ലതാ മങ്കേഷ്‌കര്‍: സങ്കടത്തിലും സന്തോഷത്തിലും നമ്മെ മൂടുന്ന ഗാനവീചികള്‍

By P R VandanaFirst Published Sep 28, 2022, 5:56 PM IST
Highlights

എട്ട് ദശാബ്ദത്തിലേറെ കാലത്ത് പല ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ പാടി നമ്മെ വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഗായിക ഇന്ത്യയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ടു തന്നെ ലതക്ക് മരണമില്ല. 

ഒപ്പം നടന്നവരായും കേള്‍വിക്കാരായും. അവരെല്ലാം ഇപ്പോഴും ലതയെന്ന സംഗീതവികാരത്തെ അനുഭവിക്കുന്നു. സങ്കടത്തിലും സന്തോഷത്തിലും അവരെ വന്ന് മൂടുന്നുണ്ട് ലതയുടെ ഗാനവീചികള്‍. 

 

 

സ്വര്‍ഗം എന്ന സുന്ദര സങ്കല്‍പ ലോകത്ത് ഇന്ന് അതിഗംഭീര വിരുന്ന് നടക്കുന്ന ദിനമാണ്. സംഗീതപ്രേമികളായ ഗന്ധര്‍വന്‍മാര്‍ കിന്നരി മീട്ടി പാടും. മാലാഖമാര്‍ ഈണത്തിനൊപ്പം ചുവടു വെക്കും. നക്ഷത്രക്കസേരകളില്‍ ഇരുന്ന് ദേവതമാര്‍ കലാവിരുന്ന് ആസ്വദിക്കും. വിരുന്നിലെ പ്രധാന പരിപാടി മുഖ്യാതിഥിക്ക് പിറന്നാള്‍ ആശംസകള്‍ നേരുക എന്നതാണ്. പിറന്നാളുകാരി മധുരമായ ശബ്ദത്തില്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് രണ്ടു വരി പാടും. അതുവരെ പാടിത്തകര്‍ത്ത ഗന്ധര്‍വന്‍മാര്‍ അതിശയം കൂറും, ആദരവോടെ പ്രണാമം അര്‍പ്പിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മണ്ണില്‍ നിന്ന് വിണ്ണിലെ ലോകത്ത് എത്തിച്ചേര്‍ന്ന വാനമ്പാടി ആണ് ആ അതിഥി. ഇന്ത്യയുടെ അഭിമാനമായ ഗായിക ലത മങ്കേഷ്‌കര്‍. ഇന്ന് ലതയുടെ തൊണ്ണൂറ്റി മൂന്നാം പിറന്നാള്‍.

വിണ്ണില്‍ മാത്രമല്ല ആഘോഷം. മണ്ണിലുമുണ്ട്. അയോധ്യയിലെ ഒരു കവലക്ക് ഇന്ന് മുതല്‍ ലതയുടെ പേരാണ്. ലത മങ്കേഷ്‌കര്‍ ചൗക്ക്. മഹാഗായികക്കുള്ള ആദരമായി അവിടെ ഒരു കൂറ്റന്‍ വീണ സ്ഥാപിക്കും. 40 അടി നീളമുള്ള 14 ടണ്‍ ഭാരമമുള്ള വീണ. ഹിന്ദു വിശ്വാസം അനുസരിച്ച് നാദദേവതയായ സരസ്വതിയുടെ പ്രിയ വാദ്യോപകരണം, നാടിന്റെ സരസ്വതിയായ ലതക്കുള്ള സ്മാരകമായി നില്‍ക്കും. 

