
നാട്ടുവഴിയോരങ്ങളിലൂടെ പറന്നു നടന്നിരുന്ന ഒരു അപ്പൂപ്പൻതാടിയായിരുന്നു അന്നവൾ. കുന്നും പുഴയും മരങ്ങളും പൂക്കളുമൊക്കെ കണ്ട് നടന്ന ആ കുഞ്ഞ് അപ്പൂപ്പൻ താടിയുടെ പേര് സജ്ന എന്നായിരുന്നു. ഒരുനാൾ അവളെ അതിരുകളിലാത്ത ആകാശത്തേക്ക് ഒരു മനുഷ്യൻ പറത്തിവിട്ടു. അത് വേറാരുമായിരുന്നില്ല, ലോറി ഡ്രൈവറായിരുന്ന അവളുടെ ബാപ്പ ആലിക്കോയ. ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും കുട്ടികഥകൾ പോലെ അദ്ദേഹം മകളെയും തന്‍റെ യാത്രാ വിശേഷങ്ങളിലൂടെ കൈപിടിച്ച് നടത്തി. ആ കഥകളായിരുന്നു പുതിയ ആകാശങ്ങൾ കീഴടക്കി പറക്കാൻ അവളെ പ്രേരിപ്പിച്ചത്. പക്ഷേ, കാലം പിന്നിട്ടപ്പോൾ അവൾക്ക് തോന്നി, പാറി പറക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ അപ്പൂപ്പൻതാടികളെയും തനിക്കൊപ്പം കൂട്ടണമെന്ന്. അങ്ങനെ അവളും കൂട്ടുകാരും തടസങ്ങളെ ഒരുമിച്ച് തള്ളിനീക്കി പതിയെ പാറിപ്പറന്ന് തുടങ്ങി. ഇന്ന് അവളുടെ കൂട്ടുകാരും പറന്ന് നടക്കുന്ന പെണ്ണുങ്ങളാണ്. അതിരുകളില്ലാത്ത ആകാശവും ഭൂമിയും കണ്ട്, അനുഭവിച്ച് ചുറ്റി സഞ്ചരിക്കുന്ന പെണ്ണുങ്ങൾ. അറിയാം 'അപ്പൂപ്പൻതാടി' എന്ന പെൺയാത്രാ കൂട്ടത്തെക്കുറിച്ചും അവരുടെ സാരഥി സജ്ന അലിയെക്കുറിച്ചും.
2014 ലെ ആ യാത്ര മാറ്റിമറിച്ച ലോകം
36 കാരിയായ സജ്ന അലിയുടെ കഥ യഥാർത്ഥത്തിൽ ആരംഭിക്കുന്നത് 2014 ൽ ആണെന്ന് വേണമെങ്കിൽ പറയാം. കുട്ടിക്കാലത്ത് ബാപ്പയുടെ സഞ്ചാര സാഹിത്യം കേട്ട് വളർന്ന സജ്നയ്ക്ക് യാത്രകളോട് അടങ്ങാത്ത പ്രണയമായിരുന്നു. പഠിച്ച് ജോലി കിട്ടി സ്വന്തമായി സമ്പാദിച്ച് തുടങ്ങിയപ്പോഴും യാത്രകൾക്കായി ഒരു വിഹിതം മാറ്റിവെക്കാൻ അവൾ ശ്രമിച്ചു. അങ്ങനെ ടെക്നോപാർക്കിലെ ജോലിക്കിടയിൽ വീണു കിട്ടുന്ന ഒഴിവു വേളകളിൽ ചെറിയ ചെറിയ യാത്രകളൊക്കെ നടത്തി വരുന്നതിനിടയിലാണ് 2014 ൽ സജ്നയും ഏതാനും സുഹൃത്തുക്കളും ചേർന്ന് തിരുവനന്തപുരത്ത് നിന്ന് ഒഡീഷയിലേക്ക് ഒരു വാരാന്ത്യ യാത്ര പ്ലാൻ ചെയ്തത്. പക്ഷേ, യാത്രയുടെ ദിവസം അടുത്തപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഓരോരുത്തരായി കാലുമാറി. ഒടുവിൽ സജ്ന മാത്രമായി. പക്ഷേ, പിന്മാറാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ ആ യാത്ര അവൾ തനിച്ചു പോയി.
