
ഇക്വഡോറിൽ കുപ്രസിദ്ധനായ കുറ്റവാളി ജയിൽ ചാടിയതിനെ തുടർന്ന് 60 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 'ഫിറ്റോ' എന്നും അറിയപ്പെടുന്ന അഡോൾഫോ മസിയാസ് വില്ലമർ എന്നയാളാണ് പാർപ്പിച്ചിരുന്ന ഹൈ സെക്യൂരിറ്റി സെല്ലിൽ നിന്നും അപ്രത്യക്ഷനായത്. നിരന്തരം ഏറ്റുമുട്ടലുകളും കലാപങ്ങളും നടക്കുന്ന സ്ഥലമാണ് ഇക്വഡോർ ജയിൽ. ഇതിൽ പല സംഘർഷങ്ങളുടേയും പിന്നിൽ ഫിറ്റോ നേതാവായിട്ടുള്ള 'ലോസ് ചോനെറോസ്' എന്ന സംഘമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫിറ്റോ തടവിൽ കഴിഞ്ഞിരുന്ന ലാ റീജിയണൽ ജയിലിലെ കോമ്പൗണ്ടിന്റെ ഭൂരിഭാഗവും ലോസ് ചോനെറോസിന്റെ നിയന്ത്രണത്തിലാണ്.
പ്രസിഡണ്ട് ഡാനിയൽ നോബോവയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. നോബോവ അധികാരത്തിലേറിയിട്ട് വെറും രണ്ട് മാസമേ ആയിട്ടുള്ളൂ. വിവിധ അക്രമങ്ങളും മറ്റും കൊണ്ട് സംഘർഷഭരിതമായ ഒരു പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതും നോബോവ വിജയിച്ചതും. മറ്റൊരു സ്ഥാനാർത്ഥിയായ ഫെർണാണ്ടോ വില്ലാവിസെൻസിയോ ആ സമയത്ത് കൊല്ലപ്പെട്ടിരുന്നു. ആ കൊലപാതകത്തിൽ ഇപ്പോൾ തടവു ചാടിയിരിക്കുന്ന ഫിറ്റോയ്‍ക്കും പങ്കുണ്ട് എന്നാണ് പറയുന്നത്.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ പ്രകാരം ആളുകൾക്ക് കൂട്ടം കൂടി നിൽക്കാൻ സാധിക്കില്ല. അതുപോലെ രാത്രികാല കർഫ്യൂവും ഉണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ ജയിലുകളുടെ നിയന്ത്രണം സൈന്യത്തിനും പൊലീസിനും ആയിരിക്കുമെന്ന് പ്രസിഡന്റ് നോബോവ പറഞ്ഞു. തീവ്രവാദവും അക്രമവും ഒരുതരത്തിലും അംഗീകരിക്കില്ല. എങ്ങനെയും ഫിറ്റോയെ ജയിലിൽ തിരികെ എത്തിക്കുമെന്നും പ്രസിഡണ്ട് പറയുന്നു.
ഞായറാഴ്ച പുലർച്ചെയാണ് ഫിറ്റോ സെല്ലിലില്ല എന്ന കാര്യം മനസിലാവുന്നത്. പിന്നീട്, നൂറുകണക്കിന് പൊലീസുകാർ ജയിലിൽ എല്ലായിടത്തും തിരഞ്ഞെങ്കിലും ഇയാളെ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല. അധികൃതർക്ക് എല്ലായ്പ്പോഴും തലവേദനയായിരുന്നു ഫിറ്റോ. നിരന്തരം ഇയാൾ അവരെ ധിക്കരിച്ചിരുന്നു. എന്തിനേറെപ്പറയുന്നു, സ്വന്തം കുറ്റകൃത്യങ്ങളെ മഹത്വവൽക്കരിക്കുന്ന 'നാർകോകോറിഡോ' എന്നൊരു മ്യൂസിക് വീഡിയോ പോലും ഇയാൾ പുറത്തിറക്കിയിരുന്നു. അതിൽ ഏറെ രസകരമായ കാര്യം വീഡിയോയുടെ അധികഭാഗവും ചിത്രീകരിച്ചത് ജയിലിൽ ആയിരുന്നു എന്നതാണ്.
വീഡിയോയിൽ ഇയാളുടെ മകൾ ഇയാളെ പുകഴ്ത്തുന്നതാണ് കാണുന്നത്. ആ സമയത്ത് ഫിറ്റോ ജയിലിലെ തടവുകാരോടും മറ്റും സംസാരിക്കുന്നതും മറ്റും കാണാം. ജയിലിനകത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനമുണ്ട് എന്നിരിക്കെയാണ് ഇവിടെ വീഡിയോ ചിത്രീകരിച്ചത് എന്നും ശ്രദ്ധേയമാണ്.
ഏതായാലും ഫിറ്റോ ജയിൽ ചാടിയത് ചില്ലറ തലവേദനയൊന്നുമല്ല പൊലീസിന് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ ഇയാളെ തേടി പരക്കംപായുകയാണ് പൊലീസ്.