ലതയുടെ പേരിലുള്ള സംഗീത പുരസ്‌കാരം കുമാര്‍ സാനു, ശൈലേന്ദ്ര സിങ്, ആനന്ദ് മിലിന്ദ് എന്നിവര്‍ ലതയുടെ പിറന്നാള്‍ ദിനത്തില്‍ ഏറ്റുവാങ്ങും. ഗായികയുടെ ജന്മനാടായ ഇന്‍ഡോറിലാണ് ചടങ്ങ്. കൊവിഡ് വ്യാപനം കാരണം മുടങ്ങിക്കിടന്ന വര്‍ഷങ്ങളിലേതു കൂടിയാണ് വിതരണം ചെയ്യുന്നത്. 70-80 കാലഘട്ടത്തില്‍ വേറിട്ടു നില്‍ക്കുന്ന ശബ്ദവും ആലാപന ശൈലിയുമായി സംഗീത പ്രേമികളെ രസിപ്പിച്ച ശൈലന്ദ്രസിങിന് 2019-ലെ പുരസ്‌കാരം. 200-ലധികം ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ആനന്ദ് മിലിന്ദ് ജോടിക്ക് 2020-ലെ പുരസ്‌കാരം. പ്രശസ്ത ഗായകനായ കുമാര്‍ സാനുവിന് കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്. രണ്ടു ലക്ഷം രൂപയും ഫലകവും ആണ് പുരസ്‌കാരം. ഇതിന് മുമ്പുള്ള പുരസ്‌കാര ജേതാക്കളില്‍  നൗഷാദ്, കിഷോര്‍ കുമാര്‍, ആശ ഭോണ്‍സ്‌ലേ തുടങ്ങിയവരും ഉള്‍പെടുന്നു. 

എട്ട് ദശാബ്ദത്തിലേറെ കാലത്ത് പല ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ പാടി നമ്മെ വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഗായിക ഇന്ത്യയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ടു തന്നെ ലതക്ക് മരണമില്ല. 

അഞ്ചാം വയസ്സില്‍ തന്നെ സംഗീത ലോകത്ത് തല കാണിച്ചു ലത. 1940-കളുടെ തുടക്കത്തില്‍ പതിമൂന്നാംവയസ്സില്‍ സിനിമയുടെ തിരശ്ശീലയിലും പിന്നാലെ പിന്നണിയിലും പതുക്കെ നടന്നു തുടങ്ങിയ ലതക്ക് ആദ്യം വഴിത്തിരിവായത് മജ്ബൂറിലെ (1948)  പാട്ട്. ദില്‍ മേരാ തോഡാ എന്ന പാട്ട് ലതയെ ഏല്‍പ്പിച്ച ഗുലാം ഹൈദര്‍ എന്ന പ്രതിഭക്ക് അത് ഒരു തെളിയിക്കല്‍ കൂടിയായിരുന്നു. ലതയുടെ ശബ്ദം വളരെ നേര്‍ത്തതെന്ന് വിമര്‍ശിച്ച നിര്‍മാതാവ് ശശധര്‍മുഖര്‍ജിക്കുള്ള മറുപടി. തന്നെ വിശ്വസിച്ച, അവസരം തന്ന ഗുലാംഹൈദര്‍ ആണ് ചലച്ചിത്രഗാനരംഗത്തെ തന്റെ തലതൊട്ടപ്പനെന്ന് ലത വെറുതെ പറഞ്ഞതല്ല.  1949-ല്‍ തന്നെ ആദ്യഹിറ്റ്. മഹലിലെ ആയേഗാ ആനേവാല. ലത എന്ന പ്രതിഭയെ ഇന്ത്യ അറിഞ്ഞു.
 
