'സ്വീറ്റ് സിഎം'; ശരീരം പാതിതളര്‍ന്ന വിജയശ്രീയെ എഴുന്നേറ്റ് നിര്‍ത്തിയ മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ !

By Dhanesh RavindranFirst Published Jul 20, 2023, 2:33 PM IST
Highlights

ഓടിക്കൂടിയ കേരളാ ഹൗസിലെ ജീവനക്കാരും ഓട്ടോ ഡ്രൈവര്‍മാരും വിജയശ്രീയെ താങ്ങിയെടുത്ത് അടുത്തുള്ള ആര്‍എംഎല്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ, നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ വിജയ്ശ്രീയ്ക്ക് അവിടെ അടിയന്തര ചികിത്സ കിട്ടുകയെന്നത് ഏറെ ശ്രമകരമായി. മനസ് തകര്‍ന്ന് മകള്‍ക്കൊപ്പം ഇരുന്ന അച്ഛനോട് ഒപ്പമെത്തിയ കേരളാ ഹൗസിലെ ഏതോ ജീവനക്കാരനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്ന് വിളിച്ച് നോക്കാന്‍ പറയുന്നത്...... ധനേഷ് രവീന്ദ്രന്‍ എഴുതുന്നു. 

'സ്വീറ്റ് സിഎം' വിജയശ്രീയുടെ ഡയറിലെ ഒരു താളില്‍ പതിച്ച ചിത്രത്തോടൊപ്പം എഴുതിയ വാക്കുകളാണ്. ആ വാക്കുകളില്‍ ആസാധ്യമെന്ന് കരുതിയ കാര്യത്തിലേക്ക്... ജീവിതത്തിലേക്ക്.... കൈപിടിച്ചുയര്‍ത്തിയ ഒരു മുഖ്യമന്ത്രിയുണ്ട്. അതെ, രണ്ട് വട്ടം കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി. ഏട്ട് വർഷങ്ങൾക്ക് മുമ്പ് 2015 ജൂൺ 26 നായിരുന്നു ആ സംഭവം. തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയ വിജയശ്രീ, ദില്ലി സര്‍വ്വകലാശലയില്‍ ബിരുദാനന്തര ബിരുദത്തിനുള്ള പ്രവേശന പരീക്ഷയ്ക്കായി ദില്ലിയില്‍ എത്തിയതായിരുന്നു. കേരളാ ഹൗസിലാണ് താമസം. എന്നാല്‍, ഒരു നിമിഷം എല്ലാം തകിടം മറിച്ചു. വൈകീട്ട് കേരളാ ഹൗസിലേക്ക് അച്ഛനൊപ്പം നടക്കുന്നതിനിടെ ജന്തർമന്തർ റോഡിൽ നിന്നിരുന്ന ഒരു മരത്തിന്‍റെ ചില്ല അപ്രതീക്ഷിതമായി ഒടിഞ്ഞ് വിജയശ്രീയുടെ തലയില്‍ വീണു. ചുറ്റുമുണ്ടായിരുന്നവര്‍ ഓടിക്കൂടി. സംഭവിച്ചതെന്താണെന്ന് വ്യക്തമാകാതെ അച്ഛന്‍ സ്തംഭിച്ച് പോയി. ഓടിക്കൂടിയ ആ ആള്‍ക്കൂട്ടത്തിന് നടുവില്‍ നട്ടെല്ലിന് ക്ഷതം പറ്റി, കഴുത്തൊടിഞ്ഞ് ഒന്ന് അനങ്ങാന്‍ പോലുമാകാതെ വിജയശ്രീ വീണുകിടന്നു. ഓടിക്കൂടിയ കേരളാ ഹൗസിലെ ജീവനക്കാരും ഓട്ടോ ഡ്രൈവര്‍മാരും വിജയശ്രീയെ താങ്ങിയെടുത്ത് അടുത്തുള്ള ആര്‍എംഎല്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ, നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ വിജയ്ശ്രീയ്ക്ക് അവിടെ അടിയന്തര ചികിത്സ കിട്ടുകയെന്നത് ഏറെ ശ്രമകരമായി. മനസ് തകര്‍ന്ന് മകള്‍ക്കൊപ്പം ഇരുന്ന അച്ഛനോട് ഒപ്പമെത്തിയ കേരളാ ഹൗസിലെ ഏതോ ജീവനക്കാരനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്ന് വിളിച്ച് നോക്കാന്‍ പറയുന്നത്. 

അതൊരു വഴി വെളിച്ചമായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കേന്ദ്രസർക്കാർ വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിയുടെ യോഗത്തിനായി ദില്ലിയിലെത്ത് കേരളാ ഹൗസില്‍ താമസിക്കുന്നുണ്ടായിരുന്നു. ജീവനക്കാരന്‍ തന്നെ ഫോണ്‍ നമ്പര്‍ നല്‍കി. വിളിച്ചു. ആദ്യ വിളിയില്‍ തന്നെ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. അപ്പോള്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ഗംഗ റാം ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. നട്ടെല്ലും കഴുത്തിലെ കശേരുക്കള്‍ക്കും പരിക്കേറ്റ് പാതി തളര്‍ന്ന രോഗിയെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നതിന്‍റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കില്ലെന്ന് അറിയിച്ചു. പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി. അദ്ദേഹത്തിന്‍റെ സ്വന്തം ഉത്തരവാദിത്വത്തില്‍ വിജയശ്രീയെ ഗംഗ റാം ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഗംഗ റാം ആശുപത്രിയില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ചികിത്സയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ കേരളാ ഹൗസ് ജീവനക്കാരെ ഏല്‍പ്പിച്ചു. 

