പ്രളയം തകര്‍ത്ത വീടിന് പകരം അക്ബറിന് കൂട്ടുകാരുടെ 'സ്നേഹ വീട്..'

By Sumam ThomasFirst Published Mar 20, 2019, 6:26 PM IST
Highlights

അന്ന്  പോസ്റ്റിട്ടപ്പോൾ സഹായമറിയിച്ച് ധാരാളം പേർ വിളിച്ചിരുന്നു. ഒരുപാട് പേർ സഹായിച്ചു. ഒക്ടോബർ ഒന്നിനാണ് വീടുപണി ആരംഭിച്ചത്. ഈ മാസം 31 ന് പാലുകാച്ചൽ നടത്താനാണ് തീരുമാനം. എല്ലാവരെയും ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. 

പ്രളയം പിടിച്ചു കുലുക്കിയ വീടിന് പകരം കവി അക്ബറിന് വീടൊരുങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അക്ബർ ഈ സന്തോഷവാർത്ത പങ്ക് വച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് മഴ കാരണം വിണ്ടുകീറിയ തന്റെ വീടിന്റെ ഫോട്ടോ അക്ബർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ നേര്യമംഗലത്താണ് അക്ബറിന്റെ വീട്. അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച സുഹൃത്തുക്കളാണ് അക്ബറിന് വീട് നിർമ്മിക്കാൻ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയത്. കവികളും പ്രസാധകരും മാസികകളും ഉൾപ്പെടെ ഒരു വൻസൗഹൃദവലയമാണ് അക്ബറിന്റെ വീടിന് വേണ്ടി ഒരുമിച്ച് നിന്നത്.

''അന്ന്  പോസ്റ്റിട്ടപ്പോൾ സഹായമറിയിച്ച് ധാരാളം പേർ വിളിച്ചിരുന്നു. ഒരുപാട് പേർ സഹായിച്ചു. ഒക്ടോബർ ഒന്നിനാണ് വീടുപണി ആരംഭിച്ചത്. ഈ മാസം 31 ന് പാലുകാച്ചൽ നടത്താനാണ് തീരുമാനം. എല്ലാവരെയും ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. നേരിൽ വിളിക്കേണ്ടവരുണ്ട്. എല്ലാവരെയും അറിയിക്കണം. അവരുടെ സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും പണിതുയർത്തിയ വീടാണിത്. അമ്മയും ഭാര്യയും രണ്ട് പെൺകുട്ടികളുമാണ് എനിക്കുള്ളത്. അവരും സന്തോഷത്തിലാണ്.'' അക്ബറിന്റെ വാക്കുകൾ. 

അന്ന് ഉമ്മയും ഭാര്യയും രണ്ട് പെൺകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബവുമായി എങ്ങോട്ട് പോകുമെന്നറിയാതെ പകച്ചു നിന്ന നാളുകളെക്കുറിച്ചായിരുന്നു അക്ബറിന്റെ പോസ്റ്റ്.  എന്നാൽ ഇപ്പോഴങ്ങനല്ല. സ്നേഹത്താൽ സുരക്ഷിതരായി, ഒരു വീട് ഉയർന്നതിനെക്കുറിച്ചാണ് അക്ബറിന്റെ പുതിയ പോസ്റ്റ്. ''പ്രിയപ്പെട്ടവരേ... നിങ്ങള്‍ ഓരോരുത്തരും നല്‍കിയ സ്‌നേഹം കൊണ്ട് ഒരു വീട് ഉയര്‍ന്നുകഴിഞ്ഞു. അത് നിങ്ങളുടെ ഓരോരുത്തരുടെയും വീടാണ്. മാര്‍ച്ച് 31 ഞായറാഴ്ച്ച പുതിയ വീട്ടില്‍ താമസം തുടങ്ങുകയാണ്. ഇത് നേരിട്ടുള്ള അഭ്യര്‍ത്ഥനയായി കണ്ട് എല്ലാവരും എത്തണം. 2018 ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വിധം പൂര്‍ത്തീകരിക്കാനായത് നിങ്ങളുടെ സഹായം കൊണ്ടാണ്. ആരുടെയും പേരെടുത്ത് പറയുന്നില്ല. കണ്ണുനിറഞ്ഞുപോയ സന്ദര്‍ഭങ്ങളുണ്ട്. അത്രയ്ക്ക് സ്‌നേഹത്താല്‍ സുരക്ഷിതരായിരുന്നു ഞങ്ങള്‍.. എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെ സ്‌നേഹം... നന്ദി... എല്ലാവരും എത്തി സന്തോഷത്തില്‍ പങ്കു ചേരുമെന്ന പ്രതീക്ഷയോടെ...

സ്നേഹപൂർവ്വം ഐഷ, അക്ബര്‍, നഫീസ, അഹാന, സുനേന..''

എന്ത് ചെയ്യുമെന്ന് അറിയില്ല; എവിടേയ്ക്ക് പോകുമെന്നും; തകർന്ന വീടിനെക്കുറിച്ച് യുവകവിയുടെ ഫേസ്ബുക്ക് പോസ്റ്റ്

click me!