യുഎസ്സിൽ തടങ്കൽപാളയങ്ങളിലെ സ്ത്രീകളോട് അധികൃതർ ചെയ്യുന്നത്, ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ...

By Web TeamFirst Published Apr 14, 2021, 11:11 AM IST
Highlights

ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് അവരെന്നെ വിളിച്ചുണര്‍ത്തി. പുറത്ത് ഒരു ഡോക്ടറെ കാണാന്‍ പോകുന്നു എന്നാണ് പറഞ്ഞത്. പുറത്തിറങ്ങും മുമ്പ് അവരെന്‍റെ കൈകളും കാലുകളും എല്ലാം ബന്ധിച്ചു. 

യു എസ്സിലെ ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ സെന്‍ററില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത അതിക്രമമെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി കുടിയേറ്റ സ്ത്രീകളാണ് പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. 2020 ഡിസംബറില്‍ 40 സ്ത്രീകള്‍ തങ്ങളുടെ ശരീരത്തില്‍ അനുവാദമില്ലാതെ ഗൈനക്കോളജിക്കല്‍ നടപടികള്‍ നടത്തിയെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബിബിസി ഇതേക്കുറിച്ച് അന്വേഷണം നടത്തുകയുണ്ടായി. 

 

വെന്‍ഡി ഡോവ് ജമൈക്കയിൽ നിന്നുള്ള ഒരു സ്ത്രീയാണ്. യു എസ്സിലെ ഡിറ്റെൻഷൻ സെന്ററിൽ കഴിഞ്ഞ കാലത്ത് അനുവാദമില്ലാതെ സർജറികൾ നടത്തിയിരുന്നതായി വെൻഡി പറയുന്നു. 

''ഇരുപത്തിയാറാമത്തെ വയസിലാണ് ഞാന്‍ യുഎസ്സിലെത്തുന്നത്. ജമൈക്കയില്‍ എപ്പോഴും അതിക്രമങ്ങളുണ്ടായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാകും. അങ്ങനെയാണ് എന്‍റെ സഹോദരന്‍ മരിക്കുന്നതും. ജീവനില്‍ പേടി തോന്നിത്തുടങ്ങിയപ്പോള്‍ സഹോദരന്‍ മരിച്ച് കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ ജമൈക്ക വിട്ടു. രേഖകളില്ലാതെയാണ് ഞാന്‍ യുഎസ്സില്‍ കഴിഞ്ഞിരുന്നത്. അതിനാല്‍ തന്നെ ടേബിള്‍ ജോലികളൊക്കെ മാത്രമേ അവിടെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. അതിജീവിക്കാന്‍ വേറെ മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.''

ഇരുപത് വര്‍ഷങ്ങള്‍ വെന്‍ഡി ഇങ്ങനെ രേഖയില്ലാതെ തന്നെ ജോലി ചെയ്ത് അവിടെ തുടര്‍ന്നു. എന്നാല്‍, അതിനുശേഷം അവള്‍ ഇമിഗ്രേഷന്‍ അധികൃതരാല്‍ പിടിക്കപ്പെട്ടു. 

''ഒരു വെള്ളിയാഴ്ച രാവിലെയാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് അധികൃതർ വരുന്നത്. അവരെന്നെ ഇര്‍വിന്‍ കൌണ്ടിയിലേക്ക് കൊണ്ടുപോയി. ഞാനുണ്ടായിരുന്ന സ്ഥലത്ത് നിന്നും വെറും മൂന്നര മണിക്കൂറിന്‍റെ ദൂരമേ അവിടേക്ക് ഉണ്ടായിരുന്നുള്ളൂ. അവിടം മുതല്‍ എന്‍റെ ജീവിതം വിവരിക്കാന്‍ പോലും കഴിയാത്തത്രയും മോശം കാര്യങ്ങളിലേക്കാണ് ചെന്നെത്തിയത്.''

ഇര്‍വിന്‍ കൌണ്ടി ഡീറ്റെന്‍ഷന്‍ സെന്‍ററില്‍ വച്ച് തനിക്ക് അസുഖം ബാധിച്ചുവെന്ന് വെന്‍ഡി പറയുന്നു. അവള്‍ മെഡിക്കല്‍ സഹായത്തിന് വേണ്ടി ചോദിച്ചു. 

