വധശിക്ഷയും ഭയന്ന് അയാള്‍ കഴിഞ്ഞത് 23 വര്‍ഷങ്ങള്‍, അതും ചെയ്യാത്ത കൊലക്കുറ്റത്തിന്

By Web TeamFirst Published Jun 6, 2020, 1:45 PM IST
Highlights

എന്‍റെ മകള്‍ ഒരിക്കലും എന്‍റെ വീട്ടിലേക്ക് തിരികെ വരില്ല. പക്ഷേ, അവള്‍ക്ക് നീതി കിട്ടണം. അതുപക്ഷേ, വെറുതെ ഒരു നിരപരാധിയെ ജയിലിലടച്ചുകൊണ്ടല്ല വേണ്ടത്. രണ്ട് കുടുംബങ്ങളാണ് ഇപ്പോള്‍ തന്നെ തകര്‍ന്നിരിക്കുന്നത്. 

വധശിക്ഷയും കാത്ത് അയാള്‍ ജയിലില്‍ കഴിഞ്ഞത് ഒന്നും രണ്ടും കൊല്ലമല്ല, നീണ്ട 23 വര്‍ഷമാണ്. ഒരു മനുഷ്യന്‍റെ ജീവിതത്തിലെ നല്ല കാലങ്ങളിലേറെയും അയാള്‍ എപ്പോള്‍ വേണമെങ്കിലും തന്‍റെ വധശിക്ഷ നടപ്പിലാക്കിയേക്കാം എന്ന ഭയത്തില്‍ കഴിഞ്ഞു... അതും ചെയ്യാത്ത കുറ്റത്തിന്. ഒടുവില്‍, പെന്‍സില്‍വാനിയയിലെ ആ ജയിലില്‍ നിന്നും ഇന്നലെയാണ് അയാള്‍ മോചിപ്പിക്കപ്പെട്ടത്. 

ഫിലാഡല്‍ഫിയയിലെ അയാളുടെ താമസസ്ഥലത്തിനടുത്തുള്ള നാലുവയസ്സുകാരിയായ ബാര്‍ബറാ ജീന്‍ ഹോണിനെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി എന്നതായിരുന്നു വാള്‍ട്ടര്‍ ഓഗ്റോഡിനെതിരെയുള്ള കുറ്റം. 1988 -ലാണ് കേസിനാസ്‍പദമായ കൊലപാതകം നടക്കുന്നത്. അതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്. 

''ഞങ്ങള്‍ താങ്കളുടെ ജീവിതത്തിലെ 28 വര്‍ഷങ്ങള്‍ കവര്‍ന്നെടുക്കുക മാത്രമല്ല ചെയ്‍തത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കളെ വധശിക്ഷയ്ക്ക് വിധേയമാക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു.'' അസിസ്റ്റന്‍റ് ഡിസ്ട്രിക്ട് അറ്റോര്‍ണി കാരീ വുഡ് ഓഗ്റോഡിനോട് പറഞ്ഞതായി ദ ഫിലാഡല്‍ഫിയ ഇന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാരീ വുഡ് ബാര്‍ബറ ജീനിന്‍റെ അമ്മയോട് ക്ഷമ ചോദിക്കുകയും ചെയ്‍തിരുന്നു. 

 

ഓഗ്റോഡ് ഒരു ബന്ധുവിനടുത്താണ് ആദ്യമായി എത്തുകയെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകരിലൊരാളായ ജെയിംസ് റോളിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ഓഗ്റോഡ് വളരെ ക്ഷീണിതനായിരുന്നുവെന്നും ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടതില്‍ അദ്ദേഹത്തിന് വളരെയധികം സന്തോഷമുണ്ടെന്നും ജെയിംസ് റോളിന്‍സ് പറഞ്ഞു. 

