മാറ്റിപ്പാര്‍പ്പിച്ചാലും തിരിച്ച് വരാനുള്ള സാധ്യത ഏറെ; വേണ്ടത് ശാശ്വത പരിഹാരം

By Balu KGFirst Published May 4, 2023, 3:41 PM IST
Highlights

ആനകള്‍ക്ക് 'സ്പേഷ്യല്‍ മെമ്മറി' (Spatial memory) ഏറെ കൂടുതലാണ്. അതായത് ആനകള്‍ക്ക് അവ ജനിച്ച് ജീവിച്ച പ്രദേശത്തെ കുറിച്ചുള്ള പ്രത്യേക ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ കഴിയും. മനുഷ്യരിലും മൃഗങ്ങളിലും  'സ്പേഷ്യല്‍ മെമ്മറി'  ഒരു വൈജ്ഞാനിക ഭൂപടമായി പ്രവര്‍ത്തിക്കുന്നു. ഒരു തരത്തില്‍ ജൈവശാസ്ത്രപരമായ ജിപിഎസ് സംവിധാനമാണ് സ്പേഷ്യല്‍ മെമ്മറികള്‍ എന്ന് പറയാം. 

'കുറ്റവും ശിക്ഷയും', മനുഷ്യന്‍റെ സാമൂഹിക പരിണാമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവാണ്. സാമൂഹിക ജീവിതത്തിന് അലോസരം സൃഷ്ടിക്കുന്നവരെ പിടികൂടി കുറ്റവിചാരണ നടത്തി 'നല്ലനടപ്പ്' ശീലിപ്പിക്കുക, പണ്ട് കുറ്റം ചെറുതായിരുന്നെങ്കിലും ശിക്ഷകള്‍ കടുത്തതായിരുന്നു. ഇന്ന് ശിക്ഷകള്‍ തടവറകളില്‍ മാത്രമായി ഒതുങ്ങി. എന്നാല്‍ മനുഷ്യനും മൃഗവും തമ്മിലാകുമ്പോള്‍ ഈ 'കുറ്റം' വീണ്ടും മാറുന്നു, ഒപ്പം 'ശിക്ഷയും'. സ്വാഭാവികമായും അവിടെ വിചാരണയില്ല. കുറ്റമെന്തായാലും ശിക്ഷ മനുഷ്യന്‍ ഏകപക്ഷീയമായി തീരുമാനിക്കും. പ്രശ്നക്കാരായ മ‍ൃഗങ്ങളെ പിടികൂടി മെരുക്കി, ചട്ടം പഠിപ്പിച്ച് അനുസരണയുള്ളതാക്കി മാറ്റുന്നു. പ്രത്യേകിച്ചും ആനകളെ. 

ബ്രീട്ടീഷ് കാലത്തെ വനനയം അവരുടെ വേനല്‍ക്കാല വസതികളും തോട്ടങ്ങളും മൃഗവേട്ടയുമൊക്കെ ഇഴചേരുന്നതായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ഭൗമാതിര്‍ത്തിക്കുള്ളിലെ മനുഷ്യരെയെന്നത് പോലെ മൃഗങ്ങള്‍ക്കും ഭരണഘടനാപരമായി തുല്യ അവകാശാധികാരങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. പക്ഷേ, സ്വാതന്ത്ര്യാനന്തര കാലത്ത് ഇത് ഭരണഘടനയില്‍ മാത്രം ഒതുങ്ങുകയും പ്രായോഗികമായി പ്രവര്‍ത്തികമാക്കപ്പെടാതെയും ഇരിക്കുന്നു. 

