പിഞ്ചുകുട്ടികള്‍ മരിക്കാറായി, അഫ്ഗാനില്‍  പട്ടിണി മുറുകുന്നതായി യു എന്‍

By Web TeamFirst Published Oct 25, 2021, 6:07 PM IST
Highlights

 'കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കാന്‍ പോവുകയാണ്. മുതിര്‍ന്നവര്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. അതിവേഗം അഫ്ഗാനിലെ കാര്യങ്ങള്‍ അതിഗുരുതരമാവുകയാണ്''-അദ്ദേഹം പറഞ്ഞു. 
 

സാമ്പത്തിക തകര്‍ച്ചയില്‍നിന്നും രക്ഷിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍, അഫ്ഗാനിസ്താനില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ലക്ഷക്കണക്കിനാളുകള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. താലിബാന്‍ വന്നതിനു ശേഷമുള്ള പ്രതിസന്ധിക്കിടെ രാജ്യാന്തര സമൂഹം മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ അടിയന്തിരമായി വിതരണം ചെയ്യുമെന്നും ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്‌ലി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  

3.9 കോടിയാണ് അഫ്ഗാനിസ്താനിലെ ജനസംഖ്യ. ഇതില്‍ 2.2 കോടി ആളുകള്‍ പട്ടിണിയുടെ വക്കത്താണെന്നും അദ്ദേഹം പറഞ്ഞു. 1.4 കോടി ആയിരുന്നു നേരത്തെ ദാരിദ്ര്യ രേഖയ്ക്കു താഴെ ഉണ്ടായിരുന്നത്.  'കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കാന്‍ പോവുകയാണ്. മുതിര്‍ന്നവര്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. അതിവേഗം അഫ്ഗാനിലെ കാര്യങ്ങള്‍ അതിഗുരുതരമാവുകയാണ്''-അദ്ദേഹം പറഞ്ഞു. 

ഓഗസ്ത് മാസം താലിബാന്‍ അധികാരം പിടിച്ചശേഷമാണ് അഫ്ഗാനിസ്താന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിയത്. വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ നടന്നുവന്ന ക്ഷേമപ്രവര്‍ത്തനങ്ങളായിരുന്നു അതു വരെ അഫ്ഗാനിസ്താനെ നിലനിര്‍ത്തിയത്. താലിബാന്‍ വന്നതോടെ വിദേശരാജ്യങ്ങള്‍ സഹായം മുടക്കിയതോടെ പ്രതിസന്ധി ഗുരുതരമായി. താലിബാന്‍ വരുന്നതിനു മുമ്പു തന്നെ കടുത്ത വരള്‍ച്ച കാരണം അഫ്ഗാന്‍ ഭക്ഷ്യ പ്രതിസന്ധിയിലായിരുന്നു. പുതിയ സാഹചര്യത്തില്‍ അത് വീണ്ടും രൂക്ഷമായി. വിദേശത്തുണ്ടായിരുന്ന അഫ്ഗാന്റെ സമ്പത്ത് മരവിപ്പിക്കുകയും ചെയ്തതോടെ പട്ടിണി അതിവേഗം രാജ്യത്തെ വിഴുങ്ങി. 

23 ലക്ഷം പേര്‍ക്ക് ഭക്ഷണം അടക്കം വിതരണം ചെയ്യുന്നതിന് ദിവസം 220 മില്യന്‍ ഡോളര്‍ ആവശ്യമാണെന്ന് ലോക ഭക്ഷ്യ പദ്ധതി അറിയിച്ചു. ഡിസംബര്‍ വരെ തങ്ങളുടെ കരുതല്‍ ധനം എടുത്ത് പരമാവധി ഭക്ഷ്യ വിതരണം നടത്താനാണ് യു എന്‍ ഏജന്‍സിയുടെ ശ്രമം. എന്നാല്‍, നേരത്തെ സഹായ വാഗ്ദാന്‍ം ചെയ്ത പല രാജ്യങ്ങളും ഇപ്പോള്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. മരവിപ്പിച്ച ഫണ്ട് തങ്ങള്‍ വഴി വിതരണം ചെയ്യണമെന്ന് ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്‌ലി ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 
 

click me!