സജ്നയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ സോളോ ട്രിപ്പ് എന്ന് വേണമെങ്കിൽ പറയാം. മടങ്ങിയെത്തിയ അവൾ അധികം വൈകാതെ ഫെയ്സ് ബുക്കിൽ 'അപ്പൂപ്പൻതാടി' എന്ന പേരിൽ സ്ത്രീകൾ മാത്രമുള്ള ഒരു ട്രാവൽ ഗ്രൂപ്പ് ആരംഭിച്ചു. ആദ്യമൊന്നും പോസീറ്റീവായ പ്രതികരണങ്ങൾ ലഭിച്ചില്ലെങ്കിലും പതിയെ പതിയെ പാറിനടക്കാൻ ആഗ്രഹിക്കുന്ന അപ്പൂപ്പൻതാടികൾ ഗ്രൂപ്പിലേക്ക് എത്തിതുടങ്ങി. ഇന്ന് യാത്രകളെ സ്നേഹിക്കുന്ന 5,600 ലധികം സ്ത്രീകളാണ് ഈ പെൺകൂട്ടായ്മയിലുള്ളത്. ഇവർ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നടത്തിയത് 532 യാത്രകളാണ്. 2016 ഏപ്രിൽ 24 നായിരുന്നു അപ്പൂപ്പൻതാടിയുടെ ആദ്യ യാത്ര. എട്ട് സ്ത്രീകളുമായി കൊല്ലം ജില്ലയിലെ റോസ്‍മലയിലേക്ക് ആരംഭിച്ച ആ യാത്ര ഇന്ന് എത്തി നിൽക്കുന്നത് ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന ഒരു വലിയ പെൺകൂട്ടായ്മയിലാണ്.
എന്തുകൊണ്ട് പെണ്ണുങ്ങൾ?
ഉത്തരം എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്. ആഹ്രഹമുണ്ടെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം ഇപ്പോഴും തളച്ചിടുന്നത് സ്ത്രീകളെയാണ് എന്നത് തന്നെ. യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു വഴി തുറന്ന് കൊടുക്കാനാണ് സജ്ന ആഗ്രഹിക്കുന്നത്. അതിന് അപ്പൂപ്പൻതാടി ഒരു വാഴികാട്ടിയാകും. എട്ട് വർഷം മുമ്പ് താൻ എടുത്ത ഒരു തീരുമാനത്തിന്‍റെ ഫലമായി 5,000 ത്തോളം സ്ത്രീകൾ ഇന്ത്യയിലുടനീളം യാത്ര ചെയ്തു എന്നത് ഒരു വലിയ നേട്ടമായാണ് താൻ കാണുന്നത് എന്നാണ് സജ്ന പറയുന്നത്. തുടക്കകാലത്ത് സ്ത്രീകൾ ആഗ്രഹം പ്രകടപ്പിക്കുമായിരുന്നുവെങ്കിലും അവരുടെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങാൻ തനിക്ക് ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ടന്ന് സജ്ന ഓർക്കുന്നു. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയെന്നും ഒരു ട്രിപ്പ് പ്ലാൻ ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിലേക്കുള്ള അംഗങ്ങളെ കിട്ടുമെന്നും സജ്ന പറയുന്നു. കാലം വരുത്തിയ ആ മാറ്റത്തിൽ വലിയ സന്തോഷം തോന്നാറുണ്ടന്നും അവർ പറയുന്നു.
ഓൺലൈൻ കോഡിനേഷൻ
ഒരു യാത്ര പ്ലാൻ ചെയ്യുന്നത് മുതൽ യാത്രക്കായി ടീം അംഗങ്ങൾ കണ്ടുമുട്ടുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും ചെയ്യുന്നത് ഓൺലൈനായാണ്. ഫെയ്സ്ബുക്ക് ഗ്രൂപ്പിന് പുറമേ, ഏറെ സജീവമായ 22 വാട്സ്അപ്പ് ഗ്രൂപ്പുകൾ കൂടിയുണ്ട് അപ്പൂപ്പൻതാടിയ്ക്ക്. 300 അംഗങ്ങൾ വീതമാണ് ഓരോ വാട്സാപ്പ് ഗ്രൂപ്പിലും ഉള്ളത്. ഓരോ യാത്രയും പ്ലാൻ ചെയ്ത് കഴിഞ്ഞാല്‍ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി അംഗങ്ങളെ അറിയിക്കും. താൽപ്പര്യമുള്ളവർക്ക് ഓൺ ലൈനായി തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാം. ഓരോ യാത്രയ്ക്കും 20 മുതൽ 25 വരെ അംഗങ്ങളെയാണ് ഉൾപ്പെടുത്തുക. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. തുടർന്ന് യാത്രയ്ക്കുള്ള മറ്റ് നിർദേശങ്ങൾ നൽകുന്നത് മുഴുവൻ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ആയിരിക്കും. യാത്രയ്ക്ക് മുമ്പ് പല തവണകളായി ടൂർ പാക്കേജ് തുക അടയ്ക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഓരോ യാത്രയിലും പങ്കെടുക്കുന്നവർ പരസ്പരം കണ്ടുമുട്ടുന്നതിനായി ഒരു സ്ഥലവും മുൻകൂട്ടി തീരുമാനിക്കും.