സി.രാമചന്ദ്ര, നൗഷാദ്, എസ് ഡി ബര്‍മന്‍, ശങ്കര്‍ ജയ്കിഷന്‍, മദന്‍ മോഹന്‍, സലീല്‍ ചൗധരി, രവി, റോഷന്‍, അനില്‍ ബിശ്വാസ്, ജയ്‌ദേവ്, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഗുലാം മുഹമ്മദ്, ആര്‍ ഡി ബര്‍മന്‍, ആനന്ദ് മിലിന്ദ്, കല്യാണ്‍ജി ആനന്ദ്ജി, ഖയ്യാം,ശിവ് ഹരി, രാം ലക്ഷ്മണ്‍, ബപ്പി ലഹരി, രവീന്ദ്ര ജെയ്ന്‍, ഇളയരാജ, ജതിന്‍ ലളിത്, എ ആര്‍ റഹ്മാന്‍..്‌വൈകി് എത്തിയതിന് പിന്നാലെ കലഹിച്ച ഒ പി നയ്യാര്‍ ഒഴികെ പല തലമുറ സംഗീതസംവിധായകര്‍ക്കൊപ്പം പല തരം പാട്ടുകള്‍ ലത പാടി. ഏഴ് പതിറ്റാണ്ട്, നാല്‍പത് ഭാഷ, പലപല ശൈലികള്‍. ലത ഇന്ത്യയുടെ ശബ്ദമായിരുന്നു. റോയല്‍ ആല്‍ബെര്‍ട്ട് ഹാളില്‍ പരിപാടിക്കെത്തിയ ലതയെ സദസ്സിന് പരിചയപ്പെടുത്തിയതും അങ്ങനെ തന്നെ. 

തലത്ത്, റാഫി, മുകേഷ്, മന്നാഡേ, മഹേന്ദ്ര കപൂര്‍, കിഷോര്‍ കുമാര്‍, ഹരിഹരന്‍, പങ്കജ് ഉദാസ്, ഉദിത് നാരായണന്‍, കുമാര്‍ സാനു, സോനു നിഗാം-ലത ഡ്യുറ്റ് വിസ്മയം തീര്‍ക്കാത്ത ഗായകരില്ല. ദക്ഷിണേന്ത്യയില്‍ നിന്നെത്തി ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് തീര്‍ത്ത എസ്പിബിക്കൊപ്പവും ലത പാടി.

50-കളിലേയും 60-കളിലേയും 70-കളിലേയും തുടങ്ങി ഹിന്ദി സിനിമയിലെ മിന്നുംനായികമാരുടെയെല്ലാം വിജയചേരുവയില്‍ ലതയുടെ പേരുമുണ്ട്. നൂറ്റാണ്ട് മാറിയിട്ടും മത്സരത്തിന്റെ ലോകത്ത് ഭാവപ്രകടനത്തിലൂടെയും നൃത്തച്ചുവടുകളിലൂടെയും സ്ഥാനമുറപ്പിക്കാന്‍ നായികമാര്‍ക്ക് തുണയായി  ലതയുടെ ശബ്ദമാധുരിമ എന്ന മാന്ത്രികക്കൂട്ട് തുടര്‍ന്നു. 

ഭാരരത്‌നയും പത്മ പുരസ്‌കാരങ്ങളും  ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളും എണ്ണമറ്റ മറ്റ് നിരവധി അവാര്‍ഡുകളും അവരുടെ പ്രതിഭക്ക് ആദരമായി.  ഫ്രാന്‍സും നല്‍കി പരമോന്നത സിവിലിയന്‍ ബഹുമതി.  പതിറ്റാണ്ടുകള്‍ നീണ്ട ആ കലായാത്രയില്‍ ലതക്കൊപ്പം തലമുറകള്‍ മാറിമാറി വന്നു. ഒപ്പം നടന്നവരായും കേള്‍വിക്കാരായും. അവരെല്ലാം ഇപ്പോഴും ലതയെന്ന സംഗീതവികാരത്തെ അനുഭവിക്കുന്നു. സങ്കടത്തിലും സന്തോഷത്തിലും അവരെ വന്ന് മൂടുന്നുണ്ട് ലതയുടെ ഗാനവീചികള്‍. 

ഇന്ന് അവരെല്ലാവരും മനസ്സില്‍ ഒരേ പാട്ട് മൂളുന്നു

ഹാപ്പി ബര്‍ത്ത്‌ഡേ ലതാദീദി. 

click me!