തടവില്‍ നിന്ന് നിര്‍ബന്ധിത പലായനത്തിലേക്ക്

അക്കാലത്ത് ഇന്ത്യയിലെമ്പാടും ജനജീവിതത്തിന് വിഘാതമാകുന്ന ആനകളെ പിടികൂടി മെരുക്കി നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം. ഏതാണ്ട് 2000 ത്തോടെ ഈ രീതിക്ക് മാറ്റം വന്നു. മൃഗങ്ങളെ പിടികൂടി മെരുക്കുന്നതില്‍ നിന്നും മാറി, പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പുക്കുക എന്ന തരത്തിലേക്ക് സംസ്ഥാന വനം വകുപ്പുകള്‍ മാറി, ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ പ്രശ്നക്കാരായ ആനകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തമിഴ്നാടും കര്‍ണ്ണാടകവും അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ചിരുന്നു. 

പ്രശ്നക്കാരായ ആനകളെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ താമിഴ്നാടും കാര്‍ണ്ണാടകവും ഇന്ന് കേരളത്തെക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍, ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിച്ച ആനകളെല്ലാം അതാത് സ്ഥലങ്ങളില്‍ തന്നെയാണോ ഇപ്പോഴെന്ന് ചോദിച്ചാല്‍ അല്ലെന്ന് തന്നെയാണ് ഉത്തരം. പല ആനകളും തങ്ങളുടെ സ്വന്തം ആവാസവ്യവസ്ഥ തേടി തിരിച്ച് കയറി. ഇത്തരത്തില്‍ ആനകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നത് ദൃര്‍ഘകാലാടിസ്ഥാനത്തില്‍ വിജയിക്കാത്തെ പദ്ധതിയാണെന്ന് ഓസ്കാര്‍ നേടിയ എലിഫന്‍റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്‍ററിയില്‍ ഗവേഷണ സഹായിയായിരുന്ന ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍ പറയുന്നു. 

റേഡിയോ കോളർ, വിഎച്ച്എഫ് ആൻറിന, വനപാലക സംഘം; അരിക്കൊമ്പൻ നിരീക്ഷണം മൂന്ന് രീതിയിൽ, എന്നിട്ടും റേഞ്ചിന് പുറത്ത്!

നിര്‍ബന്ധിത പലായനത്തിന്‍റെ രാഷ്ട്രീയം 

മനുഷ്യന്‍റെ പരിണാമ ചരിത്രത്തോടൊപ്പം പലായനവും അവന്‍റെ ജീനിന്‍റെ ഭാഗമായിക്കഴിഞ്ഞിരുന്നു. മനുഷ്യന്‍ കരയിലൂടെ ഭൂഖണ്ഡങ്ങള്‍ താണ്ടിയ കഥ ജീനോം പ്രജക്റ്റുകള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മൃഗങ്ങള്‍ക്ക്, പക്ഷികളെയും മനുഷ്യനെയും അപേക്ഷിച്ച് അത്തരമൊരു ദേശാന്തരത്തിന്‍റെ ചരിത്രം വളരെ കുറവാണ്. അവ തങ്ങളുടെ ജൈവിക ആവാസവ്യസ്ഥയ്ക്കുള്ളില്‍ തന്നെയാണ് ജീവിതകാലം പൂര്‍ത്തിയാക്കുന്നത്. അതിന് വിപരീതമായ കഥകള്‍ക്ക് പിന്നില്‍ ഭക്ഷണത്തിന്‍റെയോ ജീവന് തന്നെ ഭീഷണിയായ മറ്റെന്തെങ്കിലും ശക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കും. 

