Latest Videos

ഗെയിമിന് അടിമ, അമ്മയുടെ സ്വർണമടക്കം മോഷ്ടിച്ചു, പിടിക്കപ്പെടുമെന്നായപ്പോൾ വീടുവിട്ടു

By Web TeamFirst Published Jul 10, 2021, 2:58 PM IST
Highlights

ബുധനാഴ്ച രാവിലെ പ്ലാറ്റ്‌ഫോമിൽ കറങ്ങുന്ന അവനെ കണ്ട ഒരു യാത്രക്കാരൻ ആർ‌പി‌എഫിനെ അറിയിച്ചു. തുടർന്ന് ആർ‌പി‌എഫ് അവനെ അവരുടെ ഓഫീസിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്തപ്പോൾ, താൻ വീട്ടിൽ നിന്ന് ഓടിപ്പോയതായി അവൻ സമ്മതിച്ചു.

നിരവധി കുട്ടികളാണ് വിവിധ ​ഗെയിമുകൾക്ക് അടിമകളായി പോകുന്നത്. ദില്ലിയിലെ പ്രീത് വിഹാർ സ്വദേശിയായ ഒരു 12 വയസുകാരൻ ഫ്രീ ഫയറിൽ ആയുധങ്ങൾ വാങ്ങുന്നതിനായി പിതാവിന്റെ പണം മോഷ്ടിക്കുകയും, അമ്മയുടെ ആഭരണങ്ങൾ വിൽക്കുകയും ചെയ്തു. എന്നാൽ, പിന്നീട് താൻ പിടിക്കപ്പെടുമെന്ന് ഭയന്ന് ചൊവ്വാഴ്ച വൈകുന്നേരം അവൻ വീട്ടിൽ നിന്ന് ഒളിച്ചോടിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.  

അവൻ കുറേനാളായി ഫ്രീ ഫയർ ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു. നൽകുന്ന ടാസ്കുകളിൽ വിജയിക്കാനായി പുതിയ ആയുധങ്ങൾ വാങ്ങാൻ അവൻ നിർബന്ധിതനായി. അതിനായി എങ്ങനെയും പണം കണ്ടെത്താൻ അവൻ ശ്രമിച്ചു. ഗെയിം കളിക്കുന്നത് തുടരാൻ, അവൻ അമ്മയുടെ സ്വർണ്ണം അമ്മ അറിയാതെ കൊണ്ടുപോയി വിറ്റു 20,000 രൂപ നേടി. ഒടുവിൽ പിടിക്കപ്പെടുമെന്ന അവസ്ഥയായപ്പോൾ വീട്ടിൽ നിന്ന് ആരും കാണാതെ ഇറങ്ങിപ്പോയി. തുടർന്ന്, ദില്ലിയിൽ നിന്ന് കാളിന്ദി എക്സ്പ്രസിൽ കയറി അവൻ അലിഗഡിലെത്തി.

ബുധനാഴ്ച രാവിലെ പ്ലാറ്റ്‌ഫോമിൽ കറങ്ങുന്ന അവനെ കണ്ട ഒരു യാത്രക്കാരൻ ആർ‌പി‌എഫിനെ അറിയിച്ചു. തുടർന്ന് ആർ‌പി‌എഫ് അവനെ അവരുടെ ഓഫീസിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്തപ്പോൾ, താൻ വീട്ടിൽ നിന്ന് ഓടിപ്പോയതായി അവൻ സമ്മതിച്ചു. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതറിഞ്ഞ അവർ അലിഗഡിലേക്ക് ഓടിയെത്തി. ലോക്ക് ഡൗൺ സമയത്ത് ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാണ് അവർ മകന് മൊബൈൽ ഫോൺ നൽകിയത്. ആൺകുട്ടിയുടെ പിതാവ് പ്രീത് വിഹാറിൽ ഒരു കുടുംബ ബിസിനസ് നടത്തുകയാണ്. 

“എന്റെ മകൻ ഓൺലൈൻ ഗെയിം ഡൗൺലോഡ് ചെയ്യുകയും അതിന് അടിമപ്പെടുകയും ചെയ്തു. ഗെയിം അപ്‌ഡേറ്റുചെയ്യുന്നതിന്, അവന് പണം ആവശ്യമായിരുന്നതിനാൽ വീട്ടിൽ നിന്ന് മോഷ്ടിക്കാൻ തുടങ്ങി” അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 


 

click me!