Latest Videos

ഉടമ മരിച്ചു, വീട്ടിൽ കണ്ടെത്തിയത് പരസ്പരം പോരടിച്ചും വിശന്നും കഴിയുന്ന 40 പൂച്ചകളെ

By Web TeamFirst Published Apr 6, 2022, 11:01 AM IST
Highlights

പൂച്ചകളെ പരിപാലിക്കാൻ സഹായത്തിനും സംഭാവനകൾക്കും വിസ്‌ക്ക് അഭ്യർത്ഥിച്ചു. സഹായം കിട്ടുന്നുണ്ട് എങ്കിലും ആരും ഇതുവരെ അവയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ല. 

ഉടമസ്ഥന്റെ മരണശേഷം ആ വീട്ടിൽ കണ്ടെത്തിയത് പരസ്പരം പോരടിച്ചും വിശന്നും കഴിയുന്ന 40 പൂച്ചകളെ(40 cats). ആറുമാസം മുതൽ പ്രായമായത് വരെയുള്ള പൂച്ചകളെയാണ് ബ്രെസ്ക്ലെറ്റ് ഓൺ ലൂയിസി(Breasclete on Lewis)ലെ വീടിനും ഷെഡ്ഡിനും ഇടയിൽ കണ്ടെത്തിയത്. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന ഒരു അയൽക്കാരനാണ് പ്രാദേശിക ഗ്രൂപ്പായ വെസ്റ്റേൺ ഐൽസ് സപ്പോർട്ട് ഫോർ ക്യാറ്റ്സ് ആൻഡ് കിറ്റൻസിലേക്ക് (വിസ്ക്ക്) വിളിച്ചത്.

പൂച്ചകളിലൊന്നും വന്ധ്യംകരണം നടത്തിയിട്ടില്ല. അതുപോലെ പല പൂച്ചകൾക്കും പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട് എന്ന് ചാരിറ്റി പറയുന്നു. "കാട്ടുപൂച്ച പോലെ ജീവിക്കുന്ന ഏതൊരു കോളനിയിലും, ഒരു പെൺപൂച്ച ലഭ്യമാണെങ്കിൽ, ആൺപൂച്ചകൾ അതിനു വേണ്ടി വഴക്കിടും, ആൺപൂച്ചകൾ പരസ്പരം പോരടിക്കുന്നതിന്റെ വ്യക്തമായ സൂചനകളുണ്ട് ഇവിടെയും" എന്ന് വിസ്കിൽ നിന്നുള്ള ആനി ഡെലിൻ, ബിബിസി സ്കോട്ട്ലൻഡിനോട് പറഞ്ഞു. 

"ഞങ്ങൾ ഇപ്പോൾ ഏകദേശം 40 പൂച്ചകളെയാണ് അവിടെ നിന്നും കണ്ടെത്തിയത്. കുറച്ചുകാലമായി അവ അവിടെ തനിച്ചായിരുന്നുവെന്ന് ഞങ്ങൾ കരുതുന്നു. അവ പുറത്തുനിന്നിരുന്നതിനാലും ഭക്ഷണം തേടിപ്പുറപ്പെട്ടിരുന്നതിനാലും ചില പരിക്കുകൾ ഉണ്ടായിട്ടുണ്ടാകാം." പൂച്ചകളെ പരിപാലിക്കാൻ സഹായത്തിനും സംഭാവനകൾക്കും വിസ്‌ക്ക് അഭ്യർത്ഥിച്ചു. സഹായം കിട്ടുന്നുണ്ട് എങ്കിലും ആരും ഇതുവരെ അവയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ല. 

ഗർഭിണികളായ പൂച്ചകളെ അവയുടെ കുട്ടികൾ ജനിക്കുന്നത് വരെ പരിപാലിക്കും. വലിയ പൂച്ചകൾ, ഒരിക്കൽ വന്ധ്യംകരിച്ചാൽ, അവ അടുത്തതായി എവിടേക്കാണ് പോകുന്നതെന്ന് നിരീക്ഷിക്കപ്പെടും. ഏതായാലും ഇത്രയധികം പൂച്ചകളെ പരിചരിക്കുക, നോക്കുക എന്നത് വലിയ ദൗത്യം തന്നെ എന്നാണ് ചാരിറ്റി പറയുന്നത്.

click me!