ട്രാന്‍സ്‌ലൊക്കേറ്റ് ചെയ്യുമ്പോള്‍ അതാത് മൃഗങ്ങളുടെ ജൈവികാവസ്ഥയ്ക്ക് ഉള്ളിത്തന്നെ അതിനെ ട്രാന്‍സ്‍ലൊക്കേറ്റ് ചെയ്തിട്ട് കാര്യമില്ല. ഉദാഹരണത്തിന് അടുത്തകാലത്ത് ഇത്തരത്തില്‍ മാറ്റിയ ആന റിവാള്‍ഡോ. തമിഴ്നാട്ടിലെ മാവിനാലിലെ വാഴത്തോട്ടം ജനവാസ മേഖലയില്‍ നിന്നാണ് റിവാള്‍ഡോയെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. അവിടെ നിന്നും റിവാള്‍ഡോയെ മുതുമല ടൈഗര്‍ റിസര്‍വിലേക്ക് മാറ്റി. അതായത് റിവാള്‍ഡോയുടെ ഹോം റേയ്ഞ്ചിനുള്ളില്‍ തന്നെയാണ് ഈ മാറ്റിപ്പാര്‍പ്പിക്കല്‍ നടന്നത്. വെറും 18 മണിക്കൂറിനുള്ളില്‍ 20 കിലോമീറ്റര്‍ നടന്ന് റിവാള്‍ഡോ തിരികെ എത്തിയെന്ന് ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 

മൃഗങ്ങളുടെ ഹോം റെയ്ഞ്ച് 

ഓരോ ആനയ്ക്കും ഹോം റെയ്ഞ്ച് വ്യത്യസ്തമാണ്. എങ്കിലും ഏകദേശം 600 കിലോമീറ്റര്‍ പ്രദേശത്തോളം ഇത്തരം ഹോം റെയ്ഞ്ചുകളില്‍ ഉള്‍പ്പെടും. ഭക്ഷണ ലഭ്യതയുടെ തോത് അനുസരിച്ച് ഇതില്‍മാറ്റമുണ്ടാകാം. അരിക്കൊമ്പനാകട്ടെ വര്‍ഷം മുഴുവന്‍ മൂന്നാര്‍ പ്രദേശത്താണ് ജീവിക്കുന്നത്. ഇപ്പോള്‍ മാറ്റിയത് ഏതാണ്ട് നൂറ് കിലോമീറ്ററിന് മുകളിലാണെങ്കിലും ഭൂമിയുടെ കിടപ്പ് ഏറെ പ്രധാനമാണ്. അതിനാല്‍ തന്നെ അരികൊമ്പന്‍ തിരിച്ച് വരാനുള്ള സാധ്യതയുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. നിലവില്‍ അരികൊമ്പനെ മാറ്റിപ്പാര്‍പ്പിച്ച പ്രദേശം ആനകള്‍ക്ക് മറ്റ് ആലോസരമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഇടമാണ്. 

എന്നാല്‍, ആനകള്‍ക്ക് 'സ്പേഷ്യല്‍ മെമ്മറി' (Spatial memory)  ഏറെ കൂടുതലാണ്. അതായത് ആനകള്‍ക്ക് അവ ജനിച്ച് ജീവിച്ച പ്രദേശത്തെ കുറിച്ചുള്ള പ്രത്യേക ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ കഴിയും. മനുഷ്യരിലും മൃഗങ്ങളിലും  'സ്പേഷ്യല്‍ മെമ്മറി'  ഒരു വൈജ്ഞാനിക ഭൂപടമായി പ്രവര്‍ത്തിക്കുന്നു. ഒരു തരത്തില്‍ ജീവശാസ്ത്രപരമായ ജിപിഎസ് സംവിധാനമാണ് സ്പേഷ്യല്‍ മെമ്മറികള്‍ എന്ന് പറയാം.  ഇത്തരം ഓര്‍മ്മകള്‍ ആനകള്‍ക്ക് മറ്റ് ജീവികളെ അപേക്ഷിച്ച് ഏറെ കൂടുതലാണ്. അതിനാല്‍ തന്നെ ആനകള്‍ തങ്ങളുടെ ജൈവ പരിസ്ഥിതിയിലേക്ക് തിരിച്ച് വരാനുള്ള സാധ്യത ഏറെ കൂടുതലാണെന്നും ഡോ. ശ്രീധര്‍ പറയുന്നു.  

അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവ്; വിവരം വനംവകുപ്പ് ഹൈക്കോടതിയിൽ‌ സമർപ്പിച്ച റിപ്പോർട്ടിൽ

ചില തിരിച്ച് വരവുകള്‍

ആനകള്‍ക്ക് മാത്രമല്ല മറ്റ് മൃഗങ്ങള്‍ക്കും ഇത്തരം സ്പേഷ്യല്‍ മെമ്മറി സജീവമാണ്. 2009 ല്‍ മഹാരാഷ്ട്രയിൽ ട്രാന്‍സ്‍ലൊക്കേറ്റ് ചെയ്ത ഒരു പുള്ളിപ്പുലി 29 ദിവസം കൊണ്ട് 120 കിലോമീറ്റര്‍ സഞ്ചരിച്ച് തിരിച്ചെത്തിയതും 2011-12 നാഗ്പൂർ ജില്ലയിൽ മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കടുവ മനുഷ്യന് ആധിപത്യമുള്ള ഭൂപ്രകൃതിയിലൂടെ 455 കിലോമീറ്റർ സഞ്ചരിച്ച് തിരിച്ചെത്തിയതും 2022 ജൂലൈയിൽ കർണാടകയിലെ സകലേഷ്പൂരില്‍ നിന്നും മാറ്റിയ ആന തിരിച്ച് ശനിവരസന്തേയിലേക്ക് വന്നതും ഇതിന് ഉദാഹരണങ്ങളാണ്. 2017 ല്‍ ജൂണില്‍ കോയമ്പത്തൂരില്‍ നിന്നും പിടികൂടി ആനമല കടുവാ സങ്കേതത്തിലേക്ക് മാറ്റിയ ആന സെപ്തംബറില്‍ മനുഷ്യവാസ കേന്ദ്രത്തിലേക്ക് തിരിച്ചെത്തി. വീണ്ടും കാട്ടിലേക്ക് തുരത്തിയെങ്കിലും 2019 നവംബറില്‍ അവന്‍ വീണ്ടും കാടിറങ്ങി. പിന്നീട് ഇതിനെ പിടികൂടി മെരുക്കിയെടുക്കുകയായിരുന്നു. പിടികൂടി മാറ്റിപ്പാര്‍പ്പിക്കുന്ന മൃഗങ്ങളില്‍ ഘടിപ്പിച്ച കോളറില്‍ നിന്നാണ് അവയുടെ പിന്നീടുള്ള സഞ്ചാര പാത തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. 

മൃഗങ്ങളെ പിടികൂടി കൂട്ടിലടയ്ക്കുമ്പോള്‍ അത് കണ്‍സര്‍വേഷന് എതിരാകുന്നു. സത്യത്തില്‍ വന്യമൃഗങ്ങളെ പിടികൂടുന്നത് വേട്ടയ്ക്ക് തുല്യമാണ്. അതിനാലാണ് മറ്റ് സംസ്ഥാനങ്ങള്‍ കോണ്‍ഫ്ലിക്റ്റ് മാനേജ്മെന്‍റിന്‍റെ ഭാഗമായി മൃഗങ്ങളെ പിടികൂടി മാറ്റി പാര്‍പ്പിക്കുന്നത്. എന്നാല്‍ അത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ കേരളത്തിന് കോടതിയുടെ ഇടപെടല്‍ ആവശ്യമായി വന്നു. വയനാട്ടില്‍ അടുത്തകാലത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ച പിഎം 2 ഇത്തരത്തില്‍ തമിഴ്നാട് ട്രാന്‍സ്‍ലൊക്കേറ്റ് ചെയ്ത ആനയാണ്. ആനകളെ സംബന്ധിച്ച് ട്രാന്‍സ്‍ലൊക്കേറ്റ് ചെയ്യുക എന്നത് 'വലത് കാലിലെ മന്ത് ഇടത് കാലിലേക്ക് മാറ്റു'ന്നതിന് തുല്യമാണ്. 