''ആര്‍ത്തവ സമയങ്ങളില്‍ എനിക്ക് സഹിക്കാനാവാത്ത വേദനയായിരുന്നു. വളരെ അധികമായി ചോര പോയിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് അവരെന്നെ വിളിച്ചുണര്‍ത്തി. പുറത്ത് ഒരു ഡോക്ടറെ കാണാന്‍ പോകുന്നു എന്നാണ് പറഞ്ഞത്. പുറത്തിറങ്ങും മുമ്പ് അവരെന്‍റെ കൈകളും കാലുകളും എല്ലാം ബന്ധിച്ചു. ഡോ. അമിന്‍ എന്നൊരാളുടെ അടുത്തേക്കാണ് എന്നെ കൊണ്ടുപോയത്. മുറിയില്‍ നിങ്ങള്‍ വസ്ത്രമില്ലാതെ ഇരിക്കുമ്പോഴും ഗാര്‍ഡുകള്‍ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കും. ഓര്‍ത്തുനോക്കണം, നമ്മളെ ബന്ധിച്ചിരിക്കുകയാണ്. നമ്മള്‍ എവിടെ പോകാനാണ്? എനിക്കാകെ അപമാനിക്കപ്പെട്ടതുപോലെ തോന്നി. എന്‍റെ ജീവിതത്തിനുമേലും എന്‍റെ ശരീരത്തിനുമേലും എനിക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്തതുപോലെ തോന്നി. ഞാനൊരു തുറന്ന പുസ്തകമാണ് ആര്‍ക്കും എന്‍റെ മേലെ എന്തും ചെയ്യാം എന്ന പോലെയൊരു തോന്നലാണ് എനിക്കുണ്ടായത്.'' 

''ഡോക്ടറെനിക്ക് ഒരു സോനോഗ്രാമോ, അള്‍ട്രാസൌണ്ടോ എന്തോ തരുന്നത് പോലെ തോന്നി. എനിക്ക് ഒരുപാട് സിസ്റ്റുകളുണ്ട് എന്ന് അയാളെന്നോട് പറഞ്ഞു. ഓവറിയിലും ചില പ്രശ്നങ്ങളുണ്ട് എന്ന് അയാളെന്നോട് പറഞ്ഞു. അവരെന്നെ ഇര്‍വിന്‍ കൌണ്ടി ആശുപത്രിയിലേക്ക് മാറ്റി. എനിക്കൊരു സര്‍ജറി നടത്താന്‍ പോവുകയാണ് എന്ന് അവരെന്നോട് പറഞ്ഞു. എന്തുതരം സര്‍ജറി ആയിരിക്കും എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ, അവരോട് തര്‍ക്കിക്കാനുള്ള ആരോഗ്യം എനിക്കുണ്ടായിരുന്നില്ല.''

താന്‍ സര്‍ജറി നടത്തുന്നതിനുള്ള ശരിയായ അനുവാദം നല്‍കിയിരുന്നില്ല എന്നും വെന്‍ഡി പറയുന്നു. 

''പിന്നെയെനിക്ക് ഓര്‍മ്മ വരുന്നത് ഡീറ്റെന്‍ഷന്‍ സെന്‍ററില്‍ ഉറക്കമുണരുന്നത് മാത്രമാണ്. ഉണരാന്‍ ശ്രമിക്കുമ്പോഴൊക്കെ വല്ലാത്ത വേദന അനുഭവപ്പെട്ടു. കുറച്ച് ബോധം വീണ്ടുകിട്ടിയപ്പോള്‍ എന്‍റെ വയറിന്‍റെ മുകളിലായി മൂന്ന് വ്യത്യസ്തതരം ബാന്‍ഡേജുകളുള്ളതായി തോന്നി. എന്താണ് സംഭവിച്ചത്, ഇത് എന്താണ് എന്നെല്ലാമാണ് എനിക്ക് അന്നേരം തോന്നിയത്.'' 

