
ഫ്രാൻസിൽ നടന്ന തെരുവ് സംഗീതോത്സവത്തിനിടെ 145 പേർക്ക് സിറിഞ്ച് ആക്രമണത്തിൽ പരിക്കേറ്റു. മയക്കുമരുന്ന് നിറച്ച സിറിഞ്ച് കൊണ്ടാണ് ആക്രമികളുടെ സംഘം സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരെ കുത്തിപ്പരിക്കേൽപ്പിച്ചത്.
നിരവധിപ്പേരിൽ നിന്നും പരാതി കിട്ടിയതിനെ തുടർന്ന് ഫ്രഞ്ച് പൊലീസ് സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. തെരുവ് സംഗീതോത്സവത്തിനിടയിൽ ഫ്രാൻസിലുടനീളം വിവിധ സ്ഥലങ്ങളിൽ സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പതിമൂന്നോളം കേസുകൾ പാരീസ് പൊലീസ് സ്ഥിരീകരിച്ചു.
ആഭ്യന്തരമന്ത്രാലയം പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ഇരകളുടെ കൈയിലും കാലിലും ശരീരത്തിന് പുറകിലും ആണ് സൂചികൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരിക്കുന്നത്. റോഹിപ്നോൾ അല്ലെങ്കിൽ ജിഎച്ച്ബി പോലുള്ള ഡേറ്റ്-റേപ്പ് മയക്കുമരുന്നുകൾ സിറിഞ്ചിൽ നിറച്ചാണോ ആക്രമണം നടത്തിയത് എന്ന് സംശയം ഉയർന്നിട്ടുണ്ട്.
ശരീരത്തിൽ ചെന്നാൽ വ്യക്തികളെ അബോധാവസ്ഥയിൽ ആക്കുകയും ആക്രമണകാരികൾ ആക്കുകയും ചെയ്യുന്ന മയക്കുമരുന്നാണ് ഇത്. ഇരകളാക്കപ്പെട്ടവരുടെ ആരോഗ്യ പരിശോധന ഇപ്പോൾ നടന്നുവരികയാണെന്നും സംഭവം വളരെ ഗൗരവകരമായിട്ടാണ് എടുക്കുന്നതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാജ്യവ്യാപകമായി നടന്ന 'ഫെറ്റെ ഡി ലാ മ്യൂസിക്' ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ദശലക്ഷക്കണക്കിന് ആളുകളാണ് ശനിയാഴ്ച വൈകുന്നേരം പാരീസിന്റെ തെരുവുകളിൽ തിങ്ങിനിറഞ്ഞത്. ഈ ജനക്കൂട്ടത്തിനിടയിലാണ് ആക്രമണകാരികൾ കടന്നുകൂടി ഇത്തരത്തിൽ ഒരു ആക്രമണം നടത്തിയത്. ആളുകൾ അറിയാതെ അവരുടെ ശരീരത്തിൽ സൂചി കുത്തിവെച്ച് കടന്നു കളയുകയായിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് ഇരയായവരിൽ ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടവരെന്ന് സംശയിക്കുന്ന 12 പേരെ നിലവിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.