കാട്ടാനകള്‍ക്കൊപ്പം 'ഒളിച്ചോടിയ' കുങ്കിയാന, ആ വാര്‍ത്തയുടെ വാസ്തവം എന്താണ്?

By Balu KGFirst Published Oct 21, 2023, 5:40 PM IST
Highlights

കാട്ടാനകളെ തുരത്താനെത്തിയ കുങ്കിയാന കാട്ടാനകള്‍ക്കൊപ്പം 'ഒളിച്ചോടി' എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ വാര്‍ത്തയുടെ വാസ്തവം എന്താണ്? ആ കുങ്കിയാനയുടേത് സത്യത്തില്‍ ഒളിച്ചോട്ടമാണോ? അവന്‍ എന്തിനാണ് കാട്ടിലേക്ക് തിരിച്ചുപോയത്? ആ 'ഒളിച്ചോട്ട'ത്തിന്‍റെ നേരുകളിലേക്ക് ഒരന്വേഷണം. കെ. ജി ബാലു എഴുതുന്നു


ന്നൊരു വ്യാഴാഴ്ചയായിരുന്നു. 2023, ഒക്ടോബര്‍ 12. തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍, കാട്ടാനകള്‍ വനത്തില്‍ നിന്ന് സമീപ ഗ്രാമങ്ങളിലേക്ക് ഇറങ്ങി. അവ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും നാശം വിതച്ച് തുടങ്ങിയപ്പോള്‍ അവയെ കാട് കയറ്റാനായി നാല് കുങ്കിയാനകളെ മുതുമലയില്‍ നിന്നും എത്തിച്ചു. വസീം, വിജയ്, ശ്രീനിവാസന്‍, ബൊമ്മന്‍ എന്നീ കുങ്കിയാനകള്‍ അന്ന് രാത്രി തന്നെ 'ഓപ്പറേഷന്' വേണ്ടി എത്തി.  കാട്ടാനകളെ തടയാന്‍, അവ ഇറങ്ങി വരുന്ന വഴിയില്‍ കുങ്കിയാനകളെ തളച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നു.

പിന്നെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കാത്തിരിപ്പിനിടെ രാത്രി എട്ടോടെ പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് വ്യാപിച്ചു. സമയം അരിച്ചരിച്ച് നീങ്ങി. ഒടുവില്‍ മൂടല്‍ മഞ്ഞ് നീങ്ങിയപ്പോള്‍ ചങ്ങലയില്‍ തളച്ച് നിര്‍ത്തിയ നാല് കുങ്കിയാനകളില്‍ ഒന്ന് മിസിംഗ്!

കാണാതായത് ശ്രീനിവാസന്‍ എന്ന കുങ്കിയാന. അവനെ തളച്ച കനത്ത ചങ്ങല അത് പോലെ അവിടെ കിടപ്പുണ്ട്. കുങ്കിയാനകളുടെ കൂടെയുണ്ടായിരുന്ന പാപ്പാന്മാരും വനം വകുപ്പ് ഉദ്യോഗസ്ഥരും കാഴ്ച കാണാനെത്തിയ നാട്ടുകാരും പരിഭ്രാന്തരായി. ചങ്ങലയ്ക്കിട്ട കുങ്കിയാന എവിടെ പോയി? വനംവകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്മാരും ഒപ്പം നാട്ടുകാരും പന്തം കത്തിച്ച് പരിസരമാകെ തിരഞ്ഞു. പക്ഷേ, 22 വയസുള്ള ശ്രീനിവാസനെ മാത്രം കണ്ടെത്താനായില്ല. ഒടുവില്‍ നാല് മണിക്കൂറുകള്‍ക്ക് ശേഷം ശ്രീനിവാസനെ കണ്ടെത്തുമ്പോള്‍ അവന്‍, ആ കാട്ടാനകളോടൊപ്പം കാട്ടിനുള്ളിലായിരുന്നു.

നാട്ടിലിറങ്ങിയ കൊമ്പന്മാരെ തുരത്താൻ കുങ്കിയെ കൊണ്ടുവന്നു; രാത്രിയിൽ കാട്ടാനകൾക്കൊപ്പം 'ഒളിച്ചോടി'-വീഡിയോ

