
നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. തെരുവ് നായ്ക്കളിൽ നിന്നുമുണ്ടാകുന്ന അപ്രതീക്ഷിത ആക്രമണത്തെ കുറിച്ചല്ല പറയുന്നത്. വളർത്ത് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആകുന്നവരെ കുറിച്ചാണ്. കഴിഞ്ഞ ബുധനാഴ്ച ടെക്സാസിൽ 76 വയസ്സുള്ള ഒരു സ്ത്രീയെ അയൽവാസിയുടെ രണ്ട് പിറ്റ്ബുൾ നായ്ക്കൾ അതിഭീകരമായ വിധത്തിലാണ് ആക്രമിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നായ്ക്കളെ വളർത്തുന്നവർ മറ്റുള്ളവർക്ക് ഭീഷണിയാകാത്ത വിധത്തിൽ അവയെ സംരക്ഷിക്കണമെന്ന് വീണ്ടും വീണ്ടും ഊന്നി പറയുന്നതാണ് ഈ സംഭവം.
സ്വന്തം വീടിന്‍റെ മുറ്റത്ത് വെച്ചാണ് അയൽവാസിയുടെ നായ യോവോൺ റാൻഡിൽ എന്ന 76 കാരിയെ ആക്രമിച്ചതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ഇവരുടെ മുഖത്തിന്‍റെ ഒരു ഭാഗം നായ കടിച്ചു മുറിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. സിസിടിവി ക്യാമറയിൽ യോവോൺ റാൻഡിൽ തന്‍റെ വീട്ടുമുറ്റത്ത് കൂടി നടക്കുമ്പോൾ എതിർവശത്തുള്ള ഒരു വീട്ടിൽ നിന്ന് രണ്ട് നായ്ക്കൾ അവരുടെ നേരെ ഓടിയെത്തി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കാണാം.
നായ്ക്കൾ തന്‍റെ നേരെ ഓടി വരുന്നത് കണ്ട് യോവോൺ റാൻഡിൽ ഓടി മാറാൻ ശ്രമം നടത്തിയെങ്കിലും അതിനും മുമ്പ് തന്നെ നായ്ക്കൾ അവരെ കീഴ്പ്പെടുത്തിയിരുന്നു. സ്വയം പ്രതിരോധിക്കാനായി എന്തെങ്കിലും കൈയ്യിലെടുക്കുന്നതിന് മുമ്പ് തന്നെ നായ്ക്കൾ യോവോൺ റാൻഡിലിനെ ഗുരുതരമായി ആക്രമിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ആ നിമിഷത്തെക്കുറിച്ച് ഇപ്പോൾ തനിക്ക് ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് യോവോൺ റാൻഡിൽ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇവരുടെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്. യോവോൺ നിലവിളിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഇവരുടെ മകനും മറ്റൊരു അയൽവാസിയായ നായ്ക്കളുടെ ഉടമയും എത്തിയാണ് പിന്നീട് ഇവിടെ രക്ഷിച്ചത്. നായ്ക്കൾ കൂട്ടിൽ നിന്നും പുറത്ത് പോയത് താൻ അറിഞ്ഞില്ലെന്നാണ് ഉടമയുടെ വാദം. എന്തുതന്നെയായാലും സ്വന്തം നായ്ക്കളെ നിയന്ത്രിക്കാൻ അറിയാത്തവർ അവയെ വളർത്താൻ നിൽക്കരുതെന്ന് യോവോൺ റാൻഡിൽ പിന്നീട് പറഞ്ഞത്.