കെആർ നാരായണൻറെ സഹായത്തോടെ തടഞ്ഞത് എന്തിനായിരുന്നു. ഭരണഘടന ധാർമ്മികതയൊക്കെ ഇപ്പോൾ വലിയ ചർച്ചയാണ്?

അടിയന്തരാവസ്ഥകാലത്തും ഇന്ദിരാഗാന്ധിയോട് ആദ്യം വിയോജിച്ച മന്ത്രി ഐകെ ഗുജ്റാളായിരുന്നു. അന്ന് ഗുജ്റാളിനെ വാർത്താവിതരണമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കി. സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന് അനിവാര്യമെന്ന് ഗുജ്റാൾ വിശ്വസിച്ചു. അതുപോലെയാണ് ഭരണഘടനാനുസൃതമായ ഒരു സർക്കാരിനെ പിരിച്ചുവിടുന്ന കാര്യത്തിലും എടുത്ത നിലപാട്. സുഹൃത്ത് കൂടിയായ കെആർ നാരായണനുമായി സംസാരിച്ച് അത്തരമൊരു ശുപാർശ തനിക്ക് അയക്കേണ്ടി വന്നാൽ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടു.. കെആർ നാരായണൻ പുനപരിശോധന ആവശ്യപ്പെട്ടപ്പോൾ നിർദ്ദേശം മന്ത്രിസഭ ഉപേക്ഷിച്ചു. നോ എന്ന് മാന്യമായി ആരുടെയും വികാരം വ്രണപ്പെടുത്താതെ പറയാനുള്ള വഴിയാണ് ഗുജ്റാൾ തേടിയത്

ഭരണകൂടം ഭയം സൃഷ്ടിക്കുന്നു എന്നാണ് ഇപ്പോഴത്തെ ആരോപണം. ഗുജ്റാളിനെ ഓർക്കുമ്പോൾ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

ഗുജ്റാൾ ഒരു യഥാർത്ഥ ജനാധിപത്യ വിശ്വാസിയാണ്. ഇരുപത്തിരണ്ടാം വയസിൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗുജ്റാൾ അറസ്റ്റു വരിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം കണ്ട വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഭരണഘടന അദ്ദേഹത്തിന് ഗീതയും രാമായണവുമൊക്കെയായിരുന്നു. അദ്ദേഹത്തിന് ആരിലും ഭയം സൃഷ്ടിക്കാനും അക്കാരണത്താൽ കഴിയുമായിരുന്നില്ല.

(അകാലിദൾ എംപിയാണ് നരേഷ് ഗുജ്റാൾ)

 

click me!
Last Updated Dec 4, 2019, 11:16 AM IST
click me!