
തൊഴിലാളി ഒരു വെറും യന്ത്രമല്ല. ഈ തിരിച്ചറിവിൽ നിന്നാണ് ലോകത്ത് തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ നൂറ്റാണ്ടുകൾക്ക് മുന്നേ ആരംഭിക്കുകയും അത് തൊഴിൽ നിയമങ്ങൾ രൂപപ്പെടുന്നതിലേക്കും നയിച്ചത്. എന്നാൽ, കൊവിഡ് മഹാമാരിയുടെ കാലത്ത് പല സർക്കാരുകളും തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർത്തു. പല രാജ്യങ്ങളിലും മുതലാളിമാർക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ മാറ്റിയെഴുതപ്പെട്ടു. ഇതിനെതിരെ ചില സ്ഥലങ്ങളിൽ മാത്രമാണ് പ്രതിഷേധമെങ്കിലും രൂപപ്പെട്ടത്. ഇതോടെ സ്വകാര്യ കമ്പനികൾ തങ്ങളുടെ തൊഴിലാളികളുടെ പല അവകാശങ്ങളും എടുത്തു കളഞ്ഞു. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇതാണ് സ്ഥിതി. ഇതിനിടെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഏറെ ദയനീയമായൊരു വാർത്ത പുറത്ത് വരുന്നത്. ദക്ഷിണാഫ്രിക്കയിലെ വാഹന ട്രാക്കിംഗ് കമ്പനിയായ കാർട്രാക്കിന്‍റെ ജീവനക്കാരിക്ക് തുടർച്ചയായി അസുഖ അവധി നിഷേധിച്ചു. ഒടുവിൽ രോഗം മൂർച്ചിച്ച് അവർ ഓഫീസിന്‍റ ബാത്ത് റൂമിൽ മരിച്ച് വീണു.
കാർട്രാക്കിന്‍റെ റോസ്ബാങ്ക് ഓഫീസിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 29 -കാരിയായ ജിസിന ധ്ലാധ്ലയുടെ മരണം ദക്ഷിണാഫ്രിക്കയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. ജിസിന നിരവധി തവണ തനിക്ക് സുഖമില്ലെന്നും അവധി വേണമെന്നും ആവശ്യപ്പെങ്കിലും സൂപ്പർവൈസർമാർ അവർക്ക് അവധി നൽകാൻ തയ്യാറായില്ല. ഇതോടെ ജൂൺ 6 -ാം തിയതി ജിസിന ജോഹന്നാസ്ബർഗിലുള്ള തന്‍റെ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിലെ ബാത്ത് റൂമിൽ കുഴഞ്ഞുവീണു. പിന്നാലെ മരണത്തിന് കീഴടങ്ങി. പ്രാദേശിക വാർത്താ വെബ്‌സൈറ്റായ സോവേതന്‍റെ റിപ്പോർട്ട് പ്രകാരം, ജിനിസ ഏകദേശം രണ്ട് വർഷം മുമ്പാണ് കാർട്രാക്കിൽ ഒരു കോൾ സെന്‍റർ ഏജന്‍റായി ജോലിക്ക് ചേർന്നത്. അടുത്തിടെ, അമിത ജോലിഭാരം മൂല ക്ഷീണം അനുഭവപ്പെടുന്നതായി അവർ പറഞ്ഞിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തനിക്ക് സുഖമില്ലെന്ന് ജിസിന തന്‍റെ സൂപ്പർവൈസർമാരോട് പലതവണ പറഞ്ഞിരുന്നു. എന്നാൽ, ഓരോ തവണയും അവധി നിഷേധിക്കപ്പെട്ടു. വേദനസംഹാരി മരുന്ന് കഴിച്ച് ജോലിക്ക് കയറാനായിരുന്നു ജിസിനയ്ക്ക് ലഭിച്ച നിർദ്ദേശമെന്ന് കുടുംബം ആരോപിക്കുന്നു.
Yesterday at Cartrack's head office in Rosebank, a woman named Gcina Dhladhla passed away after reportedly informing management last week that she was unwell. Instead of being supported, she was issued with a warning for being absent from work and was called into meetings… pic.twitter.com/kMzqDp4qWc
— Man’s NOT Barry Roux (@AdvoBarryRoux) June 7, 2026
ഒരു തലവേദന വന്നാൽ പോലും ജോലിക്ക് പോകാൻ ഉത്സാഹം കാണിക്കുന്നയാളാണ് ജിസിനയെന്ന് കുടുംബം പറയുന്നു. അവൾക്ക് തീരെ വയ്യായിരുന്നു അതാണ് അവധി അപേക്ഷിച്ചത്. പക്ഷേ, അത് നിഷേധിക്കപ്പെട്ടു. ജിസിന 'അസുഖ അവധി ദുരുപയോഗം' ചെയ്യുകയാണെന്ന് കമ്പനി അവൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ജിസിനയുടെ അമ്മ ആരോപിച്ചു. സുഖമില്ലെന്നുള്ള ഡോക്ടറുടെ കുറിപ്പ് നൽകിയിട്ടും ജോലിയിൽ തിരിച്ചെത്തിയാൽ നടപടി നേരിടേണ്ടിവരുമെന്ന് തിങ്കളാഴ്ച മകൾ പറഞ്ഞിരുന്നെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ജിസിന, ഓഫീസിൽ കുഴഞ്ഞ് വീണ വിവരം തങ്ങളെ അറിയിച്ചില്ലെന്നും കമ്പനി അവളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണ കാരണമെന്നും കുടുംബം ആരോപിച്ചു. അതേസമയം കുടുംബത്തിന്‍റെ ആരോപണം തള്ളി കാർട്രാക്ക് കമ്പനി രംഗത്തെത്തി. ജിസിനയ്ക്ക് രോഗമാണെന്ന് അറിയിച്ചപ്പോൾ പരിശീലനം ലഭിച്ച ഫസ്റ്റ് റെസ്പോണ്ടർമാരിൽ നിന്ന് ഉടനടി സഹായം ലഭിച്ചിരുന്നുവെന്ന് കാർട്രാക്കിലെ കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ ലോറൻ ഹ്യൂമൻ അവകാശപ്പെട്ടു. മാത്രമല്ല. ജിസിന കുഴഞ്ഞ് വീണെന്ന് അറിഞ്ഞപ്പോൾ തന്നെ അടിയന്തര മെഡിക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും ലോറൻ കൂട്ടിച്ചേർത്തു.