കാട്ടാനകളെ കാട് കയറ്റാന്‍ കൊണ്ടുവന്ന കുങ്കിയാന തന്നെ കാട്ടാനകള്‍ക്കൊപ്പം പോയത് വിചിത്രമായ കഥയായി നാടാകെ പരന്നു. കാട്ടാനകളെ തുരത്താനായെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ നിന്നും ശ്രീനിവാസനെ തിരികെ എത്തിക്കാന്‍ പാടുപെട്ടു. വസീം, വിജയ്, ബൊമ്മന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ പിന്നീട് നടന്ന ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ശ്രീനിവാസനെ തിരികെ എത്തിച്ചു. എന്നാല്‍, വെള്ളിയാഴ്ച രാവിലെ കാട്ടാനകള്‍ ശ്രീനിവാസനെ തേടി വീണ്ടുമെത്തി. വനപാലകര്‍ പടക്കം പൊട്ടിച്ച് കാട്ടാനകളെ തുരത്തി. പിന്നീട് ശ്രീനിവാസന്‍റെ കാടുകയറ്റം 'ഒളിച്ചോട്ടമായി' മാധ്യമങ്ങളില്‍ വാര്‍ത്തയായി. സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ 'കുങ്കിയാനയുടെ ഒളിച്ചോട്ടം', 'കൗമാരക്കാരായ കാമുകി കാമുകന്മാരുടെ ഒളിച്ചോട്ടമായി' ആഘോഷിച്ചു. എന്നാല്‍, ശ്രീനിവാസന്‍റെ ഈ 'ഒളിച്ചോട്ടം' എന്തിനായിരുന്നുവെന്ന് മാത്രം ആരും അന്വേഷിച്ചില്ല, പറഞ്ഞില്ല.

ഇത് അത്തരമൊരു അന്വേഷണമാണ്. ആ കുങ്കിയാനയുടേത് സത്യത്തില്‍ ഒളിച്ചോട്ടമാണോ? അവന്‍ എന്തിനാണ് കാട്ടിലേക്ക് തിരിച്ചുപോയത്? അവനെ തിരക്കി എന്തിനാണ് വീണ്ടും കാട്ടാനകള്‍ വന്നത്?

 

(ഫോട്ടോ: വിഷ്ണു ഗോപാല്‍)

ഇനി മറ്റൊരു കഥയിലേക്ക്

2023-ലെ ആനിമല്‍ പോര്‍ട്രേറ്റ് വിഭാഗത്തില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ വിഷ്ണു ഗോപാലും സുഹൃത്തുക്കളും 2017 -ല്‍ കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെ ഗൈഡിനൊപ്പം തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു. കുറച്ച് മുന്നിലായി കുട്ടികള്‍ അടക്കമുള്ള ഒരു സംഘം ആനകള്‍ നീങ്ങുന്നത് കാണാം. ജീപ്പിന്‍റെ ശബ്ദം കേട്ടതും കൂട്ടത്തില്‍ നിന്നും മുതിര്‍ന്ന ഒരാന കാട്ടിലേക്ക് പെട്ടെന്ന് നീങ്ങി. 'അതൊരു കാട്ടാനയാണ്.' എന്നായിരുന്നു ഗൈഡിന്‍റെ മറുപടി. മറ്റ് ആനകള്‍ പതിവ് പോലെ, കുട്ടിയാനയെ തങ്ങള്‍ക്കിടയില്‍ സുരക്ഷിതമായി നിര്‍ത്തി നടത്തം തുടര്‍ന്നു. ശ്രദ്ധിച്ചപ്പോഴാണ് മറ്റാനകളുടെ കാലില്‍ ചങ്ങല കണ്ടത്. 'ഇതിവിടുത്തെ ക്യാമ്പ് എലഫന്‍റ്സാണ്. ഇവര്‍ ഇവിടെ ഇങ്ങനെ ഫ്രീ ആയി നടക്കും. പേടിക്കണ്ട' ഗൈഡ് കൂട്ടിച്ചേര്‍ത്തു.

വിഷ്ണു ഗോപാല്‍ ഫേസ്ബുക്കില്‍ എഴുതുന്നു.'മനുഷ്യര്‍ ചങ്ങലക്കിട്ടും പീഡിപ്പിച്ചും പേടിപ്പിച്ചും വരുതിയിലാക്കിയ ആനകളാണ്. പക്ഷേ നാട്ടിലെ ആനകളേക്കാള്‍ ചെറിയൊരു 'ഭാഗ്യം' അവര്‍ക്ക് കിട്ടിയിട്ടുണ്ട്, കാട്ടില്‍ തന്നെ കഴിയാനും ഇണചേരാനും.

കൂട്ടം ചേരാന്‍ അവസരം കിട്ടിയപ്പോള്‍ അവര്‍ കുടുംബമായി, കുട്ടികളെ സംരക്ഷിച്ചും കാട്ടിലെ കൂട്ടുകാരുമായി സല്ലപിച്ചും കഴിയുന്നത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് നാട്ടിലെ ഭാഗ്യം കെട്ട തലയെടുപ്പ് വീരന്മാരെക്കുറിച്ചാണ്. എത്ര തന്നെ നമ്മള്‍ വരുതിക്ക് നിര്‍ത്തി കെട്ടിയെഴുന്നള്ളിക്കുമ്പോഴും, ആ മിണ്ടാപ്രാണികളുടെ ഉള്ളില്‍ പഴയ കാടും, കുടുംബവും, കൂട്ടുകാരും വിവിധങ്ങളായ കാട്ടുപഴങ്ങളും എല്ലാറ്റിനുമുപരിയായി അളവില്ലാത്ത, സ്വാതന്ത്ര്യവും ഒരാഗ്രഹമായി നിലനില്‍ക്കുന്നുണ്ടായിരിക്കില്ലേ?....'

