Latest Videos

താലിബാന്റെ കണ്ണിൽ സ്ത്രീകൾ മനുഷ്യരല്ല, മറിച്ച് വെറും മാംസം; പൊലീസുകാരിയായതിന് അക്രമിക്കപ്പെട്ട സ്ത്രീ പറയുന്നു

By Web TeamFirst Published Aug 18, 2021, 4:35 PM IST
Highlights

"സ്ത്രീകളുടെ ആരോഗ്യം, ശബ്ദം എല്ലാം ഇല്ലാതായി. കാരണം സ്ത്രീകളെ ജോലി ചെയ്യാനോ വീടിന് പുറത്ത് വിടാനോ അവർ അനുവദിക്കില്ല. എന്നാൽ, വീട്ടിൽ ആണുങ്ങൾ ഇല്ലാത്തവരുടെ കാര്യമോ? ആരാണ് അവർക്ക് ഭക്ഷണം നൽകുക? ഇത് നരകമാണ്” അവൾ പറഞ്ഞു. 

"താലിബാന്റെ കണ്ണിൽ സ്ത്രീകൾ മനുഷ്യരല്ല. മറിച്ച് വെറും മാംസം മാത്രമാണ്” കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലെ വിമതരുടെ വെടിയേറ്റ 33 -കാരിയായ ഖതീര പറഞ്ഞു. ആക്രമണത്തിന് ശേഷം അവരുടെ രണ്ട് കണ്ണുകളും നഷ്ടമായി. 2020 നവംബർ മുതൽ അവർ ഡൽഹിയിൽ ചികിത്സയിലാണ്. ഭർത്താവും, കൈക്കുഞ്ഞും അവർക്കൊപ്പമുണ്ട്. മുൻ താലിബാൻകാരനായ അവളുടെ പിതാവ് തന്നെയാണ് അവളെ ഈ ഗതിയിലാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ രണ്ട് മാസം ഗർഭിണിയായിരുന്നപ്പോഴായിരുന്നു ആക്രമണം.

ഖതീര ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ജോലിയ്ക്ക് പോയതിന്റെ പേരിലായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, മൂന്ന് താലിബാൻകാർ അവളെ പലതവണ വെടിവച്ചു. കൂടാതെ അവർ അവളുടെ കണ്ണുകളിൽ കത്തി കുത്തിയിറക്കുകയും ചെയ്തു. അവളുടെ ശരീരത്തിൽ നിന്ന് ഡോക്ടർമാർ എട്ട് വെടിയുണ്ടകളാണ് പുറത്തെടുത്തത്. "അവർ ആദ്യം സ്ത്രീകളെ ഉപദ്രവിക്കും. തുടർന്ന് മറ്റുള്ളവർക്ക് ഒരു താക്കീതായി ശരീരം പ്രദർശിപ്പിക്കും. ചിലപ്പോൾ സ്ത്രീകളുടെ ശരീരം നായ്ക്കൾക്ക് ആഹാരമായി നൽകും. എന്റെ ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം. അവിടെ സ്ത്രീകളും കുട്ടികളും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന നരകജീവിതം അറിയണമെങ്കിൽ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കീഴിൽ നിങ്ങളും ജീവിക്കണം” ഖതീര പറഞ്ഞു.

അവർ മാത്രമല്ല അവരെ പോലെ ഡൽഹിയിൽ അഭയാർത്ഥികളായി കഴിയുന്ന മിക്കവരും ഇപ്പോൾ വല്ലാത്ത സമ്മർദ്ദത്തിലാണ്. ഡൽഹിയിലെ ലജ്പത് നഗറിൽ കസ്തൂർബ നികേതനിൽ താമസിക്കുന്ന അഫ്ഗാൻ അഭയാർഥികൾ ഇപ്പോൾ ഓരോ നിമിഷവും ഭയപ്പാടോടെയാണ് കഴിയുന്നത്. താലിബാനിന്റെ കീഴിലായ സ്വന്തം രാജ്യത്തെ കുറിച്ച് അവർ ആശങ്കപ്പെടുന്നു. അവിടെ അകപ്പെട്ട് പോയ തങ്ങളുടെ ബന്ധുക്കളെ ഓർത്ത് അവർ പരിതപിക്കുന്നു. തിരികെ സ്വന്തം രാജ്യത്തേയ്ക്ക് പോകാൻ ഖതീരയ്ക്കും ഇപ്പോൾ ഭയമാണ്. സ്ത്രീകളും താലിബാനെ അനുസരിക്കാത്തവരും തെരുവിൽ മരിക്കുമെന്ന് അവൾ പറഞ്ഞു. 