ബാര്‍ബറ ജീന്‍ കൊല്ലപ്പെടുമ്പോള്‍ 23 വയസ്സായിരുന്നു ഓഗ്റോഡിന്. ഇപ്പോള്‍ അദ്ദേഹം 55 വയസ്സിലെത്തി. കേസിന്‍റെ ആദ്യ വിചാരണ നടക്കുന്നത് 1993 -ലാണ്. അന്നുതന്നെ ജീനിന്‍റെ മൃതദേഹം കിടന്ന പരിസരത്തു കണ്ടയാളെ കുറിച്ച് പറഞ്ഞപ്പോള്‍ അഞ്ച് ദൃസാക്ഷികളും അയാള്‍ ഓഗ്റോഡിനെ പോലെയല്ല എന്ന് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് നടന്ന വിചാരണകളില്‍ തെറ്റായ പല വിവരങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുകയും ഓഗ്റോഡ് കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‍തു. ഏറ്റവുമധികം വധശിക്ഷ വിധിക്കുന്ന യു എസ് സ്റ്റേറ്റുകളിലൊന്നാണ് പെന്‍സില്‍വാനിയ എന്ന് ദ ഡെത്ത് പെനാള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ വ്യക്തമാക്കുന്നു. എന്നാല്‍, 1976 മുതലായി ഇന്നുവരെ ആകെ മൂന്ന് വധശിക്ഷകള്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. 

ജയിലില്‍ വെച്ച് ഓഗ്റോഡ് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുകയും അത് ദേശീയശ്രദ്ധ പിടിച്ചുപറ്റുകയുമായിരുന്നു. വിവിധ മാധ്യമങ്ങള്‍ ഓഗ്റോഡിന്‍റെ കേസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്‍തു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഡിഎന്‍എ പരിശോധനയിലാണ് ഓഗ്റോഡ് ബാര്‍ബറാ ജീനിനെ കൊന്നിരിക്കാന്‍ സാധ്യതയില്ല എന്ന് തെളിയുന്നത്. 

ഏപ്രിലില്‍ ബാര്‍ബറാ ജീനിന്‍റെ അമ്മ ഷാരോണ്‍ ഫാഹി ഈ വിഷയത്തില്‍ പ്രതികരിച്ചു. മിസ്റ്റര്‍ ഓഗ്റോഡ് നിരപരാധിയാണോ എന്ന ചോദ്യം പോലും എന്‍റെ മനസിലില്ല. അദ്ദേഹം എത്രയും പെട്ടെന്ന് മോചിപ്പിക്കപ്പെടണമെന്നും ഒരു പ്രസ്‍താവനയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. ''എന്‍റെ മകള്‍ ഒരിക്കലും എന്‍റെ വീട്ടിലേക്ക് തിരികെ വരില്ല. പക്ഷേ, അവള്‍ക്ക് നീതി കിട്ടണം. അതുപക്ഷേ, വെറുതെ ഒരു നിരപരാധിയെ ജയിലിലടച്ചുകൊണ്ടല്ല വേണ്ടത്. രണ്ട് കുടുംബങ്ങളാണ് ഇപ്പോള്‍ തന്നെ തകര്‍ന്നിരിക്കുന്നത്. ഓഗ്റോഡിനെ ജയിലില്‍ വച്ചതുകൊണ്ട് എന്‍റെ ബാര്‍ബറാ ജീനിനെ കൊലപ്പെടുത്തിയവരെ കണ്ടെത്താനാവുകയോ അതുവഴി അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കാനോ കഴിയില്ല." എന്നും അവരെഴുതി. 

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നാണ് ഓഗ്റോഡ് മോചിപ്പിക്കപ്പെടാന്‍ ഇത്രയും താമസിച്ചത്. ഓഗ്റോഡും രോഗബാധിതനായിരുന്നു. രോഗമുക്തി നേടിയിരുന്നുവെങ്കിലും സൂം വഴിയാണ് വാദം കേട്ടത്. ഓഗ്റോഡിനായുള്ള അറ്റോര്‍ണി ആന്‍ഡ്ര്യൂ ഗാലോ പറഞ്ഞതിങ്ങനെയാണ്, ''ഈ നിമിഷം വരെ നമ്മുടെ സമൂഹവും നീതിന്യായ വ്യവസ്ഥയും ഓഗ്റോഡിന്‍റെയും ബാര്‍ബറാ ജീനിന്‍റെയും കുടുംബത്തോട് തോറ്റിരിക്കുകയാണ്.'' 

click me!