'ഈ പ്രായത്തിലുള്ളവര്‍ക്ക് പെരുമാറാനറിയില്ല, അതിനാൽ പ്രവേശനമില്ല', വിലക്കേർപ്പെടുത്തി ജിം, വൻ വിമർശനം

Published : Jun 14, 2024, 12:19 PM ISTUpdated : Jun 14, 2024, 02:15 PM IST
'ഈ പ്രായത്തിലുള്ളവര്‍ക്ക് പെരുമാറാനറിയില്ല, അതിനാൽ പ്രവേശനമില്ല', വിലക്കേർപ്പെടുത്തി ജിം, വൻ വിമർശനം

Synopsis

ചില പ്രായമായ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒന്നോ രണ്ടോ മണിക്കൂർ വരെ ചെലവഴിച്ചിട്ടുണ്ട് എന്നും വസ്ത്രങ്ങൾ അലക്കുകയും ടവലുകൾ, സോപ്പുകൾ, ഹെയർ ഡ്രയറുകൾ എന്നിവയുൾപ്പെടെ സാധനങ്ങൾ മോഷ്ടിച്ചിട്ടുണ്ട് എന്നും ജിം ഉടമ ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പിന് നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

പ്രത്യേക പ്രായപരിധിയിൽ പെട്ട സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വൻ വിമർശനങ്ങളേറ്റുവാങ്ങി ദക്ഷിണ കൊറിയയിലെ ഒരു ജിം. തലസ്ഥാനമായ സിയോളിനടുത്തുള്ള ഇഞ്ചിയോൺ നഗരത്തിലെ ജിമ്മിലാണ് വിദ്യഭ്യാസവും സംസ്കാരവും സൗന്ദര്യവുമുള്ള സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് ബോർഡ് വച്ചിരിക്കുന്നത്. 'അജുമ്മാസി'ന് പ്രവേശനമില്ല എന്നും എഴുതിയിരുന്നു. 

30 -കളുടെ അവസാനത്തിലുള്ള സ്ത്രീകളെയാണ് സാധാരണയായി 'Ajumma' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം ഔചിത്യമില്ലാതെയും പരുക്കനായും പെരുമാറുന്നവരെ സൂചിപ്പിക്കാനും ഈ പദം ഉപയോ​ഗിക്കുന്നു. എന്നാൽ, ബോർഡ് വച്ച ജിമ്മിന്റെ പേരോ മറ്റ് വിവരങ്ങളോ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലൊന്നും പരാമർശിച്ചിട്ടില്ല. ജിമ്മിന്റെ ഉടമ പറയുന്നത്, ഇങ്ങനെ പെരമാറുന്ന യുവതികൾ കാരണം തന്റെ ജിമ്മിന് പല നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ആ പ്രായത്തിലുള്ള സ്ത്രീകളെ ജിമ്മിലേക്ക് അനുവദിക്കാത്തത് എന്നാണ്. 

ചില പ്രായമായ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒന്നോ രണ്ടോ മണിക്കൂർ വരെ ചെലവഴിച്ചിട്ടുണ്ട് എന്നും വസ്ത്രങ്ങൾ അലക്കുകയും ടവലുകൾ, സോപ്പുകൾ, ഹെയർ ഡ്രയറുകൾ എന്നിവയുൾപ്പെടെ സാധനങ്ങൾ മോഷ്ടിച്ചിട്ടുണ്ട് എന്നും ജിം ഉടമ ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പിന് നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

ഇവർ ഒരുമിച്ചിരുന്ന് മറ്റ് പ്രായം കുറഞ്ഞ സ്ത്രീകളുടെ ശരീരത്തെ കുറിച്ച് കമന്റ് പറയാറുണ്ട്. ഇത് ആ സ്ത്രീകളെ അസ്വസ്ഥരാക്കുകയും അവർ ജിം ഉപേക്ഷിച്ച് പോവുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്തു എന്നാണ് ജിം ഉടമയുടെ പരാതി. 

അതേസമയം, ജിമ്മിന്റെ ഈ പ്രത്യേക പ്രായപരിധിയിൽ പെടുന്നവർക്കുള്ള നിരോധനം ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ഒരു പ്രത്യേക പ്രായത്തിലുള്ളവരാണ് അനുചിതമായി പെരുമാറുന്നത് എന്ന് നിങ്ങളെങ്ങനെയാണ്  കണക്കാക്കുന്നത് എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാൽ, ജിമ്മിന്റെ തീരുമാനം ശരിയാണ് എന്നും ഇതുപോലെ പെരുമാറുന്നവരുണ്ട് എന്നും, ചില പ്രത്യേക പ്രായത്തിലുള്ളവരെ കൊണ്ട് വലിയ ശല്ല്യമാണെന്നും പറഞ്ഞവരുമുണ്ട്. 

എന്നിരുന്നാലും, ലോകത്താകമാനം പ്രായത്തിന്റെ പേരിൽ ആളുകൾ അകറ്റി നിർത്തപ്പെടുകയും അവ​ഗണിക്കപ്പെടുകയും ചെയ്യുന്നതിനെ കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തന്നെ ഈ വാർത്ത കാരണമായിത്തീർന്നു. 

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