അപ്പൂപ്പൻ താടി ബഡ്ഢീസ്
പ്ലാൻ ചെയ്യുന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്ക് വാഹന സൗകര്യം, താമസ സൗകര്യം, സുരക്ഷ, ഭക്ഷണം അങ്ങനെ ഏല്ലാ കാര്യങ്ങളും അനുയോജ്യമാണന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ടൂർ പ്ലാൻ, സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അറിയിക്കുകയൊള്ളൂ. ഓരോ യാത്രയുടെയും ഡെസ്റ്റിനേഷൻ തീരുമാനിക്കുന്നതിന് മുമ്പ്, അപ്പൂപ്പൻതാടിയുടെ ഒരു ടീം ആ സ്ഥലം മുൻകൂട്ടി സന്ദർശിച്ച് അവശ്യമായ ക്രമീകരണങ്ങൾ മുഴുവൻ ചെയ്യും. ഇതിനായി സജ്നയ്ക്ക് കൂട്ടായി 20 'ബഡ്ഢീസ്' ആണ് ഇവരുടെ ടീമിലുള്ളത്. തുടക്കക്കാലം മുതൽ അപ്പൂപ്പൻ താടിയ്ക്കൊപ്പം യാത്ര ചെയ്യുന്നവരും ചേർന്ന് നിൽക്കുന്നവരുമാണ് ബഡ്ഢീസ് ആയി പ്രവർത്തിക്കുന്നത്.
എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയ പെൺപട
അപ്പൂപ്പൻതാടിയുടെ മറ്റൊരു അഭിമാന നേട്ടമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ പെൺപട. എപ്രിൽ ഒന്ന് മുതൽ 14 വരെ നടത്തിയ എവറസ്റ്റ് ബേസ് ക്യാമ്പ് യാത്രയാണ് ഇത്. അപ്പൂപ്പൻതാടിയിൽ അംഗങ്ങളായ എട്ട് സ്ത്രീകളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്ന് ഇതാദ്യമായാണ് സ്ത്രീകൾ മാത്രമടങ്ങുന്ന ഒരു സംഘം എവറസ്റ്റ് കീഴടക്കുന്നത് എന്നാണ് സജ്ന പറയുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം എന്നാണ് എട്ട് പേരിൽ ഒരാളായ നിഹാല നാസർ ആ യാത്രയെക്കുറിച്ച് മനസ്സ് തുറന്നത്. ആറ് മാസക്കാലും നീണ്ട പരീശീലനങ്ങൾക്കും മുന്നൊരുക്കൾക്കും ശേഷമാണ് തങ്ങൾ ആ സ്വപ്ന നേട്ടത്തിലേക്ക് ചുവടുകൾ വെച്ചതെന്നും ജീവിതത്തിന് പുതിയൊരു കാഴ്ചപ്പാടാണ് ആ യാത്ര സമ്മാനിച്ചതെന്നും നിഹാല പറയുന്നു.
യാത്രാ പ്രേമികളുടെ ശ്രദ്ധയ്ക്ക്
കേരളത്തിൽ നിരവധി വൺഡേ ട്രിപ്പുകളും, ക്യാമ്പിംഗും ട്രക്കിംഗും ഉൾപ്പെടുയുള്ള ധാരാളം ടൂർ പാക്കേജുകളും അപ്പൂപ്പൻതാടി നടത്തിവരുന്നുണ്ട്, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രാ പാക്കേജുകളും ലഭ്യമാണ്. ഇതിനെല്ലാം പുറമേ അന്താരാഷ്ട്ര യാത്രകളും അപ്പൂപ്പൻതാടി ഒരുക്കിവരുന്നു. സ്ത്രീകളുടെ യാത്രകൾക്കാണ് മുൻഗണന നൽകുന്നതെങ്കിലും സുഹൃത്തുക്കളുടേയോ കുടുംബാംഗങ്ങളുടേയോ സഹപ്രവർത്തകരുടെയോ ഒക്കെ ചെറിയ ചെറിയ ഗ്രൂപ്പൂകളായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ സേവനങ്ങൾ ഇപ്പോൾ അപ്പൂപ്പൻ താടി നൽകി വരുന്നുണ്ട്.