മാസം 4 ലക്ഷം വരുമാനം, 4 കോടിയുടെ വീട് വാങ്ങുന്നു, തൽക്കാലം കുട്ടികൾ വേണ്ടെന്ന് ദമ്പതികൾ

Published : Sep 02, 2026, 08:25 PM IST
home , key

Synopsis

'ഈ വീട് ഒരാളുടെ മാത്രം വരുമാനം കൊണ്ട് മുന്നോട്ട് പോകില്ല. അടുത്ത ഇരുപത് വർഷത്തേക്ക് മുടക്കമില്ലാതെ ഇരുവർക്കും നിലവിലെ ലെവലിൽ തന്നെ വരുമാനം ആവശ്യമാണ്. ഇഎംഐയേക്കാൾ ഉപരിയായി, കുട്ടികളെക്കുറിച്ചുള്ള അവരുടെ തീരുമാനങ്ങളെ ഇത് ബാധിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

മാസം ഏകദേശം 4 ലക്ഷം രൂപ വരുമാനമുണ്ട്. എന്നാൽ, ഹോം ലോണിന്റെ ബാധ്യത തീരാതെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരിക്കയാണ് ഈ ദമ്പതികൾ. വിവേക് എസ്.ജി എന്ന സെബി റജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 2028 ഡിസംബറോടെയാണ് ഫ്ലാറ്റ് കൈമാറുക. അപ്പോഴേക്കും 70 ലക്ഷം രൂപ സ്വരൂപിക്കുന്നതിനുള്ള ഉപദേശത്തിനായി ഭർത്താവ് തന്നെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു. ഭർത്താവിന്റെ പ്രതിമാസ വരുമാനം 2.35 ലക്ഷം രൂപയാണ്. സമ്പാദ്യം 84,000 രൂപ. ഭാര്യയുടെ പ്രതിമാസ വരുമാനം 1.61 ലക്ഷം സമ്പാദ്യം 1.31 ലക്ഷം. ദമ്പതികളുടെ ആകെ പ്രതിമാസ സമ്പാദ്യം 2.15 ലക്ഷം രൂപ.

4 കോടി രൂപ വിലമതിക്കുന്ന വീടിനായി ഭാര്യയുടെ പിതാവ് ഇതിനകം 2 കോടി രൂപ നൽകിയിട്ടുണ്ട്. എന്നാൽ രജിസ്ട്രേഷനും ഇന്റീരിയർ വർക്കുകൾക്കുമായി ഫ്ലാറ്റ് കൈമാറുന്ന സമയത്തേക്ക് ഇവർക്ക് 70 ലക്ഷം രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. അടുത്ത 28 മാസത്തേക്ക് മാസത്തിൽ മിച്ചം വരുന്ന മുഴുവൻ തുകയും ഷോർട് ടേം ഡെബ്റ്റ് നിക്ഷേപങ്ങളിൽ നിക്ഷേപിച്ചാൽ ഏകദേശം 65 ലക്ഷം രൂപ സ്വരൂപിക്കാൻ കഴിയുമെന്ന് വിവേക് കണക്കാക്കുന്നു.

എങ്കിലും, ഈ ലക്ഷ്യത്തിലെത്താൻ അടുത്ത 28 മാസത്തേക്ക് സമ്പാദ്യത്തിലെ ഓരോ രൂപയും ഈ ഒരൊറ്റ ലക്ഷ്യത്തിനായി മാറ്റിവെക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'അങ്ങനെയായാൽ എമർജൻസി ഫണ്ടിലേക്കോ റിട്ടയർമെന്റ് കാലത്തേക്കോ, കുട്ടികൾക്ക് വേണ്ടിയോ യാതൊന്നും മാറ്റിവയ്ക്കാനാവാതെയാണ് അവർ വീടിന്റെ താക്കോൽ ഏറ്റെടുക്കുന്നത്' എന്നും വിവേക് എഴുതി. ബാക്കി 2 കോടി രൂപ ഭവന വായ്പയിലൂടെയാണ് കണ്ടെത്തുന്നത്. 20 വർഷത്തേക്ക് 8.5 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ, ദമ്പതികളുടെ പ്രതിമാസ ഇഎംഐ ഏകദേശം 1,73,565 രൂപയായിരിക്കുമെന്ന് വിവേക് കണക്കാക്കുന്നു.