ഒരു വര്‍ഷത്തോളം സെക്രട്ടേറിയേറ്റില്‍ ഉറങ്ങിക്കിടന്ന ഫയല്‍ ഉണര്‍ത്തി വിട്ട ആ ചോദ്യം

ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ, ഒറ്റയ്ക്കിരിക്കുന്ന ഉമ്മൻ ചാണ്ടി !

പിന്നെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ മൂന്ന് മാസം നീണ്ട ആശുപത്രിവാസം. ഒടുവില്‍ ആശുപത്രയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഇത്രയും ദൂരം സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട്. ഒപ്പം തുടര്‍ചികിത്സയും ബാക്കിയുണ്ടായിരുന്നു. വീണ്ടും മുഖ്യമന്ത്രി ഇടപെട്ടു. പാതിതളര്‍ന്ന ശരീരവുമായി ഇത്രയും ദൂരം സഞ്ചരിക്കേണ്ടെന്നും ചികിത്സ തീരും വരെ താമസിക്കുന്നതിനായി പ്രത്യേക ഉത്തരവിലൂടെ കേരളാ ഹൗസില്‍ തന്നെ മുറി അനുവദിച്ചു, അതും താഴത്തെ നിലയില്‍. ആറു മാസത്തോളം ആ മുറിയില്‍ തന്നെ താമസിച്ച് തുടര്‍ ചികിത്സ. ഇതിനിടെ രണ്ട് തവണ മുഖ്യമന്ത്രി ദില്ലിയിലെത്തി. രണ്ട് തവണയും അദ്ദേഹം സമയം കണ്ടെത്തി വിജയശ്രീയെ കാണാനെത്തി. വിശദമായി തന്നെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആശ്വസിപ്പിച്ചു. നീണ്ട ചികിത്സകള്‍ക്കൊടുവില്‍ എഴുന്നേറ്റ് അല്പമെങ്കിലും നടക്കാറായപ്പോള്‍ നാട്ടിലെത്തി. പിന്നാലെ ജഗതിയിലുള്ള 'പുതുപ്പള്ളി' വീട്ടിലെത്തി വിജയശ്രീയും കുടുംബവും ഉമ്മന്‍ ചാണ്ടിയെ കണ്ടു. ഒരുപാട് പേര്‍ അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. പേര് പറഞ്ഞ് പരിചയപ്പെടുത്തി. പിന്നാലെ വിജയശ്രീയെ പോലും അത്ഭുതപ്പെടുത്തി. ഇന്നലെ നടന്നത് പോലെ കാര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തു. വിശദമായി തന്നെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 

കഴുത്തിന് താഴേക്ക് തളര്‍ന്ന് ആശുപത്രിയിലും കേരളാ ഹൗസിലുമായി കിടന്നപ്പോള്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ ഒരു അവ്യക്ത ചിത്രം ഇന്നും വിജയശ്രീയുടെ ഡയറിയില്‍ ഉണ്ട്. ഒപ്പ 'സ്വീറ്റ് സിഎം' എന്ന കുറിപ്പും. വേദന തിന്ന്, തളര്‍ന്ന് കിടന്നപ്പോള്‍ അദ്ദേഹം വിളിച്ച ഫോണ്‍ കോളുകളിലൂടെയാണ് ഇന്ന് വിജയശ്രീ ഏഴുന്നേറ്റ് നടക്കുന്നത്. പിന്നാലെ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തബിരുദവും ഗവേഷണവും പൂര്‍ത്തിയാക്കി. ഇന്ന് ദില്ലിയില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഫെല്ലോയായി ജോലി ചെയ്യുകയാണ്. ഒപ്പം സിവില്‍ സര്‍വ്വീസിനുള്ള ശ്രമങ്ങളിലുമാണ് വിജയശ്രീ. ജീവിതത്തില്‍ നിന്നും നാട്ടുകാരുടെ കുഞ്ഞൂഞ്ഞ് യാത്രയായി... ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കും തങ്ങളുടെ പ്രീയപ്പെട്ട മുഖ്യമന്ത്രിയെ, കുഞ്ഞൂഞ്ഞിനെ, ഓസിയെ അനുഗമിക്കുന്നത് ആയിരമല്ല പതിനായിരക്കണക്കിന് ജനങ്ങളാണ്. ഓരോരുത്തര്‍ക്കും ഒരു ഫോണ്‍വിളിയില്‍, ഇല്ലെങ്കില്‍ ഒരു ചെറു പുഞ്ചിരിയില്‍ ആശ്വാസം നല്‍കാന്‍ കഴിഞ്ഞ ജനസേവകനെ കാണാനാണ് , ആ ഓര്‍മ്മകളില്‍ അവര്‍ മഴയും വെയിലും രാത്രിയും പകലുമില്ലാതെ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യുന്നതും. മനസുകൊണ്ട് ദില്ലിയില്‍ നിന്ന് വിജയശ്രീയും ആ വിലാപയാത്രയ്ക്കൊപ്പമാണ്.... 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!