
ജോലി ചെയ്തും കഷ്ടപ്പെട്ടും പഠിക്കുന്ന ഒരുപാടു വിദ്യാർത്ഥികൾ നമ്മുടെ രാജ്യത്തടക്കം പല സ്ഥലങ്ങളിലും ഉണ്ട്. അതുപോലെ ഒരു വിദ്യാർത്ഥിയുടെ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിലൂടെ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. ബിരുദദാന ചടങ്ങിനിടെ ആ വേഷം പോലും മാറാതെ ബർഗർ കിംഗിലെ തന്റെ ജോലിയിലേക്ക് മടങ്ങിയ വിദ്യാർത്ഥിയുടെ കഥയാണ് ആളുകളെ ആകർഷിച്ചത്.
ജോർജ്ജിയയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥിയായ മൈക്കൽ ബേക്കർ എന്ന 18 -കാരനാണ് ബിരുദദാന ചടങ്ങിനിടെ നേരെ ജോലിക്ക് പോയത്. മൈക്കലിന്റെ വേഷം കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയാണ് അവനെ ശ്രദ്ധിച്ചത്. അങ്ങനെ അവർ അവന്റെ കോളേജ് വിദ്യാഭ്യാസത്തിനുള്ള പണം ശേഖരിക്കാനായി ഒരു ഫണ്ട് റൈസിംഗ് തന്നെ ആരംഭിക്കുകയായിരുന്നു.
മരിയ മെൻഡോസ എന്ന സ്ത്രീയാണ് അവന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എല്ലാ വിദ്യാർത്ഥികളും ബിരുദദാന ദിനത്തിൽ പാതിരാവോളം സുഹൃത്തുക്കളോടും മറ്റും ചെലവഴിക്കുമ്പോൾ ഇവൻ ജോലി ചെയ്യുകയാണ് എന്ന് കാണിച്ചുകൊണ്ടാണ് മരിയ അവനായി ഫണ്ട് റൈസിംഗ് കാമ്പയിൻ ആരംഭിച്ചത്.
'ഫ്രം ബർഗർ കിംഗ് ടു എ കോളേജ് ഡ്രീം' എന്ന ഈ ഫണ്ട് റൈസിംഗിലൂടെ ഇന്ന് രാവിലെയോടെ ഏകദേശം 1.5 കോടി രൂപയാണത്രെ ലഭിച്ചത്. ആളുകൾ അവനെ പിന്തുണക്കുന്നതിനായി പ്രതീക്ഷിച്ചതിലും വേഗത്തിലാണ് പണം നൽകിയത്. പ്രതീക്ഷിച്ചതിലേറെ സഹായവും അവന് ലഭിച്ചു.
51 ലക്ഷം രൂപയെങ്കിലും അവന്റെ വിദ്യാഭ്യാസത്തിനായി കണ്ടെത്തണം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, അവന്റെ പഠനത്തോടും ജോലിയോടും ഒരുപോലെയുള്ള ആത്മാർത്ഥത ആളുകളുടെ ഹൃദയം കീഴടക്കുകയായിരുന്നു. അങ്ങനെ അവരെ സഹായിക്കുന്നതിനായി ആളുകൾ മുന്നോട്ട് വന്നു. അതോടെയാണ് തുക ഇത്രയുമായി ഉയർന്നത്.
എനിക്ക് സന്തോഷമായി. ഞാൻ എന്റെ മാതാപിതാക്കളോട് നന്ദി പറയുന്നു. എന്നിൽ വിശ്വസിക്കുകയും എന്നെ സഹായിക്കാൻ മുന്നോട്ട് വരികയും ചെയ്ത ഓരോ മനുഷ്യരോടും ഞാൻ നന്ദി പറയുന്നു എന്നാണ് മൈക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.