"ചികിത്സക്കായി പുരുഷ ഡോക്ടർമാരെ കാണാൻ സ്ത്രീകളെ താലിബാൻ അനുവദിക്കുന്നില്ല. അതേസമയം സ്ത്രീകളെ പഠിക്കാനോ ജോലി ചെയ്യാനോ അവർ അനുവദിക്കുന്നുമില്ല. അപ്പോൾ, ഒരു സ്ത്രീക്ക് അസുഖം വന്നാൽ എന്ത് ചെയ്യും? അവിടെ കിടന്ന് മരിക്കണോ? തോക്കുമായി നിൽക്കുന്ന ഈ പുരുഷന്മാരുടെ നിർദ്ദേശപ്രകാരം വൈദ്യസഹായം ഇല്ലാതെ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ എങ്ങനെ പ്രസവിക്കും” അവൾ തന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ച് ചോദിച്ചു.

"സ്ത്രീകളുടെ ആരോഗ്യം, ശബ്ദം എല്ലാം ഇല്ലാതായി. കാരണം സ്ത്രീകളെ ജോലി ചെയ്യാനോ വീടിന് പുറത്ത് വിടാനോ അവർ അനുവദിക്കില്ല. എന്നാൽ, വീട്ടിൽ ആണുങ്ങൾ ഇല്ലാത്തവരുടെ കാര്യമോ? ആരാണ് അവർക്ക് ഭക്ഷണം നൽകുക? ഇത് നരകമാണ്” അവൾ പറഞ്ഞു. ഖതീരയുടെ നാല് മക്കൾ അഫ്ഗാനിസ്ഥാനിൽ ബന്ധുക്കളുടെ വീടുകളിലാണ്. അവരെ കുറിച്ചോർത്ത് ഖതീര ഇന്ന് ആശങ്കപ്പെടുന്നു. എംബസികൾ അടച്ചിരിക്കുന്നതിനാൽ വിസകൾ ലഭ്യമല്ല. അവളുടെ അച്ഛൻ കുട്ടികളെ തേടി ചെല്ലുമോ എന്നതാണ് അവളുടെ ഭയം. "എന്റെ പിതാവ് താമസിയാതെ അവിടെയെത്തും. അച്ഛൻ എന്റെ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയോ, താലിബാനിലേക്ക് ചേർക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യും. ആയുധമെടുക്കാനും അവരുടെ ജീവിതം നശിപ്പിക്കാനും അവരെ നിർബന്ധിക്കും” അവൾ പറഞ്ഞു. ഖതീരയുടെ മൂത്ത മകന് 15 വയസ്സാണ്.  

"താലിബാൻ എല്ലാ കുറ്റവാളികളെയും ജയിലുകളിൽ നിന്ന് മോചിപ്പിച്ചു. ഈ ആളുകൾ വീടുകളിലേയ്ക്ക് മടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ പെരുകുമെന്ന് ഉറപ്പാണ്. അവർക്ക് ഇപ്പോൾ ബലാത്സംഗം ചെയ്യാനും, കൊള്ളയടിക്കാനും, കൊലപ്പെടുത്താനും സ്വാതന്ത്ര്യമുണ്ട്" ഒരു അഫ്ഗാൻ പൗരാവകാശ പ്രവർത്തകനായ നിസാർ പറഞ്ഞു. അതിനോടൊപ്പം മറ്റൊരു പ്രശ്‌നവുമുണ്ട് എന്നദ്ദേഹം പറയുന്നു. "ഡൽഹിയിലെ അഭയാർഥികൾ ഇനി ജീവിക്കാൻ കഷ്ടപ്പെടും. കാരണം അവരുടെ മിക്ക ബിസിനസ്സുകളും അഫ്ഗാനിസ്ഥാനെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. അതെല്ലാം തകർന്നു" നിസാർ പറഞ്ഞു.  

click me!