
ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ ധർമ്മശാലയ്ക്ക് സമീപം പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. ഗുജറാത്തിൽ നിന്നുള്ള 27 കാരനായ സതീഷ് രാജേഷ് ആണ് അപകടത്തിൽപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഉണ്ടായ പൈലറ്റ് സൂരജ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ചയാണ് പ്രശസ്തമായ ഇന്ദ്രു നാഗ് പാരാഗ്ലൈഡിംഗ് സൈറ്റിൽ അപകടമുണ്ടായത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ പാരാഗ്ലൈഡർ നിയന്ത്രണംവിട്ട് വലിയൊരു കുഴിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ പറന്നുയർന്ന തൊട്ടടുത്ത നിമിഷം തന്നെ പാരാഗ്ലൈഡർ തകർന്ന് കുഴിയിലേക്ക് വീഴുന്നതും കാണാം.
അപകടത്തിൽ സതീഷിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം ധർമ്മശാലയിലെ സോണൽ ആശുപത്രിയിലും പിന്നീട് കാംഗ്രയിലെ ടാൻഡ മെഡിക്കൽ കോളേജിലേക്കും വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയെങ്കിലും തിങ്കളാഴ്ച സതീഷ് മരിച്ചു. പൈലറ്റ് സൂരജ് നിലവിൽ ചികിത്സയിലാണ്.
അപകട വിവരം സതീഷിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്നും സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്‌പി) ഹിതേഷ് ലഖൻപാൽ സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണവും സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഏതെങ്കിലും ലംഘനമോ ഉണ്ടായിട്ടുണ്ടോ എന്നും കണ്ടെത്താൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന് നേതൃത്വം നൽകാൻ പ്രാദേശിക സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്എച്ച്ഒ) ചുമതലപ്പെടുത്തിയതായും സംഭവത്തെക്കുറിച്ച് ആഭ്യന്തര അവലോകനം ആവശ്യപ്പെട്ട് ടൂറിസം വകുപ്പിന് കത്ത് അയച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മേഖലയിലെ പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ തോതിലുള്ള ആശങ്കയാണ് ഈ ദുരന്തം ഉയർത്തിയിരിക്കുന്നത്. മഴക്കാലം ആരംഭിച്ചതിനാൽ ജൂലൈ 15 മുതൽ പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള എല്ലാ സാഹസിക പ്രവർത്തനങ്ങളും മേഖലയിൽ നിരോധിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുൻപാണ് ഈ അപകടം സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്.
റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 30 മാസത്തിനിടെ ഹിമാചൽ പ്രദേശിൽ പാരാഗ്ലൈഡിംഗുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 12 -ലധികം പേർ മരിച്ചിട്ടുണ്ട്. പ്രദേശത്തെ കാറ്റിന്റെ രീതികളെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും ശരിയായ അറിവില്ലാതെ അപകടകരമായ പ്രദേശങ്ങളിലേക്ക് പ്രവേശിച്ചതാണ് ഈ അപകടങ്ങൾക്ക് എല്ലാം പ്രധാനകാരണം എന്നാണ് വിദഗ്ധർ പറയുന്നത്.