 

പാതി കാട്ടിലും പാതി നാട്ടിലും ജീവിക്കുന്ന ആനകള്‍

വാരിക്കുഴി കുഴിച്ച് പിടിക്കുന്ന ആനകളെ, ലക്ഷണം നോക്കി ചട്ടം പഠിപ്പിച്ച്, തോട്ടിക്കോലില്‍ നിര്‍ത്തി തിടമ്പേറ്റി ഇന്നും നമ്മള്‍ മലയാളികള്‍ ഉത്സവങ്ങള്‍ കൊഴുപ്പിക്കുമ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇതല്ല അവസ്ഥ. ബ്രിട്ടീഷ് കാലം മുതല്‍ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ഇങ്ങനെ പിടികൂടുന്ന ആനകളെ ഒരു അര്‍ദ്ധ വന്യ (Semi - wild) അവസ്ഥയിലാണ് വളര്‍ത്തിയിരുന്നത്. ഇങ്ങനെ പാതി കാട്ടിലും പാതി നാട്ടിലുമായി മനുഷ്യന്‍റെ കരുതലില്‍ ജീവിക്കുന്ന ആനകള്‍ക്ക് ഓരേ സമയം കാടും നാടും അന്യമല്ലാതാകുന്നു. ഇത്തരത്തില്‍ ക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യന്‍ പിടികൂടിയ പെണ്ണാനകളുമായി മറ്റ് ആണ്‍ കാട്ടാനകള്‍ ഇണ ചേരാന്‍ എത്തുന്നു. തിരിച്ചും. ഇത്തരം ചരിത്രങ്ങള്‍ അവിടെ ഏറെ സാധാരണമാണ്.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 2005 -ല്‍ ദിനേശനെന്ന ആന കാട് കയറിയിരുന്നു. കാലില്‍ നീണ്ട ചങ്ങലയുമായി അന്ന് പിടിയാനയെ തേടി കാട്ടില്‍ അലഞ്ഞ ദിനേശന്‍റെ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പത്രങ്ങളില്‍ വന്നു. അത് പോലെ തന്നെ 2016-ല്‍ ബന്ദിപ്പൂര്‍ വനത്തിലേക്ക് കയറിപ്പോയ കുശ എന്ന ആനയെ തിരികെ കൊണ്ട് വന്നെങ്കിലും 2017 ല്‍ അവന്‍ വീണ്ടും കാട് കയറി.  2021- ലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി വീണ്ടും തിരികെ കൊണ്ട് വരുന്നത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ട്.

ആ കുങ്കിയാന കാടുകയറിയതിന്‍റെ രഹസ്യം

മുകളില്‍ പറഞ്ഞ ആന അനുഭവങ്ങള്‍ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. കാട്ടില്‍ നിന്നും പിടികൂടി എത്ര ശിക്ഷണം കൊടുത്താലും ആനകള്‍ തന്‍റെ ജൈവികാവസ്ഥയിലേക്ക് പോകാന്‍ ഇടം കിട്ടിയാല്‍ സ്വതന്ത്രരായി പോകും. ഇതാണ് നമ്മള്‍ മനുഷ്യര്‍ 'ഒളിച്ചോട്ടമായി' ആഘോഷിച്ച ശ്രീനിവാസന്‍ എന്ന കുങ്കിയാനയുടെ കഥയുടെ യഥാര്‍ത്ഥ പൊരുള്‍.

