പ്രായം വെറും നമ്പറല്ലേ? മില്ലേനിയൽസ് പുരുഷന്മാരെ തേടി ജെൻ സി പെൺകുട്ടികൾ; ഡേറ്റിങ് ലോകത്ത് 'ഏജ് ഗ്യാപ്' തരംഗമാകുന്നു

Published : Feb 07, 2026, 01:18 PM IST
gen z

Synopsis

"പ്രണയത്തിന് കണ്ണില്ല എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്... പക്ഷേ ഇന്നത്തെ ജെൻ സികൾക്ക് പ്രണയത്തിന് 'പ്രായമില്ല'! സ്വന്തം പ്രായക്കാരെ വിട്ട് മില്ലേനിയൽസിനെ തേടിപ്പോകുന്ന ജെൻ സി പെൺകുട്ടികളുടെ എണ്ണം കൂടുകയാണ്. 

'പ്രായമൊക്കെ ആര് നോക്കാനാണ്, മനസ്സ് പൊരുത്തപ്പെട്ടാൽ പോരേ?', കാമുകന്റെ പ്രായത്തെക്കുറിച്ച് ചോദിക്കുന്നവരോട് ഇന്നത്തെ ജെൻ സി പിള്ളേർക്ക് പറയാൻ ഇങ്ങനെയൊരു മറുപടിയുണ്ടാകും. പഴയകാലത്തെ പ്രണയ സങ്കല്പങ്ങളെ പാടെ പൊളിച്ചെഴുതിക്കൊണ്ട് ഡേറ്റിങ് ലോകത്ത് പുതിയൊരു മാറ്റം വന്നിരിക്കുകയാണ്. പ്രായവ്യത്യാസമുള്ള ബന്ധങ്ങൾ അഥവാ 'ഏജ് ഗ്യാപ് റിലേഷൻഷിപ്പ്' ആണ് ഇപ്പോൾ യുവാക്കൾക്കിടയിലെ ചൂടൻ ചർച്ചാവിഷയം.

റിപ്പോർട്ടുകൾ പ്രകാരം, മില്ലേനിയൽസ് പുരുഷന്മാരെ പങ്കാളികളായി തിരഞ്ഞെടുക്കാൻ ജെൻ സി പെൺകുട്ടികൾ കൂടുതൽ താല്പര്യം കാണിക്കുന്നു എന്നാണ് കണ്ടെത്തൽ. ഈ പ്രവണതയ്ക്ക് പിന്നിൽ കേവലം കൗതുകം മാത്രമല്ല, കൃത്യമായ ചില കാരണങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് മില്ലേനിയൽസ്?

ജെൻ സി പെൺകുട്ടികൾ തങ്ങളേക്കാൾ പ്രായമുള്ള മില്ലേനിയൽസ് പുരുഷന്മാരെ ഇഷ്ടപ്പെടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിദഗ്ദ്ധർ പറയുന്നത്:

1. വൈകാരിക പക്വത:

സ്വന്തം പ്രായത്തിലുള്ള ആൺകുട്ടികളേക്കാൾ മില്ലേനിയൽസ് പുരുഷന്മാർക്ക് കൂടുതൽ വൈകാരിക പക്വതയുണ്ടെന്ന് ജെൻ സികൾ കരുതുന്നു. ജീവിതാനുഭവങ്ങൾ നൽകുന്ന പക്വതയും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും മില്ലേനിയൽസിനെ കൂടുതൽ ആകർഷകമാക്കുന്നു.

2. റെഡ് പിൽ - മാൻ സ്ഫിയർ സ്വാധീനം കുറവ്:

സമൂഹമാധ്യമങ്ങളിൽ ഇന്നത്തെ കാലത്ത് പടരുന്ന 'റെഡ് പിൽ' ആശയങ്ങളുടെയോ തീവ്ര പുരുഷാധിപത്യ ചിന്താഗതികളുടെയോ സ്വാധീനം മില്ലേനിയൽസ് തലമുറയിൽ കുറവാണെന്ന് യുവതികൾ കരുതുന്നു. ജെൻ സി ആൺകുട്ടികൾക്കിടയിൽ ഇത്തരം ഓൺലൈൻ ആശയങ്ങൾ വേരൂന്നിയപ്പോൾ, മില്ലേനിയൽസ് കൂടുതൽ 'നോർമൽ' ആയ പെരുമാറ്റം കാഴ്ചവയ്ക്കുന്നവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

3. സാമ്പത്തിക സ്ഥിരത:

ജീവിതത്തിൽ ഒരു നിലയിൽ എത്തിയവരും സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയവരും ആയിരിക്കും മില്ലേനിയൽസ്. കരിയറിന്റെ തുടക്കത്തിൽ നിൽക്കുന്ന ജെൻ സികൾക്ക് ഇത്തരം ഒരു സുരക്ഷാബോധം പ്രായമുള്ള പങ്കാളികളിൽ നിന്ന് ലഭിക്കുന്നു.

വെല്ലുവിളികളും കാഴ്ചപ്പാടുകളും

പ്രായവ്യത്യാസമുള്ള ബന്ധങ്ങൾ ഇന്ന് പഴയതുപോലെ ഒരു 'ടാബൂ' അല്ലെങ്കിലും അതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായും രണ്ട് തലമുറകൾ തമ്മിലുള്ള താല്പര്യങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് വില്ലനാകുന്നത്. ജെൻ സികൾ കൂടുതൽ സമയം ഫോണിലും സോഷ്യൽ മീഡിയയിലും ചെലവഴിക്കുമ്പോൾ മില്ലേനിയൽസിന് പ്രായോഗികമായ വിനോദങ്ങളോടാണ് താല്പര്യം. ഇത് പലപ്പോഴും ആശയവിനിമയത്തിൽ തടസ്സങ്ങൾ ഉണ്ടാക്കാം. കുട്ടികൾ വേണോ, വിവാഹം എപ്പോൾ വേണം തുടങ്ങിയ കാര്യങ്ങളിൽ രണ്ട് തലമുറയ്ക്കും രണ്ട് ചിന്താഗതികളായിരിക്കും. മില്ലേനിയൽസ് സെറ്റിൽ ആകാൻ ആഗ്രഹിക്കുമ്പോൾ ജെൻ സികൾ കരിയറിൽ ശ്രദ്ധിക്കാനായിരിക്കും മുൻഗണന നൽകുന്നത്.

ഡേറ്റിങ് എന്നത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താല്പര്യമാണെങ്കിലും, പ്ലാറ്റഫോമുകൾ നൽകുന്ന പ്രായ പരിധി നോക്കാതെ വൈകാരികമായ പൊരുത്തത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. "പ്രായം വെറുമൊരു അക്കം മാത്രമാണ്, പക്ഷേ പങ്കാളികൾ തമ്മിലുള്ള ബഹുമാനവും തുല്യതയും ഏത് പ്രായവ്യത്യാസത്തേക്കാളും വലുതാണ്," ഇതാണ് ഈ ട്രെൻഡിനെക്കുറിച്ച് പൊതുവെ ഉയരുന്ന അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞ് ജനിച്ചു, ഒരുമാസം കിട്ടേണ്ടുന്ന പിതൃത്വ അവധി കിട്ടിയത് വെറും ഒരാഴ്ച, പോസ്റ്റുമായി യുവാവ്
1200 പേർ കയറേണ്ട കോച്ചിൽ 5000 പേർ, ഇത് മരണക്കെണി; മുംബൈ ലോക്കലിലെ തിരക്കിനെ വിമർശിച്ച് യുവതി