ആരെങ്കിലും ഒരാളുടെ ജോലി നഷ്ടപ്പെടുകയോ വരുമാനം നിലയ്ക്കുകയോ ചെയ്താൽ അവസ്ഥ എന്താകുമെന്നും അദ്ദേഹം പരിശോധിച്ചു. 'മറ്റേണിറ്റി ലീവോ, ജോലി നഷ്ടപ്പെടലോ, കരിയർ ബ്രേക്കോ, അല്ലെങ്കിൽ മാതാപിതാക്കൾക്ക് രോഗം ബാധിക്കുകയോ ചെയ്ത് ഭാര്യ ജോലി നിർത്തുകയാണെങ്കിൽ, പ്രതിമാസ മിച്ചം 84,000 രൂപയായി കുറയും. എന്നാൽ, ഇഎംഐ ആകട്ടെ 1.73 ലക്ഷം രൂപയാണ്. അതായത് എല്ലാ മാസവും 89,000 രൂപയുടെ കുറവുണ്ടാകും. ഇനി ഭർത്താവാണ് ജോലി നിർത്തുന്നതെങ്കിൽ മിച്ചം 1.31 ലക്ഷം രൂപ വരും, എല്ലാ മാസവും 42,000 രൂപയുടെ കുറവുണ്ടാകും' അദ്ദേഹം വ്യക്തമാക്കി.

'ഈ വീട് ഒരാളുടെ മാത്രം വരുമാനം കൊണ്ട് മുന്നോട്ട് പോകില്ല. അടുത്ത ഇരുപത് വർഷത്തേക്ക് മുടക്കമില്ലാതെ ഇരുവർക്കും നിലവിലെ ലെവലിൽ തന്നെ വരുമാനം ആവശ്യമാണ്' എന്നും വിവേക് കൂട്ടിച്ചേർത്തു. ഇഎംഐ തുകയേക്കാൾ ഉപരിയായി, കുട്ടികളെക്കുറിച്ചുള്ള അവരുടെ തീരുമാനങ്ങളെ ഇത് ബാധിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. 'അതാണ് യഥാർത്ഥ വില, അത് ഒരു വായ്പാ രേഖയിലും കാണില്ല. അവർ വീടിനുള്ളിൽ കാലുകുത്തുന്നതിന് മുൻപ് തന്നെ ആ വീട് അവരുടെ ജീവിതത്തിലെ തീരുമാനങ്ങൾ എടുത്തുതുടങ്ങിയിരിക്കുന്നു' അദ്ദേഹം കുറിച്ചു.

വീടുവാങ്ങുന്നതിനെ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. എന്നാൽ, അപ്രതീക്ഷിത മാറ്റങ്ങളെ നേരിടാൻ സ്വന്തം സാമ്പത്തിക സ്ഥിതിക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ അദ്ദേഹം വീട് വാങ്ങുന്നവരോട് ആവശ്യപ്പെട്ടു. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. ഹോം ലോൺ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് എന്നും ആഡംബരരീതി നമ്മുടെ തീരുമാനങ്ങളെ ബാധിക്കുമെന്നും പലരും പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ന്യൂയോർക്കിൽ മാസച്ചെലവ് 7.4 ലക്ഷം രൂപ! ബജറ്റ് വിവരങ്ങൾ പങ്കുവെച്ച് ഇൻഫ്ലുവൻസർ
പടിഞ്ഞാറൻ ഡെൽഹിയിൽ നിറയെ സംരംഭകർ, കാരണം ഇതാകാം; പോസ്റ്റുമായി യുവാവ്