
നാലുകാലിൽ നടക്കുക മൃഗങ്ങളാണ്. മനുഷ്യർ രണ്ട് കാലിലാണ് നടക്കുന്നത് അല്ലേ? എന്നാൽ, നാലുകാലിൽ നടക്കുന്ന ഒരു യുവതിയുണ്ട്. ഇൻഫ്ലുവൻസറും ബെൽജിയൻ ഡോക്യുമെന്ററി ഫിലിം നിർമാതാവുമായ അലക്‌സിയ ക്രാഫ്റ്റ് ഡീ ലാ സോക്‌സാണ് ആ യുവതി. കഴിഞ്ഞ മൂന്നു വർഷമായി അലക്സിയ നാല് കാലിൽ നടന്ന് പരിശീലിക്കുന്നുണ്ട്. അതായത് കയ്യും കാലും ഉപയോഗിച്ച് മൃഗങ്ങളെ പോലെയാണ് അവളുടെ നടപ്പ് എന്ന് അർത്ഥം. ഇനി എന്തിനാണ് അലക്സിയ അങ്ങനെ ചെയ്യുന്നത് എന്നല്ലേ? ഇങ്ങനെ നടക്കുന്ന ഈ ശൈലിക്ക് 'ടാർസൻ മൂവ്മെന്റ്' എന്ന് പേരിട്ടാണ് അവൾ വിളിക്കുന്നത്. മനുഷ്യരുടെ പൂർവികരും ഇങ്ങനെ നടന്നവരാകണം, അങ്ങനെ മനുഷ്യന് അവന്റെ പൂർവികരുമായുള്ള ബന്ധം മനസിലാക്കുന്നതിന് വേണ്ടിയും വേരുകൾ മനസിലാക്കുന്നതിന് വേണ്ടിയുമാണത്രെ അലക്സിയ ഇങ്ങനെ നടക്കുന്നത്.
184000 -ൽ ഏറെ ഫോളോവർമാരാണ് അലക്സിയയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ ഇങ്ങനെ കയ്യും കാലും ഉപയോഗിച്ച് നടക്കുകയും ഓടുകയും ഒക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ അവൾ ഷെയർ ചെയ്യാറുണ്ട്. കാട്ടിലും കുന്നിലും മലയിലും ഒക്കെ ഇങ്ങനെ കുരങ്ങുകളെ പോലെയോ ചിമ്പാൻസിയെ പോലെയോ ഒക്കെ അലക്സിയ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണാം.
കുട്ടിയായിരിക്കുമ്പോൾ തന്നെ തനിക്ക് പ്രകൃതിയുമായി അടുപ്പം വേണമെന്ന് ആഗ്രഹം തോന്നിയിരുന്നു. എന്നാൽ, നഗരത്തിലേക്ക് മാറിയപ്പോൾ അത് നടന്നില്ല എന്നാണ് അലക്സിയ പറയുന്നത്. ഇപ്പോൾ നാല് കാലിൽ നടക്കുക മാത്രമല്ല, അങ്ങനെ നടക്കാൻ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട് അലക്സിയ. ഇങ്ങനെ കയ്യും കാലും ഉപയോഗിച്ച് നടക്കുകയോ, ചലിക്കുകയോ ഒക്കെ ചെയ്യുന്നതിന് 'ക്വാഡ്‌റോബിക്‌സ്' എന്നാണ് പറയുന്നത്. ഇങ്ങനെ പരിശീലിക്കുന്നവർ ഒരുപാടുണ്ട്.