വെന്‍ഡിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത് ലാപ്രോസ്കോപ്പിയോ കീഹോള്‍ സര്‍ജറിയോ ചെയ്തിട്ടുണ്ടാവണം അവള്‍ക്ക് എന്നാണ്. ഡോ. സാറ ഇമര്‍ഷെയിന്‍ (ഡി.സി ചെയര്‍മാന്‍ അമേരിക്കന്‍ കോളേജ് ഓഫ് ഒബി-ഗൈനക്കോളജി) പറയുന്നത്, വെന്‍ഡിയോട് ചെയ്തത് അതിക്രമമാണ് എന്നാണ്. സര്‍ജറി ഇല്ലാതെ തന്നെ പരിഹരിക്കാമായിരുന്ന പ്രശ്നമായിരുന്നിരിക്കാം വെന്‍ഡിക്ക് എന്നും അവർ പറയുന്നു. വെന്‍ഡി പിന്നത്തെ തവണ ഡോക്ടറെ കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് വെന്‍ഡിക്ക് കാന്‍സറാണ് ഹിസ്റ്ററെക്ടമി ചെയ്യണം എന്നാണ്. 

ഡോ. അമീന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ട്യൂബും ഓവറിയും റിമൂവ് ചെയ്യണം എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം സര്‍ജറിയുടെ പ്രാധാന്യം വെന്‍ഡി മനസിലാക്കി എന്നും അതിന് അനുമതി നല്‍കി എന്നും എഴുതിയിരുന്നു. അതെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണ് എന്ന് ഡോ. സാറ പറയുന്നു. ഡീറ്റെന്‍ഷന്‍ സെന്‍ററിലെ സ്റ്റാഫിനോട് വെന്‍ഡി ഇക്കാര്യം ചോദിച്ചിരുന്നു എന്ന് പറയുന്നു. എന്നാല്‍, അവരൊന്നും പറയുകയുണ്ടായില്ല. മാത്രവുമല്ല, ബയോപ്സി നടത്താതെ ശസ്ത്രക്രിയ നടത്തുന്നതിനെ വെന്‍ഡി എതിര്‍ത്തിരുന്നു. 

ലീഗല്‍ ആന്‍ഡ് അഡ്വക്കസി ഡയറക്ടര്‍ ഷഹ്ഷഹാനി പറയുന്നത് എത്രയോ സ്ത്രീകള്‍ക്ക് ഇതിന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ്. അനുവാദം നല്‍കാതെയാണ് ഇവരുടെ ശരീരത്തിലെല്ലാം ഈ സര്‍ജറികള്‍ നടത്തിയിരിക്കുന്നത് എന്നും അവര്‍ പറയുന്നു. മീഡിയയോട് സംസാരിക്കും എന്ന് പറഞ്ഞതിന് വെന്‍ഡിയെ തനിച്ച് ഒരു തടവറയിലാക്കി. പിന്നീട്, വേറൊരു ഡിറ്റെന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റി. 2020 മെയ് മാസത്തില്‍ വെന്‍ഡിയെ ജമൈക്കയിലേക്ക് ഡീപോര്‍ട്ട് ചെയ്തു. എന്നാൽ, അധികൃതര്‍ ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ബിബിസി എഴുതുന്നു. ഡോ. അമിനിന്‍റെ അഭിഭാഷകന്‍ പറയുന്നത് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു എന്നാണ്.  

തനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അറിഞ്ഞിരുന്നു എങ്കില്‍ ഒരിക്കലും യുഎസ്സിലേക്ക് പോകുമായിരുന്നില്ല എന്ന് വെന്‍ഡി പറയുന്നു. അവളും രണ്ട് പെണ്‍മക്കളും യുഎസ് പൌരത്വമുള്ളവരാണ്. എന്നാല്‍, ജമൈക്കയിലാണ് മൂവരും ഉള്ളത്. പിന്നോട്ട് നോക്കുമ്പോള്‍ കഴിഞ്ഞ കാലം മുഴുവനായും ജീവിതത്തില്‍ നിന്നും പറിച്ചുമാറ്റാന്‍ നോക്കുകയാണ് എന്നും അവള്‍ പറയുന്നു. താനും തന്നെ പോലെ മറ്റ് സ്ത്രീകളും കടന്നുപോയത് ലോകം അറിയണമെന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഇതെല്ലാം പറയുന്നത് എന്നും വെന്‍ഡി പറയുന്നു. 

(കടപ്പാട്: ബിബിസി)
 

click me!