വംശനാശ ഭീഷണി നേരിടുന്ന ആനകള്‍; പ്രശ്നപരിഹാര ചിന്തകള്‍

ശാശ്വത പരിഹാരം

ട്രാന്‍സ്‍ലൊക്കേറ്റ് ചെയ്യുക എന്നത് മൃഗങ്ങളെ സംബന്ധിച്ച് ആത്യന്തീകമായി ഒരു പരാജയമാണ്. അതൊരു താത്കാലിക പരിഹാരമാര്‍ഗ്ഗം മാത്രമാണ്. ജനവാസ മേഖലയില്‍ ഇറങ്ങി ശീലിച്ചിട്ടുള്ള മൃഗങ്ങളെ ഏത് കാട്ടില്‍ കൊണ്ട് വിട്ടാലും അത് സമീപത്തെ ജനവാസ മേഖലയിലേക്ക് വീണ്ടും ഇറങ്ങിവരും. അവ നേരത്തെ തന്നെ മനുഷ്യരെ കണ്ട് ഭയം മാറിയവയാണ്. അത് അവയുടെ ശീലത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. അതാണ് ആനമലയില്‍ ഈയിടെ വിട്ടയച്ച മോഴയുടെ കാര്യത്തിലും സംഭവിച്ചത്. മാത്രമല്ല, ഇത്തരത്തില്‍ മാറ്റപ്പെടുന്ന മൃഗത്തിന്‍റെ ഉള്ളില്‍ എപ്പോഴും തങ്ങളുടെ ജൈവപരിസ്ഥിതിയിലേക്ക് തിരികെ വരാനുള്ള വ്യഗ്രത കൂടുതലായിരിക്കും. മനുഷ്യരെ പോലെ എത്തിചേരുന്ന ഇടം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശേഷി മൃഗങ്ങള്‍ക്കില്ല. സ്വാഭാവികമായും അവ തങ്ങള്‍ ജീവിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചെത്താനുള്ള ശ്രമം നടത്തുമെന്നും ഡോ. ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. 

2009 ല്‍ ശ്രീലങ്കയില്‍  ട്രാന്‍സ്‍ലൊക്കേറ്റ് ചെയ്യപ്പെട്ട ഒരു ആന, പുതുതായി എത്തപ്പെട്ട സ്ഥലത്ത് നിന്നും സഞ്ചരിച്ച് കടല്‍ത്തീരത്തെത്തുകയും പിന്നീട് അത് കടലിലൂടെ ഏതാണ്ട് 5 കിലോമീറ്റര്‍ ദൂരം നീന്തുകയും ചെയ്തു. തുടര്‍ന്ന് ശ്രീലങ്കന്‍ നേവി ഈ ആനയെ കടലില്‍ നിന്നും രക്ഷപ്പെടുത്തി മറ്റൊരിടത്തേക്ക് മാറ്റിയെങ്കിലും അവിടെയുള്ള ഒരു കിണറ്റില്‍ വീണ് ആന ചരിയുകയായിരുന്നു. ഇത്തരത്തില്‍ ട്രാന്‍സ്‍ലൊക്കേറ്റ് ചെയ്യുന്ന ജീവികള്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യാറുമുണ്ട്. അതിനാല്‍ തന്നെ മൃഗങ്ങളെ ട്രാന്‍സ്‍ലൊക്കേറ്റ് ചെയ്യുമ്പോള്‍ അവയ്ക്ക് അവിടെ അതിജീവിതം സാധ്യമാണോയെന്ന് കൂടി പരിഗണിക്കേണ്ടത് പ്രധാനമാണെന്നും ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. കാട് എന്നത് ഒരു ആവാസവ്യവസ്ഥയാണ്. ആദിവാസികള്‍ അതിന്‍റെ ഭാഗമാണ്. എന്നാല്‍ പുറത്ത് നിന്നും എത്തുന്ന എന്തും അതിന് അന്യമാണ്. ഇവിടെയാണ് പ്രശ്നം കിടക്കുന്നത്. അവിടെയാണ് ചികിത്സവേണ്ടതും. മറ്റെല്ലാം തോലിപ്പുറ  ചികിത്സയ്ക്ക് തുല്യം. 

click me!