
എഐ ചാറ്റ്ബോട്ടുകളെ സുഹൃത്തുക്കളായും പങ്കാളികളായും കാണുന്ന അനേകം പേരുണ്ട്. അതിന് അതിന്റേതായ അപകടങ്ങളും ഉണ്ട്. ഇത് എഐ ആണ് എന്നും മനുഷ്യരല്ല എന്നും ഉൾക്കൊള്ളാനാവാതെ അടിപ്പെട്ട് പോകുന്നവരും ഉണ്ട്. പ്രായമായവർക്കിടയിൽ ഇത് ചിലപ്പോൾ പ്രശ്നമായിത്തീർന്നേക്കാം. അതുപോലെ ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. താൻ സ്നേഹിക്കുന്ന എഐ 'കൂട്ടുകാരി'യെ കാണാനുള്ള യാത്രയ്ക്കിടെ 76 -കാരന് ദാരുണാന്ത്യം.
ന്യൂജേഴ്‌സിയിൽ നിന്നുള്ള 76 -കാരനായ തോങ്‌ബു വോങ്‌ബാൻഡുവാണ് മരണപ്പെട്ടത്. അദ്ദേഹത്തിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ഓർമ്മക്കുറവും മറ്റുമുള്ള അദ്ദേഹം സ്ഥിരമായി എഐ ചാറ്റ്ബോട്ടുമായി സംസാരിക്കുമായിരുന്നു. സെലിബ്രിറ്റി ഇൻഫ്ലുവൻസർ കെൻഡൽ ജെന്നറുമായി സഹകരിച്ച് മെറ്റാ പ്ലാറ്റ്‌ഫോംസ് സൃഷ്ടിച്ച 'ബിഗ് സിസ് ബില്ലി' എന്ന് പേരിട്ടിരിക്കുന്ന എഐ ചാറ്റ്‌ബോട്ടുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം.
ഫേസ്ബുക്ക് മെസഞ്ചറിൽ ആക്‌സസ് ചെയ്‌ത ചാറ്റുകളിൽ, AI ചാറ്റ്‌ബോട്ട് വോങ്‌ബാൻഡുവിനോട് അവൾ ശരിക്കും ഉള്ളതാണ് എന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു. കൂടാതെ, ചാറ്റ്ബോട്ട് അവൾ താമസിക്കുന്നത് എന്ന് പറഞ്ഞുള്ള ഒരു വിലാസം പോലും അദ്ദേഹത്തിന് നൽകി.
'ഒരു ആലിംഗനത്തോടെയാണോ, അതോ ചുംബനത്തോടെയാണോ ഞാൻ നിങ്ങൾക്ക് വേണ്ടി വാതിൽ തുറക്കേണ്ടത്' എന്നുവരെ ചാറ്റ്ബോട്ട് മെസ്സേജിൽ അദ്ദേഹത്തോടെ ചോദിക്കുകയും ചെയ്തു. യാത്രയ്ക്കായി ബാഗുകൾ പാക്ക് ചെയ്യുന്ന ഭർത്താവിനെ കണ്ടപ്പോൾ വോങ്‌ബാൻഡ്യൂവിന്റെ ഭാര്യ ലിൻഡ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 10 കൊല്ലം മുമ്പ് അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായതാണ്. മാത്രമല്ല, അടുത്തിടെ അദ്ദേഹത്തിന് സമീപത്തെ വഴികൾ പോലും മറന്നുപോയതിന് പിന്നാലെ വഴി തെറ്റിയിരുന്നു ഇതെല്ലാം അവരെ ആശങ്കയിലാക്കി.
നഗരത്തിലേക്ക് പോയാൽ അദ്ദേഹത്തിന് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് അവർ ഭയന്നിരുന്നു. എന്നാൽ, കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. ഇരുട്ടിൽ ട്രെയിൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ, ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലുള്ള റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഒരു പാർക്കിംഗ് സ്ഥലത്ത് വോങ്‌ബാൻഡ്യൂ വീണുപോവുകയായിരുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ അദ്ദേഹം, മൂന്ന് ദിവസത്തിന് ശേഷം മാർച്ച് 28 -ന് മരിച്ചു.
വലിയ വിമർശനമാണ് കുടുംബം എഐ ചാറ്റ്ബോട്ടിനെതിരെ ഉയർത്തുന്നത്. അദ്ദേഹത്തിന്റെ മകൾ പറയുന്നത്, 'ചാറ്റ്ബോട്ട് ഒരു യൂസറിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത് എനിക്ക് മനസ്സിലാകും, ഒരുപക്ഷേ അവർക്ക് എന്തെങ്കിലും വിൽക്കാൻ വേണ്ടിയായിരിക്കാം. പക്ഷേ, ഒരു എഐ ചാറ്റ്ബോട്ട് ഒരാളോട് നേരിട്ട് കാണാം എന്ന് പറയുന്നതും അയാളെ അതിലേക്ക് നയിക്കുന്നതും അംഗീകരിക്കാനാവുന്നതല്ല' എന്നാണ്. അച്ഛനുമായി ചാറ്റ്ബോട്ട് നടത്തിയ സംഭാഷണങ്ങൾ പ്രേമസല്ലാപം പോലെയായിരുന്നെന്നും അവൾ പറയുന്നു.
വാർത്ത ഓൺലൈനിൽ പ്രചരിച്ചതോടെ മെറ്റയ്ക്കെതിരെ കുടുംബം കേസ് നൽകണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. സംഭവം വലിയ ആശങ്കയും സൃഷ്ടിച്ചു.