2016 -ല്‍ മുതുമല റിസര്‍വില്‍ വച്ച് പിടികൂടി ശിക്ഷണം കൊടുത്ത് പേര് ചൊല്ലി വിളിച്ച കാട്ടാനയാണ് ശ്രീനിവാസന്‍. ഏഴ് വര്‍ഷത്തിന് ശേഷം, 2023-ല്‍ അതേ മുതുമലയില്‍ വച്ചാണ് മൂടല്‍മഞ്ഞിന്‍റെ മറ പറ്റി ചങ്ങലകള്‍ വലിച്ചെറിഞ്ഞ് അവന്‍ മറ്റ് കാട്ടാനകള്‍ക്കൊപ്പം കാട് കയറിയത്. പിറ്റേന്ന് വനം വകുപ്പുകാര്‍ അവനെ കാട്ടില്‍നിന്നും തിരിച്ചിറക്കിയെങ്കിലും, അവനെ കൂട്ടിക്കൊണ്ട് പോകാനായി വീണ്ടും കാട്ടാനകളെത്തിയത് അതുകൊണ്ടാണ്. കാടിറങ്ങിയ ശ്രീനിവാസനെ കൊണ്ട് പോകാന്‍ വന്ന കാട്ടാനകള്‍ ഒരു പക്ഷേ അവന്‍റെ ബന്ധുക്കളാവാമെന്നാണ് ആന ഗവേഷകനായ ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍ പറയുന്നത്.  2023 -ല്‍ ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഓസ്‌കാര്‍ ലഭിച്ച 'എലിഫന്‍റ് വിസ്‌പേര്‍സ്' എന്ന ഡോക്യുമെന്‍ററിയുടെ ഗവേഷണ സഹായി കൂടിയായ ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍ പറയുന്നത് കേള്‍ക്കുക: 'ഇറങ്ങിവന്ന കാട്ടാനകള്‍ ഒരു പക്ഷേ, അവന്‍റെ ബന്ധുക്കളായിരിക്കാം അല്ലെങ്കില്‍ ഒരേ കുലത്തില്‍പ്പെട്ടവര്‍ (clan). രക്തബന്ധമുള്ള ആനകള്‍ ഗ്രൂപ്പുകളായി ഒന്നിച്ചാണ് നടക്കുന്നത്. ഇങ്ങനെ വിശാലമായ ഒരു വനമേഖലയില്‍ ആനകളുടെ നിരവധി കുലങ്ങള്‍ ഉണ്ടായിരിക്കും. 2016 -ല്‍ പിടികൂടുമ്പോള്‍ ശ്രീനിവാസന്‍ ഉള്‍പ്പെട്ടിരുന്ന കുലത്തിലുള്ള ആനകളായിരിക്കാം ഇപ്പോള്‍ അവന്‍റെ ചൂര് തിരിച്ചറിഞ്ഞ് ഇറങ്ങിവന്നത്.'

(ഫോട്ടോ: വിഷ്ണു ഗോപാല്‍)

ശ്രീനിവാസന്‍ നല്‍കുന്ന പാഠം

കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും ഇന്ന് മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വനത്തെയും വന്യമൃഗങ്ങളെയും നമ്മള്‍ നോക്കിക്കാണുന്ന രീതിക്കും അവയെ മനസ്സിലാക്കുന്ന രീതിശാസ്ത്രങ്ങള്‍ക്ക് മാറ്റം വരേണ്ടതുണ്ട് എന്നാണ് ശ്രീനിവാസന്‍റെ കഥ ബോധ്യപ്പെടുത്തുന്നത്. മനുഷ്യന് മാത്രമായി ഭൂമിയില്‍ ഒരു ജീവിതമില്ല. ഭൂമിയിലെ മറ്റേതൊരു മൃഗ-സസ്യങ്ങള്‍ക്കും ഉള്ള സ്ഥാനം മാത്രമേ മനുഷ്യനുമൊള്ളൂ. ഈ തിരിച്ചറിവ് നമുക്കിന്നില്ല. അതാണ് മൃഗങ്ങള്‍ക്കെതിരെയുള്ള മനുഷ്യരുടെ അക്രമണങ്ങള്‍ പതിവാകുന്നത്. പക്ഷേ, ഇതിന്‍റെ ഫലം ഭീകരമാണ്. മനുഷ്യന്‍റെ അതിക്രമങ്ങള്‍ കൂടുമ്പോള്‍ കാട്ടുമൃഗങ്ങള്‍ക്ക് മനുഷ്യനോടുള്ള ഭയം കുറയുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് സ്ഥിരമായി പടക്കം പൊട്ടിച്ച് കൊണ്ടിരുന്നാല്‍, ഒരുനാള്‍ ആനകള്‍ പടക്കങ്ങളെ ഭയക്കാതെയാകും. മനുഷ്യരുടെ, മൃഗങ്ങളോടുള്ള ഇത്തരം ഭയപ്പെടുത്തലുകള്‍ (Negative confrontation) കുറച്ചാല്‍ ഒരു പരിധി വരെ മനുഷ്യ - മൃഗ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും വ്യക്തമാക്കുന്നത്.

അതെ, നമ്മള്‍ ഒരു വീണ്ടു വിചാരത്തിന് തയ്യാറാവുകയും അത് വഴി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുക. അല്ലാത്തിടത്തോളം പരസ്പരമുള്ള ഏറ്റുമുട്ടല്‍ മാത്രമായിരിക്കും ഫലം. അത് ശ്വാശ്വതമല്ലെന്ന് ശ്രീനിവാസന്‍റെതടക്കമുള്ള അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കേണ്ടതുണ്ട്. 


 

click me!