
ആളുകള്‍ക്ക് പലതരത്തിലുള്ള ഇഷ്ടങ്ങളുണ്ടാവും. ചിലര്‍ക്ക് അത് ഇന്‍ഡോര്‍ പ്ലാന്‍റുകളായിരിക്കാം. മറ്റ് ചിലര്‍ക്ക് മനോഹരമായ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കളായിരിക്കാം. ചിലര്‍ക്ക് പാവകളായിരിക്കാം. വേറെ ചിലര്‍ക്ക് പുസ്തകങ്ങളായിരിക്കാം. ഏതായാലും അങ്ങനെ ഉള്ളവരുടെ വീട്ടിലെല്ലാം അത്തരം വസ്തുക്കള്‍ വച്ചിരിക്കും അല്ലേ? എന്നാല്‍, ഇവിടെ ഒരു സ്ത്രീയുടെ ഇഷ്ടങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്.
ഈ അമേരിക്കന്‍ സ്ത്രീ(American woman)ക്ക് ലോകത്തില്‍ ഏറ്റവും ഇഷ്ടം എന്തിനോടാണ് എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ അത് പശുക്കളോട് എന്നാവും ഉത്തരം. പശുക്കളുമായി ബന്ധപ്പെട്ട, പശുക്കളെ അനുസ്മരിപ്പിക്കുന്ന 19827 വസ്തുക്കളാണ് റൂത്ത് ക്ലോസ്‍നെര്‍(Ruth Klossner) എന്ന സ്ത്രീ തന്‍റെ മിനസോട്ടയിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇതിന്‍റെ പേരില്‍ അവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ വരെ ഇടം പിടിക്കുകയും ചെയ്‍തു. ആദ്യമായിട്ടല്ല അവര്‍ ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നത്. 2015 -ലായിരുന്നു അവരുടെ ആദ്യത്തെ റെക്കോര്‍ഡ്. അന്ന് അവരുടെ കയ്യില്‍ പശുക്കളെ ഓര്‍മ്മിപ്പിക്കുന്ന 15,144 വസ്തുക്കളാണ് ഉണ്ടായിരുന്നത്.
റൂത്തിന്‍റെ ശേഖരത്തിൽ കളിപ്പാട്ടങ്ങൾ, പ്രതിമകൾ, തലയിണകൾ, വസ്ത്രങ്ങൾ, ഒരു ചെസ്സ് സെറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു. റൂത്ത് ഇപ്പോൾ തന്‍റെ ഈ 'പശു മ്യൂസിയം' സന്ദര്‍ശിക്കാനും ആളുകളെ അനുവദിക്കുന്നുണ്ട്. വേനല്‍ക്കാലങ്ങളില്‍ അവര്‍ തന്‍റെ വീട് പശുസ്നേഹികളായ സന്ദര്‍ശകര്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുന്നു. ലഫായെറ്റിലെ അവളുടെ വീട് ഇപ്പോൾ 'കൗ കളക്ടേഴ്സ് മ്യൂസിയം' എന്നാണ് അറിയപ്പെടുന്നത്. കാറിലെ ലൈസന്‍സ് പ്ലേറ്റില്‍ പോലും 'കൗ ലേഡി' എന്നാണ് എഴുതിയിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. പശുക്കളോടെനിക്ക് വളരെ സ്നേഹമാണ് അവര്‍ പറയുന്നു. 'എന്‍റെ മുറിയിലെല്ലാം പശുക്കളെ ഓര്‍മ്മിപ്പിക്കുന്ന വസ്തുക്കളാണ്. അതെന്‍റെ ലോകമാണ്' എന്നാണ് റൂത്ത് പറയുന്നത്.