ഒറ്റയടിക്ക് റോഡിൽ കുടുങ്ങിയത് 1000 വാഹനങ്ങൾ, എല്ലാത്തിനും കാരണം മഞ്ഞുവീഴ്ച, 25 വർഷത്തിനിടയിലെ കൊടും ശൈത്യം

Published : Jan 04, 2024, 08:53 PM IST
ഒറ്റയടിക്ക് റോഡിൽ കുടുങ്ങിയത് 1000 വാഹനങ്ങൾ, എല്ലാത്തിനും കാരണം മഞ്ഞുവീഴ്ച, 25 വർഷത്തിനിടയിലെ കൊടും ശൈത്യം

Synopsis

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മഞ്ഞ് കോരിമാറ്റുന്നതിനുള്ള ഉപകരണങ്ങൾ എത്തിയത്. പൊലീസും രക്ഷാപ്രവർത്തകരും രാത്രി മൊത്തം ജോലി ചെയ്തിട്ടാണ് ആളുകളെ ഒഴിപ്പിച്ചത്.

സ്വീഡനിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വഴിയിൽ കുടുങ്ങിക്കിടന്നത് 1000 വാഹനങ്ങൾ. 24 മണിക്കൂറിലധികമായി തുടർന്ന കനത്ത മഞ്ഞുവീഴ്ചയിലാണ് വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത്. ഇതിൽ നിന്നും പിന്നീട് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. 

തെക്കൻ സ്വീഡനിലെ സ്കെയ്ൻ ഏരിയയിലെ പ്രധാന റോഡായ E22 -വിൽ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കുന്നതിനായി രക്ഷാപ്രവർത്തകർക്ക് രാത്രി മുഴുവനും പരിശ്രമിക്കേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്വീഡൻ, ഫിൻലാൻഡ്, നോർവേ എന്നിവയുടെ ചില ഭാ​ഗങ്ങളിലെല്ലാം തന്നെ കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ഡെൻമാർക്കിൽ ബുധനാഴ്ച മുതൽ ആർഹസിനടുത്തുള്ള മോട്ടോർവേയിൽ വാഹനങ്ങൾ കുടുങ്ങി കിടന്നു. 

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കൊടും ശൈത്യത്തിനാണ് ചൊവ്വാഴ്ച സ്വീഡൻ സാക്ഷ്യം വഹിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. -43.6C ആയിരുന്നു അന്ന് താപനില. വ്യാഴാഴ്ച രാവിലെ ആകുമ്പോഴേക്കും കാറുകളിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും ഒഴിപ്പിച്ചിരുന്നു. ലോറിയിൽ ഉണ്ടായിരുന്നവർ മാത്രമാണ് വാഹനങ്ങളിൽ തുടർന്നത്. 

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മഞ്ഞ് കോരിമാറ്റുന്നതിനുള്ള ഉപകരണങ്ങൾ എത്തിയത്. പൊലീസും രക്ഷാപ്രവർത്തകരും രാത്രി മൊത്തം ജോലി ചെയ്തിട്ടാണ് ആളുകളെ ഒഴിപ്പിച്ചത്. നൂറുകണക്കിനാളുകളാണ് കാറുകളിൽ വഴിയിൽ കുടുങ്ങിയത്. അതിൽ തന്നെ രക്തസമ്മർദ്ദവും പ്രമേഹവും അടക്കം വിവിധ അവസ്ഥകൾ ഉള്ളവരും ഉണ്ടായിരുന്നു. 

കുട്ടികളടക്കം 19 മണിക്കൂർ വരെ കഴിഞ്ഞ് രക്ഷപ്പെടുത്തിയവരും ഉണ്ട്. കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് രക്ഷാപ്രവർത്തകരുടെ സംഘം വെള്ളവും ഭക്ഷണവും എത്തിച്ച് നൽകിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. റോഡിൽ മൊത്തം മഞ്ഞായിരുന്നു എന്നതിനാൽ തന്നെ പല വാഹനങ്ങൾക്കും ഒരടി പോലും മുന്നോട്ട് നീങ്ങാൻ സാധിച്ചിരുന്നില്ല. രക്ഷാപ്രവർത്തകർ മഞ്ഞു നീക്കുന്തോറും കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വീണ്ടും വീണ്ടും മഞ്ഞ് നിറഞ്ഞതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?